വീണ്ടുമൊരു വെടിക്കെട്ട് ഇന്നിങ്‌സോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് മലയാളി താരം സഞ്ജു വിശ്വനാഥ് സാംസണ്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കെതിരായ മത്സരത്തിലെ ഇരട്ട സെഞ്ചുറിയോടെ വീണ്ടുമിതാ ടീം ഇന്ത്യയിലെ സ്ഥാനത്തിനായി സഞ്ജു ബാറ്റ് കൊണ്ട് അവകാശവാദം ഉന്നയിക്കുന്നു.

വെറും 125 പന്തില്‍ നിന്ന് ഇരട്ട സെഞ്ചുറിയിലെത്തിയ സഞ്ജു 129 പന്തുകളില്‍ നിന്ന് 21 ബൗണ്ടറികളും 10 സിക്സുമടക്കം 212 റണ്‍സോടെ പുറത്താകാതെ നിന്നു. മഴനിയമത്തിന്റെ അടിസ്ഥാനത്തില്‍ മത്സരം കേരളം 104 റണ്‍സിന് വിജയിക്കുകയും ചെയ്തു.

സച്ചിന്‍ ബേബിക്കൊപ്പം മൂന്നാം വിക്കറ്റില്‍ 338 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടെന്ന റെക്കോഡും സ്വന്തമാക്കി. ടീം ഇന്ത്യ വിക്കറ്റിനു പിന്നില്‍ എം.എസ് ധോനിക്ക് പരക്കാരനെ തേടുന്ന സമയമാണിത്. ഈ സ്ഥാനത്തേക്ക് ആദ്യം തിരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്ത് തുടക്കകാലത്തെ ഏതാനും മിന്നലാട്ടങ്ങള്‍ക്കു ശേഷം പതിയെ തിരശീലക്കു പിന്നിലായി. 

Time for Sanju Samson to stake India claim
Image Courtesy: AFP

ഷോട്ട് സെലക്ഷന്റെ പേരിലാണ് പലപ്പോഴും പന്ത് പഴി കേട്ടിരുന്നത്. ഗൗതം ഗംഭീര്‍, സുനില്‍ ഗാവസ്‌ക്കര്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന പന്തിനു പകരം സഞ്ജുവിന് അവസം നല്‍കണമെന്ന വാദിക്കുകവരെ ചെയ്തു. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ സഞ്ജു 48 പന്തില്‍ ആറ് ബൗണ്ടറികളും ഏഴ് സിക്‌സുമടക്കം 91 റണ്‍സെടുത്ത് ഈ വാദം ഊട്ടിയുറപ്പിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും സെലക്ഷന്‍ കമ്മിറ്റി കണ്ടഭാവം നടിച്ചില്ല.

ഏകദിന ലോകകപ്പ് സെമിയില്‍ കിവീസിനോട് തോറ്റ് മടങ്ങിയതിനു പിന്നീടിതുവരെ ധോനി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. തുടര്‍ന്നു നടന്ന വിന്‍ഡീസ് പര്യടനത്തില്‍ പന്ത് തന്നെയായിരുന്നു വിക്കറ്റിനു പിന്നില്‍. മോശം ഷോട്ടുകള്‍ കളിച്ച് തുടര്‍ച്ചയായി പുറത്താകുന്ന പന്തിനെതിരേ കോച്ച് രവി ശാസ്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു. അപ്പോഴെല്ലാം സഞ്ജുവിന്റെ പേര് പലയിടങ്ങളിലായി മുഴങ്ങിക്കേട്ടതല്ലാതെ ഒന്നും തന്നെ സംഭവിച്ചില്ല. 

ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, സഞ്ജു, കെ.എസ് ഭരത് എന്നിവരാണ് ധോനിക്ക് പിന്‍ഗാമിയായി തങ്ങളുടെ പട്ടികയിലുള്ളതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഓസ്‌ട്രേലിയയില്‍ നടക്കുന്ന അടുത്ത ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്നതാണ് ടീം ഇന്ത്യയുടെ ഇപ്പോഴത്തെ മുന്‍ഗണനാ വിഷയം. ഐ.പി.എല്ലില്‍ ഉള്‍പ്പെടെയുള്ള മികച്ച പ്രകടനങ്ങള്‍ ഇവിടെ സഞ്ജുവിന് അനുകൂലമാണ്. 

Time for Sanju Samson to stake India claim
Image Courtesy: AFP

എന്നാല്‍ കേരളത്തിന്റെ മുഴുവന്‍ സമയ വിക്കറ്റ് കീപ്പറല്ല എന്നുള്ള കാര്യം ഒരുപക്ഷേ സഞ്ജുവിന് തിരിച്ചടിയാകുന്നുണ്ടാകാം.  കഴിഞ്ഞ രഞ്ജി സീസണിലും ഇത്തവണത്തെ വിജയ് ഹസാരെ ട്രോഫിയുലും കേരളത്തിനായി മുഴുവന്‍ മത്സരങ്ങളിലും ഗൗസ് അണിഞ്ഞുനില്‍ക്കാന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നുള്ള കാര്യം കണക്കിലെടുക്കേണ്ടതായിട്ടുണ്ട്. എന്നാല്‍ അതൊന്നും അയാളിലെ ബാറ്റിങ് പ്രതിഭയെ തിരസ്‌കരിക്കാനുതകുന്നതല്ല.

പൂര്‍ണമായും ഒരു ടീം മാനാണ് അയാള്‍. കഴിഞ്ഞ രഞ്ജി സീസണില്‍ ഗുജറാത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം അതിനുദാഹരണമാണ്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റു ചെയ്യുന്നതിനിടെ ഗുജറാത്ത് പേസര്‍ ചിന്തന്‍ ഗജയുടെ പന്ത് തട്ടി സഞ്ജുവിന്റെ വലതുകൈവിരലിന് പരിക്കേറ്റു. വേദന സഹിക്കാനാകാതെ അയാള്‍ അപ്പോള്‍ തന്നെ ക്രീസ് വിട്ടു. ഡോക്ടര്‍മാര്‍ നാലാഴ്ചത്തെ വിശ്രമമാണ് നിര്‍ദേശിച്ചത്. പക്ഷേ രണ്ടാം ദിനം ഒമ്പതാമനായി സന്ദീപ് വാര്യര്‍ പുറത്തായപ്പോള്‍ പരിക്ക് വകവെയ്ക്കാതെ അയാള്‍ ജയജ് സക്‌സേനയ്ക്ക് കൂട്ടായി ക്രീസിലെത്തി. കാണികള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് അന്ന് സഞ്ജുവിനെ വരവേറ്റത്. എട്ടു പന്തുകള്‍ ഒറ്റക്കൈ കൊണ്ട് നേരിട്ട സഞ്ജുവിന്റെ ചിത്രം ഇന്നും ഓര്‍മയിലുണ്ട്. നേരിട്ട ഒമ്പതാം പന്തില്‍ അക്സർ പട്ടേലിന് വിക്കറ്റ് സമ്മാനിക്കുമ്പോള്‍ നിരാശ തളികെട്ടിനില്‍ക്കുകയായിരുന്നു ആ മുഖത്ത്.

ഇന്ന് ഗോവയ്‌ക്കെതിരേ ആ മുഖത്തിന്റെ തിളക്കത്തിനും നമ്മള്‍ സാക്ഷിയായി. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍, ശിഖര്‍ ധവാന്‍, കെ.വി കൗശല്‍ എന്നിവര്‍ക്കു ശേഷം ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.

Time for Sanju Samson to stake India claim
IMAGE: mathrubhumi archives

ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയാണ് സഞ്ജു ഇരട്ട സെഞ്ചുറിയിലെത്തിച്ചത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും സഞ്ജു സ്വന്തമാക്കി. പാകിസ്താന്‍ താരം ആബിദ് അലിയുടെ 209* റണ്‍സിന്റെ റെക്കോഡാണ് സഞ്ജു മറികടന്നത്.

ധോനിയുടെ വ്യക്തിഗത സ്‌കോര്‍ (183) മറികടന്ന സഞ്ജു ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. കഴിഞ്ഞ വര്‍ഷം സിക്കിമിനെതിരേ 202 റണ്‍സടിച്ച ഉത്തരാഖണ്ഡ് താരം കെ.വി കൗശലിനെയാണ് സഞ്ജു മറികടന്നത്. ഇനിയും ആ നീലക്കുപ്പായത്തിനായി എന്ത് അദ്ഭുതമാണ് ഈ 24-കാരന്‍ കാണിക്കേണ്ടത്? ചോദ്യം സെലക്ടര്‍മാരോടാണ്.

Content Highlights: Time for Sanju Samson to stake India claim