രു സിക്‌സറിന് ക്രിക്കറ്റ് മൈതാനത്ത് പതിനായിരക്കണക്കിന് ആളുകളെ ആവേശം കൊള്ളിക്കാനാകുമെന്ന് നമുക്കറിയാം. എന്നാല്‍ അതേ സിക്‌സറിന് 100 കോടിയോളം വരുന്ന ജനങ്ങളുടെ മനസിനെ കീറിമുറിക്കാന്‍ സാധിക്കുമെങ്കിലോ? മൈതാനത്തെ ആ 22 വാരയ്ക്കിടയില്‍ പലപ്പോഴും രക്തം ചിന്തുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരേയൊരു സിക്‌സര്‍ ജനഹൃദയങ്ങളില്‍ മുറിവേല്‍പ്പിച്ച് കടന്നുപോകുന്നത് കണ്ടിട്ടുണ്ടോ?

1986 ഏപ്രില്‍ 18-ന് ഷാര്‍ജ ക്രിക്കറ്റ് മൈതാനം അത്തരമൊരു ഏറ്റുമുട്ടലിന് വേദിയായിട്ടുണ്ട്. അന്ന് ചേതന്‍ ശര്‍മയുടെ പന്തില്‍ ജാവേദ് മിയാന്‍ദാദിന്റെ ബാറ്റില്‍ നിന്ന് പിറന്ന സിക്‌സര്‍ മുറിവേല്‍പ്പിച്ചത് ഇന്ത്യക്കാരുടെ മനസുകളെ കൂടിയായിരുന്നു. രക്തത്തിന്റെ മണമുള്ള ആ സിക്‌സര്‍ പിറന്നിട്ട് ഇന്ന് 34 വര്‍ഷം തികയുകയാണ്.

ക്രിക്കറ്റിലെ എക്കാലത്തെയും വലിയ വൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളെല്ലാം തന്നെ മൈതാനത്തുള്ള ഏറ്റുമുട്ടലുകള്‍ മാത്രമായിരുന്നില്ല. പലപ്പോഴും വൈകാരികമായ തലങ്ങളിലേക്ക് അത് വളരാറുണ്ടായിരുന്നു.

അത്തരത്തിലുള്ള ഒരു മത്സരമായിരുന്നു ഷാര്‍ജ വേദിയായ 1986-ലെ ഏഷ്യാ കപ്പ് ഫൈനല്‍. മിയാന്‍ദാദ് പാക് ഹീറോയും ചേതന്‍ ശര്‍മ ഇന്ത്യക്കാരുടെ കണ്ണിലെ കരടുമായ ദിനം.

പാക് ക്രിക്കറ്റിലെ വേറിട്ട ജനുസിനുടമയായിരുന്നു മിയാന്‍ദാദ്. ആരെയും കൂസാത്ത പ്രകൃതം. പേസും സ്വിങ്ങും നിറഞ്ഞ പിച്ചുകളില്‍ തികഞ്ഞ ആത്മവിശ്വാസത്തോടെ കളിച്ചിരുന്ന താരം. ബൗളര്‍മാര്‍ക്കു മേല്‍ ആധിപത്യം സാധിക്കുന്ന കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സും മിയാന്‍ദാദും ഏകദേശം ഒരുപോലെയായിരുന്നു. എന്നാല്‍ സ്വിങ് നിറഞ്ഞ ഒരു സാഹചര്യത്തില്‍ റിച്ചാര്‍ഡ്‌സ് തന്റെ ക്ലാസ് വ്യക്തമാക്കുമ്പോള്‍ മിയാന്‍ദാദാകട്ടെ ആ ബൗളറെ സ്‌റ്റെപ്പ് ഔട്ട് ചെയ്ത് സിക്‌സറിന് പറത്തി ഒരു നില്‍പ്പങ് നില്‍ക്കും. അതായിരുന്നു ഇരുവരും തമ്മിലുള്ള വ്യത്യാസം. ബൗളറുടെ ആത്മവിശ്വാസം ഒരൊറ്റ പന്ത് കൊണ്ട് ഇല്ലാതാകാന്‍ മറ്റെന്തു വേണം.

ഇന്ത്യയ്ക്കും പാകിസ്താനുമൊപ്പം ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ശ്രീലങ്ക എന്നിവര്‍ പങ്കെടുത്ത ടൂര്‍ണമെന്റായിരുന്നു 1986-ലെ ഓസ്ട്രല്‍ ഏഷ്യാ കപ്പ്. ഫൈനലില്‍ ഇന്ത്യയും പാകിസ്താനും.

ടോസ് നേടിയ പാക് ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ശ്രീകാന്തും (75), ഗാവസ്‌ക്കറും (92) ചേര്‍ന്ന് മികച്ച തുടക്കം തന്നെയാണ് ഇന്ത്യയ്ക്ക് സമ്മാനിച്ചത്. ശ്രീകാന്ത് കത്തിക്കയറിയപ്പോള്‍ ഹാവസ്‌ക്കറിന്റെ പോക്ക് പതിയെയായിരുന്നു. പിന്നാലെയെത്തിയ വെങ്‌സാര്‍ക്കറും അര്‍ധ സെഞ്ചുറി (50) നേടിയതോടെ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ചെങ്കിലും മധ്യനിര തകര്‍ന്നതോടെ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 245-ല്‍ ഒതുങ്ങി. വസീം അക്രം മൂന്നു വിക്കറ്റുമായി തിളങ്ങി.

246 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 61 റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. എന്നാല്‍ അതിന് ശേഷമായിരുന്നു അയാളുടെ വരവ്. പാകിസ്താന്റെ സ്വപ്‌നങ്ങള്‍ ചുമലിലേറ്റി അയാള്‍ ക്രീസിലേക്കെത്തി. സലീം മാലിക്കും അബ്ദുള്‍ ഖാദിറും ഇമ്രാന്‍ ഖാനുമെല്ലാം ഒന്നിനു പിറകെ ഒന്നായി മടങ്ങുമ്പോഴും മിയാന്‍ദാദ് ക്രീസില്‍ തന്നെയുണ്ടായിരുന്നു. അതായിരുന്നു പാകിസ്താന്റെ അവസാന പ്രതീക്ഷയും. 215 റണ്‍സില്‍ പാകിസ്താന്റെ ഏഴാം വിക്കറ്റും വീണതോടെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകര്‍ ആവേശത്തിലായി.

എന്നാല്‍ ക്ലൈമാക്‌സ് ട്വിസ്റ്റുമായി അയാള്‍ ക്രീസിലുണ്ടായിരുന്നത് അവര്‍ ഓര്‍ത്തില്ല. 100 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച മിയാന്‍ദാദ് ഒടുവില്‍ മത്സരം അവസാന ഓവറിലേക്കെത്തിച്ചു.

അവസാന ഓവറില്‍ പാകിസ്താന് ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ ആരെ പന്തേല്‍പ്പിക്കുമെന്ന കാര്യത്തില്‍ ക്യാപ്റ്റന്‍ കപിലിന് സംശയമായി. കപിലും മദന്‍ലാലും മനിന്ദറും തങ്ങളുടെ 10 ഓവര്‍ പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ളത് രവി ശാസ്ത്രിയും ചേതന്‍ ശര്‍മയും മാത്രം. ഒടുവില്‍ കപില്‍ പന്തേല്‍പ്പിച്ചത് ചേതനെ.

അവസാന ഓവറിലെ രണ്ടാം പന്തില്‍ ബൗണ്ടറി നേടിയ മിയാന്‍ദാദ് വിജയത്തിലേക്കുള്ള അകലം കുറച്ചു. മൂന്നാം പന്തില്‍ മിയാന്‍ദാദിന്റെ ഫോറെന്നുറപ്പിച്ച ഷോട്ട് തടഞ്ഞ റോജര്‍ ബിന്നി ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. അടുത്ത പന്തില്‍ സുല്‍ക്കര്‍നൈനിന്റെ കുറ്റിതെറിപ്പിച്ച ശര്‍മ ഇന്ത്യക്കാരെ വീണ്ടും ആവേശത്തിലാക്കി.

''എന്തു സംഭവിച്ചാലും ഓടിക്കോ'', 11-ാമനായി ക്രീസിലെത്തിയ തൗസീഫ് അഹമ്മദിന് മിയാന്‍ദാദ് നല്‍കിയത് ഈ നിര്‍ദേശം മാത്രമായിരുന്നു. അഞ്ചാം പന്തില്‍ തൗസീഫിന്റെ സിംഗിള്‍. ഇതില്‍ ഉറപ്പായ റണ്ണൗട്ട് അവസരം അസ്ഹര്‍ നഷ്ടപ്പെടുത്തുകയും ചെയ്തു.

അവസാന പന്തില്‍ ക്രീസിലുള്ളത് മിയാന്‍ദാദ്. കപിലും ഗാവസ്‌ക്കറും മദന്‍ലാലുമെല്ലാം ചേതന്‍ ശര്‍മയ്ക്കടുത്തെത്തി ഉപദേശങ്ങള്‍ നല്‍കുന്നു. മിയാന്‍ദാദാകട്ടെ യാതൊരു ഭാവവ്യത്യാസങ്ങളുമില്ലാതെ ക്രീസില്‍ നിന്ന് ഫീല്‍ഡര്‍മാര്‍ എവിടെയൊക്കെയാണെന്ന് നോക്കുന്നു. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് നാലു റണ്‍സ്. ചേതനില്‍ നിന്ന് യോര്‍ക്കര്‍ തന്നെ പ്രതീക്ഷിച്ച മിയാന്‍ദാദ് കൃത്യമായി കണക്കുകൂട്ടി ക്രീസിന് വെളിയില്‍ നിന്നു. കണക്കുകൂട്ടല്‍ പിഴച്ചത് ചേതനായിരുന്നു. പന്ത് വന്നത് ഫുള്‍ടോസായി. അത് സിക്‌സറിന് പറത്തി മിയാന്‍ദാദ് പാകിസ്താന് ആവേശകരമായ വിജയവും കിരീടവും സമ്മാനിച്ചു. ചേതന്‍ ശര്‍മയുടെ ആ അവസാന പന്ത് ഇന്നും ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത അധ്യായമായി നിലനില്‍ക്കുന്നു.

ആ പന്തിനെ കുറിച്ച് മിയാന്‍ദാദ് തന്റെ ആത്മകഥയായ 'കട്ടിങ് എഡ്ജില്‍' എഴുതിയത് ഇങ്ങനെയാണ്; ''എനിക്കറിയാമായിരുന്നു അയാള്‍ യോര്‍ക്കര്‍ തന്നെ പ്രയോഗിക്കുമെന്ന്, അതിനാല്‍ ഞാന്‍ ക്രീസിന് കുറച്ച് പുറത്ത് നില്‍ക്കാന്‍ തീരുമാനിച്ചു. പാവം ചേതന്‍ ശര്‍മ''.

Content Highlights: Throwback 18th April 1986 Javed Miandad's six on Chetan Sharma seals the deal for Pakistan