മുംബൈ മാരത്തണിലെ സ്വർണ മെഡലുമായി ടി ഗോപി | Photo: twitter/ mumbai marathon
ബത്തേരി മൂലങ്കാവിലെ പാടവരമ്പുകളിലൂടേയും ഇഞ്ചിത്തോട്ടങ്ങള്ക്കിടയിലൂടേയും ഓട്ടം ആരംഭിച്ച അത്ലറ്റാണ് തോന്നയ്ക്കല്‍ ഗോപി. വിയര്‍ത്തും കിതച്ചും ഇടയ്ക്ക് ശ്വാസം മുട്ടിയും കഷ്ടപ്പാടുകളെ തോല്‍പ്പിച്ച് മുന്നോട്ടുള്ള ആ ഓട്ടം റിയോയിലെ ഒളിമ്പിക്സ് ട്രാക്കില്‍ വരെയെത്തി. ഏഷ്യന്‍ മാരത്തണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്രനേട്ടവുമായി പോഡിയത്തില്‍ തലയുയര്‍ത്തി നിന്നു. ഇതിനിടയില്‍ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10,000 മീറ്ററില്‍ വെള്ളിയും 2017-ല്‍ ഗുവാഹത്തിയില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ 10,000 മീറ്ററില്‍ സ്വര്‍ണവും നേടി. ഇപ്പോഴിതാ പുതുവര്‍ഷത്തില്‍ മുംബൈ മാരത്തണില്‍ രണ്ടാം തവണയും ഇന്ത്യക്കാരില്‍ ഒന്നാമതായി ഫിനിഷ് ചെയ്തിരിക്കുന്നു.
പക്ഷേ, ഈ പാച്ചിലിനിടയില്ഒരു തുണ്ട് ഭൂമി പോലും സ്വന്തമാക്കാൻ ഗോപിക്ക് കഴിഞ്ഞില്ല. റെക്കോഡ് പുസ്തകത്തില്‍ ഗോപിയെന്ന പേര്ആ വര്ത്തിക്കപ്പെടുമ്പോള് സ്വന്തം പേരില്‍ ഒരു ആധാരം ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു.
തര്‍ക്ക ഭൂമി നല്കി സര്‍ക്കാരിന്റെ 'ആദരം'
2016-ല്‍ റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചെത്തിയ താരത്തിന് 10 സെന്റ് ഭൂമി അന്നത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അത് വാഗ്ദാനം മാത്രമായി. ഇതിനായി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഫിനിഷിങ് ലൈന്‍ തൊട്ടില്ല. പിന്നീട് 2022 ജൂലൈയില്‍ ഭവന നിര്‍മാണത്തിനായി സുല്‍ത്താന്‍ ബത്തേരി വില്ലേജില്‍ 10 സെന്റ് ഭൂമി സൗജന്യമായി നല്കാന് മന്ത്രിസഭ തീരുമാനിച്ചു. അത് വലിയ ഒരു കുരുക്കായിരുന്നു. പതിറ്റാണ്ടുകളായി കേസ് നിലനില്‍ക്കുന്ന ഫെയര്ലാന്റാണ് ഗോപിക്ക് നല്കാന് സര്‍ക്കാര്‍ തിരഞ്ഞെടുത്തത്. ഇവിടെ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. ഭൂമിയില്‍ ഉദ്യോഗസ്ഥര്‍ അതിക്രമിച്ച് കയറി ബോര്‍ഡ് സ്ഥാപിച്ചെവന്ന് ആരോപിച്ച് സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നടപടി കോടതി റദ്ദ് ചെയ്യുകയും ചെയ്തു. ഇതെല്ലാം ഗോപിയുടെ ജീവിതത്തിലാണ് ഇരുള് വീഴ്ത്തിയത്.
"റിയോ ഒളിമ്പിക്സില്‍ പങ്കെടുത്ത് തിരിച്ചുവന്നപ്പോഴാണ് സര്‍ക്കാര്‍ ഭൂമി പ്രഖ്യാപിച്ചത്. ഓര്‍ഡറും കൈയില്‍ കിട്ടിയിരുന്നു. പിന്നീടൊന്നും സംഭവിച്ചില്ല. അതിന് പിന്നാലെ ഒരുപാട് ചുറ്റിത്തിരിഞ്ഞു. ഞാന്‍ പരിശീലനത്തില്‍ ആയതിനാല്‍ സുഹൃത്തിനെയാണ് ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ ഏല്‍പ്പിച്ചത്. അവന് റവന്യൂ ഡിപാര്ട്മെന്റില് കയറിയിറങ്ങി. എല്ലാം ശരിയാകുമെന്ന ഉത്തരമാണ് എല്ലായിടത്തുനിന്നും ലഭിച്ചത്. എന്നാല്‍ ഒന്നും ശരിയായില്ല. ഒടുവില്‍ മടുത്ത് അന്വേഷണം അവസാനിപ്പിച്ചു. ഇപ്പോള്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് ബത്തേരിയില്‍ ഭൂമി തരുമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. അതിനെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വിവരമേ എനിക്കറിയുകയുള്ളൂ. രേഖാമൂലം എന്നെ ആരും ഒന്നും അറിയിച്ചിട്ടില്ല." ഗോപി മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു.
കാക്കവയലിലെ വിജയി ടീച്ചര്‍
കഠിനധ്വാനത്തിന്റെ പാഠങ്ങള്‍ മാത്രമുള്ള പുസ്തകമാണ് ഗോപിയുടെ ജീവിതം. മൂലങ്കാവിലെ ബാബു-തങ്കം ദമ്പതികളുടെ മകനായി പിറന്ന ഗോപി കാക്കവയല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെത്തിയപ്പോഴാണ് ഓട്ടം പുതിയ ട്രാക്കിലെത്തുന്നത്. അവിടുത്തെ കായിക അധ്യാപികയായ കെ.പി. വിജയിയുടെ കൈപിടിച്ചായിരുന്നു പിന്നീട് ഗോപിയുടെ ഓരോ വിജയങ്ങളും. ദീര്‍ഘദൂര ഇനങ്ങളിലാണ് തുടക്കം മുതല്‍ പരിശീലനം ലഭിച്ചത്. സ്വന്തം മകനെപ്പോലെ ടീച്ചര്‍ ഗോപിയെ വീട്ടില്‍ ഒപ്പം നിര്‍ത്തി പഠിപ്പിച്ചു.
വൈകാതെ സ്കൂളും ഉപജില്ലയും കടന്ന് ഗോപി ജില്ലാ സ്കൂള്‍ കായികമേളയില്‍ ദീര്‍ഘദൂര ഇനങ്ങളില്‍ വ്യക്തിഗത ചാമ്പ്യനായി. പക്ഷേ, സംസ്ഥാന തലത്തില്‍ 1500 മീറ്ററില്‍ വെങ്കലം നേടാന്‍ മാത്രമേ കഴിഞ്ഞുള്ളു. അപ്പോഴേക്കും തന്റെ മേഖല ദീര്‍ഘദൂര ഓട്ടമാണെന്ന വലിയ തിരിച്ചറിവ് ഗോപിക്ക് കിട്ടിയിരുന്നു. പ്ലസ്ടു പഠനത്തിന് പിന്നാലെ കോതമംഗലം എം.എ. കോളേജിലേക്ക് ബസ് കയറി. സര്‍വകലാശാല തലത്തിലെ മികച്ച പ്രകടനവുമായി സ്പോര്‍ട്സ് ക്വാട്ടയില്‍ കരസേനയിലെത്തി. പിന്നീട് പുണെയിലെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഗോപിയുടെ തട്ടകം. നാട്ടിലേക്കുള്ള യാത്ര വര്‍ഷത്തില്‍ ഒരു തവണയാക്കി ചുരുക്കി സുരേന്ദര്‍ സിങ്ങ് എന്ന പരിശീലകന് കീഴില്‍ കഠിനമായി പ്രയത്നിച്ചു. പരിശീലനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും സേന ഒരുക്കിക്കൊടുത്തു. 2014-ലെ ഓപ്പണ്‍ അത്ലറ്റിക്സില് 10,000 മീറ്ററില്‍ സ്വര്‍ണം നേടി ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ബഹാദൂര്‍ സിങ്ങിന്റെ പേരിലുള്ള 23 വര്‍ഷം പഴക്കമുള്ള ദക്ഷിണേഷ്യന്‍ റെക്കോഡ് തകര്‍ത്ത് വരവറിയിച്ചു.
.jpg?$p=9633e9e&&q=0.8)
കിലോമീറ്ററുകള്‍ ഓടി തേഞ്ഞുപോയ ഷൂ
അത്ലറ്റുകളെ സംബന്ധിച്ച് ഒരു ഷൂവിന്റെ കാലാവധി 800 - 1000 കിലോ മീറ്റര്‍ വരെയൊക്കെയാണ്. അത്രയും ഓടിക്കഴിഞ്ഞാല് ഷൂവിന്റെ ക്വാളിറ്റി മുഴുവന്‍ നഷ്ടപ്പെടും. പിന്നീട് അത് ഉപയോഗിച്ചാല്‍ പ്രകടനത്തെ ബാധിക്കും. ഓരോ ആഴ്ച്ചയും പരിശീലനവും മറ്റുമായി ദീര്‍ഘദൂര ഓട്ടക്കാര്‍ ഏകദേശം 190 കിലോ മീറ്റര്‍ ഓടും. അങ്ങനെ നോക്കുമ്പോള്‍ അഞ്ച് ആഴ്ച്ചക്കുള്ളില് പുതിയ ഷൂ വാങ്ങേണ്ടി വരും. എന്നാല്‍ 2019 വരെ ഗോപിക്ക് അത്രയും ചെറിയ ഇടവേളക്കുള്ളില്‍ ഷൂ വാങ്ങാനുള്ള പണം തികയില്ലായിരുന്നു. അതുകൊണ്ട് 5000 രൂപ വിലയുള്ള ഷൂ മൂന്നു മാസം വരെയൊക്കെ ഉപയോഗിക്കും.
2019-ല്‍ ഒരു സ്പോണ്സര് എത്തിയതോടെ ചെളി പറ്റിയ, തോലുരിഞ്ഞ ഷൂ ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു. സ്പോര്‍ട്സ് ഉപകരണങ്ങളും ഷൂവും നിര്‍മിക്കുന്ന കമ്പനിയായ അസിക്സ് ആണ് വയനാട്ടുകരാന്റെ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തത്. പിന്നീടിങ്ങോട്ട് 10,000 രൂപയുടെയൊക്ക ഷൂ ഉപയോഗിച്ചായിരുന്നു പരിശീലനം.
പേസ് മേക്കറായി ഓടി ഒളിമ്പിക്സിലേക്ക്
റിയോ ഒളിമ്പിക്സിലേക്കുള്ള ഗോപിയുടെ യാത്രയില്‍ ഒന്നാന്തരമൊരു ട്വിസ്റ്റുണ്ടായിരുന്നു. മുംബൈ മാരത്തണില്‍ സഹതാരങ്ങളായ ഖേത്ത റാമിനും നിതേന്ദ്ര സിങ്ങിനും വേഗമൊപ്പിക്കാന് പേസ് മേക്കറായി കൂടെ ഓടിയതാണ് ഗോപി. ആ ഓട്ടം ഒളിമ്പിക്സ് യോഗ്യതയിലെത്തി. 2:16:15 സെക്കന്റില്‍ ഓടിയെത്തിയ താരം ഇന്ത്യക്കാരില്‍ രണ്ടാമതും ആകെ 11-ാമതുമായി മത്സരം ഫിനിഷ് ചെയ്ത് യോഗ്യത സമ്പാദിച്ചു.
168 പേര് മത്സരിച്ച ഒളിമ്പിക്സില്‍ 25-ാം സ്ഥാനവും സ്വന്തമാക്കി. അതും കരിയറിലെ മികച്ച സമയങ്ങളിലൊന്ന് പിന്നിട്ട്. രണ്ടു മണിക്കൂര്‍ 15 മിനിറ്റ് 25 സെക്കന്റെടുത്താണ് ഫിനിഷിങ് ലൈന്‍ തൊട്ടത്. പിന്നാലെ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പ് മാരത്തണില്‍ 28-ാം സ്ഥാനം സ്വന്തമാക്കി.
മൂന്നു വര്‍ഷത്തെ ഇടവേളക്ക് ശേഷം
2019-ലെ ദോഹ ലോക ചാമ്പ്യന്‍ഷിപ്പിനു ശേഷം കാല്‍മുട്ടിന് പരിക്കേറ്റ ഗോപി മൂന്ന് വര്‍ഷമാണ് ട്രാക്കില്‍നിന്ന് മാറിനിന്നത്. കോവിഡ് കാലത്തെ ശസ്ത്രക്രിയക്ക് ശേഷം ഫിറ്റ്നെസ് വീണ്ടെടുത്താണ് മുംബൈയില്‍ മത്സരിച്ചത്. ആത്മവിശ്വാസക്കുറവ് ഉണ്ടായിരുന്നെങ്കിലും ഭാഗ്യവേദിയായ മുംബൈ ഗോപിയെ കൈവിട്ടില്ല. 42.2 കിലോ മീറ്റര്‍ രണ്ട് മണിക്കൂര്‍ 16 മിനിറ്റ് 41 സെക്കന്റെടുത്ത് 34-കാരന് പൂര്‍ത്തിയാക്കി. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന്റെ യോഗ്യതാ മാര്‍ക്കായ രണ്ട് മണിക്കൂര്‍ 15 മിനിറ്റ് പിന്നിടാന്‍ കഴിഞ്ഞില്ല. ഇനി മാര്‍ച്ചില്‍ നടക്കുന്ന സോള്‍ മാരത്തണില്‍ എന്‍ട്രി നേടി ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ് ഗോപി. അതല്ലെങ്കില്‍ ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി മാരത്തണില്‍ ഇറങ്ങി യോഗ്യത ഉറപ്പിക്കും. നിലവില്‍ ബെംഗളൂരുവിലെ സായ് സെന്ററിലാണ് പരിശീലനം.
Content Highlights: thonakal gopi indian athlete lifestory and land issue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..