പമാനിച്ച് പുറത്താക്കപ്പെട്ടതിന്റെ 156-ാം ദിവസം അയാളുടെ കൈയിലേക്ക് ആ കപ്പ് വന്നുചേര്‍ന്നു. ഒരിക്കല്‍ നേരിയ വ്യത്യാസത്തിന് വഴുതിപ്പോയ ചാമ്പ്യന്‍സ് ലീഗ് കിരീടം. പോര്‍ട്ടോയിലെ എസ്റ്റുഡിയ ഡ്രാഗാവോയില്‍ കപ്പ് ഉയര്‍ത്തുമ്പോള്‍ രണ്ട് ക്ലബ്ബുകളില്‍നിന്ന് പുറത്താക്കപ്പെട്ടതിന്റെ നിരാശ മാഞ്ഞുപോയിരുന്നു. യൂറോപ്യന്‍ ചാമ്പ്യന്മാരുടെ പരിശീലകനായി ചെല്‍സിയുടെ തോമസ് ടുച്ചലിനെ ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞു.

കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് പരാജയവും ഫ്രഞ്ച് ലീഗിലെ ഇത്തവണത്തെ മോശം തുടക്കവുമാണ് പി.എസ്.ജി.യില്‍നിന്ന് ടുച്ചലിന്റെ പുറത്താകലിന് വഴിവെച്ചത്. നേടിക്കൊടുത്ത ആറ് കിരീടങ്ങള്‍ ടുച്ചലിന്റെ രക്ഷയ്‌ക്കെത്തിയില്ല. പ്രമുഖ താരങ്ങളുടെ പരിക്കും മാനേജ്മെന്റിന് പ്രശ്‌നമായില്ല. 

അതിനുമുമ്പ് ജര്‍മന്‍ ക്ലബ്ബ് ബൊറൂസ്സിയ ഡോര്‍ട്മുണ്‍ഡില്‍നിന്നും ടുച്ചല്‍ പുറത്താക്കപ്പെടുകയായിരുന്നു. ഏതാണ്ട് 2000 കോടിയോളം രൂപ മുടക്കി കെയ് ഹാവെട്സ്, തിമോ വെര്‍ണര്‍, ബെന്‍ ചില്‍വില്‍, ഹക്കീം സിയെച്ച് എന്നിവരെ കൊണ്ടുവരുകയും തിയാഗോ സില്‍വ, എഡ്വാര്‍ഡോ മെന്‍ഡി എന്നിവരെ സ്വന്തമാക്കുകയും ചെയ്ത ചെല്‍സി ലീഗില്‍ ഫ്രാങ്ക് ലാംപാര്‍ഡിന് കീഴില്‍ തപ്പിത്തടയുമ്പോഴാണ് ടുച്ചല്‍ മാനേജ്മെന്റിന്റെ ശ്രദ്ധയില്‍ വന്നത്. ലാംപാര്‍ഡിനെ പുറത്താക്കി ജര്‍മന്‍ പരിശീലകനെ കൊണ്ടുവരാനുള്ള നീക്കം ടീമിനെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലെത്തിച്ചു.

മികച്ച താരങ്ങളുണ്ടായിട്ടും ഗെയിംപ്ലാനില്ലാതെ ഉഴറിയ ചെല്‍സിക്ക് ചട്ടക്കൂടുണ്ടാക്കല്‍ ടുച്ചലെന്ന പരിചയസമ്പന്നന് എളുപ്പമായിരുന്നു. ലാംപാര്‍ഡിന് കീഴില്‍ ഫോം നഷ്ടപ്പെട്ട അന്റോണിയോ റുഡിഗറും എന്‍ഗോളെ കാന്റെയുമെല്ലാം സ്വാഭാവികതയോടെ കളിക്കാന്‍ തുടങ്ങിയതോടെ ചെല്‍സി കരുത്തരായി.

ഫൈനലില്‍ മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരേ 3-5-2 എന്ന സ്ഥിരം ശൈലിയില്‍ കളിച്ച ടീം പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധവെച്ചു. അതേസമയം മാസണ്‍ മൗണ്ട് - ഹാവെര്‍ട്സ് - തിമോ വെര്‍ണര്‍ എന്നിവരിലൂടെ അതിവേഗ പ്രത്യാക്രമണവും നടത്തി. കളം നിറഞ്ഞു കളിച്ച എന്‍ഗോളെ കാന്റെയായിരുന്നു വിജയത്തിലെ പ്രധാനി.

ആക്രമണത്തിലും പ്രതിരോധത്തിലും ഫ്രഞ്ച് താരം നിര്‍ണായകമായി. സെമിയിലേയും ഫൈനലിലേയും മികച്ച താരമായി.

സിറ്റി പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ പിഴച്ചുപോയ തന്ത്രങ്ങളും ടുച്ചലിന് ഗുണകരമായി. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറില്ലാതെ ആറു പേരെ ഒരേസമയം ആക്രമണത്തിന് ഉപകാരപ്പെടും വിധം ടീമിനെ ഒരുക്കിയ പെപ്പിന് ചെല്‍സിയുടെ അതിവേഗ ആക്രമണത്തിന് മറുപടിയുണ്ടായില്ല. ക്ലിനിക്കല്‍ സ്ട്രൈക്കര്‍ക്ക് അവസരം നല്‍കാതെ റഹീം സ്റ്റര്‍ലിങ്ങിനെ സെന്‍ട്രല്‍ സ്ട്രൈക്കറാക്കിയ നീക്കവും പാളി.

ജര്‍മന്‍ പരിശീലകനായി ടുച്ചലിന്റെ കീഴില്‍ ജര്‍മന്‍ താരങ്ങളായ റുഡിഗറും ഹാവെര്‍ട്സും ഫൈനലില്‍ തകര്‍ത്തുകളിച്ചു.

Content Highlights: Thomas Tuchel wins tactical battle for Chelsea Champions League title