സജിൽ | Photo: special arrangement
കോഴിക്കോട്: ഫുട്ബോളില്‍ ഒട്ടേറെ നേട്ടങ്ങള്‍ അവകാശപ്പെടാനുള്ളവരാണ് മലയാളികള്‍. രാജ്യത്തിനായി മികച്ച താരങ്ങളെ സംഭാവന ചെയ്യാന്‍ സാധിച്ചു എന്നതിനൊപ്പം തന്നെ ഫെഡറേഷന് കപ്പും, സന്തോഷ് ട്രോഫിയും, ഡ്യൂറന്റ് കപ്പും ഐ ലീഗ് കിരീടങ്ങളുടെ പെരുമയും നമുക്ക് അവകാശപ്പെടാനുണ്ട്.
കഴിവുള്ള ഒട്ടനവധി താരങ്ങള്‍ നമുക്ക് ചുറ്റുമുള്ളപ്പോള്‍ തന്നെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഏതാനും ചിലരുണ്ട്. പലപ്പോഴും സ്കൂള്‍ തലത്തിലും സെവന്‍സ് മൈതാനങ്ങളിലും മറ്റുമായി അവരുടെ കഴിവുകള്‍ ഒതുങ്ങിപ്പോകാറുമുണ്ട്. എങ്കിലും ഇന്നത്തെക്കാലത്ത് ഒരു മൊബൈല്‍ വീഡിയോയിലൂടെയോ മറ്റോ ചിലരെങ്കിലും ശ്രദ്ധപിടിച്ചുപറ്റാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു.
വലതുവിങ്ങിലൂടെയുള്ള ഒരു മികച്ച മുന്നേറ്റത്തിനൊടുവില്‍ എതിര് ടീം ഡിഫന്‍ഡറെ കബളിപ്പിച്ച് ഒരു ഒമ്പതാം നമ്പര്‍ കളിക്കാരന് പിന്നീട് ബോക്സിലേക്ക് നീട്ടിയ പാസാണ് ഏവരേയും അദ്ഭുതപ്പെടുത്തിയത്. ഫുട്ബോള്‍ ലോകത്ത് 'റബോണ' എന്ന പേരിലറിയപ്പെടുന്ന ഈ പാസ് കിടയറ്റ രീതിയില്‍ മൈതാനത്ത് നടപ്പാക്കിയ ആ കളിക്കാരന് ബോക്സില്‍ കൃത്യമായി സഹതാരത്തിന് പന്തെത്തിക്കുകയും അത് ഗോളില്‍ കലാശിക്കുകയും ചെയ്യുന്ന വീഡിയോയാണ് ഏതാനും ദിവസങ്ങളായി വൈറലായിക്കൊണ്ടിരിക്കുന്നത്.
നമ്മെ അദ്ഭുതപ്പെടുത്തിയ ആ വീഡിയോയിലെ റബോണ പാസിന്റെ ഉടമയായ ആ ഒമ്പതാം നമ്പറുകാരന് തൃശൂര്‍ കുന്നംകുളത്തിനടുത്തുള്ള ചെമ്മണ്ണൂര്‍ സ്വദേശി സജിലാണ്. യാസ്ക് എഫ്.സിക്കെതിരേ തൃശൂര്‍ പേരാമംഗലത്ത് നടന്ന ഒരു സെവന്‍സ് ടൂര്‍ണമെന്റിന്റെ സെമിഫൈനലിനിടെ ജവാന് എഫ്.സി ചിറ്റിലപ്പള്ളിക്ക് വേണ്ടിയാണ് സജില്‍ തന്റെ റബോണ മാജിക്ക് പുറത്തെടുത്തത്. നാട്ടിലെ മൈതാനങ്ങളില്‍ കളിക്കുമ്പോള്‍ പലപ്പോഴും ഈ ട്രിക്ക് പയറ്റിയിട്ടുണ്ടെന്ന് സജില്‍ മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
''അന്ന് കളിക്കിടെ വീഡിയോ എടുത്തതൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല. കളികഴിഞ്ഞുവന്ന ക്ഷീണത്തില്‍ കിടന്നുറങ്ങി പിറ്റേന്ന് ഉച്ചയ്ക്കാണ് എഴുന്നേറ്റത്. അപ്പോള്‍ സുഹൃത്തുക്കളില്‍ ഒരാളാണ് വീഡിയോ വൈറലായത് പറഞ്ഞത്. ആദ്യം അതിന്റെ വീഡിയോ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു. പക്ഷേ അത് ഇത്രയും ആളുകളിലേക്കെത്തുമെന്ന് കരുതിയില്ല.'' - സജില്‍ പറഞ്ഞു.
അഞ്ചാം ക്ലാസുമുതല്‍ തന്നെ കളി കാര്യമായെടുത്തതാണ് സജില്‍. അതിനാല്‍ തന്നെ ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ അക്കാദമിയായ യങ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് കൂടിയാണ് ഈ 27-കാരന്. കുന്നംകുളത്തുള്ള അക്കാദമിയില്‍ അണ്ടര്‍ 10, അണ്ടര്‍ 14, അണ്ടര്‍ 18 വിഭാഗങ്ങളിലായി നാല്‍പ്പതിലേറെ കുട്ടികള്‍ക്ക് ഫുട്ബോളിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നത് ഈ കളിക്കാരനാണ്.
ചെമ്മണ്ണൂര്‍ സ്വദേശികളായ വേലായുധന് - രുഗ്മിണി ദമ്പതികളുടെ ഇളയമകനായ സജിലിനെ ഫുട്ബോളിന്റെ ലോകത്തേക്ക് കൈപിടിച്ചുകയറ്റിയത് അമ്മയുടെ സഹോദരന് സുധാകരനാണ്. അഞ്ചാം ക്ലാസില്‍ പഠിക്കവെ അവധിക്കാലത്ത് അമ്മയുടെ വീട്ടില്‍ പോയ സജിലിനെ അന്ന് അവിടെ നടന്നിരുന്ന ഒരു ഫുട്ബോള്‍ ക്യാമ്പിലേക്ക് കൊണ്ടുപോയത് അദ്ദേഹമായിരുന്നു. ജീവിതത്തില്‍ അന്നാണ് ആദ്യമായി ബൂട്ട് കെട്ടിയതെന്ന് സജില്‍ ഓര്‍ക്കുന്നു. അവ വാങ്ങിനല്കിയതാകട്ടെ അമ്മാവനും. ആ ക്യാമ്പിലെ പരിചയം പിന്നീട് ചെമ്മണ്ണൂര്‍ അപ്പുണ്ണി മെമ്മോറിയല്‍ സ്കൂളിലെ ഫുട്ബോള്‍ ടീമില്‍ സജിലിനെ എത്തിച്ചു. പ്ലസ് ടു വരെ അവിടെ തുടര്‍ന്ന ശേഷം സ്പോര്‍ട് ക്വാട്ടയില്‍ ശ്രീകൃഷ്ണ കോളേജിലേക്ക്. പക്ഷേ പരിക്ക് കാരണം യൂണിവേഴ്സിറ്റി ഡി സോണ്‍ ടൂര്‍ണമെന്റില്‍ കളിക്കാനാകാത്തത് തന്റെ ജീവിതത്തിലെ വലിയ നഷ്ടമാണെന്ന് പറയുന്നു സജില്‍.
ഇതിന് ശേഷം മൊബൈല്‍ ടെക്നീഷ്യന് കോഴ്സ് പഠിച്ച സജില്‍ ഏതാനും മൊബൈല്‍ ഷോപ്പുകളില്‍ ജോലി നോക്കുകയും ചെയ്തിരുന്നു. അപ്പോഴും സെവന്‍സ് കളികള്‍ വിട്ടിരുന്നില്ല. കടയുടെ ഉടമകള്‍ തന്നെ കളിക്കാന്‍ പോകാന്‍ അനുവദിച്ചിരുന്നതായും സജില്‍ പറയുന്നു. ജീവിതം മൊബൈല്‍ ഷോപ്പുകളിലും സെവന്‍സ് മൈതാനങ്ങളിലുമായി മുന്നോട്ടുപോകവെ ശ്രീകൃഷ്ണ കോളേജില്‍ സഹപാഠിയായിരുന്ന കബീറാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അക്കാദമിയെ കുറിച്ച് സജിലിനോട് പറയുന്നത്. അങ്ങനെ 2021-ല്‍ സജില്‍ ബ്ലാസ്റ്റേഴ്സിന്റെ ഭാഗമായി. ഇന്ന് നിരവധി കുട്ടികളെ ഫുട്ബോളിന്റെ ലോകത്തേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് നമ്മുടെ റബോണ പാസിന്റെ ഉടമ.
റബോണ പാസ്
ഫുട്ബോളില്‍ ഒരു പ്രത്യേക രീതിയില്‍ പാസ് നല്‍കുകയോ ഷോട്ട് എടുക്കുകയോ ചെയ്യുന്ന രീതിയാണ് റബോണ. മൈതാനത്ത് കുത്തിനില്‍ക്കുന്ന കാലിന് പിറകിലൂടെ അടുത്ത കാല് ഉപയോഗിച്ച് പന്തിനെ അടിക്കുന്ന രീതിയാണ് റബോണ. വാല് എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ റബോയില് നിന്നാണ് റബോണ എന്ന വാക്കിന്റെ ഉദ്ഭവം. 1957-ലെ സാവോ പൗലോ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെ റബോണ പാസ് പ്രയോഗിച്ചതോടെയാണ് ഈ രീതി പ്രസിദ്ധമാകുന്നത്. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ താരമായിരുന്ന റിക്കാര്‍ഡോ ഇന്ഫാന്ഡെയാണ് ഈ രീതി ആദ്യമായി ഫുട്ബോള്‍ മൈതാനത്ത് പ്രയോഗിച്ചതെന്നാണ് ചരിത്രം പറയുന്നത്. 1948-ല്‍ എസ്റ്റുഡിയന്ഡെസ് ഡെ ലാ പ്ലാറ്റ - റൊസാരിയോ സെന്‍ട്രല്‍ മത്സരത്തിനിടെയായിരുന്നു ഇന്ഫാന്ഡെയുടെ റബോണ പ്രയോഗമെന്നാണ്
പില്ക്കാലത്ത് ബില്ലി വിന്‍സര്‍, ഫെര്‍നാന്‍ഡോ റെഡോണ്ഡോ, ഡിയഗോ മാറഡോണ, റൊമാരിയോ, റോബര്‍ട്ടോ ബാജിയോ, തുടങ്ങി റിവാള്‍ഡോ, റൊണാള്‍ഡോ, റോബീഞ്ഞ്യോ, റൊണാള്‍ഡീന്യോ, തോമസ് മുള്ളര്‍, റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ഡേവിഡ് വിയ്യ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയവര്‍ വരെ മൈതാനത്ത് ഈ ട്രിക്ക് വിജയകരമായി നടപ്പാക്കിയവരില്‍ പെടുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..