Photo: twitter.com/ManCity
ഈ സീസണില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ടീം, പെപ്പ് ഗ്വാര്‍ഡിയോളയുടെ ഇംഗ്ലീഷ് ടീം മാഞ്ചെസ്റ്റര്‍ സിറ്റിയെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളും വിദഗ്ധരും വിലയിരുത്തുന്നത് ഇങ്ങനെയാണ്. സിറ്റിയുടെ കളിക്കണക്കുകള്‍ എടുത്താലറിയാം അത് അക്ഷരംപ്രതി സത്യമാണെന്ന്. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ റയല്‍ മാഡ്രിഡിനെതിരേ സിറ്റി പുറത്തെടുത്ത കളി മാത്രം കണ്ടാല്‍ മതി അവരുടെ കരുത്തറിയാന്‍. എര്‍ളിങ് ഹാളണ്ട് എന്ന ഗോളടിയന്ത്രത്തിന്റെ വരവോടുകൂടി ഈ സീസണില്‍ വിവിധ ടൂര്‍ണമെന്റുകളിലായി സ്വപ്‌നതുല്യമായ കുതിപ്പാണ് സിറ്റി നടത്തുന്നത്.
കഴിഞ്ഞ വര്‍ഷം സെമിയില്‍ റയലില്‍ നിന്ന് നേരിട്ട ഞെട്ടിക്കുന്ന തോല്‍വി സിറ്റിയെ കുറച്ചൊന്നുമല്ല ഉലച്ചുകളഞ്ഞത്. കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കിടെ ആറ് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ നേടിയ ടീമിന് പക്ഷേ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടമെന്നത് ഇക്കാലത്തിനിടയില്‍ സ്വപ്‌നം മാത്രമായി അവശേഷിക്കുകയായിരുന്നു. 2021-ല്‍ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരില്‍ ചെല്‍സിക്ക് മുമ്പില്‍ കാലിടറി. എന്നാല്‍ ഇത്തവണ കാര്യങ്ങളെല്ലാം ഗ്വാര്‍ഡിയോളയ്ക്കും സിറ്റിക്കും അനുകൂലമാണ്. ഹാളണ്ട്, ബെര്‍ണാര്‍ഡോ സില്‍വ, കെവിന്‍ ഡിബ്രുയ്‌ന, ഇല്‍കായ് ഗുണ്ടോഗന്‍, ജാക്ക് ഗ്രീലിഷ്, ജോണ്‍ സ്‌റ്റോണ്‍സ്, റോഡ്രി, കൈല്‍ വാക്കര്‍, റൂബന്‍ ഡിയാസ്, മാനുവല്‍ അകാന്‍ജി, ഫില്‍ ഫോഡന്‍, റിയാദ് മഹ്‌രസ്, ജൂലിയന്‍ അല്‍വാരസ്, എഡേഴ്‌സന്‍ തുടങ്ങി പ്രതിഭാ ധാരാളിത്തമാണ് സിറ്റിയില്‍.
ഇത്തവണ മൂന്ന് കിരീടങ്ങളിലേക്കാണ് സിറ്റിയുടെ കുതിപ്പ്. ചാമ്പ്യന്‍സ് ലീഗില്‍ റയലിനെ തകര്‍ത്ത് ഫൈനലിലെത്തിയ സിറ്റി, ഒമ്പതാം ലീഗ് കിരീടത്തിലേക്ക് ഒരു ജയം മാത്രം അകലെയാണ്. ഞായറാഴ്ച ചെല്‍സിക്കെതിരേ നടക്കാനിരിക്കുന്ന മത്സരത്തില്‍ വിജയം നേടിയാല്‍ സിറ്റി കിരീടമുയര്‍ത്തും. എഫ്എ കപ്പിലും സിറ്റി ഫൈനലിലുണ്ട്. വെംബ്ലി സ്റ്റേഡിയത്തില്‍ ജൂണ്‍ മൂന്നിന് മാഞ്ചെസ്റ്റര്‍ യുണൈറ്റഡാണ് എതിരാളികള്‍. ജൂണ്‍ 10-ന് രാത്രി ഇസ്താംബൂളില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയന്‍ ടീം ഇന്റര്‍ മിലാനാണ് സിറ്റിയുടെ എതിരാളികള്‍. നിലവിലെ മിന്നും ഫോമില്‍ ഈ കിരീടങ്ങളൊന്നും സിറ്റിയുടെ കൈവിട്ട് പോകില്ലെന്ന് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നു.
1999-ല്‍ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ട്രിപ്പിള്‍ കിരീട നേട്ടത്തിനു ശേഷം (പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്എ കപ്പ്) ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമാകാനുള്ള തയ്യാറെടുപ്പിലാണ് സിറ്റി. യൂറോപ്യന്‍ പോരാട്ടങ്ങളില്‍ സ്വന്തം മൈതാനത്ത് പരാജയമറിയാതെയുള്ള സിറ്റിയുടെ കുതിപ്പ് റയലിനെതിരായ വിജയത്തോടെ 26 മത്സരങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. 2018 സെപ്റ്റംബര്‍ മുതലുള്ള കണക്കാണിതെന്നറിയുമ്പോഴാണ് എത്തിഹാദില്‍ എത്രത്തോളം കരുത്തരാണ് സിറ്റിയെന്ന് നമുക്ക് മനസിലാകുക.
.jpg?$p=0dfb04f&&q=0.8)
റയലിനെതിരായ മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഗ്വാര്‍ഡിയോള മുന്‍ യുണൈറ്റഡ് താരവും കമന്റേറ്ററുമായ റിയോ ഫെര്‍ഡിനാന്‍ഡിന് ഒരു സന്ദേശമയച്ചിരുന്നു. റയലിനെ ഉറപ്പായും തോല്‍പ്പിച്ചിരിക്കുമെന്നായിരുന്നു ആ സന്ദേശം. മത്സര ശേഷം തന്റെ ടീമിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം ചൂണ്ടിക്കാട്ടി ഫെര്‍ഡിനാന്‍ഡ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ 10 കളികളില്‍ നിന്ന് 12 ഗോളുകള്‍ നേടിയ ഗോളടിയന്ത്രം ഹാളണ്ട് തന്നെയാണ് സിറ്റിയുടെ കരുത്ത്. പ്രീമിയര്‍ ലീഗില്‍ 33 കളികളില്‍ നിന്ന് 36 ഗോളുകള്‍ നേടിയ ഹാളണ്ട് ലീഗില്‍ ഒരു സീസണിലെ ഗോളടി റെക്കോഡ് നേരത്തെ തന്നെ സ്വന്തം പേരിലെഴുതിച്ചേര്‍ത്തിരുന്നു. ചാമ്പ്യന്‍സ് ലീഗിലും പ്രീമിയര്‍ ലീഗിലും ഏറ്റവും കൂടുതല്‍ ഗോളവസരങ്ങള്‍ ഒരുക്കിയ ഡിബ്രുയ്‌നിന്റെ മികവും സിറ്റിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായിട്ടുണ്ട്.
ഗ്വാര്‍ഡിയോളയെന്ന തന്ത്രജ്ഞന്റെ സാന്നിധ്യം ടീമിന്റെ മുന്നേറ്റത്തില്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. 2016-ല്‍ അദ്ദേഹം സിറ്റിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം നാല് പ്രീമിയര്‍ ലീഗ് കിരീടങ്ങളും (2017-18, 2018-19, 2020-21, 2021-22), നാല് ലീഗ് കപ്പുകളും (2017-18, 2018-19, 2019-20, 2020-21), രണ്ട് എഫ്എ കമ്മ്യൂണിറ്റി ഷീല്‍ഡും (2018, 2019), ഒരു എഫ്എ കപ്പും (2018-19) എത്തിഹാദിലെത്തിയിട്ടുണ്ട്. ഗ്വാര്‍ഡിയോള പരിശീലകനായെത്തിയ 408 മത്സരങ്ങളില്‍ 297-ലും ജയം സിറ്റിക്കൊപ്പമായിരുന്നു. മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിലും കളിക്കളത്തില്‍ അവര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിലും ഗ്വാര്‍ഡിയോള പുലര്‍ത്തുന്ന മികവ് എടുത്തുപറയേണ്ടത് തന്നെയാണ്.
Content Highlights: the unstoppable Manchester City looking for Treble
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..