കൊച്ചി: കോട്ടിന്റെ കീശയില്‍നിന്ന് മാനുവല്‍ ഫ്രെഡറിക്‌സ് ആ 'നിധി' എടുത്ത് ഉയര്‍ത്തിക്കാട്ടുമ്പോള്‍ ജീന്‍സിന്റെ പോക്കറ്റില്‍നിന്ന് അതുപോലൊരു 'നിധി' ശ്രീജേഷും പുറത്തെടുത്തു. ചേര്‍ന്നുനിന്ന മുഖങ്ങള്‍ പോലെ ആ 'നിധി'കളെ അവര്‍ കൂട്ടിമുട്ടിച്ചപ്പോള്‍ ഇന്ദ്രജാലം കാണുന്നതു പോലെ തോന്നി. ഒളിമ്പിക്‌സ് എന്ന രാജകീയ വേദിയില്‍നിന്ന് രാജ്യത്തിനുവേണ്ടി നേടിയെടുത്ത മെഡലുകളുമായി രണ്ട് മലയാളി നക്ഷത്രങ്ങള്‍.

1972-ലെ മ്യൂണിക് ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ മാനുവല്‍ ഫ്രെഡറിക്‌സും ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമിന്റെ ഗോളി പി.ആര്‍. ശ്രീജേഷും വ്യാഴാഴ്ച സായാഹ്നത്തില്‍ കൊച്ചിയില്‍ കണ്ടുമുട്ടിയത് കേരള കായിക രംഗത്തെ അപൂര്‍വ ഫ്രെയിമുകളിലൊന്നായി.

ഇപ്പോഴത്തെ ടീമും അന്നത്തെ ടീമും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ചോദിച്ചപ്പോള്‍ മാനുവല്‍ പറഞ്ഞു: ''അന്ന് മുഖത്ത് ഇത്ര ശക്തമായ പ്രതിരോധമുള്ള മാസ്‌കോ ചെസ്റ്റ് പാഡോ ഒന്നുമുണ്ടായിരുന്നില്ല. അന്നത്തെ ഗോളിമാര്‍ കുറെക്കൂടി ധൈര്യത്തോടെ കളിക്കുന്നവരായിരുന്നു. ഇന്ന് ആസ്ട്രോ ടര്‍ഫിലെ ഗെയിമില്‍ പന്ത് അപകടകരമായ വേഗത്തിലെത്താന്‍ സാധ്യതയുള്ളതിനാല്‍ മാസ്‌ക് ആവശ്യമാണ്. ഇന്നത്തെക്കാള്‍ മികച്ച ഫോര്‍വേഡുകള്‍ ഉണ്ടായിരുന്നു അന്ന്''.

മാനുവല്‍ ഓര്‍മകളിലൂടെ സഞ്ചരിച്ചപ്പോള്‍ ശ്രീജേഷ് ഇക്കാലത്തെക്കുറിച്ച് പറഞ്ഞു. ''കാരണവന്മാര്‍ ആനപ്പുറത്തിരുന്നതിന്റെ തഴമ്പു കണ്ടാണ് ഞങ്ങള്‍ ഹോക്കി കളിക്കാന്‍ പോകുന്നതെന്ന് പറഞ്ഞവരുണ്ട്. ഇന്ത്യന്‍ ഹോക്കി അതിന്റെ പ്രതാപകാലം വീണ്ടെടുക്കുമ്പോള്‍ അതിലെ ഒരംഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.'' ശ്രീജേഷ് ഒരു കാര്യംകൂടി പറഞ്ഞു: ''ഗോള്‍കീപ്പിങ് നന്ദിയില്ലാത്ത ജോലിയാണ്. ഒരു മത്സരത്തില്‍ 1-0 ത്തിന് നമ്മള്‍ ജയിച്ചാല്‍ ഗോളടിച്ചത് ആരാണെന്നാകും എല്ലാവരും തിരക്കുക. ആ മത്സരത്തില്‍ ഒട്ടേറെ സേവുകള്‍ നടത്തിയ ഗോളിയെ ആരും ഓര്‍ക്കില്ല. അതേസമയം ഒരു മത്സരത്തില്‍ 1-0 ത്തിന് തോറ്റാല്‍ ടീമിന്റെ ഗോളി ആരാണെന്ന് അന്വേഷിക്കും.'' ശ്രീജേഷിന്റെ വാക്കുകേട്ട് മാനുവല്‍ നിറഞ്ഞ ചിരിയോടെ ആ തോളില്‍ തട്ടി.

Content Highlights: The two icons PR Sreejesh and Manuel Frederick were brought together