നൂറിലേക്കുള്ള തുടക്കം അന്നായിരുന്നു, സച്ചിന്റെ കന്നി സെഞ്ചുറിയ്ക്ക് 32 വയസ്സ്


അനുരഞ്ജ് മനോഹര്‍

സച്ചിന്‍ ക്രിക്കറ്റ് ലോകത്ത് രചിച്ച റെക്കോഡ് പുസ്തകത്തിലെ സുവര്‍ണ അധ്യായമാണ് 100 സെഞ്ചുറികളുടെ നേട്ടം

മത്സരശേഷം പവലിയനിലേക്ക് മടങ്ങുന്ന സച്ചിൻ | Photo: twitter.com/BCCI

'ക്രിക്കറ്റ് ഒരു മതമാണെങ്കില്‍ സച്ചിന്‍ ദൈവമാണ്'- 2009 ഫെബ്രുവരി 28 ന് ഹാര്‍പ്പര്‍ സ്‌പോര്‍ട്ട് പുറത്തിറക്കിയ ഒരു പുസ്തകത്തിന്റെ പേരാണിത്. വിജയ് സന്താനവും ശ്യാം ബാലസുബ്രഹ്‌മണ്യനും ചേര്‍ന്നെഴുതിയ ക്രിക്കറ്റ് ഇതിഹാസം സച്ചിനെക്കുറിച്ചുള്ള പുസ്തകം. ആ പുസ്തകത്തിന്റെ പേര് സത്യമാണെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. സച്ചിനോളം പോന്ന ഒരു ഇതിഹാസം ക്രിക്കറ്റിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. ഇനിയുണ്ടാകുമോ എന്ന കാര്യവും സംശയമാണ്.

സച്ചിന്‍ ക്രിക്കറ്റ് ലോകത്ത് രചിച്ച റെക്കോഡ് പുസ്തകത്തിലെ സുവര്‍ണ അധ്യായമാണ് 100 സെഞ്ചുറികളുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറി നേടിയ ആദ്യ താരമായ സച്ചിന്റെ ഈ റെക്കോഡ് ഭേദിക്കാന്‍ മറ്റൊരു താരത്തിനും അത്ര എളുപ്പമല്ല. ആ റെക്കോഡിന് 33 നീണ്ട വര്‍ഷങ്ങളുടെ വിയര്‍പ്പിന്റെയും കഠിനാധ്വാനത്തിന്റെയും വിലയുണ്ട്. സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ആദ്യ സെഞ്ചുറി നേടിയിട്ട് ഇന്നേക്ക് (2022 ഓഗസറ്റ് 14) 32 വര്‍ഷം തികയുന്നു.

1989-ല്‍ അരങ്ങേറ്റം നടത്തിയെങ്കിലും സച്ചിന്റെ ആദ്യ സെഞ്ചുറിയ്ക്കായി ലോകം ഒരു വര്‍ഷം കാത്തിരുന്നു. എട്ട് ടെസ്റ്റ് മത്സരങ്ങളും. ആ കാത്തിരിപ്പിന് ഇംഗ്ലണ്ടിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷിയായി. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നു. 1990 ഓഗസ്റ്റ് ഒന്‍പത് മുതല്‍ 14 വരെയാണ് മത്സരം. ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നേടിയത് കൂറ്റന്‍ റണ്‍സാണ്. 519 റണ്‍സാണ് ആതിഥേയര്‍ അടിച്ചുകൂട്ടിയത്. 131 റണ്‍സെടുത്ത മൈക്ക് അതെര്‍ട്ടണും 116 റണ്‍സ് നേടിയ നായകന്‍ ഗ്രഹാം ഗൂച്ചും ആദ്യ വിക്കറ്റില്‍ തന്നെ 225 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആറാമനായി ഇറങ്ങിയ റോബിന്‍ സ്മിത്ത് 121 റണ്‍സെടുത്ത് അപരാജിതനായി നിന്നതോടെ ഇംഗ്ലണ്ട് 500 കടന്നു.

മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയും ഒട്ടും മോശമാക്കിയില്ല. സെഞ്ചുറി നേടി മുന്നില്‍ നിന്ന് നയിച്ച മുഹമ്മദ് അസ്ഹറുദ്ദീന്റെ കരുത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. 179 റണ്‍സെടുത്ത അസ്ഹറുദ്ദീനിനൊപ്പം കൂട്ടായി ഒരു 17 വയസ്സുകാരനുമുണ്ടായിരുന്നു. സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. സച്ചിന്റെ അപാരമായ ടൈമിങ് കണ്ട ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ തന്നെ സച്ചിനെ നോട്ടമിട്ടിരുന്നു. അസ്ഹറൂുദ്ദീനിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ സച്ചിന്‍ 68 റണ്‍സെടുത്തു. എന്നാല്‍ ഹെമ്മിങ്‌സിന്റെ ഓഫ്‌സ്പിന്നിന് മുന്നില്‍ കൗമാരതാരം വീണു. 68 റണ്‍സെടുത്ത് സച്ചിന്‍ കൂടാരം കയറി. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 432 റണ്‍സാണ് അടിച്ചെടുത്തത്. 93 റണ്‍സ് നേടിയ സഞ്ജയ് മഞ്ജരേക്കറും നന്നായി ബാറ്റുവീശി. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 87 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് വീണ്ടും ബാറ്റുകൊണ്ട് ഇന്ത്യയ്ക്ക് മേല്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റ് നഷ്ടത്തില്‍ 320 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചുകൂട്ടിയത്. ഇത്തവണ അലന്‍ ലാമ്പാണ് ബാറ്റിങ്ങിന് നേതൃത്വം നല്‍കിയത്. 109 റണ്‍സാണ് താരം നേടിയത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 408 റണ്‍സായി മാറി.

ആദ്യ ഇന്നിങ്‌സ് പോലെയായിരുന്നില്ല ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ്. വെറും 35 റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരായ രവിശാസ്ത്രിയും നവ്‌ജോത് സിദ്ദുവും പുറത്തായി. മൂന്നാമനായി വന്ന സഞ്ജയ് മഞ്ജരേക്കര്‍ ദിലീപ് വെങ്‌സാര്‍ക്കര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. പക്ഷേ ഇംഗ്ലണ്ട് തിരിച്ചടിച്ചു. 50 റണ്‍സെടുത്ത മഞ്ജരേക്കറെയും 32 റണ്‍സ് നേടിയ വെങ്‌സാര്‍ക്കറെയും മടക്കി ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കി. പിന്നാലെ വന്ന ആദ്യ ഇന്നിങ്‌സിലെ ഹീറോ അസ്ഹറുദ്ദീനിനും പിടിച്ചുനില്‍ക്കാനായില്ല. വെറും 11 റണ്‍സെടുത്ത് താരവും മടങ്ങി. ഇതോടെ ഇന്ത്യ 127 റണ്‍സിന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.

ഇംഗ്ലണ്ട് വിജയമുറപ്പിച്ചുകഴിഞ്ഞു. ഇനി വെറും അഞ്ച് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയാല്‍ ആദ്യമത്സരത്തിലെന്നപോലെ രണ്ടാം മത്സരവും വിജയിച്ച് ആതിഥേയര്‍ക്ക് പരമ്പര നേടാം. ഇംഗ്ലീഷ് ബൗളര്‍മാര്‍ ചിരിച്ചുതുടങ്ങി. അപ്പോഴാണ് ഒരു കുഞ്ഞുമനുഷ്യന്‍ ക്രീസിലേക്ക് നടന്നടുത്തത്. സച്ചിന്‍ രമേശ് തെണ്ടുല്‍ക്കര്‍. ഒരു 17 കാരന്‍ പയ്യന്‍. സച്ചിനൊപ്പം കപില്‍ ദേവ് ക്രീസിലൊന്നിച്ചു. പേരുകേട്ട ഇംഗ്ലണ്ട് ബൗളിങ് നിരയെ സച്ചിന്‍ അനായാസം നേരിട്ടു. ബൗണ്ടറികളുമായി സച്ചിന്‍ കളം നിറഞ്ഞു. പന്ത് ഉയര്‍ത്തിയടിച്ച് വിക്കറ്റ് കളയാന്‍ അദ്ദേഹം ശ്രമിച്ചില്ല. ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷയുടെ നാമ്പ് മുളപൊട്ടി. അപ്പോഴാണ് കപിലിന്റെ പതനം. 26 റണ്‍സെടുത്ത കപിലിനെ ഹെമ്മിങ്‌സ് ക്ലീന്‍ ബൗള്‍ഡാക്കി. വീണ്ടും ഇംഗ്ലണ്ട് ഡ്രൈവിങ് സീറ്റില്‍. പിന്നാലെ ക്രീസിലെത്തിയത് മനോജ് പ്രഭാകറായിരുന്നു.

മനോജിനൊപ്പം ബാറ്റുവീശിയ സച്ചിന്‍ തോല്‍ക്കില്ലെന്നുറപ്പിച്ച് ബാറ്റ് വീശി. ബൗണ്ടറികള്‍ യഥേഷ്ടം പിറന്നു. മനോജ് സച്ചിന് എല്ലാ പിന്തുണയും നല്‍കി. ഇംഗ്ലണ്ട് ബൗളര്‍മാര്‍ സകല അടവും പുറത്തെടുത്തു. ബൗണ്‍സറുകള്‍ ചെയ്തും ഭീഷണിപ്പെടുത്തിയുമെല്ലാം അവര്‍ സച്ചിന്റെ ആത്മവീര്യം കെടുത്താന്‍ നോക്കി. എന്നാല്‍ അതൊന്നും ആ 17 കാരനെ ബാധിച്ചതേയില്ല. ഒടുവില്‍ ഏവരും കാത്തിരുന്ന ആ മുഹൂര്‍ത്തമെത്തി. ഓള്‍ഡ് ട്രാഫോര്‍ഡിലെ പച്ചപ്പുല്‍ മൈതാനത്ത് സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന കൗമാര താരം മൂന്നക്കം കണ്ടിരിക്കുന്നു. ചെറിയ ചിരിയോടെ ആ പയ്യന്‍ ബാറ്റുയര്‍ത്തി. ഇന്ത്യന്‍ ക്യാമ്പില്‍ സന്തോഷം പൊട്ടിയൊഴുകി. ഇംഗ്ലണ്ട് താരങ്ങള്‍ വരെ ആ പയ്യന്റെ പോരാട്ടത്തിനെ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. അനായാസ വിജയം നേടുമെന്ന് ഉറപ്പിച്ച ഇംഗ്ലണ്ടിന് മുകളില്‍ പ്രതിഭയുടെ വെന്നിക്കൊടി പാറിച്ച് സച്ചിന്‍ ചരിത്രം കുറിച്ചു. പുറത്താവാതെ 119 റണ്‍സെടുത്ത സച്ചിന്റെ ബാറ്റില്‍ നിന്ന് 17 ബൗണ്ടറികള്‍ പിറന്നു. സെഞ്ചുറിയുമായി സച്ചിനും 67 റണ്‍സുമായി മനോജ് പ്രഭാകറും ക്രീസില്‍ പതറാതെ നിന്ന് ഇന്ത്യയ്ക്ക് വിജയത്തോളം പോന്ന സമനില സമ്മാനിച്ചു. കളികഴിഞ്ഞ് മടങ്ങുമ്പോള്‍ സച്ചിനെ അഭിനന്ദിക്കാന്‍ ആദ്യം വന്നത് ഇംഗ്ലണ്ട് താരങ്ങളായിരുന്നു. ബാറ്റുയര്‍ത്തി ഏവരെയും അഭിസംബോധന ചെയ്ത് സച്ചിന്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ ഡ്രസ്സിങ് റൂമിലേക്ക് നടന്നുകയറി. ചരിത്രത്തിലേക്കുള്ള കാല്‍വെയ്പ്പ്.

രണ്ടാം ടെസ്റ്റിലെ മികച്ച താരമായി സച്ചിനെ തിരഞ്ഞെടുത്തു. പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായെങ്കിലും സച്ചിന്റെ പ്രതിഭയുടെ നിഴലാട്ടം ആ പര്യടനത്തില്‍ പ്രകടമായി. അതായിരുന്നു സച്ചിന്റെ സെഞ്ചുറികളുടെ യാത്രയിലെ സ്റ്റാര്‍ട്ടിങ് പോയന്റ്. ഒടുവില്‍ സെഞ്ചുറികളുടെ ആ യാത്ര അവസാനിച്ചത് 2012-ലെ ഏഷ്യ കപ്പിലാണ്. ബംഗ്ലാദേശിനെതിരായ ഏകദിനമത്സരത്തില്‍ സെഞ്ചുറി നേടിക്കൊണ്ട് സച്ചിന്‍ കരിയറിലെ 100-ാം സെഞ്ചുറി തികച്ചു. ഷാക്കിബ് അല്‍ ഹസ്സന്റെ പന്തില്‍ സിംഗിളെടുത്തുകൊണ്ട് സച്ചിന്‍ 100 സെഞ്ചുറികളുടെ യാത്ര അവസാനിപ്പിച്ചു. ഏകദിനത്തില്‍ 49 സെഞ്ചുറികളും ടെസ്റ്റില്‍ 51 സെഞ്ചുറികളുമാണ് താരത്തിന്റെ പേരിലുള്ളത്. പ്രിയ സച്ചിന്‍, നിങ്ങളുടെ ഒരു നേട്ടത്തിന്റെ കഥമാത്രമാണിത്... പറയാനിനിയും എത്ര കഥകള്‍ ബാക്കി....

Content Highlights: sachin tendulkar, sachin first century, 100 centuries of sachin, sachin first ton, cricket news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented