മ്പതിൽ അധികം തവണ വിസ്ഫോടനമുണ്ടായ ഇറ്റലിയിലെ വെസുവിയസ് അഗ്നിപർവ്വതത്തിന്റെ താഴ്വരയിലുള്ള ടോറെ അനുൻസിയാറ്റയിലെ തെരുവുകളിലും ഗ്രൗണ്ടുകളിലും പന്തുതട്ടി വളർന്ന താരമാണ് സീറോ ഇമ്മൊബിലെ. വെസുവിയസിനെപ്പോലെ പലതവണ ഗോൾപോസ്റ്റിലേക്ക് ഇമ്മൊബിലെയും പൊട്ടിത്തെറിച്ചെങ്കിലും ആ പന്തുകളൊന്നും ഇറ്റാലിയൻ ലീഗ് വിട്ട് പുറത്തേക്കൊഴുകിയില്ല. എന്നാൽ ഇത്തവണ ഇമ്മൊബിലെ തന്റെ ഒഴുക്കിന്റെ ശക്തി കൂട്ടി. ഇറ്റാലിയൻ സീരി എയും കടന്ന് സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയേയും ലയണൽ മെസ്സിയേയും തന്റെ ഒഴുക്കിൽ തള്ളിമാറ്റി ഇമ്മൊബിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായി. അതിന് ഫുട്ബോൾ ലോകം നൽകിയ സമ്മാനമായ ഗോൾഡൻ ബൂട്ട് ഇമ്മൊബിലെയുടെ ക്ലബ്ബായ ലാസിയോയുടെ ഷെൽഫിലെത്തി.

ഇറ്റലിയിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റേഡിയമായ സാൻ പോളോയിൽ നിന്ന് 20 മൈൽ അകലെയാണ് ഇമ്മൊബിലെയുടെ ജന്മസ്ഥലമായ ടോറൊ അനുൻസിയാറ്റ. ചെറുപ്പത്തിൽ തന്നെ വീട്ടിനുള്ളിൽ പന്ത് തട്ടിക്കളിച്ച ഇമ്മൊബിലെ തന്റെ കിടപ്പുമുറി ഒരു ഫുട്ബോൾ ഗ്രൗണ്ടാക്കി മാറ്റി. ഇതോടെ തലവേദന മുഴുവൻ അച്ഛനും അമ്മയ്ക്കുമായി. കിടപ്പുമുറിയിലെ ചുമരുകളിലെല്ലാം അഴുക്കു പറ്റിയ പന്തിന്റെ രൂപം പതിഞ്ഞു. ഷെൽഫിന്റെ കണ്ണാടിച്ചിലും ജനൽച്ചില്ലും പൊട്ടിച്ചിതറി. ഇമ്മൊബിലെയുടെ ഈ വികൃതി മാറ്റാൻ അവരുടെ മുന്നിൽ ഒരൊറ്റ ഉപായം മാത്രമേയുണ്ടായിരുന്നുള്ളു. അഞ്ചു വയസ്സുകാരനായ കുഞ്ഞുതാരത്തെ അവർ നാട്ടിലുള്ള ടോറെ അനുൻസിയാറ്റ '88 എന്ന സ്കൂൾ ഫുട്ബോൾ ക്ലബ്ബിൽ ചേർത്തു. മാസങ്ങൾക്കുള്ളിൽ തന്നെ ഇമ്മൊബിലേയുടെ കഴിവ് ആദ്യ കോച്ച് തിരിച്ചറിഞ്ഞു. പ്രത്യേകിച്ച് പന്ത് ഗോളിലേക്ക് ഫിനിഷ് ചെയ്യാനുള്ള പാടവമായിരുന്നു അദ്ദേഹത്തെ ആകർഷിച്ചത്.

ഇറ്റലിയിലെ യൂത്ത്‌ക്ലബ്ബുകളായ എംപോളിയിലും സലെർനിറ്റാനയിലും കളിച്ചാണ് ഇമ്മൊബിലെ പ്രൊഫഷണൽ ഫുട്ബോൾ തുടങ്ങുന്നത്. എന്നാൽ ഇറ്റാലിയൻ ഫുട്ബോളിൽ തന്റെ വരവ് അറിയിക്കാൻ കഷ്ടപ്പെട്ട ഇമ്മൊബിലെ പിന്നീട് സൊറെന്റോയിലേക്ക് കൂടുമാറി. ആറു വർഷത്തോളമാണ് സൊറെന്റോ അണ്ടർ-17 ടീമിൽ താരം ബൂട്ടുകെട്ടിയത്. അതിൽ 2007-2008 സീസണിൽ 30 ഗോളുമായി ഇമ്മൊബിലെ തിളങ്ങി. ഇമ്മൊബിലെയുടെ ഈ പ്രകടനം ശ്രദ്ധയിൽപെട്ട യുവന്റസ് പരിശീലകൻ സീറോ ഫെരാര താരത്തെ ഇറ്റലിയിലെ കരുത്തൻ ടീമിലെത്തിച്ചു. 70 ലക്ഷം രൂപയ്ക്കായിരുന്നു ഈ കൈമാറ്റം. യുവന്റസ് അണ്ടർ-19 ടീമിൽ കുറച്ചുകൂടി പ്രൊഫഷണൽ തലത്തിലേക്ക് കളിമാറ്റിയ ഇമ്മൊബിലെ റെൻസോ കാപെല്ലാരോയുടെ അമ്പത് വർഷം പഴക്കമുള്ള ഗോൾ റെക്കോഡും മറികടന്നു. 2009-ൽ താരം യുവന്റസിനൊപ്പം ഇറ്റാലിയൻ യൂത്ത് ചാമ്പ്യൻഷിപ്പ് കിരീടം നേടി. 2010 യൂത്ത് ചാമ്പ്യൻഷിപ്പിൽ എംപോളിക്കെതിരായ ഫൈനലിൽ ഹാട്രിക് നേടിയ ഇമ്മൊബിലെയുടെ കരുത്തിൽ യുവന്റസ് കിരീടം നിലനിർത്തി.

പിന്നീട് യുവന്റസിൽ നിന്ന് വായ്പാ അടിസ്ഥാനത്തിൽ ഇറ്റലിയിലെ കുഞ്ഞൻ ടീമുകളിൽ കളി പഠിക്കാനായിരുന്നു ഇമ്മൊബിലെയുടെ വിധി. സിയന്നയിലും ഗ്രോസെറ്റോയിലും കളിച്ച ശേഷം 2012-ൽ താരം ജിനോവയുടെ തട്ടകത്തിലെത്തി. എന്നാൽ ആ സീസണിൽ 33 സീരി എ മത്സരങ്ങളിൽ അഞ്ചു ഗോളുകൾ മാത്രമാണ് താരം നേടിയത്. ഇമ്മൊബിലെ ഗോൾവരൾച്ച നേരിട്ടതോടെ ജിനോവ തരംതാഴ്ത്തൽ ഭീഷണിയിലായി. ഇതോടെ ജിനോവയിൽ നിന്ന് വീണ്ടും യുവന്റസിലെത്തിയ ഇമ്മൊബിലെയുടെ അടുത്ത തട്ടകം ടൊറിനോ ആയിരുന്നു.. 24 കോടി രൂപയ്ക്ക് കോ-ഓണർഷിപ്പിലായിരുന്നു ഈ കൈമാറ്റം. വീണ്ടും ഫോമിൽ തിരിച്ചെത്തിയ താരം ടൊറിനോയ്ക്കായി തുടർച്ചയായ 15 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടി. 2014-ൽ ലിവൊർനൊയ്ക്കെതിരായ മത്സരത്തിൽ തന്റെ കരിയറിലെ ആദ്യ സീരി എ ഹാട്രികും താരം സ്വന്തമാക്കി. 33 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളുമായാണ് ഇമ്മൊബിലെ ആ സീസൺ അവസാനിപ്പിച്ചത്.

പിന്നീട് സെവിയ്യയിലും ബൊറൂസിയ ഡോർട്ട്മുണ്ടിലും ഭാഗ്യം പരീക്ഷിച്ച ഇമ്മൊബിലെ 2016-ലാണ് ലാസിയോയിലെത്തുന്നത്. അപ്പോഴേക്കും ഇമ്മൊബിലെയുടെ മൂല്ല്യം 77 കോടി രൂപയായിരുന്നു. ആദ്യ സീസണിൽ തന്നെ ലാസിയോയുടെ തീരുമാനം തെറ്റിയിട്ടില്ലെന്ന് ഇമ്മൊബിലെ തെളിയിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അറ്റ്ലാന്റയ്ക്കെതിരേ ഗോൾ നേടി. ആ സീണിൽ 36 മത്സരങ്ങളിൽ നിന്ന് 23 ഗോളുകൾ, ഒപ്പം കോപ്പ ഇറ്റാലിയിൽ മൂന്നു ഗോളുകളും. 2019 നവംബറിലെത്തിയപ്പോഴേക്കും ലാസിയോക്കായി തന്റെ 100-ാം ഗോളും ഇമ്മൊബിലെ പൂർത്തിയാക്കി.

2019-20 സീസണിലെ ലാസിയോയുടെ അവസാന മത്സരത്തിന് ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ യൂറോപ്പിലെ ഗോൾവേട്ടക്കാരാനുള്ള ഗോൾഡൻ ബൂട്ടും ഇമ്മൊബിലെയുടെ കാലിലെത്തിയിരുന്നു. സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയുടേയും ക്രിസ്റ്റ്യാനൊ റൊണാൾഡോയുടേയും നിഴലിൽ നിന്ന് വെളിച്ചെത്തിലേക്കുള്ള ഇറ്റാലിയൻ താരത്തിന്റെ നടത്തം. കഴിഞ്ഞ മൂന്നു സീസണുകളിലും ഇറ്റലിയിൽ ടോപ്പ് സ്കോറർ ഇമ്മൊബിലെ ആയിരുന്നു. എന്നാൽ അവിടെ മാത്രം ഒതുങ്ങാനായിരുന്നു മുപ്പതുകാരന്റെ വിധി. ലാ ലിഗയിൽ മെസ്സിയും ക്രിസ്റ്റ്യാനോയും അടിച്ചുകൂട്ടുന്ന ഗോളുകളുടെ മുന്നിലെത്തുമ്പോൾ ഇറ്റാലിയൻ താരത്തിന്റെ നേട്ടം പിന്നിലേക്ക് തള്ളപ്പെട്ടു.

എന്നാൽ ഇത്തവണ ഇമ്മൊബിലെ സ്വപ്നം കണ്ട ആ നിമിഷം വന്നെത്തി. 37 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ അടിച്ചുകൂട്ടി ഇമ്മൊബിലെ ഗോൾഡൻ ബൂട്ട് ലാസിയോ ക്ലബ്ബിന്റെ ഷെൽഫിലെത്തിച്ചു. 13 വർഷങ്ങൾക്ക് ശേഷം ഇറ്റാലിയിൻ ലീഗിലെത്തുന്ന ഗോൾഡൻ ബൂട്ട്. 2006-2007 സീസണിൽ ഫ്രാൻസിസ്കോ ടോട്ടി നേടിയതിന് ശേഷം ഇത് ആദ്യമായാണ് ലാ ലിഗാ താരമല്ലാത്ത ഒരു ഗോൾഡൻ ബൂട്ട് ജേതാവുണ്ടാകുന്നത്.

അതു മാത്രമല്ല, ഇറ്റാലിയൻ ലീഗിൽ ഒരു സീസണിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമെന്ന റെക്കോഡിൽ ഗോൺസാലൊ ഹിഗ്വെയ്ന് ഒപ്പമെത്താനും ഇമ്മൊബിലെയ്ക്ക് കഴിഞ്ഞു. 2015-16 സീസണിൽ യുവന്റസിനായി ഹിഗ്വെയ്ൻ 36 ഗോളുകൾ നേടിയിരുന്നു. നാപ്പോളിക്കെതിരെ നേടിയ ഗോളിലൂടെ ഇമ്മൊബിലെയും ആ റെക്കോഡിനൊപ്പമെത്തി. ഇതോടെ നാല് സീസണുകളിൽ സീരി എയിൽ നിന്ന് ഇമ്മൊബിലെ മുങ്ങിയെടുത്തത് 103 ഗോളുകൾ. ക്ലബ്ബിനായി 178 മത്സരങ്ങളിൽ നിന്ന് 125 ഗോളുകൾ.

Content Highlights: The Story of Ciro Immobile, Golden Boot Winner