വരുൺ ചക്രവർത്തി | Photo:iplt20.com
മിസ്റ്ററി സ്പിന്നര്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ചിലരുടെയെങ്കിലും മനസ് 10-12 വര്‍ഷം പിറകിലേക്ക് പോയേക്കാം. കൃത്യമായി പറഞ്ഞാല്‍ 2008-ലെ ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലേക്ക്. ജൂലായ് ആറിന് നടന്ന ആ വര്‍ഷത്തെ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക ഒളിപ്പിച്ചുവെച്ച അജാന്ത മെന്‍ഡിസ് എന്ന വജ്രായുധം ഇന്ത്യന്‍ ബാറ്റിങ് നിരയെ നിലംപരിശാക്കിയത് മറക്കാന്‍ സാധിക്കുന്നതെങ്ങിനെ? മെന്‍ഡിസിന്റെ വരവാണ് മിസ്റ്ററി സ്പിന്നര്‍ എന്ന വാക്കിന് പ്രചാരം നല്‍കിയതെങ്കില്‍ 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഐ.പി.എല്ലില്‍ അബുദാബിയിലെ ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ബാറ്റിങ് നിരയെ കടപുഴക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തിന്റെ പ്രകടനം കണ്ട് കമന്റേറ്റര്‍മാര്‍ ഒന്നിച്ച് ആ വാക്ക് ഒരുവട്ടം കൂടി ആവര്‍ത്തിച്ചു, മിസ്റ്ററി സ്പിന്നര്‍.
ഡല്‍ഹിക്കെതിരേ വെറും 20 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുമായി തിളങ്ങിയ മാന്ത്രികന്റെ പേര് വരുണ്‍ ചക്രവര്‍ത്തി. ഈ സീസണില്‍ എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കിയ വരുണിന്റെ ആവനാഴിയിലെ ആയുധങ്ങള്‍ ഒടുവിലിതാ ഇന്ത്യന്‍ ദേശീയ ടീം സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നു. ഐ.പി.എല്ലിനു ശേഷം നടക്കുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ട്വന്റി 20 ടീമിലേക്ക് 29-കാരന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് വിളിയെത്തിയിരിക്കുകയാണ്.
ഈ സീസണില്‍ ഇതുവരെ 11 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളുമായി മികച്ച പ്രകടനമാണ് വരുണ്‍ നടത്തുന്നത്. ഡല്‍ഹിക്കെതിരായ പ്രകടനത്തിന് തൊട്ടുപിന്നാലെയാണ് സീനിയര്‍ ടീമിന്റെ വാതില്‍ വരുണിനായി തുറക്കുന്നത്.

ഒരു ജെന്യുവിന്‍ ലെഗ് സ്പിന്നറല്ല വരുണ്‍. എന്നാല്‍ ലെഗ് സ്പിന്നെന്നോ ഓഫ് സ്പിന്നെന്നോ തിരിച്ചറിയാന്‍ സാധിക്കാത്ത ബൗളിങ് ആക്ഷനും പന്തുകളുമാണ് വരുണിനെ അപകടകാരിയാക്കുന്നത്. ഓഫ്‌ബ്രേക്ക്, ലെഗ്‌ബ്രേക്ക്, ഗൂഗ്ലി, കാരം ബോള്‍, ഫ്‌ളിപ്പര്‍, ടോപ് സ്പിന്‍ തുടങ്ങി വരുണിന്റെ ആവനാഴിയിലെ ആയുധങ്ങളിലും വൈവിധ്യമുണ്ട്.
ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കുന്ന ഈ വേരിയേഷനുകളെല്ലാം വരുണ്‍ സ്വായത്തമാക്കിയത് ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുകളിലൂടെയായിരുന്നു. ചെന്നൈയിലെ എസ്.ആര്‍.എം സര്‍വകലാശാലയില്‍ ആര്‍ക്കിട്ടെക്ചര്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായിരിക്കെ വരുണ്‍ ക്രിക്കറ്റില്‍ നിന്ന് ഒരു ബ്രേക്കെടുത്തു. സ്‌കൂള്‍ ക്രിക്കറ്റിലടക്കം തിളങ്ങിയിട്ടും വിവിധ പ്രായഗ്രൂപ്പുകളിലുള്ള ടീമുകളിലേക്ക് സെലക്ഷന്‍ ലഭിക്കാതിരുന്നതോടെയാണ് വരുണ്‍ ക്രിക്കറ്റ് വിട്ട് ആര്‍ക്കിട്ടെക്ചര്‍ എന്‍ജിനീയറിങ് പഠിക്കാന്‍ പോയത്. തുടര്‍ന്ന് ഒരു സ്ഥാപനത്തില്‍ ജോലിക്കു കയറുകയും ചെയ്തു.
എന്നാല്‍ ഇക്കാലയളവിലും വരുണ്‍ വിവിധ പ്രാദേശിക ടെന്നീസ് ബോള്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തിരുന്നു. ഈ സമയത്താണ് വരുണ്‍ തന്റെ ആയുധങ്ങള്‍ ഓരോന്നായി മിനുക്കിയെടുത്തത്.
വരുണിന്റെ കാരം ബോള്‍ ശ്രദ്ധിച്ചാല്‍ അറിയാം, ഒന്ന് ബാറ്റ്‌സ്മാനില്‍ നിന്ന് അകന്നുപോകുമ്പോള്‍ ഇതേ കാരം ബോള്‍ തന്നെ മറ്റൊരവസരത്തില്‍ നേരെ സ്‌കിഡ് ചെയ്ത പാഡിലേക്കായിരിക്കും എത്തുന്നത്. അതേപോലെ തന്നെ വരുണ്‍ എറിയുന്ന കാരം ബോളും ഗൂഗ്ലിയും തിരിച്ചറിയുക പ്രയാസമാണ്. രണ്ടും റിലീസ് ചെയ്യുന്നത് ഒരേപോലെ ആയതിനാല്‍ ഇവ തിരിച്ചറിയാന്‍ ബാറ്റ്‌സ്മാന് സാധിക്കില്ല. തുകല്‍ പന്തില്‍ ഇവ പരീക്ഷിക്കുന്നതിന് മുമ്പ് ടെന്നീസ് ബോളിലാണ് ഇവ ഓരോന്നും വരുണ്‍ സ്വായത്തമാക്കിയത്.

2015-ല്‍ ജോലികൊണ്ട് നിത്യച്ചെലവുകള്‍ക്കുള്ള പണം പോലും കണ്ടെത്താന്‍ താന്‍ ബുദ്ധിമുട്ടിയിരുന്നതായി വരുണ്‍ തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതോടൊപ്പം തന്നെ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ആസ്വദിക്കാന്‍ തുടങ്ങിയതോടെ 25-ാം വയസില്‍ ജോലി ഉപേക്ഷിച്ച് വീണ്ടും ക്രിക്കറ്റിലേക്ക് തിരിയാന്‍ വരുണ്‍ തീരുമാനിക്കുകയായിരുന്നു. രണ്ടോ മൂന്നോ വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു ഈ തിരിച്ചുവരവ്.
തുടര്‍ന്ന് 2017-ല്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ കാരായ്ക്കുടി കാലെയ് ടീമിലെത്തിയെങ്കിലും ആ സീസണില്‍ കളിക്കാനായില്ല. തുടര്‍ന്ന് 2018-ല്‍ മധുരൈ പാന്തേഴ്‌സ് താരത്തെ സ്വന്തമാക്കി. അതോടെ വരുണിന്റെയും മധുരൈ പാന്തേഴ്‌സിന്റെയും തലവര മാറി. 2016, 2017 സീസണില്‍ എട്ടാം സ്ഥാനത്തായിരുന്ന ടീം 2018-ല്‍ കിരീടമണിഞ്ഞു.
പിന്നാലെ 2018-19 സീസണിലെ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍ വരുണ്‍ ഇടംനേടി. ലിസ്റ്റ് എ ക്രിക്കറ്റില്‍ വരുണിന്റെ അരങ്ങേറ്റമായിരുന്നു അത്. ആ ടൂര്‍ണമെന്റില്‍ 22 വിക്കറ്റുകളുമായി തമിഴ്‌നാടിന്റെ ലീഡിങ് വിക്കറ്റ് ടേക്കറായ വരുണ്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
ഇതോടെ 2018 ഡിസംബറിന്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ 8.4 കോടി മുടക്കി കിങ്‌സ് ഇലവന്‍ പഞ്ചാബ് താരത്തെ ടീമിലെത്തിച്ചു. പക്ഷേ ആദ്യ മത്സരത്തില്‍ തന്നെ കൈക്ക് പരിക്കേറ്റതോടെ ബാക്കി സീസണ്‍ നഷ്ടമായി. ഇത്തവണ കൊല്‍ക്കത്ത നായകനായിരുന്ന ദിനേഷ് കാര്‍ത്തിക്കാണ് വരുണിന് നൈറ്റ് റൈഡേഴ്‌സിലേക്ക് വഴിയൊരുക്കിയത്. ഇപ്പോഴിതാ മണലാരണ്യത്തിന് നടുവില്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടംകറക്കിക്കൊണ്ട് വരുണ്‍ ഇവിടെയുണ്ട്. ഒപ്പം ആ നീലക്കുപ്പായം ധരിക്കാനുള്ള ഭാഗ്യവും.
Content Highlights: the Mystery Spinner Varun Chakravarthy Earns Maiden National Call Up
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..