കണ്ണൂരിൽ ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റ് ജയിച്ച പോലീസ് ടീമിനൊപ്പം അബ്ദുൾ കരീം (പിൻനിരയിൽ ഇടത്തുനിന്ന് ആറാമത്) | Photo: Mathrubhumi
തിരുവനന്തപുരം: യുവ ഫുട്ബോള്‍ താരങ്ങളെ കേരള പോലീസ് ടീമിനുവേണ്ടി 'തട്ടിക്കൊണ്ടുപോവുക'യായിരുന്നു അബ്ദുള്‍ കരീം. അതിന് അദ്ദേഹത്തിന്റെ ആയുധം സ്നേഹവാത്സല്യങ്ങളും കളിയോടുള്ള ആവേശവുമായിരുന്നു.
ടൈറ്റാനിയവും കെ.എസ്.ഇ.ബി.യും തിളങ്ങിനില്ക്കുമ്പോള്, പോലീസ് ടീമില്‍ ചേരാന്‍ മികവുള്ളവര്‍ തയ്യാറാകാത്ത കാലത്താണ് കരീം പുതുതാരങ്ങളെ തേടിയിറങ്ങിയത്. കളിക്കാരെയും വീട്ടുകാരെയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി നേരെ പോലീസ് ജീപ്പിലേക്കുകേറ്റി ടീമിലെത്തിച്ചു. അതുവഴി കേരള പോലീസിലെത്തിയ സി.വി. പാപ്പച്ചന്, പി.പി. തോബിയാസ്, കുരികേശ് മാത്യു, യു. ഷറഫലി തുടങ്ങിയവര്‍ രാജ്യത്തെ മികച്ച കളിക്കാരായിമാറി.
ഡി.ജി.പി. എം.കെ. ജോസഫ്, ഐ.ജി. ഗോപിനാഥന്, ഡി.ഐ.ജി. മധുസൂദനന് എന്നിവര്‍ക്കൊപ്പം 1984-ല്‍ കേരള പോലീസ് ടീം ഉണ്ടാക്കുന്നതില്‍ കരീം വലിയ പങ്കുവഹിച്ചു. ടീമിന്റെ തുടക്കംമുതല്‍ സുവര്ണയുഗംവരെ മാനേജരായിരുന്നു. അന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ സി.ഐ. ആയിരുന്നു കരീം.
എല്ലാ കളിക്കാരോടും അവരുടെ വീട്ടുകാരോടും ആത്മാര്‍ഥമായ ബന്ധമുണ്ടായിരുന്നു. പുതുതായിവന്ന താരങ്ങളോട് ഒരു സഹോദരനെപ്പോലെയാണ് അദ്ദേഹം പെരുമാറിയതെന്ന് തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ കമാന്‍ഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സി.വി. പാപ്പച്ചന് 'മാതൃഭൂമി'യോട് പറഞ്ഞു. 1985-ല്‍ ന്യൂഡല്‍ഹി നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ യൂണിവേഴ്സിറ്റി-ചൈനീസ് യൂണിവേഴ്സിറ്റി മത്സരം. പാപ്പച്ചന് ഇന്ത്യന്‍ യൂണിവേഴ്സിറ്റിയുടെ പ്രധാനതാരം. കളി ദൂരദര്‍ശനില്‍ കണ്ട അബ്ദുള്‍ കരീം ഒരാഴ്ചയ്ക്കുശേഷം വീട്ടിലെത്തി പോലീസ് ജീപ്പില്‍ കയറ്റി തന്നെ ഡി.ജി.പി. എം.കെ. ജോസഫിനുമുന്നില്‍ ഹാജരാക്കുകയായിരുന്നെന്ന് പാപ്പച്ചന് ഓര്‍ത്തെടുക്കുന്നു.
കൗമാരക്കാരനായ പി.പി. തോബിയാസിനെ 1984-ല്‍ ബോള്‍ഗാട്ടിയിലെ വീട്ടിലെത്തി അബ്ദുള്‍ കരീം പോലീസ് ടീമിലേക്ക് 'റാഞ്ചി'. കെല്‍ട്രോണില്‍ കളിക്കുകയായിരുന്ന കുരികേശ് മാത്യുവിനെ കൊട്ടാരക്കര സി.ഐ. വഴി സംസാരിച്ച് ടീമിലെത്തിച്ചു. മലപ്പുറം അരീക്കോട്ട് ഒരുദിവസം താമസിച്ച് തെരട്ടമ്മലിലെ ഷറഫലിയെയും കൂടെക്കൂട്ടി. അങ്ങനെ എത്രയെത്ര കളിക്കാര്‍...
കേരള പോലീസ് ടീം ചരിത്രമെഴുതിയ രണ്ട് ഫെഡറേഷന് കപ്പ് വിജയങ്ങളിലും (തൃശ്ശൂര്‍-1990, കണ്ണൂര്‍-1991), ഓള് ഇന്ത്യ പോലീസ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിലും പരിശീലകരായ ചാത്തുണ്ണി, ശ്രീധരന്, കുഞ്ഞിക്കൃഷ്ണന് എന്നിവര്‍ക്കൊപ്പം കരീം പ്രധാന പങ്കുവഹിച്ചു. മാനേജര്‍ എന്നതിനേക്കാള്‍ മാര്‍ഗദര്‍ശിയുടെ റോളായിരുന്നു അദ്ദേഹത്തിനെന്ന് തോബിയാസ് ഓര്‍ക്കുന്നു.
എന്നും വെള്ളിവെളിച്ചത്തില്‍നിന്ന് അകുന്നുനിന്ന കരീം ഇനി ഫുട്ബോള്‍ ആരാധകരുടെ മനസ്സില്‍ ജീവിക്കും.
Content Highlights: The man who kidnapped the players former Kerala Police football team manager Abdul Kareem
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..