ഒരു കാലത്ത് രഞ്ജി ട്രോഫിയില്‍ കേരള ബൗളിങ്ങിന്റെ കുന്തമുനയായിരുന്നു കഴിഞ്ഞ ദിവസം വിടവാങ്ങിയ ഡോ. സി.കെ ഭാസ്‌കരന്‍ നായര്‍. ബാലന്‍ പണ്ഡിറ്റിന്റെ കീഴില്‍ രവി അച്ചന്‍, ജോര്‍ജ് എബ്രഹാം, ഡി. റാം, എച്ച്. ദേവരാജ്, അച്ചാരത്ത് ബാബു, സാന്റി ആരോണ്‍, കേളപ്പന്‍ തമ്പുരാന്‍. ആര്‍.വി.ആര്‍ തമ്പുരാന്‍ എന്നിവരടങ്ങിയ അന്നത്തെ കേരള ടീമിലെ പ്രധാനിയായിരുന്നു സി.കെ.
സി.കെയും ടി.കെ മാധവും ചേര്‍ന്നുള്ള 1960-കളിലെ കേരളത്തിന്റെ ഓപ്പണിങ് പേസ് നിര അക്കാലത്തെ മികച്ച ബാറ്റ്‌സ്മാന്‍മാരെ പലരെയും വിറപ്പിച്ചു നിര്‍ത്താന്‍ പോന്നതായിരുന്നു. സി.കെ ഭാസ്‌കരന്‍ നായരുമൊത്ത് ഒരു കാലത്ത് കേരളത്തിന്റെ ബൗളിങ് നിരയിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ടി.കെ മാധവ്, സി.കെയുമൊത്തുള്ള ഓര്‍മകള്‍ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെയ്ക്കുന്നു.
രണ്ടാഴ്ച മുമ്പുപോലും ഫോണില്‍ വിളിച്ച് സംസാരിച്ച സി.കെയുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് ടി.കെ മാധവ് പ്രതികരിച്ചു. ''2018-ലാണ് അദ്ദേഹത്തെ അവസാനമായി നേരില്‍ കാണുന്നത്. കൊച്ചി തേവരയിലെ എന്റെ വീട്ടില്‍ അദ്ദേഹം അന്ന് രണ്ടു ദിവസം താമസിച്ചിരുന്നു. ഞാന്‍ കേരള രഞ്ജി ടീമിലെത്തി തൊട്ടടുത്ത വര്‍ഷമാണ് ഭാസ്‌കരന്‍ ടീമിലെത്തുന്നത്. 16 വയസ് മാത്രം പ്രായമുള്ള ഒരു സ്‌കൂള്‍ ബോയ് ക്രിക്കറ്റര്‍. എങ്കിലും മികച്ച ഫാസ്റ്റ് ബൗളറായിരുന്നു അദ്ദേഹം. നല്ല പേസ്, കണ്‍ട്രോള്‍ഡ് ബൗളിങ് ഇവയെല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ഞങ്ങള്‍ രണ്ടു പേരിലും വെച്ച് മികച്ച ബൗളര്‍ ഭാസ്‌കനായിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ നിന്നെ കളിക്കാന്‍ പേടിക്കുന്നതുകൊണ്ടാണ് എനിക്ക് വിക്കറ്റ് കിട്ടുന്നതെന്ന് ഞാന്‍ തമാശയായി അദ്ദേഹത്തോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതായിരുന്നു സത്യം. കഴിഞ്ഞ ഒരു 24 വര്‍ഷമായി എല്ലാ ഒളിമ്പിക്‌സും അദ്ദേഹം കണ്ടിട്ടുണ്ട്. അത്‌ലറ്റിക്‌സിനോട് വലിയ താത്പര്യമുണ്ടായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. അമേരിക്കന്‍ താരം കാള്‍ ലൂയിസുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു.''
ഇന്ത്യയില്‍ യുവ അത്‌ലറ്റുകളെ വളര്‍ത്തിയെടുത്താന്‍ 'മിഷന്‍ ഗോള്‍ഡ് ഫോര്‍ ഇന്ത്യ' എന്ന പ്രോഗ്രാമുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതായും ടി.കെ മാധവ് പറഞ്ഞു.
The man who gifted me wickets; TK Madhav shares CK's memories