എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠിത്തം കഴിയുമ്പോഴും ഒരു ജോലി ചെയ്യാനുള്ള മനസ്സ് സഫീറിനുണ്ടായിരുന്നില്ല... ബിസിനസായിരുന്നു താത്പര്യം. 21-ാം വയസ്സില്‍ ദുബായിയില്‍ പോയി ഒരു ഐ.ടി. കമ്പനി തുടങ്ങി. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് പൊന്മുണ്ടമാണ് സ്വദേശം.
നാട്ടില്‍ വരുമ്പോള്‍ വോളിബോള്‍ മത്സരങ്ങള്‍ കാണാന്‍പോകും. ഒരിക്കല്‍ അറ്റാക്കറായി കളിക്കാന്‍ അവസരം കിട്ടി. കേരളോത്സവത്തിനൊക്കെ പ്രാദേശിക ടീമിനൊപ്പം ജില്ലാതലത്തില്‍ ഫുട്ബോള്‍ കളിച്ചിട്ടുള്ളയാളാണ്. കളിച്ചുതുടങ്ങിയപ്പോള്‍ വോളിബോളില്‍ കമ്പം കയറി. അന്നൊക്കെ വോളിബോള്‍ മത്സരം കാണാനൊന്നും അധികം ആളുകള്‍ ഉണ്ടാവില്ല. രസം മൂത്തപ്പോള്‍ കളികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. ആദ്യ ടൂര്‍ണമെന്റില്‍ത്തന്നെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. സഫീറിന്റെ വോളിബോള്‍ യാത്ര തുടങ്ങുന്നത് അവിടെനിന്നാണ്.
സ്റ്റേജ്പടിയില് നിന്ന് പടിപടിയായി കയറ്റം
സോഫ്റ്റ്വെയർ കമ്പനി വലുതായിത്തുടങ്ങി. അപ്പോഴേക്കും മൂന്ന് പാര്‍ട്ണര്‍മാര്‍ കൂടി എത്തി. ജഷീര്‍, ഷംനാസ്, ശ്രീജിത്ത്. കമ്പനി യു.കെ.യിലും പ്രവര്‍ത്തനം ആരംഭിച്ചു. ശ്രീജിത്തിന് നേരത്തെ യു.കെ.യില്‍ ഐ.ടി. കമ്പനിയുള്ളത് ഗുണം ചെയ്തു. 'ബീക്കണ്‍' എന്ന് പേരിട്ട് തുടങ്ങിയ കമ്പനിയുടെ പ്രവര്‍ത്തനം കോഴിക്കോട്ടേക്ക് വ്യാപിപ്പിച്ചു. 'ബീക്കണ്‍-ഇന്‍ഫോടെക്' എന്നായി പേര്.
നാട്ടില്‍ 'സ്റ്റേജ്പടി' എന്ന സ്ഥലത്ത് 'സ്റ്റേജ്പടി വോളി ലവേഴ്സ്' എന്നൊരു സംഘമുണ്ട്. പലസ്ഥലങ്ങളില്‍നിന്ന് കളിക്കാരെ കൊണ്ടുവന്ന് ഇവിടെ കളിപ്പിക്കാന്‍ തുടങ്ങി. പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ പോയി കളിക്കാനും തുടങ്ങി. രണ്ടോ മൂന്നോ ബസുകളില്‍ ബാന്‍ഡ് മേളം സഹിതം ഒരുമിച്ചാണ് യാത്ര. എല്ലായിടത്തും കപ്പ് നേടാന്‍ തുടങ്ങിയതോടെ ആവേശം ഇരട്ടിച്ചു. സ്റ്റേജ്പടി ടീം വന്‍കിട ടീമുകളെ തോല്‍പ്പിക്കാന്‍ തുടങ്ങി.
അപ്പോഴും സഫീറിന് ചില സങ്കടങ്ങളുണ്ടായിരുന്നു. പ്രാദേശിക ടൂര്‍ണമെന്റുകള്‍ കളിക്കുന്ന താരങ്ങള്‍ ട്രോഫിയുമായി വീട്ടില്‍ പോകുന്നതോടെ ആളുകള്‍ അവരെ മറക്കും. പലരും ജോലിയില്ലാത്തവരാണ്. വീട്ടില്‍ ബുദ്ധിമുട്ടുള്ളവരും... അവര്‍ക്ക് ജോലി നല്കാന് എന്തെങ്കിലും ചെയ്യാനാണ് 'ബീക്കണ്‍ സ്പോര്‍ട്സ്' എന്ന എന്ന സംരംഭം കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
നാല് പാര്‍ട്ണര്‍മാരുടെയും അടുത്ത സുഹൃത്തുക്കളായ 18 പേര് ചേര്‍ന്നാണ് കമ്പനി രൂപവത്കരിച്ചത്. നാട്ടില്‍ 26 സെന്റ് സ്ഥലംവാങ്ങി കോര്ട്ടുണ്ടാക്കി... ഇന്‍ഡോര്‍ ഫ്ലഡ്ലിറ്റ് സ്റ്റേഡിയം. 10 താരങ്ങളെ ജോലിക്കെടുത്തു... താമസം, ഭക്ഷണം തുടങ്ങി എല്ലാം സൗജന്യം... കളിച്ചുകിട്ടുന്ന പണവും കളിക്കാര്‍ക്കുതന്നെ. 50 ലക്ഷം രൂപയാണ് പ്രതിവര്‍ഷ ചെലവ്. ബി.പി.സി.എല്‍. താരം കിഷോര്‍കുമാര്‍ കോച്ചായി എത്തി. ചെറുപ്പക്കാരും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഇവിടെ വന്ന് കളിച്ചുതുടങ്ങി. വോളിബോള്‍ കളിക്കാരെക്കൊണ്ട് പൊന്മുണ്ടം നിറഞ്ഞു. പലരും സഫീറിനെ ഉപദേശിച്ചു: 'ബിസിനസ് ശ്രദ്ധിക്കാതെ വെറുതെ കളിച്ചുനടക്കാന്‍ നിനക്ക് ഭ്രാന്തുണ്ടോ...?'
വിവരം അന്വേഷിച്ചുപോയി ടീം ഉടമയായി
ഓണ്‍ലൈനില്‍ 'വോളി ലൈവ്' എന്നൊരു വോളിബോള്‍ കൂട്ടായ്മയുണ്ട്. അറുപതിനായിരത്തിലധികം ഫോളോവേഴ്സുള്ള സംഘം. ഏഴ് അഡ്മിന്മാരില് ഒരാളാണ് സഫീര്‍. എവിടെ കളിനടന്നാലും പോകുന്നവര്‍ ഫേസ്ബുക്ക് ലൈവ് കൊടുക്കും. അങ്ങനെ മിക്ക ജില്ലകളിലെയും കളിക്കാരെക്കുറിച്ച് സഫീറിന് നല്ല ധാരണയായി. അങ്ങനെയിരിക്കെയാണ്, 'പ്രോ വോളി ലീഗ്' തുടങ്ങുന്നതായി സി.ഇ.ഒ. ജോയ് ഭട്ടാചാര്യയുടെ ട്വീറ്റ് വന്നത്. പ്രോ വോളി ഓപ്പറേഷന്‍സ് ഡയറക്ടര്‍ അങ്കുഷ് അറോറ കൊച്ചിയില്‍ വന്നപ്പോള്‍ പോയി കണ്ടു. പ്രോ വോളി തുടങ്ങുമ്പോള്‍ 'വോളി ലൈവ് കൂട്ടായ്മയ്ക്ക് ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നന്വേഷിക്കാനാണ് ചെന്നത്. പ്രോ വോളിയുടെ ബ്രോഷര്‍ കിട്ടാന്‍ 50,000 രൂപ കൊടുക്കാന്‍ തീരുമാനിച്ചു. പിന്നീടൊരു ദിവസം ജോയ് ഭട്ടാചാര്യ ഇങ്ങോട്ടുവിളിച്ചു. ഇതിനകം തന്നെക്കുറിച്ച് അദ്ദേഹം അന്വേഷിച്ചിട്ടുണ്ടാകാമെന്നാണ് സഫീര്‍ പറയുന്നത്. അഞ്ച് ലക്ഷം രൂപ നല്കിയാല് 'ബിഡ്ഡിങ്ങി'ല്‍ പങ്കെടുക്കാമെന്ന് ഭട്ടാചാര്യ അറിയിച്ചു.
പിന്നീട് 'ബേസ്ലൈന് വെഞ്ച്വേഴ്സ്' എം.ഡി. ടുഹിന്‍ മിശ്ര കോഴിക്കോട്ടെത്തി സഫീറുമായി സംസാരിച്ചു. ഒരു ടീമിനായി ശ്രമിച്ചുനോക്കാമെന്ന് അപ്പോള്‍ തോന്നി. പ്രോ കബഡിയായിരുന്നു പ്രചോദനം. 'യുമുംബ'യെപ്പോലെ ഒരു ടീം കബഡിയെക്കൂടാതെ പ്രോ വോളിയിലും ശ്രമിക്കണമെങ്കില്‍ തക്കതായ കാരണം ഉണ്ടാകുമെന്ന് മനസ്സിലായി. സഫീറിനായിരുന്നു ഭയം. മറ്റ് പാര്‍ട്ണര്‍മാര്‍ ആവേശത്തോടെ രംഗത്തിറങ്ങി. അങ്ങനെ പ്രോ വോളിക്ക് കോഴിക്കോട്ട് നിന്നൊരു ടീം പിറന്നു.
മുതലാളിയല്ല, ആരാധകന്
മുതലാളിയായി മാറിനില്‍ക്കുന്നയാളല്ല സഫീര്‍. ടീമിനുവേണ്ടി കൊടികെട്ടാന്‍ വരെ പോകും. ആരാധകരില്‍ ഒരാളെന്ന മട്ടിലാണ് എല്ലാം ചെയ്യുന്നത്. കൊച്ചിയില്‍ കൊച്ചി-കാലിക്കറ്റ് മത്സരം കാണാന്‍ നാല് ബസുകളിലാണ് ആരാധകര്‍ വന്നത്. നാട്ടുകാര്‍ 'ബാവ' എന്നാണ് സഫീറിനെ വിളിക്കുന്നത്. മക്കള്‍ ബാവയ്ക്കൊപ്പമാണെങ്കില് മാതാപിതാക്കള്‍ക്ക് ആശ്വാസമാണ്. വൈകുന്നേരങ്ങളില്‍ വോളിബോള്‍ മാത്രമായതോടെ ചെറുപ്പക്കാര്‍ ലഹരിയിലേക്കും മറ്റും പോകുന്നത് തടയാന്‍ കഴിഞ്ഞെന്നും സഫീറിന് അഭിമാനമുണ്ട്.
എന്തുകൊണ്ട് ഹീറോസ്?
ആദ്യ സീസണില്‍ ആറുകോടിയോളം രൂപയാണ് ബീക്കണ്‍ സ്പോര്‍ട്സ് പ്രോ വോളിക്ക് മുടക്കിയിരിക്കുന്നത്. ടീമിന്റെ പേരില്‍ കമ്പനിയുടെ പേരില്ലാത്തതിനെ പലരും വിമര്‍ശിച്ചു. അപ്പോഴും കാലിക്കറ്റിനെ 'ഹീറോസ്' എന്ന് വിളിക്കാനാണ് സഫീര്‍ ആഗ്രഹിച്ചത്. മുംബൈയെ കാലിക്കറ്റിന്റെ ഹീറോസ് തോല്‍പ്പിച്ചുവെന്ന് കേള്‍ക്കാന്‍ പ്രത്യേക സന്തോഷമില്ലേ? -സഫീര്‍ ചോദിക്കുന്നു.
ടീമിനായി കളിക്കാരെ വിളിക്കുന്നു
കളിക്കാരുടെ ലേലത്തില്‍ ആറുതരം പദ്ധതികളുമായാണ് പോയതെന്ന് സഫീര്‍ വെളിപ്പെടുത്തുന്നു. ആവശ്യമുള്ള താരങ്ങളെ എന്തു വില കൊടുത്തും സ്വന്തമാക്കാന്‍ തീരുമാനിച്ചു. 45 ലക്ഷം രൂപയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കായി ആകെ അനുവദിച്ചിരുന്നത്. കിഷോര്‍ കുമാറിന്റെ നേതൃത്വത്തില്‍ നന്നായി ഗൃഹപാഠം ചെയ്ത് ലേലത്തില്‍ വളരെ തന്ത്രപരമായി നീങ്ങിയതോടെ ആഗ്രഹിച്ച എല്ലാ കളിക്കാരെയും കിട്ടിയെന്ന് സഫീര്‍ പറയുന്നു. ജെറോം വിനീതിനെയും അജിത്ത് ലാലിനെയും ഒരുമിച്ച് കിട്ടുമെന്ന് വിചാരിച്ചിരുന്നില്ല. ജെറോമിനെ അടിസ്ഥാന വിലയ്ക്ക് (8 ലക്ഷം രൂപ) കിട്ടി.
വിദേശ കളിക്കാരില്‍ പോള്‍ ലോട്ട്മാനായിരുന്നു ആദ്യ ചോയ്സ്. ഇല്ലെങ്കില്‍, കാര്സണ് ക്ലാര്‍ക്ക്. ആദ്യ അവസരം കിട്ടിയ ഹൈദരാബാദ് ക്ലാര്‍ക്കിനെ പൊക്കിയതോടെ ആഗ്രഹിച്ച ലോട്ട്മാനെത്തന്നെ കാലിക്കറ്റിന് കിട്ടി. രണ്ടാം വിദേശതാരത്തിനായി എല്ലാവരെയും അറ്റാക്കറെ നോക്കിയപ്പോള്‍, കാലിക്കറ്റ് ബ്ലോക്കറെയാണ് തേടിയത്. അങ്ങനെ കോംഗോ താരം ഇലോനി ടീമിലെത്തി. ലിബറോ ആയി എന്തുവില കൊടുത്തും സി.കെ. രതീഷിനെ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. അവസാനമെത്തുമ്പോള്‍ മറ്റ് ടീമുകളെക്കാള്‍ ബാലന്‍സ് കൈയിലുണ്ടായിരുന്നതിനാല്‍ രതീഷിനെ 9.80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞതായി സഫീര്‍ പറഞ്ഞു.
പണം തിരിച്ചുകിട്ടുമോ?
ഇത്രയധികം പണം മുടക്കുമ്പോള്‍ ആരും ചോദിക്കുന്ന കാര്യമാണ്: 'ഈ കാശ് തിരിച്ചുകിട്ടുമോ?, 'എന്താണ് ഗുണം?', 'കോര്‍പ്പറേറ്റുകളോട് മുട്ടാന്‍ എങ്ങനെ ധൈര്യമുണ്ടായി?'
സഫീറിന് മറുപടിയുണ്ട്: 'പണം തിരിച്ചുകിട്ടുമായിരിക്കാം. കാലിക്കറ്റിന്റെ കളി കണ്ട് പല കമ്പനികളും സ്പോണ്‍സറാകാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഗോകുലം ഗോപാലന് ഇപ്പോള്‍ത്തന്നെ അസോസിയേറ്റ് സ്പോണ്‍സറാണ്. അടുത്തവര്‍ഷം കളിക്കാരെ പിടിക്കാന്‍ കൂടുതല്‍ തുക മുടക്കേണ്ടി വന്നേക്കാം. ഒന്നും ലാഭം നോക്കി മാത്രം ചെയ്യാന്‍ കഴിയില്ല. എല്ലാം ഒത്തുവന്നാല്‍ ഇന്ത്യയില്‍ സ്പോര്‍ട്സിനു വേണ്ടി ഏറ്റവുമധികം പണം കൊടുക്കുന്ന കമ്പനി ഞങ്ങളാവും.'
ഉമ്മയുടെ ഉപദേശം
സഫീറിന്റെ ഉപ്പ അബ്ദുള്‍ കരീമും ഉമ്മ സഫിയയും അനിയത്തിമാരായ ഷംലിയയും സുല്ത്താനയുമെല്ലാം ഇപ്പോള്‍ വോളിബോള്‍ ആരാധകരായിക്കഴിഞ്ഞു. കഴിഞ്ഞദിവസം കളികഴിഞ്ഞ് വീട്ടില്‍ ചെല്ലുമ്പോള്‍ ഉമ്മ സഫീറിനോട് പറഞ്ഞു: 'കോര്‍ട്ടില്‍വെച്ച് അജിത്ത് ്ലാലിനോട് ചൂടാകരുതെന്ന് നീ ആ രതീഷിനോടൊന്ന് പറയണം.'
'എട്ടുവര്‍ഷം കൊണ്ട് ഉമ്മയും ഈ കളിയുടെ ആരാധികയായി' എന്ന് സഫീര്‍. കളി കാണാന്‍ കൊച്ചിയില്‍ ഇവരും വരുന്നുണ്ട്. കുറ്റിപ്പുറംകാരിയായ റഷ്മത്താണ് ഭാര്യ. രണ്ടു മാസമായ മകനുണ്ട്... അമീന് ലായിക്ക്.
Content Highlights: the man behind pro volleyball league calicut heroes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..