മുഹമ്മദ് അക്ബറിന്റെ കിടിലനൊരു ലോംഗ് റേഞ്ചര്‍. മൂളിപ്പറന്നു വന്ന പന്ത് ന്യൂയോര്‍ക്ക് കോസ്‌മോസ് ഗോള്‍കീപ്പര്‍ എരോള്‍ യാസിന്റെ കൈകളില്‍ തട്ടി തിരികെ പെനല്‍റ്റി ബോക്‌സിലേക്ക്. ഈഡന്‍ ഗാര്‍ഡന്‍സ് ഗ്യാലറിയില്‍ ശ്വാസമടക്കിപ്പിടിച്ച് 75,000 വരുന്ന ജനക്കൂട്ടം.

ഇനിയാണ് ആന്റി ക്ലൈമാക്‌സ്. അപകടമൊഴിവാക്കാന്‍ എതിര്‍ പ്രതിരോധ ഭടന്മാര്‍ ഓടിക്കൂടും മുന്‍പ് ബോക്‌സില്‍  എങ്ങുനിന്നോ 'പൊട്ടിവീഴുന്നു' പത്താം നമ്പറുകാരന്‍  മുഹമ്മദ് ഹബീബ്, നിലത്തുവീണുയര്‍ന്ന പന്ത് പൊള്ളുന്നൊരു  വലംകാല്‍ ഷോട്ടിലൂടെ തല്‍ക്ഷണം പോസ്റ്റിലേക്ക് തിരിച്ചയക്കാന്‍. ഇത്തവണ ഗോളിക്ക് പിഴച്ചു. എരോള്‍ യാസിന്റെ തലയ്ക്ക് മുകളിലൂടെ പന്ത് നേരെ വലയില്‍. മോഹന്‍ ബഗാന്‍ 2 , ന്യൂയോര്‍ക്ക്  കോസ്‌മോസ് 1.

അവസാന നിമിഷങ്ങളില്‍ വീണുകിട്ടിയ വിവാദ പെനല്‍റ്റിയിലൂടെ മത്സരം പെലെയുടെ കോസ്‌മോസ് ടീം 2 - 2 ന് സമനിലയിലാക്കിയിരിക്കാം. എങ്കിലും ഹബീബിന്റെ ഓര്‍മ്മയില്‍ ഇന്നും 1977 സെപ്റ്റംബര്‍ 24 ഒരു  വിജയദിനമാണ്. ഫുട്ബാള്‍ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയ മുഹൂര്‍ത്തം. ''കളി കഴിഞ്ഞു ഡ്രസ്സിംഗ് റൂമില്‍ വന്ന് പെലെ എന്റെ കൈപിടിച്ച് കുലുക്കിയപ്പോള്‍ സത്യമോ സ്വപ്നമോ എന്നറിയാതെ മിഴിച്ചു നില്‍ക്കുകയിരുന്നു ഞാന്‍.'' - ഹബീബ് പറഞ്ഞു. ''അവിശ്വസനീയമായി കളിച്ചു നിങ്ങള്‍. എന്തുകൊണ്ട് യൂറോപ്പിലെ പ്രൊഫഷണല്‍ ലീഗില്‍ ഒരു കൈ നോക്കിക്കൂടാ?'' - പെലെയുടെ ചോദ്യം. ''ഇതാണെന്റെ ലോകം; ഇവിടെയാണെന്റെ  ലീഗ്'' - തെല്ലൊരു സങ്കോചത്തോടെ, പതിഞ്ഞ ശബ്ദത്തില്‍ ഹബീബിന്റെ മറുപടി. പിറ്റേന്ന് ഒരു പ്രമുഖ കൊല്‍ക്കത്ത പത്രം മാച്ച് റിപ്പോര്‍ട്ടിന് നല്‍കിയ തലക്കെട്ട് ഇങ്ങനെ: സാക്ഷാല്‍ പെലെ വിറച്ചു; ഇന്ത്യന്‍ പെലെയ്ക്ക് മുന്നില്‍.

LEGENDS OF INDIAN FOOTBALL MOHAMMAD HABIB
ചന്ദന്‍ ബാനര്‍ജി, ചുനി ഗോസ്വാമി, മുഹമ്മദ് ഹബീബ്, സംബരന്‍ ബാനര്‍ജി എന്നിവര്‍. Image Courtesy: Telegraph India

മൂന്ന് പതിറ്റാണ്ടോളം മുന്‍പായിരുന്നു ഹബീബുമായുള്ള ആ 'എന്‍കൗണ്ടര്‍.' അഖിലേന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്റെ നിരീക്ഷകനായി സന്തോഷ് ട്രോഫിക്ക് എത്തിയതാണ് പഴയ ഇന്ത്യന്‍ താരം. ഞാനാകട്ടെ കേരള കൗമുദി റിപ്പോര്‍ട്ടറുടെ റോളിലും. പ്രിയ സുഹൃത്തും മുന്‍ ഇന്ത്യന്‍ കീപ്പറുമായ വിക്ടര്‍ മഞ്ഞില പരസ്പരം പരിചയപ്പെടുത്തിയപ്പോള്‍, പണിപ്പെട്ടൊരു ചിരി മുഖത്ത് വരുത്തി ഹബീബ് പറഞ്ഞു; ''നോക്കൂ, വാ തുറക്കാതിരിക്കാന്‍ ചുണ്ടില്‍ പ്ലാസ്റ്റര്‍  ഒട്ടിച്ചിരിക്കുകയാണ് ഞാന്‍. ഇല്ലെങ്കില്‍ അരുതാത്തത് വല്ലതും പറഞ്ഞുപോകും. അതോടെ ഫെഡറേഷന്‍ എന്നെ ചവിട്ടി പുറത്താക്കുകയും ചെയ്യും. അത് വേണോ?'' കൂട്ടിലിട്ട പുലിയുടെ അവസ്ഥയിലാണ് താനെന്ന് പറയാതെ പറയുകയായിരുന്നു ഹബീബ്. 

എന്നിട്ടും പ്രതിജ്ഞ ലംഘിച്ചുകൊണ്ട് പലതും വെട്ടിത്തുറന്നു പറഞ്ഞു ഹബീബ്. ടീം സെലക്ഷനിലെ നെറികേടുകള്‍, സ്വജനപക്ഷപാതം, നിലവാരം കുറഞ്ഞ വിദേശ കോച്ചുകള്‍. അങ്ങനെ പലതിനേയും കുറിച്ച്. യാത്ര പറഞ്ഞു പിരിയവേ  ചങ്കില്‍ കൊള്ളുന്ന  ഒരു സത്യം കൂടി പറഞ്ഞു അദ്ദേഹം: ''രാജ്യത്തിന് വേണ്ടി കളിച്ചവര്‍ക്ക് ഇവിടെ പുല്ലുവിലയാണ്. എന്റെ ജന്മനാടായ ഹൈദരാബാദില്‍ പോലും എത്രയോ ഒളിമ്പ്യന്മാര്‍ ദാരിദ്ര്യവും വാര്‍ദ്ധക്യത്തിന്റെ അവശതകളുമായി  ജീവിതം നരകിച്ചു തീര്‍ക്കുന്നു; ജീവിത സായാഹ്നത്തില്‍  ആരും തിരിഞ്ഞുനോക്കാനില്ലാതെ.  അവരെ കണ്ടു വളരുന്ന പുതിയ തലമുറ എങ്ങനെ ഫുട്ബാള്‍ കളിക്കാന്‍ ധൈര്യപ്പെടും?'' - ആത്മരോഷം നിറഞ്ഞ വാക്കുകള്‍.

LEGENDS OF INDIAN FOOTBALL MOHAMMAD HABIB
മുഹമ്മദ് ഹബീബ്. Image Courtesy:thehardtackle.com

എഴുപതാം വയസ്സില്‍ പാര്‍ക്കിന്‍സണ്‍സ് രോഗവുമായി മല്ലിട്ട് ഹൈദരാബാദ് നഗരത്തിന്റെ ഒരു കോണില്‍ 'അജ്ഞാത'നായി ജീവിക്കുന്ന ഹബീബിനെ കുറിച്ചുള്ള റിപ്പോര്‍ട്ട്  വായിച്ചപ്പോള്‍, വീണ്ടും ഓര്‍മ്മയില്‍ വന്നു നിറഞ്ഞത് അതേ ആത്മരോഷം. ജാനകി നഗര്‍ കോളനിയിലെ പഴയ ഫ്ളാറ്റില്‍ നിന്ന് ദിവസവും സമീപത്തുള്ള പള്ളിയിലേക്ക്  വേച്ചു വേച്ചു നടന്നുപോകുന്ന ഹബീബിനെ തിരിച്ചറിയുന്നവര്‍ അയല്‍പക്കത്തു പോലും അപൂര്‍വമത്രെ. ആകെ സ്വന്തമായുള്ളത് ഒരു ടൂവീലറാണ്. കൈകളുടെ വിറയല്‍  കാരണം അത് ഓടിച്ചുപോകുക മിക്കവാറും അസാധ്യമായിരിക്കുന്നു. ''സ്വന്തം നാട്ടുകാര്‍ക്കിടയില്‍ പോലും അപരിചിതനാണ് ഞാന്‍ ഇപ്പോള്‍. കാലഹരണപ്പെട്ട പഴയൊരു ഉരുപ്പടി.'' 

ഓര്‍ക്കുക. ഈ അഞ്ചടി രണ്ടിഞ്ചുകാരന്റെ കളി കാണാന്‍ സ്റ്റേഡിയങ്ങള്‍ നിറഞ്ഞുകവിഞ്ഞിരുന്നു ഒരിക്കല്‍. ഹബീബിന്റേയും അനുജന്‍ അക്ബറിന്റേയും 'മാരകമായ' പ്രകടനങ്ങള്‍ കൂടി ചേര്‍ന്നതാണ് എന്റെ നാഗ്ജി ട്രോഫി സ്മരണ. 1966 മുതല്‍ 1983 വരെ, നീണ്ട പതിനേഴ് വര്‍ഷം കൊല്‍ക്കത്തയില്‍ കളിച്ചു ഹബീബ്. ആദ്യം സെന്റര്‍ ഫോര്‍വേഡ് ആയി. പിന്നെ സ്‌കീമറായി. 

ഈസ്റ്റ് ബംഗാളിന്റെ  കൊല്‍ക്കത്ത ലീഗ്, ഐ.എഫ്.എ ഷീല്‍ഡ് വിജയങ്ങളില്‍ പങ്കാളിയായിക്കൊണ്ടായിരുന്നു  തുടക്കം. ആ വര്‍ഷം തന്നെ സന്തോഷ് ട്രോഫിയില്‍ ബംഗാളിന്റെ ജേഴ്സിയും അണിഞ്ഞു തുടങ്ങി. 1969-ലെ നൗഗോംഗ് നാഷണലിന്റെ ഫൈനലില്‍  സര്‍വീസസിനെതിരേ ഹബീബ് നേടിയ അഞ്ച് ഗോള്‍ ഇന്ന് ചരിത്രം. 1975-ല്‍ മുഹമ്മദന്‍സിന് വേണ്ടി ഒരു സീസണ്‍ കളിച്ച ശേഷം അടുത്ത വര്‍ഷം അക്ബറിനൊപ്പം ബഗാനിലേക്ക്. 1980-ല്‍ വീണ്ടും ഈസ്റ്റ് ബംഗാളില്‍. 1984-ല്‍ വിടവാങ്ങും മുന്‍പ് ഒരിക്കല്‍ കൂടി ബഗാന്റെ പച്ചയും മെറൂണും കലര്‍ന്ന ജേഴ്‌സിയണിഞ്ഞു  ഈ പടക്കുതിര. അതിനിടെ പതിറ്റാണ്ടിലേറെക്കാലം മുടങ്ങാതെ ബംഗാളിന്റെയും ഇന്ത്യയുടേയും കുപ്പായം.

LEGENDS OF INDIAN FOOTBALL MOHAMMAD HABIB
Image Courtesy: telanganatoday.com

ഏറ്റവും തിളക്കമാര്‍ന്ന അന്താരാഷ്ട്ര നേട്ടങ്ങളില്‍ 1970-ലെ ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസിലെ വെങ്കലമെഡല്‍ വിജയവുമുണ്ട്. തൊട്ടടുത്ത വര്‍ഷം സിംഗപ്പൂരില്‍ നടന്ന പെസ്റ്റ സുകാന്‍ ടൂര്‍ണമെന്റിലും കണ്ടു ഹബീബിന്റെ സ്‌കോറിംഗ് വൈഭവം. ഇന്തോനേഷ്യക്കും മലേഷ്യക്കും എതിരെ ഈരണ്ടു ഗോളുകള്‍. ഫൈനലില്‍ സൗത്ത് വിയറ്റ്‌നാമിനെതിരായ മിന്നുന്ന പ്രകടനം വേറെ. സോവിയറ്റ് ലീഗ് ജേതാക്കളായിരുന്ന ജോര്‍ജിയന്‍ ക്ലബ് അറാറത്തിനെതിരെ 1977-ലെ ഐ.എഫ്.എ ഷീല്‍ഡ് ഫൈനലില്‍ ബഗാന് വേണ്ടി നേടിയ ഗോള്‍ തന്റെ ഫുട്‌ബോള്‍ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ഗോളുകളില്‍ ഒന്നായി എടുത്തുപറഞ്ഞിട്ടുണ്ട് ഹബീബ്. ആറടിയിലേറെ ഉയരമുള്ള 'അംബര ചുംബിക'ളായ റഷ്യന്‍ പ്രതിരോധ ഭടന്മാരുടെ തലയ്ക്ക് മുകളില്‍ ചാടിയുയര്‍ന്ന്, അഞ്ചടി രണ്ടിഞ്ചുകാരന്‍ നേടിയ ഗോള്‍ എങ്ങനെ മറക്കാനാകും? ഉയരം കുറവെങ്കിലെന്ത്? ഇത്രയും തലപ്പൊക്കമുള്ള കളിക്കാരെ ഇന്ത്യന്‍ ഫുട്ബാളില്‍ അധികം കണ്ടിട്ടില്ലല്ലോ നാം.

Content Highlights: LEGENDS OF INDIAN FOOTBALL MOHAMMAD HABIB