റിവേഴ്‌സ് സ്വിങ്, ദൂസ്‌ര; രണ്ടിന്റെയും പിതൃത്വം പാകിസ്താന് അവകാശപ്പെട്ടതാണ്‌


സി.പി. വിജയകൃഷ്ണന്‍

സര്‍ഫ്രാസ് കണ്ടെടുത്ത റിവേഴ്സ് സ്വിങ് എന്ന ആയുധത്തെ തേച്ചുമിനുക്കി മൂര്‍ച്ചകൂട്ടിയത് ഇമ്രാന്‍ ഖാനും തുടര്‍ന്ന് വസീം അക്രമും വഖാര്‍ യൂനുസുമായിരുന്നു. പിന്നീടത് വ്യാപകമായി പിന്തുടരപ്പെട്ടു

Photo Courtesy: ICC

പാകിസ്താന്റെ കളിയെക്കുറിച്ചുള്ള അനേകം ചിത്രങ്ങള്‍ അവരുടെ കളി കാണുന്നവരുടെ മനസ്സില്‍ മുദ്രണം ചെയ്ത് കിടപ്പുണ്ടാവും. ഓരോരുത്തര്‍ക്കും ഓരോന്നായിരിക്കും ഇഷ്ടം. ഷാര്‍ജയില്‍ നടന്ന ഓസ്ട്രലേഷ്യ കപ്പില്‍ ജാവേദ് മിയാന്‍ദാദ്, ചേതന്‍ ശര്‍മയെ അവസാനത്തെ പന്തില്‍ സിക്സറടിച്ചത് ഇന്ത്യന്‍ കാണികള്‍ക്ക് വേദനാജനകമായ കാഴ്ചയാവും. 1986-ല്‍ ഇങ്ങനെ നേടിയ കപ്പ് പ്രധാനപ്പെട്ട ഒരു ഏകദിന മത്സരത്തില്‍ പാകിസ്താന്‍ ആദ്യമായി നേടുന്നതായിരുന്നു.

കിരണ്‍ മോറെ പിന്നില്‍നിന്ന് തുടര്‍ച്ചയായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കെ മിയാന്‍ദാദ് പിച്ചില്‍ തവളച്ചാട്ടം ചാടുന്നത് പെട്ടെന്നൊന്നും മറക്കാനാവില്ല. വസീം അക്രമിന്റെ ചൂണ്ടുവിരലൊടുക്കുന്ന യോര്‍ക്കറുകള്‍, അബ്ദുള്‍ ഖാദറിന്റെ കോണ്‍ചേര്‍ന്നുള്ള ഓട്ടവും പന്തുതൊടുക്കലും ഷോയിബ് അക്തറുടെ മിന്നല്‍വേഗങ്ങള്‍ അങ്ങനെ പലതുണ്ടാവും. റിവേഴ്സ് സ്വിങ്ങും ദൂസ്രയും കണ്ടുപിടിച്ചത് പാകിസ്താന്‍കാരാണ് എന്നത് പ്രശസ്തം. റിവേഴ്സ് സ്വിങ്ങിന്റെ പിതൃത്വം സര്‍ഫ്രാസ് നവാസിനും ദൂസ്രയുടെത് സഖ്ലൈന്‍ മുഷ്ത്താഖിനും അവകാശപ്പെട്ടിരിക്കുന്നു എന്നത് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന വസ്തുതകളാണ്.

The king of reverse swing
Photo Courtesy: Getty Images

എന്നാല്‍ 1992-ല്‍ ഓസ്ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അവര്‍ നേടിയ വിജയം അവരുടെ ക്രിക്കറ്റിനെ വമ്പിച്ച രീതിയില്‍ സ്വാധീനിച്ചു എന്നത് നിസ്തര്‍ക്കമാണ്. ഇന്ത്യ ഇതേ രംഗഭൂമിയില്‍ നേടിയ വിജയം എങ്ങനെ ഇവിടത്തെ കളിയെ, പലതരത്തിലും മാറ്റിമറിച്ചുവോ അതുപോലെ തന്നെയായിരുന്നു ഇതും. ഇംഗ്ലണ്ടിനെതിരേ വിജയലക്ഷ്യത്തിലേക്ക്, ട്രാഫിക്ക് ജാമില്‍ പെട്ടതുപോലെ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാനും മിയാന്‍ദാദും ബാറ്റുചെയ്യുന്നത് അദ്ഭുതകരമായ കാഴ്ചയായിരുന്നു. എത്രയോനേരം, ആശാരി പണിയെടുക്കുന്നതുപോലെ തട്ടുകള്‍, മുട്ടുകള്‍ എന്താണിവര്‍ വേഗം കൂട്ടാത്തത്? ഇങ്ങനെ പോയാല്‍ എവിടെയാണെത്തുക?. കളി കണ്ട കാണികള്‍ ഈ ചോദ്യം പലതവണ ചോദിച്ചിട്ടുണ്ടാവും. ആദ്യകാല താരങ്ങള്‍ക്കുശേഷം പാകിസ്താന്‍ അവതരിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച രണ്ടുപേര്‍ ഈ പോരാട്ടത്തില്‍ ഉള്‍പ്പെട്ടിരുന്നു എന്നത് യാദൃച്ഛികമാവില്ല. തീരെ കെട്ടുറപ്പില്ലാതെ വരുകയും ആദ്യ മത്സരങ്ങളില്‍ തിരിച്ചടിനേരിടുകയും ചെയ്തശേഷമായിരുന്നു അസുലഭമായ ഈ വിജയം. ഇപ്പോള്‍ ഹോം മത്സരങ്ങള്‍ക്കായി മറുനാട്ടിലെ വേദി തേടി അലയേണ്ടിവരുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്നത് മറ്റൊരു കാര്യമാണ്. രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങള്‍ ക്രിക്കറ്റില്‍ പ്രതിഫലിച്ചുകാണാം.

1992-ല്‍ കുത്തഴിഞ്ഞ സാഹചര്യത്തിലായിരുന്നു പാകിസ്താന്‍ ലോകകപ്പിന് പുറപ്പെട്ടത്. പരിക്കുകാരണം വഖാര്‍ യൂനുസിന് കളിക്കാനേ പറ്റിയില്ല. ക്യാപ്റ്റന്‍ ഇമ്രാന്‍ഖാനാവട്ടെ ഇതേ കാരണംകൊണ്ട് ആദ്യ മത്സരങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടതായും വന്നു. മിയാന്‍ദാദിന്റെ ഫോം നന്നെ മോശമായിരുന്നതിനാല്‍ അദ്ദേഹം ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഉണ്ടായിരുന്നില്ല. തന്റെ നടുവേദന മാറിയെന്നും കളിക്കാനാവുമെന്നും സെലക്ടര്‍മാരെ ജാവേദ് ബോധ്യപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം ടീമില്‍ വൈസ് ക്യാപ്റ്റനായി സ്ഥാനംപിടിച്ചു. വൈസ് ക്യാപ്റ്റന്‍ സ്ഥാനംനല്‍കിയത് ഇമ്രാന്റെ അറിവോടെയല്ലായിരുന്നു എന്നതും ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചു.

വെസ്റ്റിന്‍ഡീസിനോട് ആദ്യ മത്സരത്തില്‍ തോറ്റ് അവര്‍ രണ്ടാം മത്സരത്തില്‍ സിംബാബ്വേയോട് എളുപ്പത്തില്‍ ജയിച്ചുവെങ്കിലും പരാജയം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. അടുത്ത കളിയില്‍ ഇംഗ്ലണ്ടിനോട് 74 റണ്‍സിന് തകര്‍ന്നടിഞ്ഞെങ്കിലും മഴ രക്ഷയ്‌ക്കെത്തി. അടുത്ത തോല്‍വി ദക്ഷിണാഫ്രിക്കയോടായിരുന്നു. അഞ്ചു കളിയില്‍നിന്ന് മൂന്നുപോയിന്റ് മാത്രമുള്ള അവര്‍ മറ്റ് ഗ്രൂപ്പ് മത്സരങ്ങള്‍ ജയിച്ചേ തീരൂ എന്ന അവസ്ഥയിലെത്തുന്നു. അപ്പോള്‍ ഇമ്രാന്‍ഖാന്‍ ടീമംഗങ്ങളോട് പറഞ്ഞു. നമുക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അങ്ങോട്ട് ചെല്ലണം, വഴി അടഞ്ഞുപോയ നരികളെപ്പോലെ പൊരുതണം.

അടുത്ത കളികളില്‍ അവര്‍ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും തോല്‍പ്പിക്കുന്നു. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ കടക്കാം. പക്ഷേ, ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിക്കുകകൂടി വേണം. രണ്ടും സംഭവിക്കുകയാണ്. സെമിയില്‍ ന്യൂസീലന്‍ഡായിരുന്നു എതിരാളി.

അവസാനത്തെ 15 ഓവറില്‍ പാകിസ്താന് 123 റണ്‍സെടുക്കണമായിരുന്നു. ഛര്‍ദിച്ച് സുഖമില്ലാതെ കിടന്നിരുന്ന ഇന്‍സമാം ബാറ്റുചെയ്യാനിറങ്ങിയത് കണ്ട് അപ്പോള്‍ ക്രീസിലുണ്ടായിരുന്ന ജാവേദ് അദ്ഭുതപ്പെട്ടു. ഇന്‍സമാം 37 പന്തില്‍നിന്ന് 60 റണ്‍സെടുത്തു. ഫൈനലില്‍ പാകിസ്താനാണ് ആദ്യം ബാറ്റുചെയ്തത്. സുഹൈലും റമീസും ആദ്യം തന്നെ പുറത്തായപ്പോള്‍ ഇമ്രാനും മിയാന്‍ദാദും ഒന്നിച്ചുചേര്‍ന്നു. 50 ഓവര്‍ എന്തായാലും കളിക്കുക എന്നതായിരുന്നു അവരുടെ തീരുമാനം. അതിനാല്‍ പതുക്കെ. ഒരു ഘട്ടത്തില്‍ 60 പന്തില്‍നിന്ന് വന്നത് നാലു റണ്‍സ് മാത്രം. കളി പകുതിയെത്തിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 70 റണ്‍സ്. ആ ഘട്ടത്തില്‍ ഇമ്രാന്‍ ഷോട്ടുകള്‍ കളിക്കാന്‍ തീരുമാനിക്കുകയാണ്. ജാവേദ് 58 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ ഇരുവരും ചേര്‍ന്ന് 31 ഓവറില്‍ 139 റണ്‍സെടുത്തിരുന്നു. 249 എന്നത് പിടിച്ചുനില്‍ക്കാവുന്ന സ്‌കോറായി മാറിയെന്ന് തെളിഞ്ഞു. ഇംഗ്ലണ്ട് നാലിന് 141 എന്നനിലയില്‍ ഭദ്രമായി നില്‍ക്കവേ വസീം അക്രം തടുക്കാന്‍ കഴിയാത്ത രണ്ട് പന്തുകള്‍ എറിയുകയും കപ്പിന് മേല്‍ പിടിമുറുക്കുകയും ചെയ്തു. കളി തീരുമ്പോള്‍ ഇംഗ്ലണ്ടിന് പിന്നെയും വേണമായിരുന്നു 22 റണ്‍സ്.

കപ്പ് ഏറ്റുവാങ്ങിയശേഷം നടത്തിയ പ്രസംഗത്തില്‍ ക്യാപ്റ്റന്‍ പക്ഷേ, തന്റെ കളിക്കാരുടെ പ്രകടനം എടുത്തുപറയാന്‍ മറന്നു. ഇതില്‍ ടീമംഗങ്ങള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. വൈകാതെ ഇമ്രാന്‍ കളിയോട് വിടപറഞ്ഞു. പാകിസ്താന്‍ കണ്ട മറ്റ് ഫാസ്റ്റ് ബൗളര്‍മാരെപ്പോലെ തുടക്കത്തിലേ കൊടുങ്കാറ്റുപോലെ പന്തെറിഞ്ഞുകൊണ്ട് കടന്നുവന്നയാളല്ല ഇമ്രാന്‍ . സ്വപ്രയത്‌നമാണ് അദ്ദേഹത്തെ കളിക്കാരനാക്കിയത്. ചെറുപ്പത്തില്‍ ഇമ്രാനെ നിരീക്ഷിക്കുകയും അദ്ദേഹത്തിലെ കളിക്കാരനെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്ത ജാവേദ് സമന്‍, ഇമ്രാന്‍ കളിക്കാരനാവില്ല എന്നായിരുന്നു കരുതിയിരുന്നത്.

ഇമ്രാന്റെ ബന്ധുവും മുന്‍ ക്യാപ്റ്റനുമായ ജാവേദ് ബുര്‍ക്കി, അറിയപ്പെടുന്ന മറ്റൊരു പാക്താരം ഖാലിദ് ഇബാദുള്ളയോട് അഭിപ്രായം ആരാഞ്ഞിരുന്നു. ഇമ്രാന്‍ അധികകാലം കളിക്കില്ല എന്നതായിരുന്നു ഇബാദുള്ളയുടെ വിലയിരുത്തല്‍. ഇമ്രാനെ ബാറ്റ്സ്മാനാവാനാണ് കോളിന്‍ കൗഡ്രി ഉപദേശിച്ചത്. ഇംഗ്ലീഷ് കൗണ്ടി വൂസ്റ്റര്‍ഷയര്‍ അദ്ദേഹത്തെ ഒരു മൂന്നാംസീമറായി വളര്‍ത്തിക്കൊണ്ടുവരാനും നോക്കി. എന്നാല്‍ അദ്ദേഹം തന്റെ വഴി സ്വയം തിരഞ്ഞെടുത്തു (വൂണ്ടട് ടൈഗര്‍-പീറ്റര്‍ ഒസ്ബോണ്‍). ചിട്ടയോടെയുള്ള കായികപരിശീലനം ഇമ്രാനെ അക്കാലത്തെ മികച്ച ഫാസ്റ്റ് ബൗളറാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ദുര്‍ബലമായ ടീമുകളോട് എന്നതിനേക്കാള്‍ മികച്ച ടീമുകളോട് നേടിയിട്ടുള്ളതാണ് ഇമ്രാന്റെ റെക്കോഡുകള്‍.

ക്യാപ്റ്റന്‍പദവിയുടെ ഭാരമൊന്നും ആ കളിയെ ബാധിക്കുകയുണ്ടായില്ല. മാത്രമല്ല, ആ പദവി ലഭിച്ച ശേഷമാണ് നല്ല കളിയൊക്കെ കളിച്ചതും. 1982-ല്‍ ക്യാപ്റ്റനാവുന്നതിന് മുന്‍പ് ഇമ്രാന്‍ 40 ടെസ്റ്റ് കളിച്ചു. 26.56 എന്ന ശരാശരിയില്‍ ആ ഘട്ടത്തില്‍ 158 വിക്കറ്റുകളെടുത്തിരുന്ന ഇമ്രാന്‍ ക്യാപ്റ്റനായതിനുശേഷം 48 ടെസ്റ്റില്‍ 204 വിക്കറ്റുകളെടുത്തു. ശരാശരി 19.90 റണ്‍സ് വീതം. ബാറ്റിങ്ങിലും ഈ വ്യത്യാസം കാണാം. പാകിസ്താന്റെ ആദ്യത്തെ ക്യാപ്റ്റന്‍ അബ്ദുള്‍ അസീസ് കര്‍ദാറെപ്പോലെ, അധികൃതരുടെ മുന്നില്‍ തന്റേടത്തോടെ നിലകൊണ്ട ആളായിരുന്നു ഇമ്രാന്‍. അതേ പോലെതന്നെ ടീം തിരഞ്ഞെടുപ്പില്‍ തന്റെ ഇഷ്ടം നടപ്പാക്കിയിരുന്ന തികഞ്ഞ ഏകാധിപതിയുമായിരുന്നു. പാകിസ്താനെക്കുറിച്ച് രാഷ്ട്രീയവീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിയ കാര്യത്തിലും കര്‍ദാറുമായി സാമ്യമുണ്ട് ഈ കളിക്കാരന്. ഒടുവില്‍ അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിതന്നെയായല്ലോ.

The king of reverse swing
Photo Courtesy: AFP

മിയാന്‍ദാദുമായി സ്‌നേഹ-ദ്വേഷബന്ധമായിരുന്നു അദ്ദേഹത്തിന്. ഇമ്രാന്‍ഇടയ്ക്ക് ക്യാപ്റ്റന്‍സി ഒഴിഞപ്പോള്‍ മിയാന്‍ദാദായിരുന്നു ക്യാപ്റ്റന്‍. എന്നാല്‍ ഇമ്രാന്‍ഓരോതവണയും തിരിച്ചുവന്നപ്പോള്‍ മിയാന്‍ദാദ് തന്റെ പദവി ഒഴിഞ്ഞുകൊടുത്തു.

സര്‍ഫ്രാസ് കണ്ടെടുത്ത റിവേഴ്സ് സ്വിങ് എന്ന ആയുധത്തെ തേച്ചുമിനുക്കി മൂര്‍ച്ചകൂട്ടിയത് ഇമ്രാന്‍ ഖാനും തുടര്‍ന്ന് വസീം അക്രമും വഖാര്‍ യൂനുസുമായിരുന്നു. പിന്നീടത് വ്യാപകമായി പിന്തുടരപ്പെട്ടു. ആധുനിക ബാറ്റിങ്ങിന് അടിത്തറപാകിയത് ഡബ്ല്യു.ജി. ഗ്രേസാണ് എന്നത് സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. ബൗളിങ്ങിലും എല്ലാ കാലത്തും പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. ചിലത് യാദൃച്ഛികമായ കണ്ടുപിടിത്തങ്ങളായിരുന്നു. ഒരു ബില്ല്യാഡ്സ് മേശമേല്‍ ടെന്നീസ് പന്തുകൊണ്ട് ബി.ജെ.ടി. ബൊസാന്‍ക്വറ്റ് നടത്തിയ പരീക്ഷണമാണ് ഗൂഗ്ലിയിലേക്ക് നയിച്ചത്. കുല്‍ദീപ് യാദവ് ഇപ്പോള്‍ എറിയുന്ന ചൈനാമാന്‍ ക്രിക്കറ്റ് പദകോശത്തിലേക്ക് കടന്നുവന്നത് 1933-ലായിരുന്നു. ഗാരി സോബേഴ്സ് ചൈനാമാന്‍ എറിയുമായിരുന്നു. ഇടങ്കൈ സ്പിന്നറുടെ പതിവ് പന്തിന്റെ ഗതിയുടെ നേരെ വിപരീതമാണല്ലോ ചൈനാമാന്‍.

പിന്നീടും നിഗൂഢമായ ബൗളര്‍മാര്‍ രംഗത്തുവന്നിരുന്നുവെങ്കിലും അവരുടെ പ്രഭാവം അവര്‍ രംഗം വിട്ടശേഷം ദീര്‍ഘകാലത്തേക്ക് നിലനില്‍നിന്നില്ല. സഖ്ലൈന്‍ കണ്ടുപിടിച്ച, ഓഫ്സ്പിന്നര്‍ എറിയുന്ന ലെഗ് ബ്രേക്ക്, ദൂസ്ര തുടക്കത്തില്‍ വിവാദമുണ്ടാക്കി. എന്നാല്‍ റിവേഴ്സ് സ്വിങ് ഒരു കൊടുങ്കാറ്റുതന്നെ അഴിച്ചുവിടുകയുണ്ടായി.

പന്തിന്റെ ഏത് വശത്താണ് മിനുപ്പ് കൂടുതലെന്ന് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ ബാറ്റ്സ്മാന് പന്ത് ഇന്ന വശത്തേക്ക് സ്വിങ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് ഊഹിക്കാനായേക്കും. അതേ മിനുപ്പുതന്നെ പന്തിനെ അപ്രതീക്ഷിതമായി എതിര്‍വശത്തേക്ക് സ്വിങ് ചെയ്യിക്കുമ്പോള്‍ ബാറ്റ്സ്മാന്‍ കുഴങ്ങുകയും കെണിയില്‍ വീഴുകയും ചെയ്യുന്നു. പഴയ പന്തിലാണ് നല്ല വേഗത്തില്‍ ഇങ്ങനെ സംഭവിക്കുക. വേഗം ബലികഴിക്കാതെ തന്നെ റിവേഴ്സ് സ്വിങ് പ്രയോഗിക്കാമെന്ന ഗുണവുമുണ്ട്. പക്ഷേ, യോര്‍ക്കര്‍ വന്നുവീഴുന്ന മേഖലയിലാണ് പന്ത് പതിക്കേണ്ടത് എന്ന പ്രശ്‌നമുണ്ട്.

sports
സ്‌പോര്‍ട് മാസിക വാങ്ങാം">
സ്‌പോര്‍ട് മാസിക വാങ്ങാം

1969 മുതല്‍ 1984 വരെ പാകിസ്താന് കളിച്ച സര്‍ഫ്രാസ് നവാസിനാണ് ഇതിന്റെ കണ്ടുപിടിത്തത്തിന് അവകാശം കല്പിച്ചുനല്‍കിയതെങ്കിലും അതിന് മുന്‍പുതന്നെ ഇത് പ്രയോഗിക്കപ്പെട്ടിരുന്നു എന്ന വാദവുമുണ്ട്. സ്‌കൂള്‍പഠനകാലത്ത് ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത ആളായിരുന്നു സര്‍ഫ്രാസ്. ലാഹോറില്‍ അച്ഛന്റെ നിര്‍മാണക്കമ്പനിയില്‍ ജോലി ചെയ്യവേ തൊഴിലാളികള്‍ കളിക്കാന്‍ ക്ഷണിച്ചതനുസരിച്ചാണ് സര്‍ഫ്രാസ് കളിയിലേക്ക് വന്നത്. പിന്നീട് ക്ലബ്ബ് ക്രിക്കറ്റിലേക്ക് ചുവടുവെച്ചു. രണ്ടുഭാഗവും പരുക്കനായ ഒരു പഴയ പന്തിന്റെ ഒരുഭാഗം മിനുസപ്പെടുത്തി അത് തൊടുത്തപ്പോള്‍ മിനുസപ്പെടുത്തിയ ഭാഗത്തേക്ക്, അതായത് വിപരീതദിശയില്‍ പന്ത് സ്വിങ് ചെയ്യുന്നതായി സര്‍ഫ്രാസ് കണ്ടെത്തുകയായിരുന്നു. ഇത് പിന്നീട് ലാഹോറിലെ തന്റെ ക്ലബ്ബ് ടീമായ മൊസാങ് ലിങ്ക് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി പരീക്ഷിക്കുകയായി. ബൗളിങ് ഓപ്പണ്‍ ചെയ്തിരുന്ന മറ്റേ ബൗളര്‍ സലീം മീറിനും ഈ വിദ്യ അറിയാമായിരുന്നു. രണ്ടുപേരും അത് രഹസ്യമാക്കിവെച്ചു.

ഇംഗ്ലണ്ട് കൗണ്ടിയായ നോര്‍താംപ്ടണ്‍ഷയറിന് കളിച്ചിരുന്ന സര്‍ഫ്രാസിന് തന്റെ വിദ്യ പ്രയോഗിക്കാനുള്ള വേദിയായിരുന്നില്ല ഇംഗ്ലണ്ട്. സലീം മീറിന് ഈ സൂത്രം വലിയ ഗുണമൊന്നും ചെയ്തില്ല. ബൗളിങ്ങിന്റെ മറ്റുചേരുവുകള്‍ കൂടിയുണ്ടെങ്കിലേ റിവേഴ്സ് സ്വിങ് ഫലിക്കൂ എന്ന് വ്യക്തം. തന്റെ വിദ്യയുടെ സൂത്രം ഒടുവില്‍ പുറത്തുവിടാന്‍ സര്‍ഫ്രാസ് തീരുമാനിക്കുകയായി.

1976-77 ല്‍ വെസ്റ്റിന്‍ഡീസില്‍ പര്യടനം നടത്തവേ ഗയാനയില്‍ നടന്ന ഏകദിന മത്സരത്തിലായിരുന്നു ഇത്. 'നിന്റെ പന്ത് വശം മാറുന്നു. എന്റെതിന് ഒന്നും സംഭവിക്കുന്നില്ല.' ഇമ്രാന്‍ ഖാന്‍, സര്‍ഫ്രാസിനോട് പരാതിപ്പെട്ടു. രഹസ്യം മറച്ചുവെക്കാന്‍ സര്‍ഫ്രാസ് കാണിച്ച സൂത്രം മൂലമായിരുന്നു ഇത്. തന്റെ ഓവറിലെ അവസാന പന്തില്‍ സര്‍ഫ്രാസ് പന്തിന്റെ രണ്ടുവശവും പരുക്കനായിത്തന്നെ വിടും. അപ്പോള്‍ ഇമ്രാന്റെ പന്ത് അനങ്ങില്ല. കളിക്കിടെ വേണ്ട, അടുത്ത ദിവസം നെറ്റില്‍ സംഗതി പറഞ്ഞുതരാമെന്നായി സര്‍ഫ്രാസ്. സൂത്രം അങ്ങനെ ഇമ്രാനിലേക്ക്‌കൈമാറപ്പെടുന്നു. പന്തിന്റെ ഒരുവശം പരുക്കനായിത്തന്നെ വെക്കുക. മറുവശത്ത് ഉമിനീരും വിയര്‍പ്പും കൊണ്ട് ഭാരം കൂട്ടുക. ഉമിനീരുകൂട്ടി ഭാരമേറ്റിയ ഭാഗത്തേക്ക് പന്ത് വശം തിരിയും. പന്ത് പരുക്കനാവാന്‍ സാധ്യതയുള്ള വരണ്ട പിച്ചുകളിലാണ് ഇത് പ്രയോഗക്ഷമം. റിവേഴ്സ് സ്വിങ്ങിന്റ ഇരകള്‍ ഏറിയകൂറും ബൗള്‍ ചെയ്യപ്പെടുകയോ ലഗ് ബിഫോറായോ പുറത്താവുന്നു.

എന്നാല്‍ തന്റെ ഏറ്റവും മികച്ച പ്രകടനത്തില്‍ റിവേഴ്സ് സ്വിങ് പ്രയോഗിച്ചില്ലെന്നും പതിവ് സ്വിങ്ങാണ് ബാറ്റ്സ്മാനെ കുഴക്കിയതെന്നും സര്‍ഫ്രാസ് പറയും. 1979-ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരേ 86 റണ്‍സിന് എട്ട് വിക്കറ്റെടുക്കുക്കുകയുണ്ടായി സര്‍ഫ്രാസ്. ഒരു ഘട്ടത്തില്‍ ഏഴുവിക്കറ്റ് വീഴ്ത്തിയത് ഒറ്റ റണ്‍ മാത്രം വഴങ്ങിയായിരുന്നു.

സര്‍ഫ്രാസിനാണ് കണ്ടുപിടിത്തത്തിന്റെ അവകാശം ചാര്‍ത്തപ്പെട്ടിട്ടുള്ളതെങ്കിലും ഇമ്രാനേയും അക്രമിനെയും വഖാറിനെയും പോലെ പിന്നീടുവന്നവരാണ് അതിന്റെ പ്രശസ്തിക്കത്രയും അര്‍ഹരായത്. 1982-ല്‍ കറാച്ചിയില്‍ ഇന്ത്യക്കേതിരേയായിരുന്നു ഇമ്രാന്റെ ഏറ്റവും മികച്ച റിവേഴ്സ് സ്വിങ് പ്രകടനം. 283 റണ്‍സ് പിറകിലായി രണ്ടാമിന്നിങ്സ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 102 റണ്‍സെന്ന നിലയില്‍ എത്തിനില്‍ക്കയായിരുന്നു. വിക്കറ്റ് ഫ്‌ളാറ്റാണ്. ഏതാണ്ട് 40 ഓവര്‍ പാകമായ പന്തുമായി തന്റെ രണ്ടാം സ്പെല്ലിന് ഇറങ്ങിയ ഇംറാന്‍ അടുത്ത 25 പന്തുകളില്‍ വെറും എട്ടുറണ്‍സിന് അഞ്ചുവിക്കറ്റെടുത്തു. ആകെ നല്‍കിയത് 60 റണ്‍സ്.

(സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം)

Content Highlights: The king of reverse swing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


veena vijayan

2 min

പിണറായിയുടെ മകളായിപ്പോയെന്ന ഒറ്റകാരണത്താല്‍ വേട്ടയാടപ്പെടുന്ന സ്ത്രീ; പിന്തുണച്ച് ആര്യ രാജേന്ദ്രന്‍

Jun 30, 2022


Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022

Most Commented