ഴിഞ്ഞ രണ്ടോ മൂന്നോ വര്‍ഷങ്ങളായി ഫുട്‌ബോള്‍ പ്രേമികള്‍ സ്ഥിരമായി കേട്ടുവരുന്ന സംഗതിയാണ് റൊണാള്‍ഡോ റയല്‍ വിടുന്നു എന്നത്. എല്ലാതവണയും യൂറോപ്യന്‍ മാധ്യമങ്ങള്‍ തിരികൊളുത്തി വിടുന്ന ഈ വാര്‍ത്ത പിന്നീട് ആരുമാരും കാര്യമാക്കാതായി. ഇത്തവണയും ക്ലബ് സീസണു പിന്നാലെ അതേ റിപ്പോര്‍ട്ടുകളെത്തി. എന്നത്തേയും പോലെ ഫുട്‌ബോള്‍ പ്രേമികള്‍ ഇതും കാര്യമായെടുത്തില്ല. പക്ഷേ ഇപ്രാവശ്യം കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു.

റയലിന്റെ വെള്ള ജഴ്‌സിയില്‍ ഒന്‍പതു സീസണുകളില്‍ 450 ഗോളുകള്‍ നേടിയ അവരുടെ എക്കാലത്തെയും മികച്ച താരമെന്ന് ആരാധകര്‍ കരുതുന്ന മൂന്ന് അക്ഷരങ്ങളില്‍ അറിയപ്പെടുന്ന ആ കരുത്തന്‍ റയല്‍ വിടുകയാണ്. റയലില്‍ നാലു യൂറോപ്യന്‍ കിരീടങ്ങളും നാല് ബാലന്‍ ഡി ഓർ പുരസ്‌കാരങ്ങളും നേടിയതിനു ശേഷമാണ് സി.ആര്‍ 7 ബെര്‍ണബ്യൂവിന്റെ പുല്‍മൈതാനത്തോട് വിടപറയുന്നത്.

ഇറ്റാലിയന്‍ വമ്പന്മാരായ യുവെന്റസിലേക്കാണ് ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റം. ഫുട്‌ബോള്‍ ലോകം കണ്ടിട്ടുള്ളതില്‍വെച്ചു തന്നെ ഏറ്റവും വലിയ നാലാമത്തെ താരക്കൈമാറ്റമാണ് ക്രിസ്റ്റ്യാനോയുടേത്. 105 മില്ല്യണ്‍ യൂറോയാണ്‌ കൈമാറ്റത്തുക. ഇക്കാര്യത്തില്‍ നെയ്മര്‍,എംബാപ്പെ, കുട്ടിന്യോ എന്നിവരാണ റൊണാള്‍ഡോയ്ക്ക് മുന്നിലുള്ളത്. 

ഏറെ നാളായുള്ള റയലിന്റെ മുഖം തന്നെയാണ് അവര്‍ക്ക് ഇതോടെ നഷ്ടമാകുന്നത്. റയലിന്റെ ആരാധകബാഹുല്യം ഉയര്‍ത്തിയ, അവര്‍ക്കായി ഓരോ കളികളിലും സ്‌കോര്‍ ചെയ്യുന്ന ആ അതിമാനുഷനാണ് യാത്രപറയുന്നത്. യുവന്റസിനാകട്ടെ അവരുടെ വിഭവങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.

cristiano ronaldo

റൊണാള്‍ഡോയെ സംബന്ധിച്ച് ഇറ്റലിയിലേക്കുള്ള ഈ കൂടുമാറ്റം തികച്ചും പുതിയ അനുഭവമാണ്. സീരി എ അദ്ദേഹത്തെ സംബന്ധിച്ച് തികച്ചും പുതിയ ഒരു ലോകം തന്നെയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ലബ് വിട്ടാണ് റൊണാള്‍ഡോ ഇറ്റലിയിലേക്ക് വിമാനം കയറുന്നത്. ഏറെനാള്‍ താമസിച്ച നഗരത്തോടും തനിക്ക് ചിരപരിചിതമായ ഒരു ലീഗിനോടും കൂടിയാണ് റൊണാള്‍ഡോയുടെ യാത്രപറച്ചിലെന്ന് നമ്മള്‍ ഓര്‍ക്കുക. അതും പ്രത്യക്ഷത്തില്‍ ലാ ലിഗയുടെ അത്ര നിലവാരമില്ലാത്ത ഒരു ലീഗിലേക്ക്.

എന്നാല്‍ ട്രാന്‍ഫര്‍ തുക ചൂണ്ടിക്കാട്ടി റൊണാള്‍ഡോയെ അത്യാഗ്രഹിയെന്ന് വിളിക്കുന്നതിനു മുന്‍പ് ഇക്കാര്യം കൂടി അറിയുക. ഒരുപക്ഷേ റയലുമായി കരാര്‍ നീട്ടിയിരുന്നെങ്കില്‍ ലഭിച്ചേക്കാമായിരുന്ന തുകയേക്കാള്‍ കുറവ് തുകയ്ക്കാണ് അദ്ദേഹം യുവെയുടെ ജഴ്‌സിയില്‍ കളിക്കാനിറങ്ങുക.

എന്നിട്ടും എന്തുകൊണ്ട് റോണോ റയല്‍ വിട്ടു? അദ്ദേഹത്തിന് ഇപ്പോള്‍ 33 വയസായി. മിക്കവാറും കളിക്കാര്‍ ഈ പ്രായത്തില്‍ തങ്ങള്‍ നിലവില്‍ കളിക്കുന്ന ക്ലബില്‍ തന്നെ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൂടി തുടരാറാണ് പതിവ്. അതും ശരീരം അനുവദിക്കുന്നു എങ്കില്‍ മാത്രം. എന്നാല്‍ പിന്നീട് തുടരാന്‍ സാധിക്കില്ലെന്നു കണ്ടാല്‍ സാധാരണ എല്ലാവരും ചെയ്യുന്ന പോലെ അവിടം വിടുന്നതും പതിവാണ്. അത്തരത്തില്‍ ഒരുപക്ഷേ റൊണാള്‍ഡോയെ സംബന്ധിച്ച് യുവെന്റസ് ഒരു സെമി റിട്ടയര്‍മെന്റായിരിക്കാം. 

വേറെ എന്തായിരിക്കാം റൊണാള്‍ഡോയെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിരിക്കുക. റയലില്‍ റൊണാള്‍ഡോ സംതൃപ്തനല്ലെന്ന് കുറേനാളായി കേട്ടുവരുന്ന കാര്യമാണ്. പലപ്പോഴും കഴിഞ്ഞ രണ്ടു സീസണുകളിലായി അദ്ദേഹം നിരവധി കുറ്റപ്പെടുത്തലുകള്‍ക്ക് വിധേയനായിട്ടുണ്ടെന്നതും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ആരാധകര്‍ മാത്രമല്ല സഹതാരങ്ങളും ഇക്കൂട്ടത്തില്‍പ്പെടും. എന്നാല്‍ റൊണാള്‍ഡോയ്ക്ക് ഏറ്റവും വലിയ അഭിപ്രായവ്യത്യാസമുണ്ടായിരുന്നത് റയല്‍ മാഡ്രിഡ്‌ പ്രസിഡന്റ് ഫ്‌ളോറെന്റിനോ പെരസുമായിത്തന്നെയായിരുന്നു.

ronaldo

ഇതിന് ഒന്നിലേറെ ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഈ വര്‍ഷമാദ്യം ലാ ലിഗ അസോസിയേഷന്‍ റൊണാള്‍ഡോയെ അഞ്ചു മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നു. എന്നാല്‍ ഈ നടപടിക്കെതിരേ അപ്പീല്‍പോകാന്‍ പോലും റയല്‍ ശ്രമിച്ചില്ല. 

പെരസിനെ പോലുള്ള ഒരു പ്രസിഡന്റിന്റെ 'കണക്കുകൂട്ടലുകള്‍' തന്നെയാണ് ഈ നീക്കത്തിനു പിന്നിലെന്നു കരുതേണ്ടി വരും. സാക്ഷാല്‍ മെക്കലേലെ മുതലിങ്ങോട്ട് അയാള്‍ പലതവണ അത് തെളിയിച്ചതാണ്. റൊണാള്‍ഡോയ്ക്ക് അടുത്ത ഫെബ്രുവരിയില്‍ 34 വയസ് തികയുകയാണ്. പ്രായമാകുന്ന ഒരാള്‍ക്ക് ക്ലബിനു വേണ്ടി എത്രനാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്ന് പെരസ് ചിന്തിച്ചിരുന്നിരിക്കണം. 

ഏതൊരു ലോകോത്തര താരത്തിനും ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വിലയിടിയുന്ന ഒരു കാലം വരും. പെരസിനു തന്നെ അത് നന്നായി അറിയാം. അതിനു മുന്‍പു തന്നെ അത്തരമൊരു താരത്തെ കൈമാറി പരമാവധി തുക നേടിയെടുക്കാന്‍ തന്നെ പെരസ് തയ്യാറായി.

കഴിഞ്ഞ സീസണില്‍ 44 മത്സരങ്ങളില്‍ മാത്രമാണ് റൊണാള്‍ഡോ റയലിന്റെ ജഴ്‌സിയില്‍ ഇറങ്ങിയത്. 44 ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്തു. റയലിന്റെ 11-ാം യൂറോപ്യന്‍ കിരീട വിജയത്തിലും അദ്ദേഹത്തിന്റെ പങ്ക് എത്രവലുതാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൂടാതെ 2016-ല്‍ പോര്‍ച്ചുഗല്‍ ഒരു പ്രധാന ടൂര്‍ണമെന്റ് വിജയിക്കുന്നതും (യൂറോ കപ്പ്) റൊണാള്‍ഡോയുടെ മികവിലായിരുന്നു. 

ഇവിടെയാണ് പെരസിന്റെ കണക്കുകൂട്ടലുകള്‍ തുടങ്ങുന്നത്. ആ സമയത്ത് ഫോമിന്റെ പാരമ്യത്തില്‍ നിന്ന ഒരു താരത്തെ ഒഴിവാക്കാന്‍ പോയിട്ട് ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പോലും ക്ലബിനാകുമായിരുന്നില്ല. മാത്രമല്ല ലോകമെമ്പാടും റോണാള്‍ഡോ എന്ന ബ്രാന്‍ഡിന്റെ വിപണനം റയലിന് ആവശ്യവുമായിരുന്നു. അത് മാത്രമായിരുന്നില്ല അന്ന് റൊണാള്‍ഡോയെ വിലക്കെടുക്കാനുള്ള തുക ഒരു ക്ലബിനും കണ്ടെത്താനും സാധിക്കുമായിരുന്നില്ല.

Juventus

റൊണാള്‍ഡോയെ പോലെ പ്രായമേറിയ ഒരു താരത്തെ ഒഴിവാക്കി കിലിയന്‍ എംബപ്പെ, നെയ്മര്‍, ഏദന്‍ ഹസാര്‍ഡ് ഇവയിലാരെയെങ്കിലും റയലിലെത്തിക്കാനാണ് പെരസിന്റെ ഇപ്പോഴത്തെ ശ്രമം.

ഇനി യുവെന്റസിന്റെ കാര്യമെടുത്താല്‍ അവര്‍ക്ക് സീരി എ വിജയിക്കാന്‍ റൊണാള്‍ഡോയെ പോലെ ഒരു താരത്തിന്റെ ആവശ്യമൊന്നുമില്ല. തുടര്‍ച്ചയായ ഏഴുവര്‍ഷത്തെ കിരീട നേട്ടം കൊണ്ട് അവരത് തെളിയിച്ചതുമാണ്. പിന്നീടുള്ളത് ചാമ്പ്യന്‍സ് ലീഗ് എന്ന കടമ്പയാണ്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ രണ്ടു തവണ ഫൈനലിലെത്തിയിട്ടും ചാമ്പ്യന്‍സ് ലീഗ് അവര്‍ക്ക് കിട്ടാക്കനിയാണ്. ഈ സാഹചര്യത്തിലാണ് റൊണാള്‍ഡോയെ പോലെ ഒരു താരത്തെ യുവെന്റസിന് ആവശ്യം വരുന്നത്. യുവെന്റസിനെ കുറച്ചുകൂടി മൂന്നോട്ടുകൊണ്ടുപോകാന്‍ റോണോയ്ക്ക് സാധിക്കുമെന്നു തന്നെ അവര്‍ കരുതുന്നു.

എന്നാല്‍ ഇതു മാത്രമാണോ യുവെയുടെ ലക്ഷ്യം? അല്ലെന്ന് പറയേണ്ടി വരും. കാരണം ആഗോള വിപണി എന്നത് ഓരോ പ്രമുഖ ക്ലബുകളുടേയും ലക്ഷ്യമാണ്. സ്‌പോണ്‍സര്‍ഷിപ്പും ബ്രാന്‍ഡ് മൂല്യവും വര്‍ധിപ്പിക്കുക വഴി ലോകോത്തര ക്ലബുകളായ റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ബയേണ്‍മ്യൂണിക്ക് എന്നിവരുടെ വിപണി മൂല്യത്തിനൊപ്പം സ്ഥാനം പിടിക്കുക എന്നതും യുവെയുടെ റൊണാള്‍ഡോ നീക്കത്തിനു പിന്നിലുണ്ടെന്ന് പറയേണ്ടിവരും. റൊണാള്‍ഡോയുടെ ആഗോളസ്വീകാര്യത തന്നെയാണ് ഇതിനു കാരണം.

Ronaldo

സീരി എയെ സംബന്ധിച്ച് റൊണാള്‍ഡോയുടെ വരവ് ഒരു ലോട്ടറി തന്നെയാണ്. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് 1997-2002 സീസണില്‍ ബ്രസീല്‍ താരം റൊണാള്‍ഡോ കളിക്കുമ്പോഴാണ് ഇറ്റാലിയന്‍ ലീഗിന് ഇതിനു മുന്‍പ് പ്രശസ്തി കൈവരുന്നത്. അത്തരത്തിലുള്ള ഒരു സാധ്യതയാണ് സീരി എ ഇത്തവണ സ്വപ്‌നം കണുന്നത്.

റയലാണെങ്കില്‍ റൊണാള്‍ഡോയുടെ അഭാവത്തിലും താരസമ്പന്നം തന്നെയാണ്. ഗാരെത്ത് ബെയ്‌ലും, ഇസ്‌കോയും, ലുകാസ് വാസ്‌ക്വസും, മാര്‍ക്കോ അസെന്‍സിയോയും, കരീം ബെന്‍സേമയും ഇപ്പോഴും റയലില്‍ തന്നെയാണ്. റോണോ പോയ ഒഴിവില്‍ മറ്റൊരു ഗലാറ്റിക്കോയെ (മികച്ചവനും ആഘോഷിക്കപ്പെടുന്നതുമായ ഫുട്‌ബോള്‍ താരം) റയല്‍ ടീമിലെത്തിക്കുമോ? ഇല്ലെന്നു പറയേണ്ടി വരും. കാരണം റോണോയെക്കാള്‍ മികച്ചവനാരാണുളളത്.

content highlights: cristiano ronaldo, juventus, real madrid