കലഹങ്ങളെ ബൗണ്ടറി കടത്തി താരങ്ങള്‍; മാറുന്ന കാലത്തെ ഇന്ത്യ - പാക് പോരാട്ടങ്ങള്‍


അഭിനാഥ് തിരുവലത്ത്എല്ലാം കച്ചവട തന്ത്രമാക്കുന്ന പുതിയ കാലത്ത് വിപണിക്കും രാഷ്ട്രീയത്തിനും ക്രിക്കറ്റ് എന്നത് പൊന്‍മുട്ടയിടുന്ന താറാവ് തന്നെയാണ്. അവിടെ സൗഹൃദത്തേക്കാള്‍ മാര്‍ക്കറ്റ് ശത്രുതയ്ക്കു തന്നെയാണ്. അതുകൊണ്ടാണ് കോലി മുഹമ്മദ് റിസ്വാനെ ആശ്ലേഷിക്കുന്നതിനേക്കാള്‍ ഗംഭീര്‍ - അഫ്രീദി ഏറ്റുമുട്ടല്‍ വൈറലാകുന്നത്

In Depth

Photo: AP, twitter.com

ന്ത്യയും പാകിസ്താനും, ഐസിസിക്കും ക്രിക്കറ്റ് ലോകത്തിന് ഒന്നടങ്കവും തങ്ങളുടെ റഡാറില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധിക്കാത്ത രണ്ട് ടീമുകള്‍. ക്രിക്കറ്റ് വേദികളില്‍ ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോഴെല്ലാം അത് രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന മത്സരം എന്നതിലുപരി വൈകാരികമായ ഒരു തലത്തിലേക്ക് കൂടി ഉയരാറുണ്ട്. 1947 മുതല്‍ 75 വര്‍ഷങ്ങള്‍ക്കിപ്പുറവും കായിക രംഗത്തെ ഇന്ത്യ - പാക് പോരാട്ടങ്ങള്‍ക്ക് പ്രത്യേക മാനമുണ്ട്. ഇരു രാജ്യങ്ങളുടെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ തന്നെയാണ് അതിന് കാരണം. യുദ്ധങ്ങളും മറ്റ് സാഹചര്യങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധത്തിന് പലപ്പോഴും കടിഞ്ഞാണിട്ടിട്ടുണ്ട്. 1965, 1971 വര്‍ഷങ്ങളിലെ യുദ്ധങ്ങള്‍ക്ക് ശേഷം 1978 വരെ ഇരുവരും തമ്മില്‍ കളിച്ചിട്ടില്ല. പിന്നീട് പലപ്പോഴും നിഷ്പക്ഷ വേദികളില്‍ ഏറ്റുമുട്ടിയ ഇരുവരും 2003-ന് ശേഷമാണ് പരസ്പരം പര്യടനങ്ങള്‍ക്കിറങ്ങുന്നത്. എന്നാല്‍ 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം വീണ്ടും ആ ക്രിക്കറ്റ് ബന്ധം വഷളായി. അവിടെ നിന്നിങ്ങോട്ട് ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ടൂര്‍ണമെന്റുകളിലും മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വരുന്നത്. ഇത്തരത്തില്‍ ഇടയ്ക്കിടെ കണ്ണിമുറിഞ്ഞുപോയ ക്രിക്കറ്റ് എന്ന പൊക്കിള്‍ക്കൊടി ഇരുരാജ്യങ്ങളും പൂര്‍ണമായി അറുത്തുമാറ്റാന്‍ ഒരുക്കമായിരുന്നില്ല. അതിനു പിന്നില്‍ കച്ചവട - രാഷ്ട്രീയ കണ്ണുകള്‍ ഉണ്ടെങ്കില്‍ തന്നെ.

പരസ്പരം ഏറ്റുമുട്ടുമ്പോള്‍ യുദ്ധസമാനമായ പ്രതീതി കൈവരുന്നതുപോലെ തന്നെ പലപ്പോഴും ഇരു ടീമിലെയും കളിക്കാര്‍ തമ്മിലും ഇത്തരത്തില്‍ പരസ്യമായി പോരടിക്കുന്നത് ഇന്ത്യ - പാക് മത്സരങ്ങള്‍ക്കിടെ നമ്മള്‍ എത്ര തവണ കണ്ടിരിക്കുന്നു. എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം വാക്കുകള്‍ കൊണ്ടും അല്ലാതെയുമുള്ള ഏറ്റുമുട്ടലുകള്‍ പിന്നിട്ട് ഇന്ത്യ - പാക് മത്സരങ്ങള്‍ക്ക് ഒരു സമാധാനാന്തരീക്ഷം കൈവന്നിരിക്കുന്നത് എത്രപേര്‍ ശ്രദ്ധിച്ചു. കിരണ്‍ മോറെ - ജാവേദ് മിയാന്‍ദാദ്, ആമിര്‍ സൊഹൈല്‍- വെങ്കടേഷ് പ്രസാദ്, ഹര്‍ഭജന്‍ സിങ് - ഷുഐബ് അക്തര്‍, ഗൗതം ഗംഭീര്‍ - ഷാഹിദ് അഫ്രീദി, ഗൗതം ഗംഭീര്‍ - കമ്രാന്‍ അക്മല്‍ ഏറ്റുമുട്ടലുകള്‍ക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായ ഒരു കാലത്തുനിന്ന് സ്‌നേഹത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും കാലത്തേക്ക് ഇന്ത്യ - പാക് പോരാട്ടങ്ങള്‍ വളര്‍ന്നിരിക്കുന്നു എന്നത് സുന്ദരമായ കാഴ്ചയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കളിക്കളത്തില്‍ അതിരുവിടുന്ന പെരുമാറ്റങ്ങളൊന്നും ഇരു ടീമില്‍ നിന്നും കാണുന്നില്ലെന്ന് മാത്രമല്ല താരങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമായി കാണപ്പെടുന്നുമുണ്ട്. പരസ്പര ബഹുമാനത്തോടെ പരസ്പരം പ്രോത്യാഹിപ്പിച്ച് സൗഹൃദം പങ്കിടുന്ന ഇന്ത്യ - പാക് താരങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത് സാഹോദര്യത്തിന്റെ പുതിയ രൂപമാണ്. കഴിഞ്ഞ വര്‍ഷം ടി 20 ലോകകപ്പില്‍ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ തോല്‍പ്പിച്ച ശേഷവും തിരിച്ച് കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യ വിജയം നേടിയപ്പോഴുമെല്ലാം നിറഞ്ഞുനിന്നത് സമാധാനത്തിന്റെ പുതിയൊരു അന്തരീക്ഷമായിരുന്നു.

Photo: AFP

ടി ട്വന്റി ലോകകപ്പില്‍ പാകിസ്താനോടേറ്റ പരാജയത്തിനു ശേഷം പരസ്പരം ചിരിച്ചുകൊണ്ട് സൗഹൃദം പങ്കിടുന്ന ക്യാപ്റ്റന്‍ വിരാട് കോലി, ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ചിത്രം ഏറെ വൈറലായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസത്തെ ഏഷ്യാ കപ്പ് പോരാട്ടത്തിനിടയിലും ഇത്തരത്തിലുള്ള കാഴ്ചകള്‍ കണ്ടു. അതിലൊന്ന് ഹാര്‍ദിക് പാണ്ഡ്യയും മുഹമ്മദ് റിസ്വാനും തമ്മിലുള്ളതായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിനിടെ റിസ്വാന്റെ കഴുത്തില്‍ കൈയിട്ട് ചേര്‍ത്തുനിര്‍ത്തിയ പാണ്ഡ്യയുടെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. പിന്നാലെ പരസ്പരം കൂട്ടിയിടിച്ച രവീന്ദ്ര ജഡേജയും ഹാരിസ് റൗഫും പ്രകോപനങ്ങളൊന്നുമില്ലാതെ ഒരു ചിരിയില്‍ പരസ്പരം പുറത്ത് തട്ടി പിരിയുന്നതിനും ദുബായ് സാക്ഷിയായത് കഴിഞ്ഞ ദിവസമായിരുന്നു.

മത്സര ശേഷം പരസ്പരം കൈകൊടുത്ത് പിരിയുമ്പോഴും നിറഞ്ഞ പുഞ്ചിരി സൂക്ഷിച്ചാണ് ഇരു ടീമിലെയും താരങ്ങള്‍ നടന്നകന്നത്. അകന്നിരിക്കുന്ന ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് എളിയ തോതിലെങ്കിലും ഒരു മാതൃക കാണിക്കുകയാണ് അവരുടെ ക്രിക്കറ്റ് ടീമുകള്‍. അതോടൊപ്പം മുന്‍ താരങ്ങള്‍ക്കും.

ഇന്ത്യ - പാക് താരങ്ങളുടെ കളിക്കളത്തിലെ ഏറ്റുമുട്ടലുകളില്‍ ആദ്യം മനസിലേക്കെത്തുന്നത് 1992 ലോകകപ്പ് മത്സരമാണ്. അന്ന് സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന മത്സരം പാക് താരം ജാവേദ് മിയന്‍ദാദിന്റെ 'തവളച്ചാട്ടം' കൊണ്ട് കുപ്രസിദ്ധി നേടിയ മത്സരമായിരുന്നു. 1992 മാര്‍ച്ച് നാലിന് ഇന്ത്യ 43 റണ്‍സിന് ജയിച്ച മത്സരത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയെ പരിഹസിച്ചാണ് ജാവേദ് മിയന്‍ദാദ് തവളച്ചാട്ടം അനുകരിച്ചത്. ക്രിക്കറ്റ് ലോകത്തിനു തന്നെ നാണക്കേടുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സച്ചിന്റെ അര്‍ധ സെഞ്ചുറി (54)യുടെയും 26 പന്തില്‍ നിന്ന് 35 റണ്‍സടിച്ച കപില്‍ ദേവിന്റെയും മികവില്‍ 49 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തു. പാക് ടീമിന്റെ കുറഞ്ഞ ഓവര്‍ റേറ്റ് കാരണം മത്സരത്തിലെ ഒരു ഓവര്‍ വെട്ടിച്ചുരുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ രണ്ടിന് 17 എന്ന നിലയില്‍ തകര്‍ച്ചയെ മുന്നില്‍ കാണുമ്പോഴാണ് ആമിര്‍ സൊഹൈലിനൊപ്പം (62) മിയാന്‍ദാദ് (40) ക്രീസിലെത്തുന്നത്. പാക് സ്‌കോര്‍ 85-ല്‍ എത്തിയപ്പോഴാണ് മോറെയും മിയാന്‍ദാദും കോര്‍ക്കുന്നത്. വിക്കറ്റിനു പിന്നില്‍ നിന്ന് മോറെ ഇടയ്ക്കിടെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. പാക് താരങ്ങള്‍ക്കെതിരേ അപ്പീല്‍ ചെയ്യുമ്പോഴെല്ലാം മോറെ ഒരു പ്രത്യേക രീതിയില്‍ ചാടുന്നുണ്ടായിരുന്നു.

ഇത് മിയാന്‍ദാദിനെ ചൊടിപ്പിച്ചു. സച്ചിന്‍ പന്തെറിയാനെത്തിയപ്പോള്‍ മാറിനിന്ന മിയാന്‍ദാദ് മോറെയെ നോക്കി എന്തോ പറയുകയും അമ്പയറോട് പരാതിപ്പെടുകയും ചെയ്തു. സച്ചിന്റെ അടുത്ത പന്ത് കവറിലേക്കു കളിച്ച മിയാന്‍ദാദിന് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ കുറച്ച് കഷ്ടപ്പെടേണ്ടി വന്നു. തൊട്ടുപിന്നാലെ മോറെയുടെ കമന്റെത്തി. ഇതോടെ മോറെയെ മോശമായി അനുകരിച്ച് മിയാന്‍ദാദ് ബാറ്റിങ് ക്രീസില്‍ മൂന്നു തവണ ചാടുകയായിരുന്നു.

പിന്നീട് 1996 ലോകകപ്പിലെ മത്സരവും ഏറെ പ്രസിദ്ധമാണ്. അതിലെ കഥാപാത്രങ്ങള്‍ ഇന്ത്യന്‍ പേസര്‍ വെങ്കടേഷ് പ്രസാദും പാക് താരം ആമിര്‍ സൊഹൈലുമായിരുന്നു. വിജയിക്കാമായിരുന്ന മത്സരം കൈവിട്ട നിരാശ പാകിസ്താനും പോരാട്ട വീര്യത്തിലൂടെ ജയം സ്വന്തമാക്കിയ സന്തോഷം ഇന്ത്യയ്ക്കും സ്വന്തമായ മത്സരം. തന്നെ വാക്കുകള്‍ കൊണ്ട് നേരിട്ട സൊഹൈലിനെ തൊട്ടടുത്ത പന്തില്‍ തന്നെ പുറത്താക്കി പ്രസാദ് നല്‍കിയ യാത്രയയപ്പ് ഇന്നും ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെയാണ് കാണുന്നത്. 1996 ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ടിന് 287 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ സയീദ് അന്‍വറും ആമിര്‍ സൊഹൈലും ചേര്‍ന്ന് പാകിസ്താന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. യാതൊരു ദയയുമില്ലാതെ അവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചുതകര്‍ത്തു. ഇതിനിടെ അന്‍വറിനെ പുറത്താക്കി ശ്രീനാഥ് ഇന്ത്യ മോഹിച്ച ബ്രേക്ക് ത്രൂ നല്‍കി.

എങ്കിലും ആ വിക്കറ്റ് പാകിസ്താനെ തളര്‍ത്തിയില്ല. ഇതിനിടെ പ്രസാദ് എറിഞ്ഞ 15-ാം ഓവറിലെ അഞ്ചാ പന്ത് സൊഹൈല്‍ ക്രീസിന് വെളിയിലിറങ്ങി ബൗണ്ടറി കടത്തി. പിന്നാലെ പന്ത് പോയ വഴി പ്രസാദിനെ ചൂണ്ടിക്കാണിച്ച് അടുത്ത പന്തും അവിടേക്ക് തന്നെ അടിക്കുമെന്ന ആംഗ്യവും കാട്ടി. എന്നാല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തിരമ്പിയ ഇന്ത്യന്‍ തിരമാലകളെ സാക്ഷിയാക്കി ആറാം പന്തില്‍ പ്രസാദ് സൊഹൈലിന്റെ ഓഫ് സ്റ്റമ്പ് കടപുഴക്കി. സൊഹൈലിനോട് കേറിപ്പോകാന്‍ ആംഗ്യം കാണിച്ചായിരുന്നു പ്രസാദിന്റെ ആഘോഷം. അതോടെ പാകിസ്താന് മത്സരത്തിലെ താളം തന്നെ നഷ്ടപ്പെട്ടു. ഒരു ഘട്ടത്തില്‍ ഒന്നിന് 113 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന പാകിസ്താന് പിന്നീട് 49 ഓവറില്‍ നേടാനായത് 248 റണ്‍സ് മാത്രം. ഇന്ത്യ 39 റണ്‍സിന് മത്സരം സ്വന്തമാക്കുകയും ചെയ്തു.

1996-ല്‍ ഷാര്‍ജയില്‍ നടന്ന മത്സരത്തിനിടെ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു പാക് താരം ആമിര്‍ സൊഹൈലിനെ തല്ലാന്‍ പോയ സംഭവവും ഇത്തരത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ചതാണ്. ഏതാനും വര്‍ഷം മുമ്പ് അന്നത്തെ ആ വഴക്കിനെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ സൊഹൈല്‍ വെളിപ്പെടുത്തുകയും ചെയ്തു. അന്ന് പാക് ടീമിന്റെ ക്യാപ്റ്റനായിരുന്നു ആമിര്‍. സിദ്ദു ബാറ്റ് തല്ലാനോങ്ങിയതല്ലെന്നും സിദ്ദുവിനെ അസഭ്യം പറഞ്ഞ വഖാര്‍ യൂനുസിനെ നിയന്ത്രിക്കാന്‍ തന്നോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പിന്നീട് 2007-ല്‍ നടന്ന ഏകദിന പരമ്പരയ്ക്കിടെ കാണ്‍പുരില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും പാക് താരം ഷാഹിദ് അഫ്രീദിയുമാണ് രംഗം ചൂടുപിടിപ്പിച്ചത്. അഫ്രീദിയെറിഞ്ഞ 20-ാം ഓവറില്‍ ഗംഭീര്‍ നേടിയ ബൗണ്ടറിയാണ് താരത്തെ ചൊടിപ്പിച്ചത്. പിന്നാലെ ഇരുവരും തമ്മില്‍ കോര്‍ത്തു. തൊട്ടടുത്ത പന്തില്‍ സിംഗിള്‍ പൂര്‍ത്തിയാക്കുന്നതിനിടെ ഗംഭീര്‍ അഫ്രീദിയുടെ ദേഹത്ത് തട്ടുക കൂടി ചെയ്തതോടെ രംഗം വഷളായി. ഒടുവില്‍ അമ്പയറെത്തിയാണ് ഇരുവരെയും രണ്ട് വഴിക്കാക്കിയത്.

തുടര്‍ന്ന് 2010-ല്‍ നടന്ന ഏഷ്യാ കപ്പിനിടെ ഹര്‍ഭജന്‍ സിങ്ങും ഷുഐബ് അക്തറും ഗൗതം ഗംഭീറും കമ്രാന്‍ അക്മലും തമ്മിലുള്ള ഏറ്റുമുട്ടലും ഇന്ത്യ പാക് മത്സരങ്ങളിലെ കുപ്രസിദ്ധിയാര്‍ജിച്ച സംഭവങ്ങളാണ്. ഇങ്ങനെ കളിക്കളത്തില്‍ പോലും പരസ്പരം പോരടിച്ചിരുന്ന താരങ്ങളുടെ കാലത്തുനിന്നാണ് ഇന്ന് നമ്മള്‍ കാണുന്ന സൗഹൃദാന്തരീക്ഷത്തിലേക്ക് ഇന്ത്യ - പാക് മത്സരങ്ങള്‍ വളര്‍ന്നിരിക്കുന്നത്.

എല്ലാം കച്ചവട തന്ത്രമാക്കുന്ന പുതിയ കാലത്ത് വിപണിക്കും രാഷ്ട്രീയത്തിനും ക്രിക്കറ്റ് എന്നത് പൊന്‍മുട്ടയിടുന്ന താറാവ് തന്നെയാണ്. അവിടെ സൗഹൃദത്തേക്കാള്‍ മാര്‍ക്കറ്റ് ശത്രുതയ്ക്കു തന്നെയാണ്. അതുകൊണ്ടു തന്നെ കോലി മുഹമ്മദ് റിസ്വാനെ ആശ്ലേഷിക്കുന്നതിനേക്കാള്‍ വൈറലാകുന്നത് ഗംഭീര്‍ - അഫ്രീദി ഏറ്റുമുട്ടലാകുന്നത്. മാര്‍ക്കറ്റാണ് ഇന്ന് മുഖ്യം അതിന് കളത്തിലെ വക്കേറ്റങ്ങളും കണ്ണുരുട്ടലുകളും ആവശ്യമാണ് താനും.

Content Highlights: the History of India and Pakistan cricket Relations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented