സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയയായ പാലക്കാട്ടുകാരിയാണ് ഇപ്പോള്‍ താരം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ പ്രതിഭയുമായാണ് പലരും ഈ പെണ്‍കുട്ടിയെ താരതമ്യം ചെയ്യുന്നത്.അതില്‍ തെറ്റ് പറയാനാവില്ല. കാരണം ഗാംഗുലിയേപ്പോലെ ഇടംകൈ ബാറ്റിങ് സ്വയം പരിശീലിച്ച് നേടിയെടുത്തതാണ്. രുദ്ര വിപിന്‍ എന്ന ആ പെണ്‍കുട്ടി ഇതാ ഇവിടെയുണ്ട്.
രുദ്രയുടെ ബാറ്റിങ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. ഒമ്പത് വയസുകാരിയായ രുദ്ര ചെറിയ പ്രായത്തില്‍ തന്നെ ക്രിക്കറ്റ് എന്ന കരിയര്‍ ലക്ഷ്യമിട്ട് മുന്നേറി. അച്ഛന്‍ വിപിനൊപ്പം നാട്ടുമൈതാനങ്ങളില്‍ നടക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ കണ്ടാണ് രുദ്രയ്ക്ക് ഈ കായിക വിനോദത്തിനോട് അഭിനിവേശം തുടങ്ങിയത്. പട്ടാമ്പി ശ്രീമഹര്‍ഷി വിദ്യാലയയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ മകളുടെ സ്വപ്‌നങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ് മാതാപിതാക്കള്‍.
മൂന്നു വയസുമുതലാണ് മകളുടെ ക്രിക്കറ്റിനോടുള്ള താത്പര്യം ശ്രദ്ധിച്ചു തുടങ്ങുന്നതെന്ന് വിപിന്‍ പറയുന്നു. മകള്‍ ആ പ്രായത്തില്‍ ആദ്യം ആവശ്യപ്പെട്ടത് ക്രിക്കറ്റ് ബാറ്റാണ്. തുടര്‍ന്നു മുതല്‍ ക്രിക്കറ്റിനോടുള്ള താത്പര്യവും കഴിവും ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മകള്‍ക്ക് തന്നാലാവും വിധം അറിയാവുന്ന ക്രിക്കറ്റ് പാഠങ്ങള്‍ ഇദ്ദേഹം പകര്‍ന്നു നല്‍കി.

മകളുടെ ആഗ്രഹം പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അവള്‍ക്കായി കായിക പരിശീലനം നല്‍കാനുള്ള ശ്രമത്തിലാണ് ഇവര്‍. കോവിഡ് വ്യാപനത്തിന്റെ പ്രതിസന്ധികള്‍ കഴിയുന്നതോടെ മകളുടെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് വിപിന്റെയും രേഷ്മയുടെയും തീരുമാനം. പട്ടാമ്പിയില്‍ പള്ളിപ്പുറം എന്ന സ്ഥലത്താണ് വിപിനും കുടുംബവും താമസിക്കുന്നത്.
വീഡിയോയില്‍ കാണുന്നതുപോലെ ഇടംകൈ ബാറ്റിങ്ങിന് പരിശീലനം നല്‍കി ശീലിപ്പിച്ചെടുത്തതാണ്. സ്വതവേ വലംകൈ ആയിരുന്നിട്ടും ഭാവിയില്‍ ക്രിക്കറ്റ് ഒരു കരിയറായി അവള്‍ തിരഞ്ഞെടുത്താല്‍ അതിന് മുതല്‍കൂട്ടായിക്കൊട്ടെ എന്ന് കരുതിയാണ് ഇടംകൈ ബാറ്റിംഗില്‍ പരിശീലനം നല്‍കിയതെന്ന് ഇദ്ദേഹം പറയുന്നു.
ഒരു കായിക താരമാകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് ഫിറ്റ്‌നെസ് പ്രധാനമാണ്. ജിംനേഷ്യം നടത്തിപ്പുകാരനും ട്രെയിനറുമായ വിപിന് അക്കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. അതിനാല്‍ കഴിഞ്ഞ നാലുവര്‍ഷമായി മാര്‍ഷ്യല്‍ ആര്‍ട്‌സുകളില്‍ പരിശീലനം നല്‍കുന്നുണ്ട്. ഇതില്‍ വുഷുവിലാണ് രുദ്ര കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. കൂറ്റനാട് ഫ്രീസ്റ്റൈല്‍ മാര്‍ഷ്യല്‍ ക്രൂ എന്ന സ്ഥാപനത്തില്‍ ജിത്തു എന്ന പരിശീലകന്റെ കീഴിലാണ് ഇവ പരിശീലിക്കുന്നത്.
നിലവില്‍ കോച്ചിങ്ങിന് പോകുന്നില്ലെങ്കിലും അണ്ടര്‍ 12 വിഭാഗത്തില്‍ ഇനി പരിശീലനങ്ങളിലും മാച്ചുകളിലും പങ്കെടുപ്പിക്കാനാണ് വിപിന്റെ തീരുമാനം.
യാദൃശ്ചികമായാണ് രുദ്ര സോഷ്യല്‍ മീഡിയകളില്‍ താരമായി മാറിയത്. വീട്ടുപരിസരത്ത് സമയം കിട്ടുമ്പോഴൊക്കെ വിപിന്‍ മകള്‍ക്ക് പരിശീലനം നല്‍കാറുണ്ട്. ഇത്തരത്തില്‍ പരീലനം നല്‍കുന്നതിനിടെ ഇതിന്റെ വീഡിയോ രുദ്രയുടെ അമ്മ രേഷ്മ തന്റെ വാട്‌സ്ആപ്പ് സ്്റ്റാറ്റസാക്കി ഇട്ടു. ഇത് കണ്ട് അമ്മയുടെ അധ്യാപകരില്‍ ഒരാള്‍ അത് ഫെയ്‌സ്ബുക്കില്‍ ഇട്ടു. ഇതാണ് പിന്നീട് വൈറവലായത്.
കുറച്ചുകൂടി പരിശീലനം ലഭിച്ചതിന് ശേഷം കൂടുതല്‍ ആളുകളെ അറിയിച്ചാല്‍ മതിയെന്ന് കരുതിയിരിക്കവേയാണ് ഫെയ്‌സ്ബുക്ക് വീഡിയോ വൈറലാകുന്നതും രുദ്രയെ കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതും. തന്നേപ്പോലെ കളിച്ച് സമയം കളയുന്ന അവസ്ഥ മകള്‍ക്കുണ്ടാകരുതെന്ന് വിപിന് നിര്‍ബന്ധമുണ്ട്്. അതിനാലാണ് മകളുടെ താല്‍പര്യത്തിനോട് കൂടുതല്‍ ഗൗരവത്തോടെ സമീപിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും.
നാട്ടിന്‍പുറത്തായതിന്റെ പോരായ്മ മാത്രമാണ് ഇവള്‍ക്കുള്ളത്. കൂടുതല്‍ പരിശീലനത്തിനായി നാടിന് പുറത്തേക്ക് പോയി വരാനുള്ള ബുദ്ധിമുട്ടുകളാണ് രുദ്രയ്ക്ക് ഇത്രയും കാലം പരിശീലനം ലഭിക്കാതിരിക്കാനുള്ള കാരണം.
ഫെയ്‌സ്ബുക്ക് വീഡിയോ സത്യത്തില്‍ രുദ്രയിക്ക് അനുഗ്രഹമാവുകയാണ് ചെയ്തിരിക്കുന്നത്. ഇപ്പോള്‍കുടുതല്‍ ആളുകള്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ചിലപരിശീലകര്‍ വിളിച്ച് മകള്‍ക്ക് പരിശീലനം നല്‍കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്.

രുദ്രയ്ക്കു താഴെ ഒരു പെണ്‍കുട്ടികൂടി ഇവര്‍ക്കുണ്ട്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന റിഥി. ചേച്ചിയേപ്പോലെ സ്‌പോര്‍ട്‌സിലല്ല, നൃത്തത്തിലാണ് റിഥിക്ക് താത്പര്യം. കൂട്ടത്തില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സിലും പരിശീലനം നേടുന്നുണ്ട്.
ഇന്നത്തെ സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും ഫിറ്റ്‌നെസ്സും നിലനിര്‍ത്താന്‍ ഇത്തരം ആയോധകലകളില്‍ പരിശീലനം നല്‍കണമെന്ന അഭിപ്രായക്കാരനാണ് വിപിന്‍. മാര്‍ഷ്യല്‍ ആര്‍ട്‌സില്‍ ആദ്യമത്സരത്തിന് തയ്യാറെടുക്കവേയാണ് കൊറോണ വ്യാപനം നാട്ടിലെമ്പാടുമുണ്ടാകുന്നതും മത്സരങ്ങള്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ടാകുന്നതും.
ക്രിക്കറ്റില്‍ താത്പര്യമുണ്ടെങ്കിലും പെണ്‍കുട്ടികള്‍ ഈരംഗത്തേക്ക് അധികം കേരളത്തില്‍ നിന്ന് മുന്നോട്ടുവരാറില്ല. പ്രത്യേകിച്ച് നാട്ടമ്പുറങ്ങളില്‍ നിന്ന്. പലപ്പോഴും പെണ്‍കുട്ടികളുടെ ഇത്തരം ക്രിക്കറ്റ് മത്സരങ്ങള്‍ ആവശ്യത്തിന് കുട്ടികള്‍ ഇല്ലാതെ വരുമ്പോള്‍ ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. രുദ്രയുടെ വീഡിയോ കണ്ട് വിളിച്ച ക്രിക്കറ്റ് പരിശീലകരും ഇക്കാര്യം പറയുന്നു.
Content Highlights: the girl who plays cricket from 3 years old