സഞ്ജു സാംസൺ ഇന്ത്യൻ ടീമിനൊപ്പം പരിശീലനത്തിനിടെ Photo: PTI
സഞ്ജു സാംസണ്‍... സമീപകാലത്ത് സമൂഹമാധ്യമങ്ങളില്‍ ഇത്രയേറെ ട്രെന്‍ഡിങ്ങായി മാറിയ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരമില്ല. വെറുമൊരു മലയാളിയോട് തോന്നുന്ന സ്‌നേഹമല്ല അത്. അദ്ദേഹത്തിന്റെ പ്രതിഭയോടുള്ള ആദരവാണ് ആ സ്‌നേഹം. പ്രതിഭ ആവോളമുണ്ടെങ്കിലും അര്‍ഹമായ സ്ഥാനം സഞ്ജുവിന് ലഭിക്കുന്നില്ലെന്ന് മുറവിളി കൂട്ടുന്ന ആയിരക്കണക്കിന് ആരാധകരെ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ കാണാം. അവരുടെയല്ലാം പ്രതീക്ഷയുടെ കൊട്ടാരം ഇടിഞ്ഞുവീണ ദിനമായിരുന്നു സെപ്റ്റംബര്‍ അഞ്ച്. അന്നാണ് ബി.സി.സി.ഐ. ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്.
സഞ്ജുവിന് അവസരം ലഭിക്കുമെന്ന് കരുതിയവരെയെല്ലാം നിരാശരാക്കിക്കൊണ്ടാണ് ലോകകപ്പ് ടീം പുറത്തുവന്നത്. സഞ്ജുവിന് പകരം സമീപകാലത്ത് ഏകദിനത്തില്‍ ഉഗ്രന്‍ പ്രകടനം പുറത്തെടുത്ത ഇടംകൈയ്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷന്‍ ടീമിലിടം നേടി. പരിക്കിന്റെ പിടിയിലാണെങ്കിലും സീനിയര്‍ താരം കെ.എല്‍. രാഹുലും സൂര്യകുമാര്‍ യാദവും ടീമിലുണ്ട്. ഇതോടെ ശ്രീശാന്തിനു ശേഷം ലോകകപ്പ് കളിക്കുന്ന മലയാളി എന്ന നേട്ടം സഞ്ജുവിന് നഷ്ടപ്പെട്ടു. ഇനിയൊരു ഏകദിന ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് ബാല്യമുണ്ടോ? ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണിത്.
സമീപകാലത്തെ പ്രകടനം പരിഗണിച്ചാല്‍ ചില മോശം പ്രകടനങ്ങള്‍ വന്നിട്ടുണ്ട് എന്നത് സത്യം തന്നെയാണ്. നിര്‍ണായകമായ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ മികച്ച അവസരം ലഭിച്ചിട്ടും താരത്തിന് വേണ്ട വിധത്തില്‍ ഉപയോഗിക്കാനായില്ല. പക്ഷേ, കരിയറിലെ പ്രകടനം ഇതെല്ലാം കവച്ചുവെയ്ക്കും. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള എല്ലാ അര്‍ഹതയും സഞ്ജുവിനുണ്ടായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20-യേക്കാള്‍ കൂടുതല്‍ ഏകദിനത്തിലാണ് സഞ്ജു തിളങ്ങിയത്. 13 ഏകദിനങ്ങളിലെ 12 ഇന്നിങ്‌സുകളില്‍നിന്നായി സഞ്ജു 375 റണ്‍സാണ് അടിച്ചെടുത്തത്. 55.71 ആണ് താരത്തിന്റെ ശരാശരി. മൂന്ന് അര്‍ധസെഞ്ചുറിയും നേടി. 86 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
പ്രകടനമെടുത്തുനോക്കിയാല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടേണ്ട താരമാണ് സഞ്ജു. സഞ്ജുവിന് പകരം ടീമിലെത്തിയ സൂര്യകുമാര്‍ യാദവിന്റെ ഏകദിനത്തിലെ പ്രകടനം മാത്രം പരിഗണിച്ചാല്‍ മതി മലയാളി താരത്തിന്റെ മാറ്ററിയാന്‍. 26 ഏകദിനങ്ങള്‍ കളിച്ച സൂര്യകുമാര്‍ 511 റണ്‍സ് മാത്രമാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 64. ബാറ്റിങ് ആവറേജ് ആവട്ടെ വെറും 24.33.നേടിയതാകട്ടെ വെറും രണ്ട് അര്‍ധസെഞ്ചുറി മാത്രം. ഇതില്‍നിന്നുതന്നെ സൂര്യകുമാറിനേക്കാള്‍ സഞ്ജു എത്ര മുകളില്‍ നില്‍ക്കുന്നു എന്ന് പകല്‍ പോലെ വ്യക്തം. പക്ഷേ, നറുക്കുവീണത് സൂര്യകുമാറിന്. എന്തടിസ്ഥാനത്തിലാണ് സൂര്യകുമാര്‍ ടീമിലിടം നേടിയത് എന്നാണ് ആരാധകരുടെ ചോദ്യം. ട്വന്റി 20 ഫോര്‍മാറ്റില്‍ സൂര്യകുമാറിനോളം പോന്ന പ്രകടനം ഇന്ത്യന്‍ ടീമില്‍ ആരും തന്നെ പുറത്തെടുത്തിട്ടില്ല എന്നത് സത്യമാണ്. പക്ഷേ, ഈ മികവുകൊണ്ട് എങ്ങനെയാണ് സൂര്യകുമാറിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താനാവുക? താരത്തിനേക്കാള്‍ പതിന്മടങ്ങ് മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജു ടീമിന് പുറത്തായി. ബാറ്റര്‍ എന്ന നിലയില്‍ സൂര്യകുമാറിന് മുകളിലാണ് സഞ്ജുവിന്റെ സ്ഥാനം. എന്നിട്ടും താരത്തെ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐയ്ക്ക് സാധിച്ചില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാത്തതുകൊണ്ടാണ് സഞ്ജുവിനെ ടീമില്‍നിന്ന് ഒഴിവാക്കിയതെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ സൂര്യകുമാറിനെയും അവഗണിക്കേണ്ടേ? സൂര്യകുമാറും വിന്‍ഡീസിനെതിരായ പരമ്പരയില്‍ പരാജയമായിരുന്നു. വിന്‍ഡീസിനെതിരായ ഏകദിനപരമ്പരയിലെ ഇരുതാരങ്ങളുടെയും പ്രകടനം പരിശോധിക്കാം. മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ മൂന്നിലും സൂര്യകുമാര്‍ കളിച്ചു. സഞ്ജുവിന് രണ്ട് മത്സരങ്ങളിലാണ് അവസരം ലഭിച്ചത്. സൂര്യകുമാര്‍ ആദ്യമത്സരത്തില്‍ നേടിയത് 19 റണ്‍സ്. രണ്ടാം മത്സരത്തില്‍ 24, മൂന്നാം മത്സരത്തില്‍ 35 റണ്‍സും നേടി. ആകെ മൂന്ന് മത്സരങ്ങളില്‍ നിന്ന് 78 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍ 35. രണ്ട് മത്സരങ്ങള്‍ മാത്രം കളിച്ച സഞ്ജു ആദ്യ മത്സരത്തില്‍ നേടിയത് വെറും ഒന്‍പത് റണ്‍സ്. രണ്ടാം മത്സരത്തില്‍ നേടിയത് 51 റണ്‍സ്. ഒരു അര്‍ധസെഞ്ചുറി സഞ്ജുവിന്റെ അക്കൗണ്ടിലുണ്ട്. ആകെ 60 റണ്‍സ്.
ഇരുതാരങ്ങളുടെയും പ്രകടനം പരിശോധിക്കുമ്പോള്‍ സഞ്ജു സൂര്യകുമാറിനേക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഒരു അര്‍ധസെഞ്ചുറി താരത്തിന്റെ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരിലൊരാളായ കെ.എല്‍. രാഹുല്‍ സമീപകാലത്തായി ഫോമിന്റെ ഏഴയലത്തില്ല. കഴിഞ്ഞ പത്ത് മത്സരങ്ങളില്‍നിന്ന് രാഹുല്‍ നേടിയത് 351 റണ്‍സാണ്. വെറും 35.10 മാത്രമാണ് താരത്തിന്റെ ബാറ്റിങ് ശരാശരി. രാഹുല്‍ മികച്ച ബാറ്ററാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമീപകാലത്തെ ഫോം വെച്ചുനോക്കുമ്പോള്‍ താരത്തിനേക്കാള്‍ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്.
ലോകകപ്പ് ടീമിലുള്‍പ്പെടാന്‍ സാധ്യതയുള്ള താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ബി.സി.സി.ഐ. ഏഷ്യാകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. അതില്‍ റിസര്‍വ് താരമായി ഉള്‍പ്പെട്ടതുകൊണ്ടുതന്നെ സഞ്ജു ലോകകപ്പില്‍ കളിച്ചേക്കുമെന്ന സൂചനകള്‍ പുറത്തുവന്നു. ഏഷ്യാകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായതോടെ സഞ്ജുവിന് കളിക്കാനുള്ള സാധ്യതകളും തെളിഞ്ഞു. എന്നാല്‍, പാകിസ്താന്‍, നേപ്പാള്‍ എന്നീ ടീമുകള്‍ക്കെതിരായ ഇന്ത്യന്‍ ടീമില്‍ താരത്തിന് സ്ഥാനം ലഭിച്ചില്ല. ഇപ്പോഴിതാ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. ഇതോടെ ഏഷ്യാകപ്പില്‍നിന്ന് സഞ്ജു തലതാഴ്ത്തി മടങ്ങുകയാണ്. താരം ഉടന്‍ തന്നെ ടീം വിട്ട് നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. ഏഷ്യാ കപ്പ് ടീമില്‍ ഉള്‍പ്പെട്ടതിനാല്‍ സഞ്ജുവിന് നഷ്ടപ്പെട്ടത് മറ്റൊരു സുവര്‍ണാവസരമാണ്. ഏഷ്യന്‍ ഗെയിംസില്‍ കളിക്കാനുള്ള അവസരം.

സഞ്ജു ഏഷ്യാ കപ്പ് ടീമിലുള്‍പ്പെട്ടതുകൊണ്ട് താരത്തെ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഇപ്പോള്‍ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലാണ് മലയാളി താരം. ഋതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മുഴുവന്‍ യുവതാരങ്ങളാണ്. ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയില്ലെങ്കില്‍ സഞ്ജുവിനെ ഏഷ്യന്‍ ഗെയിംസിനുള്ള ടീമിലേക്കെങ്കിലും പരിഗണിക്കാമായിരുന്നു. ടീമിലുള്‍പ്പെട്ടെങ്കില്‍ നായകനുമായേനേ. ഇനിയും സമയം വൈകിയിട്ടില്ല. ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ടീമിനെ മാറ്റാനുളള അവസരം ബി.സി.സി.ഐയ്ക്കുണ്ട്. ഏഷ്യന്‍ ഗെയിംസിനുള്ള ഫുട്‌ബോള്‍ ടീമില്‍നിന്ന് ഗുര്‍പ്രീത് സിങ് സന്ധുവിനെ മാറ്റി പകരം ലിസ്റ്റണ്‍ കൊളാസോയെ ഈയിടെയാണ് ടീമിലുള്‍പ്പെടുത്തിയത്.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിനേക്കാള്‍ മികച്ച ഒരു താരമില്ല. ലോകത്തിലെ ഏറ്റവും വലിയ ട്വന്റി 20 ലീഗായ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്ന സഞ്ജുവിന് ഈ വെല്ലുവിളിയൊന്നും ഒരു വിഷയമേയല്ല. ജോസ് ബട്‌ലര്‍ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങളാണ് രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിനൊപ്പം കളിക്കുന്നത്. 2022 സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കാനും സഞ്ജുവിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞു. ഋതുരാജ് ഗെയ്ക്‌വാദിന് നായകപദവിയില്‍ ഒരു മുന്‍പരിചയവുമില്ല. ഇത്രയും വലിയ ഒരു ഇവന്റില്‍ സഞ്ജുവിനെപ്പോലെ പരിചയസമ്പത്തുള്ള ഒരു താരത്തെയാണ് ഇന്ത്യയ്ക്ക് ആവശ്യം. ഇത്തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ സാധ്യത ഏറ്റവുമധികം കല്‍പ്പിക്കുന്നതും ഇന്ത്യയ്ക്കാണ്.

ലോകകപ്പും ഏഷ്യന്‍ ഗെയിംസും നഷ്ടപ്പെട്ട സഞ്ജുവിന് മുന്നില്‍ ഇനി വലിയ ടൂര്‍ണമെന്റുകളില്ല. അടുത്ത ഏകദിന ലോകകപ്പ് കളിക്കാന്‍ സഞ്ജുവിന് കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണ്. നിലവില്‍ 28 വയസ്സാണ് സഞ്ജുവിന്റെ പ്രായം. ഈ സമയത്തിനുള്ളില്‍ വിരാട് കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ നിരവധി ലോകകപ്പുകള്‍ കളിച്ചുകഴിഞ്ഞു. അടുത്ത ഏകദിന ലോകകപ്പ് വരുമ്പോള്‍ സഞ്ജുവിന് 32 വയസ്സാകും. അതുകൊണ്ടുതന്നെ ടീമിലുള്‍പ്പെടുമോ എന്ന കാര്യവും സംശയമാണ്. ഇത്രയും മികച്ച ഫോമില്‍ കളിച്ചിട്ടും താരത്തിന് ഇതുവരെ വലിയൊരു ടൂര്‍ണമെന്റിന്റെ ഭാഗമാകാന്‍ സാധിച്ചിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പാണ് സഞ്ജുവിന് മുന്നിലുള്ള ഏറ്റവും വലിയ അവസരം. വിരാട് കോലിയും രോഹിത് ശര്‍മയുമെല്ലാം ചിലപ്പോള്‍ ഈ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നേക്കും. അങ്ങനെയാണെങ്കില്‍ സഞ്ജുവിന് ടീമില്‍ അവസരം ലഭിച്ചേക്കും.
കിട്ടുന്ന അവസരങ്ങള്‍ മുതലാക്കുന്നില്ല എന്നാണ് പലരും സഞ്ജുവിനെ വിമര്‍ശിച്ച് പറയാറ്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ പടര്‍ന്നുപന്തലിച്ചുനില്‍ക്കുന്ന പല താരങ്ങള്‍ക്കും ലഭിച്ച പിന്തുണയുടെ പത്തിലൊന്നുപോലും സഞ്ജുവിന് ലഭിച്ചിട്ടില്ല എന്നോര്‍ക്കണം. കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയും സ്വാഭാവികം. പക്ഷേ, താഴ്ച്ച വരുമ്പോള്‍ മാത്രം അവസരം മുതലാക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ല. മൂന്നുവര്‍ഷത്തോളം ഫോം കണ്ടെത്താതെ നട്ടംതിരിഞ്ഞ വിരാട് കോലിയ്ക്ക് ലഭിച്ച പിന്തുണ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിന് സഞ്ജുവിനും കൊടുത്തുകൂടാ? ആ പിന്തുണയുടെ ഫലത്തിലാണ് കോലി വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി ഇന്ത്യയെ വിജയങ്ങളിലേക്ക് നയിച്ചത്. തിരുവനന്തപുരത്ത് കളിച്ചുനടന്ന ഒരു പയ്യന്‍ ഇന്ത്യന്‍ കുപ്പായമണിയാന്‍ തന്നെ എത്രത്തോളം യാതനകള്‍ സഹിച്ചു എന്ന് നാം കണ്ടതാണ്. അതിലേറെ പ്രശ്‌നങ്ങളിലൂടെയാണ് സഞ്ജു നിലവില്‍ കടന്നുപോകുന്നത്. ക്രിക്കറ്റ് എന്നത് കേവലം ഐ.പി.എല്‍ അല്ല. ഐ.പി.എല്ലില്‍ മൂന്ന് സെഞ്ചുറികളും നാലായിരത്തിനടുത്ത് റണ്‍സുമുണ്ടെങ്കിലും ഇന്ത്യന്‍ ജഴ്‌സിയില്‍ വലിയൊരു ടൂര്‍ണമെന്റില്‍ കളിക്കാതിരിക്കുക എന്നത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി തന്നെയാണ്.
ഋഷഭ് പന്ത് അടക്കമുള്ള യുവതാരങ്ങള്‍ക്ക് ലഭിച്ച അവസരങ്ങളുടെ പകുതിയെങ്കിലും സഞ്ജുവിന് ലഭിച്ചാല്‍ താരം കഴിവു തെളിയിക്കുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. അവസരങ്ങളാണ് അദ്ദേഹത്തിനില്ലാത്തത്. ഇപ്പോള്‍ തന്നെ ആഭ്യന്തര ക്രിക്കറ്റിലും അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും രണ്ട് പ്രധാന ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ഋഷഭ് പന്ത് കാറപടകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായിട്ടും സഞ്ജുവിനെ വേണ്ടവിധത്തില്‍ ഇന്ത്യ ഉപയോഗിച്ചിട്ടില്ല. പന്ത് പരിക്കില്‍നിന്ന് മോചിതനായി ടീമില്‍ തിരിച്ചെത്തുകയാണ്. 2024-ല്‍ താരം ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ സഞ്ജുവിന്റെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാകും. 2024 ട്വന്റി 20 ലോകകപ്പ് മാത്രമാണ് സഞ്ജുവിന് മുന്നിലുള്ള പ്രധാന ടൂര്‍ണമെന്റ്. ശ്രീശാന്തിനു ശേഷം ട്വന്റി 20 ലോകകപ്പ് കിരീടം സഞ്ജുവിന് കൈയ്യിലേന്താനാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ... പ്രിയപ്പെട്ട സഞ്ജൂ... അതിനായി നിങ്ങള്‍ കടമ്പകള്‍ ഏറെ മറികടക്കേണ്ടിയിരിക്കുന്നു... കാതങ്ങള്‍ ഒരുപാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു...
Content Highlights: the future of indian cricket player sanju samson ahead of cricket world cup
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..