Image Courtesy: Reuters
മഴവില്ലഴകോടെയാണ് മഹേന്ദ്രസിങ് ധോനി ഇന്ത്യന്‍ ടീമിലെത്തിയത്. ഒന്നരപ്പതിറ്റാണ്ട് അത് ഇന്ത്യയുടെ ആകാശത്ത് വര്‍ണക്കാഴ്ചയൊരുക്കി. രാജ്യം ഹൃദയപുരസ്സരം ആ കാഴ്ച കണ്ടുനിന്നു. ഇന്ന് മെല്ലെമെല്ലെ വില്ല് മായുകയാണ്. ഒരു വിടവാങ്ങല്‍ മത്സരംപോലും നല്‍കാനാവാതെ രാജ്യം നിസ്സഹായതയിലും. ഒരു സുപ്രഭാതത്തില്‍ നമ്മള്‍ കേട്ടേക്കാം, 'ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.' കൊറോണ വൈറസിന് എന്തുമാകാമല്ലോ.
2006 ഏപ്രില്‍ ആറിന് കൊച്ചിയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ഏകദിനത്തിലാണ് മഹേന്ദ്രസിങ് ധോനിയെ ആദ്യം കാണുന്നത്. അന്ന് മുടി നീട്ടിവളര്‍ത്തിയിരുന്നു. ഒരു യവനദേവന്റെ പ്രൗഢി. അന്ന് 16 പന്ത് ബാക്കിനില്‍ക്കെ നാലുവിക്കറ്റിന് ഇന്ത്യ ജയിച്ചു. 13 പന്തില്‍ 10 റണ്‍സുമായി ധോനി പുറത്താവാതെനിന്നു. ഒരു സ്വപ്നാടകനെപ്പോലെ അദ്ദേഹം കടന്നുപോയി. പിന്നീടുള്ള കൂടിക്കാഴ്ച 2011 ക്രിക്കറ്റ് ലോകകപ്പിലായിരുന്നു. ബംഗ്ലാദേശിലെ ധാക്കയില്‍നടന്ന ഉദ്ഘാടനമത്സരംമുതല്‍ മുംബൈ വാംഖഡെയില്‍ നടന്ന ഫൈനല്‍വരെ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചാരം. അതിനിടെ ധോനി എന്ന അസാധാരണ വ്യക്തിത്വം മനസ്സ് കീഴടക്കിയിരുന്നു. ഒടുവില്‍ മുംബൈയിലെ ഫൈനലില്‍ കിരീടവിജയത്തിലേക്ക് നായകന്റെ ഉജ്ജ്വലസിക്‌സര്‍. 28 വര്‍ഷത്തിനുശേഷം ഇന്ത്യക്ക് ലോകകിരീടം. ആ സമ്മോഹന നേട്ടത്തിന് ഇന്ന് ഒമ്പതുവര്‍ഷം.

ഇത്രയും വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ധോനിയുടെ കരിയര്‍ പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ ജേഴ്സിയില്‍ ഒരു മത്സരമെങ്കിലും കളിച്ച് വിരമിക്കണമെന്ന് അദ്ദേഹം കഠിനമായി ആഗ്രഹിക്കുന്നു. രാജ്യത്തിന് ട്വന്റി 20 ലോകകപ്പും ഏകദിനലോകകപ്പും നേടിത്തരികയും ഇന്ത്യന്‍ ടീമിനെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്ത് എത്തിക്കുകയുംചെയ്ത ധോനി തീര്‍ച്ചയായും അത് അര്‍ഹിക്കുന്നുണ്ട്. രാജ്യവും ആഗ്രഹിക്കുന്നു. എന്നാല്‍, വിധി അദ്ദേഹത്തിന് തിരിച്ചടിയായിരിക്കുന്നു. ഐ.പി.എല്ലിലൂടെ ഒരു തിരിച്ചുവരവ് ആഗ്രഹിച്ചു. അത് കൊറോണ കൊണ്ടുപോയി. ഒക്ടോബറില്‍ ഓസ്ട്രേലിയയില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹിച്ചു. അത് നടക്കുമെന്ന് ഉറപ്പില്ല. ജൂലായ് ഏഴിന് 39 വയസ്സ് തികയും. കൊറോണക്കാലത്തിനുശേഷം ഒരങ്കത്തിന് ബാല്യമുണ്ടാവുമോ?
ധോനിയുടെ ഇന്ത്യ
മഹേന്ദ്രസിങ് ധോനിയുടെ മുടിക്കെട്ടില്‍നിന്നായിരുന്നു ടീം ഇന്ത്യയുടെ ഉദ്ഭവം. സച്ചിന്‍ തെണ്ടുല്‍ക്കറിലൂടെ അതൊരു പ്രവാഹമായി. വീരേന്ദര്‍ സെവാഗിലൂടെ തടംതല്ലിപ്പാഞ്ഞു. യുവരാജ് സിങ്ങിലൂടെ കുതിച്ചൊഴുകി. സുരേഷ് റെയ്നയിലൂടെ കോരിച്ചൊരിഞ്ഞു. സഹീര്‍ഖാനും മുനാഫ് പട്ടേലും ആശിഷ് നെഹ്‌റയും പ്രതിബന്ധങ്ങളുടെ കുറ്റികള്‍ തെറിപ്പിച്ചു. അകമ്പടിയായ് ഹര്‍ഭജന്‍ സിങ്ങിന്റെ ഓഫ്സ്പിന്‍ ഭജനയും പീയൂഷ് ചൗളയുടെ ലെഗ്സ്പിന്‍ പീയൂഷവും... 2011 ലോകകപ്പില്‍ ഇന്ത്യ ജേതാക്കളായത് അസാമാന്യ ടീം വര്‍ക്കിലൂടെയാണ്.
ഇന്ത്യ - ഓസ്ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനലിന്റെ അന്ന് ധോനിയുടെ ഒരു അപ്രതീക്ഷിതനീക്കം കണ്ടു. ടോസിന് അല്‍പം മുമ്പ് അഹമ്മദാബാദിലെ പ്രസ് ബോക്‌സില്‍ ലഭിച്ച ഇന്ത്യന്‍ ഇലവന്‍ ലിസ്റ്റില്‍ യൂസഫ് പഠാനും ഉള്‍പ്പെട്ടിരുന്നു. ധോനി ഒപ്പിട്ട ആ ലിസ്റ്റ് അവസാനനിമിഷം മാറിമറിഞ്ഞു. ഐ.സി.സി.യുടെ വെന്യൂ മീഡിയ മാനേജര്‍ ലൂസി ബെഞ്ചമിന്‍ തിരക്കിട്ടെത്തി, ലിസ്റ്റില്‍ തിരുത്തുണ്ടെന്നും പഠാനുപകരം സുരേഷ് റെയ്ന കളിക്കുമെന്നും അറിയിക്കുകയായിരുന്നു. ടീമില്‍ അവസാനനിമിഷമാറ്റത്തിന് ക്യാപ്റ്റനെ പ്രേരിപ്പിച്ചതെന്താവാം. എന്തായാലും ആ തീരുമാനം ഇന്ത്യക്ക് സെമിഫൈനലിലേക്ക് വഴിതുറന്നു. ആദ്യ അഞ്ചുകളിയില്‍ മാറ്റിനിര്‍ത്തപ്പെടുകയും ആറാംകളിയില്‍ അവസരം ലഭിച്ചിട്ടും പരാജയപ്പെടുകയും ചെയ്ത ഒരാള്‍, കടുത്ത പ്രതിസന്ധിയിലും അതിസമ്മര്‍ദത്തിലും ബാറ്റുചെയ്ത് ഇന്ത്യയെ ജയിപ്പിച്ചെടുത്തത് ചില്ലറക്കാര്യമല്ല. 28 പന്തില്‍ 34 റണ്‍സെടുത്ത് റെയ്ന പുറത്താവാതെ നിന്നു.

അശ്വിനെയും റെയ്നയെയും കളിപ്പിക്കാത്തതിന്റെ പേരില്‍ ധോനി നിശിതമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഒടുവില്‍ ചെന്നൈയിലാണ് രണ്ടുപേര്‍ക്കും അവസരം കിട്ടിയത്. രണ്ടുകളികൊണ്ടുതന്നെ ഇരുവര്‍ക്കും ടീമില്‍ സ്ഥാനമുറപ്പാകുകയുംചെയ്തു. അശ്വിന്‍ രണ്ടുകളിയിലും ഇന്ത്യയുടെ ഓപ്പണിങ് ബൗളറായി. അങ്ങനെ ധോനി നേരത്തേ തള്ളിക്കളഞ്ഞ രണ്ടുകല്ലുകളും മൂലക്കല്ലുകളായിമാറി.
ആ ലോകകപ്പില്‍ ധോനി ഫോമിലായത് ഫൈനലില്‍മാത്രം. സച്ചിനെയും സെവാഗിനെയും നഷ്ടപ്പെട്ട് ഇന്ത്യ ശ്രീലങ്കക്കെതിരേ കടുത്ത പ്രതിസന്ധിനേരിട്ട ഘട്ടത്തില്‍ സാഹസികമായി ബാറ്റിങ്ങില്‍ നേരത്തെയിറങ്ങി ധോനി ഞെട്ടിച്ചുകളഞ്ഞു. 22-ാം ഓവറില്‍ വിരാട് കോലി (35) പുറത്താവുമ്പോള്‍ ഇന്ത്യ മൂന്നിന് 114. സ്വാഭാവികമായും ഇറങ്ങേണ്ടിയിരുന്നത് ആ ലോകകപ്പില്‍ അതുവരെ നാല് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ സ്വന്തമാക്കിയ യുവരാജ് സിങ്ങാണ്. എന്നാല്‍, ക്യാപ്റ്റന്‍ വെല്ലുവിളി ഏറ്റെടുത്തു. ഫൈനല്‍ ഇന്ത്യക്ക് അനുകൂലമാക്കിയത് ആ തീരുമാനമാണ്. അത് പാളിയിരുന്നെങ്കില്‍ ധോനി എത്രമാത്രം പഴികേള്‍ക്കുമായിരുന്നു. അതാണ് ക്യാപ്റ്റന്റെ ചങ്കൂറ്റം. 79 പന്തില്‍ 91 റണ്‍സോടെ ധോനി വിജയംവരെ ബാറ്റ് ചെയ്തു.
കിരീടവിജയത്തിന്റെ ഈ വാര്‍ഷികദിനത്തില്‍ പ്രിയപ്പെട്ട ധോനിക്ക് ഭാവുകങ്ങള്‍...
Content Highlights: the day India win ICC Cricket World Cup 2011 by defeating Sri Lanka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..