സീസ് മണ്ണില്‍ 2018-19 പര്യടനത്തിലെ തേരോട്ടത്തിനു ശേഷം മറ്റൊരു പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഐ.പി.എല്‍ മാമാങ്കത്തിന് അവസാനമായതോടെ ഇന്ത്യന്‍ ടീം ഓസ്‌ട്രേലിയയിലേക്ക് തിരിക്കുകയായിരുന്നു.

നവംബര്‍ 27-ന് ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്.

ഇതില്‍ ഇന്ത്യന്‍ ടീമിന് ഏറ്റവും അധികം വെല്ലുവിളി നേരിടുക ഡിസംബര്‍ 17-ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലാകും. അഡ്‌ലെയ്ഡിലാണ് ആദ്യ മത്സരം. ഡിസംബര്‍ 26-ന് മെല്‍ബണില്‍ രണ്ടാം ടെസ്റ്റും ജനുവരി ഏഴിന് സിഡ്‌നിയില്‍ മൂന്നാം ടെസ്റ്റും ജനുവരി 15-ന് ബ്രിസ്‌ബെയ്‌നില്‍ നാലാം ടെസ്റ്റും നടക്കും. 

കഴിഞ്ഞ തവണ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാര്‍ണറിന്റെയും അഭാവത്തില്‍ സടകൊഴിഞ്ഞ സിംഹമല്ല ഇത്തവണ ഓസ്‌ട്രേലിയ. കഴിഞ്ഞ പരമ്പരയിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ചുതന്നെയാകും ഓസീസ് ഇത്തവണ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നത്. വിരാട് കോലി ആദ്യ ടെസ്റ്റിനു പിന്നാലെ മടങ്ങുക കൂടി ചെയ്യുന്നതോടെ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാണ് നേരിടാനുള്ളത്. പ്രത്യേകിച്ചും പാറ്റ് കമ്മിന്‍സും മിച്ചെല്‍ സ്റ്റാര്‍ക്കും മികച്ച ഫോം തുടരുന്ന സാഹചര്യത്തില്‍.

ഇവിടെയാണ് ചേതേശ്വര്‍ അരവിന്ദ് പൂജാരയെന്ന രാജ്കോട്ട്കാരന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് നിര്‍ണായകമാകുന്നത്. കഴിഞ്ഞ പരമ്പരയില്‍ ഓസീസ്, ക്യാപ്റ്റന്‍ വിരാട് കോലിക്കായി തന്ത്രങ്ങള്‍ ഒരുക്കിയപ്പോള്‍ അവര്‍ മുട്ടുകുത്തിയത് പൂജാരയ്ക്ക് മുന്നിലായിരുന്നു. കഴിഞ്ഞ തവണ നാല് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 74.42 ശരാശരിയില്‍ 521 റണ്‍സ് അടിച്ചുകൂട്ടിയ പൂജാരയായിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള പ്രധാന വ്യത്യാസം. പരമ്പരയുടെ താരവും പൂജാര തന്നെയായിരുന്നു. 

ബാറ്റ് കൊണ്ടും നാക്ക് കൊണ്ടും പോരാടുന്ന വിരാട് കോലിയിലെ ആക്രമണകാരിയായ ക്രിക്കറ്ററെ പോലെയല്ല പൂജാര. ഓസീസ് താരങ്ങളുടെ സ്ലെഡ്ജിങ്ങിനോട് തെല്ല് പോലും പ്രതികരിക്കാതെ ക്ഷമ എന്നത് ടെസ്റ്റ് ബാറ്റിങ്ങിന് എത്രത്തോളം ആവശ്യമാണെന്ന് പൂജാര ആ പരമ്പരയില്‍ കാണിച്ചുതന്നു. 

1258 പന്തുകളാണ് ഏഴു ഇന്നിങ്‌സുകളിലാകെ പൂജാര നേരിട്ടത്. ഓസ്ട്രേലിയയിലെ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും പൂജാര സ്വന്തമാക്കി. 2003-04 പരമ്പരയില്‍ 1203 പന്തുകള്‍ നേരിട്ട സാക്ഷാല്‍ രാഹുല്‍ ദ്രാവിഡിനെയാണ് ഈ കണക്കില്‍ പൂജാര പിന്നിലാക്കിയത്. വിജയ് ഹസാരെ (1192), വിരാട് കോലി (1093), സുനില്‍ ഗവാസ്‌ക്കര്‍ (1032) എന്നിവരും അദ്ദേഹത്തിന് പിന്നിലായി.

ഒപ്പം  ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ഞൂറിലധികം റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കഴിഞ്ഞ പരമ്പരയില്‍ പൂജാര സ്വന്തമാക്കി. രാഹുല്‍ ദ്രാവിഡും വിരാട് കോലിയുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.

രാഹുല്‍ ദ്രാവിഡ് എന്ന ഇന്ത്യന്‍ വന്‍മതിലിന്റെ പിന്‍ഗാമിയെന്നാണ് പൂജാരയെ ഇന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്. സെവാഗും സച്ചിനും ഗാംഗുലിയും യുവ്‌രാജുമെല്ലാം തിറഞ്ഞാടിയ ഇന്ത്യന്‍ ടീമിനെ പ്രതിരോധ കോട്ട കെട്ടി കാത്തത് ദ്രാവിഡായിരുന്നു. അതേ റോളാണ് ഇപ്പോള്‍ ആരാധകര്‍ പൂജാരയ്ക്കും ചാര്‍ത്തിക്കൊടുക്കുന്നത്. രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, വിരാട് കോലി എന്നവരടങ്ങിയ ടീമിലെ പ്രതിരോധ കോട്ടയാണ് പൂജാര.

കഴിഞ്ഞ പരമ്പരയില്‍ അഡ്‌ലെയ്ഡിലും മെല്‍ബണിലും സിഡ്‌നിയിലും നടന്ന ടെസ്റ്റുകളില്‍ പൂജാര സെഞ്ചുറി നേടുകയും ചെയ്തു. റണ്‍മെഷീന്‍ വിരാട് കോലിയെ പോലും പിന്നിലാക്കുന്ന പ്രകടനമാണ് അന്ന് പൂജാര പുറത്തെടുത്തത്.

ഓസീസ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ച പ്രകടനമായിരുന്നു പൂജാര പുറത്തെടുത്തത്. ക്ഷമകെട്ട് ഓസീസ് ബൗളര്‍ നഥാന്‍ ലിയോണ്‍ ''തനിക്ക് ബോറടിക്കുന്നില്ലേ'' എന്ന് പൂജാരയോടെ ചോദിക്കേണ്ട ഗതികേട് വരെ വന്നു.

കഴിഞ്ഞ പരമ്പരയില്‍ മൂന്ന് സെഞ്ചുറികളോടെ ഓസീസ് പര്യടനത്തില്‍ മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സുനില്‍ ഗാവസ്‌ക്കര്‍, വിരാട് കോലി എന്നിവര്‍ക്കൊപ്പം ഇടംപിടിക്കാനും പൂജാരയ്ക്ക് സാധിച്ചു.

ഇത്തവണ ഓസീസ് ടീം ഏറ്റവും കൂടുതല്‍ ഹോം വര്‍ക്ക് ചെയ്തിരിക്കുക പൂജാരയ്ക്കു വേണ്ടിയാകും. അതിനാല്‍ തന്നെ ഇത്തവണ താരത്തിന് നേരിടേണ്ടിവരിക കടുത്ത വെല്ലുവിളികളാകും. ഓസീസിന്റെ വമ്പൊടിക്കാന്‍ ഇത്തവണ ഒന്നാം ടെസ്റ്റിനു ശേഷം വിരാട് കോലി ഇല്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന് നിര്‍ണായകമാകുക പൂജാരയുടെ പ്രകടനം തന്നെയാകും.

Content Highlights: The Cheteshwar Pujara masterclass during 2018-19 Australian series