യു. ഷറഫലി | Photo: mathrubhumi
പുതിയ സ്ഥാനലബ്ധി
കാക്കിക്കുപ്പായം അഴിച്ചശേഷം എനിക്കു കിട്ടിയ ചുമതലയായിരുന്നു സന്തോഷ് ട്രോഫി ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍. ഇപ്പോള്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി. എല്ലാവരുടേയും സഹകരണത്തോടെ മാത്രം പ്രവര്‍ത്തിക്കാന്‍ പറ്റുന്ന മേഖലയാണിത്. കായികതാരങ്ങളുടെ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നു ചിന്തിച്ചാണ് കൗണ്‍സിലിന്റെ പടി കയറിയത്. അവിടെ ചെന്നപ്പോഴാണ് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടെന്ന് അറിഞ്ഞത്. പെന്‍ഷന്‍ കുടിശ്ശിക ലഭിക്കാത്തവരുടെ പ്രശ്നവും കേട്ടു. പ്രൊഫഷണലായി കായിക മേഖലയെ കാണുന്നവര്‍ കേരളത്തില്‍ കുറവാണ്. പക്ഷേ, വലിയൊരു വിഭാഗത്തിനു ഇതില്‍ പ്രതീക്ഷയുണ്ട്. ജോലി, വിദ്യാഭ്യാസ പ്രവേശനം തുടങ്ങിയവയൊക്കെ അതില്‍പ്പെടും. അവര്‍ക്കെല്ലാം വേണ്ടി ഞാനുണ്ടാകും.
ആദ്യ ചിരി
കഴിഞ്ഞദിവസം വുഷു അസോസിയേഷന്‍ ഭാരവാഹികള്‍ എന്നെ കാണാന്‍ വന്നു. രണ്ടു സംഘടനയായിരുന്ന അവര്‍ ഒന്നായ ശേഷമായിരുന്നു സന്ദര്‍ശനം. ചുമതല ഏറ്റെടുത്തശേഷം എനിക്കുണ്ടായ ആദ്യസന്തോഷം. നാല്‍പതിലധികം സംഘടനകള്‍ കൗണ്‍സിലിനു കീഴിലുണ്ട്. വിഘടിച്ചുനില്‍ക്കുന്ന കായികസംഘടനകളെ ഏകോപിപ്പിക്കല്‍ ഞാനേറ്റെടുത്ത വെല്ലുവിളിയാണ്. അല്ലെങ്കില്‍ കായികതാരങ്ങള്‍ക്കാകും അതിന്റെ ബുദ്ധിമുട്ട്. ഏകോപനം എളുപ്പമല്ലെന്ന് പലരും പറഞ്ഞു. കായിക നിയമത്തിനു കീഴില്‍നിന്ന് പരിഹരിക്കാനാണ് ശ്രമം.
ഫുട്ബോളും ക്രിക്കറ്റും
ഗ്രാസ് റൂട്ട് പദ്ധതിക്കു പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കും. കേരളത്തില്‍ ആസ്വാദകര്‍ കൂടുതലുള്ള ഗെയിമാണ് ഫുട്ബോള്‍. കെ.എഫ്.എ, എ.ഐ.എഫ്.എഫ്. തുടങ്ങിയവരുമായി സഹകരിച്ച് പദ്ധതികള്‍ കൊണ്ടുവരും. ഫുട്ബോളിനു മാത്രം പ്രത്യേക പരിഗണന നല്‍കുക ബുദ്ധിമുട്ടാണ്. ജനകീയ കായിക വിനോദമായതിനാല്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കും. കൗണ്‍സില്‍ ഗ്രാന്റ് അസോസിയേഷനുകള്‍ക്ക് സഹായകമാണ്. ക്രിക്കറ്റ് അസോസിയേഷന്‍ ഉയര്‍ന്ന സാമ്പത്തികം ഉള്ളവരാണ്. അവര്‍ക്ക് ഗ്രാന്റ് ആവശ്യമില്ല. എങ്കിലും ക്രിക്കറ്റ് അസോസിയേഷനെയും ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കും.
മലപ്പുറത്തൊരു സ്റ്റേഡിയം
കോട്ടപ്പടി സ്റ്റേഡിയത്തിനു പരിമിതികളുണ്ട്. ഇനി വികസനം അവിടെ നടക്കില്ല. എല്ലാം തികഞ്ഞ സ്റ്റേഡിയം മറ്റെവിടെയെങ്കിലും കായിക പ്രേമികളുടെ സഹകരണത്തോടെ പണിയണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. മേല്‍മുറി, വേങ്ങര, മക്കരപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളെ പരിഗണിക്കാവുന്നതാണ്. കോട്ടപ്പടിയില്‍ പൊതുജനങ്ങള്‍ക്കും പന്തുതട്ടാന്‍ അവസരം നല്‍കണമെന്നത് കാലങ്ങളായുള്ള ശബ്ദമാണ്. തീരുമാനമെടുക്കേണ്ടത് ജില്ലാ കൗണ്‍സിലാണ്. അക്കാര്യത്തില്‍ നിബന്ധന വേണം. സ്റ്റേഡിയം പരിപാലനം ചെലവുള്ള കാര്യമാണ്. പയ്യനാട് ദേശീയ മത്സരങ്ങള്‍ കൊണ്ടുവരുമെന്നു കായിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ഐ.എസ്.എല്‍. നടത്തുക പ്രയാസമാണ്. വരുംകാലത്ത് പലതും പ്രതീക്ഷിക്കാം.
ഭാവികാര്യങ്ങള്‍
കൗണ്‍സിലിനു സ്വന്തമായി ഫണ്ട് തയ്യാറാക്കല്‍ എന്റെ സ്വപ്നമാണ്. എല്ലാത്തിനു സര്‍ക്കാര്‍ ഫണ്ട് ആശ്രയിക്കല്‍ ശരിയല്ല. അത് എന്തൊക്കെയാണെന്ന് ചോദിച്ചാല്‍ എനിക്കു പഠിക്കാന്‍ സമയം തരൂ എന്നാണ് മറുപടി. ആദ്യം എല്ലാ ജില്ലകളും സന്ദര്‍ശിക്കണം. കോച്ചിങ് ക്യാമ്പുകള്‍ക്ക് താമസസൗകര്യം ഒരുക്കിയാലും നേട്ടമാണ്. ഹോട്ടലുകള്‍ക്ക് നല്‍കേണ്ട പകുതി തുകയ്ക്ക് കൗണ്‍സില്‍ താമസം ഒരുക്കിയാല്‍ ഗുണം രണ്ടുകൂട്ടര്‍ക്കുമാണ്.
Content Highlights: The challenge I took on was coordinating disparate sports organizations u Sharafali
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..