Photo Courtesy: ICC
'ഈ ടീം ലോകകപ്പിലെ കറുത്ത കുതിരകളാകും', 1983-ലെ ലോകകപ്പിനു മുമ്പ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കിം ഹ്യൂഗ്സ് പറഞ്ഞ ഈ വാക്കുകളെ അന്നത്തെ കടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ പോലും നല്ല അസ്സല് ചിരിയോടെയാണ് സ്വീകരിച്ചത്. അതിനു മുമ്പ് നടന്ന രണ്ട് ലോകകപ്പിലുമായി വെറും ഒരു ജയവും ആകെ മൊത്തം 40 ഏകദിനങ്ങളുടെ പരിചയവും മാത്രമുള്ള ഒരു ടീം ഇംഗ്ലണ്ട് പോലൊരു സ്ഥലത്ത് ഓസ്ട്രേലിയ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട് തുടങ്ങിയ കരുത്തരെ മറികടന്ന് കിരീടവുമായി മടങ്ങിയെത്തുമെന്ന് പറഞ്ഞാല്‍ ചിരിക്കാതെ പിന്നെങ്ങനെ?
എന്നാല്‍ 1983 ജൂണ്‍ 25-ന് ലോര്‍ഡ്സില്‍ നടന്ന ലോകകപ്പ് ഫൈനല്‍ അവസാനിച്ചപ്പോള്‍ കിം ഹ്യൂഗ്സ് നിറഞ്ഞു ചിരിച്ചു, ഇന്ത്യന്‍ ആരാധകര്‍ മതിമറന്നു ചിരിച്ചു, ക്രിക്കറ്റ് ലോകം മൂക്കത്ത് വിരല്‍ വെച്ചു. അതെ, വിവ് റിച്ചാര്‍ഡ്സും ക്ലൈവ് ലോയ്ഡും ഗോര്‍ഡണ്‍ ഗ്രീനിഡ്ജും ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്സും മൈക്കള്‍ ഹോള്‍ഡിങ്ങും അണിനിരന്ന കരീബിയന്‍ കരുത്തിനെ മറികടന്ന് കപിലിന്റെ ചെകുത്താന്മാര് ലോര്‍ഡ്സിലെ ചരിത്രഗാലറിയില് കപ്പുയര്‍ത്തി. ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിന് ശനിയാഴ്ച 39 വയസ് തികയുകയാണ്. അന്നുവരെ കളിച്ച 52 ഏകദിനങ്ങളില്‍ 38 എണ്ണത്തിലും വിജയിച്ച വിന്‍ഡീസ് കരുത്തിനെയാണ് ക്രിക്കറ്റിന്റെ മെക്കയില്‍ ഇന്ത്യ മറികടന്നത്.
ഇന്ത്യയില്‍ ക്രിക്കറ്റിനെ ജീവവായുവായി കാണുന്നവര്‍ക്ക് മറക്കാനാകാത്ത ദിവസമാണ് 1983 ജൂണ്‍ 25. ക്രിക്കറ്റില്‍ പകരംവെയ്ക്കാനില്ലാത്ത കരുത്തിന് ഉടമകളായിരുന്ന വെസ്റ്റിന്‍ഡീസിനു മുന്നില്‍ ഇന്ത്യ തല ഉയര്‍ത്തിപ്പിടിച്ച ദിവസം. ഇന്ത്യന്‍ ക്രിക്കറ്റിനെ ചരിത്രത്തില്‍ അടയാളപ്പെടുത്തിയ ദിനം. അന്ന് കപിലും സംഘവും തുറന്നു കൊടുത്ത വഴിയിലൂടെയാണ് പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റ് വളര്‍ന്നത്.
1975, 1979 ലോകകപ്പുകളിലെ ആധികാരിക വിജയങ്ങള്‍ക്കു ശേഷം ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് വിന്‍ഡീസ് ഇംഗ്ലണ്ടിലെത്തിയത്. അന്നും ഫേവറിറ്റുകളുടെ മുന്‍പന്തിയില്‍ ക്ലൈവ് ലോയ്ഡ് നയിച്ച കരീബിയന്‍ പട തന്നെയായിരുന്നു. താരതമ്യേന ദുര്‍ബലരായ ഇന്ത്യയെ ആരും കണക്കിലെടുത്തു പോലുമുണ്ടായിരുന്നില്ല.

ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോള്‍ തന്നെ വരാനിരിക്കുന്നത് അവരുടെ ബൗളിങ് നിരയുടെ കടന്നാക്രമണമായിരിക്കുമെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഉറപ്പിച്ചിരുന്നു. പേടിച്ചതുപോലെ തന്നെ സംഭവിച്ചു ജോയല്‍ ഗാര്‍നറും മാല്‍ക്കം മാര്‍ഷലും ആന്‍ഡി റോബര്‍ട്ട്സും മൈക്കള്‍ ഹോള്‍ഡിങ്ങും ആഞ്ഞടിച്ചപ്പോള്‍ 54.4 ഓവറില്‍ 183 റണ്‍സിന് ഇന്ത്യ കൂടാകം കയറി. കെ. ശ്രീകാന്ത് (38), അമര്‍നാഥ് (26), സന്ദീപ് പാട്ടില്‍ (27) എന്നിവര്‍ മാത്രമാണ് വിന്‍ഡീസ് ബൗളിങ്ങിനെതിരെ അല്പമെങ്കിലും പിടിച്ചുനിന്നത്.
ഇന്ത്യയുടെ പരാജയം എത്ര നേരത്തെയാകുമെന്നായിരുന്നു അന്ന് കാണികള്‍ കാത്തിരുന്നത്. എന്നാല്‍ ഇന്നിങ്സ് ബ്രേക്കിനിടെ കപില്‍ തന്റെ ടീമിനെ അടുത്തുവിളിച്ചു, എന്നിട്ട് പറഞ്ഞു ''അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ പരമാവധി ആസ്വദിച്ചുകളിക്കുക. പ്രത്യേകം ഓര്‍ക്കുക, അടുത്ത മൂന്ന് മണിക്കൂര്‍ നിങ്ങള്‍ നിങ്ങളുടെ കഴിവിന്റെ പരമാവധി മൈതാനത്ത് പുറത്തെടുത്താല്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെയ്ക്കാന്‍ സാധിക്കുന്ന നേട്ടമാണ് ലഭിക്കാന്‍ പോകുന്നത്.''
ആ വാക്കുകള്‍ ടീമിനെ എത്രമാത്രം പ്രചോദിപ്പിച്ചിരുന്നുവെന്ന് ഇന്ത്യ കളത്തിലിറങ്ങിയപ്പോഴാണ് കണ്ടത്. ഗ്രീനിഡ്ജിനെയും ഹെയ്ന്‍സിനെയും തുടക്കത്തിലേ പുറത്താക്കി സന്ധുവും മദന്‍ലാലും മികച്ച തുടക്കം നല്കി. എന്നാല്‍ വിന്‍ഡീസ് അത് ഒട്ടും കാര്യമായി എടുത്തില്ല. പിന്നീട് ക്രീസിലെത്തിയ സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സിന്റെ ശരീരഭാഷയില്‍ തന്നെയുണ്ടായിരുന്നു വിന്‍ഡീസ് ഇന്ത്യയെ എത്ര ലാഘവത്തോടെയാണ് കണ്ടതെന്ന്. വന്നപാടേ റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്ന് ഷോട്ടുകള്‍ ഓരോന്നായി ബൗണ്ടറിയിലെത്തി.
പന്ത് തരൂ, ഞാന്‍ ശരിയാക്കിത്തരാം
ഇന്ത്യന്‍ ബൗളിങ്ങിനെ റിച്ചാര്‍ഡ്സ് കശാപ്പു ചെയ്യുന്ന സമയത്ത് മദന്‍ ലാല്‍ കപിലിനടുത്തെത്തി. '' നിങ്ങളെനിക്ക് പന്തു തരൂ. ഞാന്‍ മുന്‍പ് റിച്ചാര്‍ഡ്സിനെ പുറത്താക്കിയിട്ടുണ്ട്, ഒരിക്കല്‍ക്കൂടി എനിക്ക് അതിന് സാധിക്കും.'' ഒരോവറില്‍ മൂന്ന് ബൗണ്ടറികള്‍ അതിനു മുമ്പ് മദന്‍ ലാല്‍ വഴങ്ങിയിരുന്നു. അദ്ദേഹത്തെ മാറ്റാന്‍ കപില്‍ ആലോചിക്കുമ്പോഴാണ് ഒരു ഓവര്‍ കൂടി ആവശ്യപ്പെട്ട് മദന്‍ ലാല്‍ എത്തുന്നത്. മറ്റ് ബൗളര്‍മാരും റിച്ചാര്‍ഡ്സിന്റെ തല്ലുവാങ്ങിക്കൂട്ടിയതിനാല്‍ കപിലിന് മറ്റു മാര്‍ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 27 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 33 റണ്‍സെടുത്തിരുന്ന റിച്ചാര്‍ഡ്സിന് 28-ാം പന്തില്‍ പിഴച്ചു. മദന്‍ ലാലിന്റെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിനു ശ്രമിച്ച റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്നും പന്ത് മിഡ് വിക്കറ്റിലേക്ക് ഉയര്‍ന്നുപൊങ്ങി.

കപിലിന്റെ ഓട്ടം
റിച്ചാര്‍ഡ്സിന്റെ ബാറ്റില്‍ നിന്നും പന്ത് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ മിഡ്വിക്കറ്റ് ഏരിയയില്‍ ഫീല്‍ഡര്‍മാരൊന്നും തന്നെ ഉണ്ടായിരുന്നില്ല. കാണികള്‍ ശ്വാസമടക്കി കാത്തിരുന്നു. പലരും പന്ത് ബൗണ്ടറിയെന്ന് ഉറപ്പിച്ചു. എന്നാല്‍ കപില്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ നിന്ന് കപില്‍ ഓടി. മറ്റൊരു ഭാഗത്തു നിന്ന് യശ്പാല്‍ ശര്‍മയും. ഇതുകണ്ട് ശര്‍മയോട് ഓട്ടം നിര്‍ത്താന്‍ മദന്‍ ലാല്‍ അലറി. അവിശ്വസനീയമായി കപില്‍ ആ ക്യാച്ച് കൈപ്പിടിയിലാക്കുമ്പോള്‍ അദ്ദേഹം 18 മീറ്റര്‍ പിന്നിട്ടിരുന്നു. ആ ലോകകപ്പിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്ന് പിറന്നുകഴിഞ്ഞിരുന്നു. അതോടെ ഇന്ത്യയ്ക്ക് വിജയത്തിലേക്കുള്ള വഴി തുറന്നുകിട്ടുകയായിരുന്നു.
ക്ലൈവ് ലോയ്ഡും ലാറി ഗോമസും ബാച്ചുസുമെല്ലാം ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. പക്ഷേ വീണ്ടും ഇന്ത്യയെ ഞെട്ടിച്ച് ജെഫ് ഡുജോണും മാല്‍ക്കം മാര്‍ഷലും പിടിച്ചുനിന്നു. എന്നാല്‍ അമര്‍നാഥ് അവിടെ ഇന്ത്യയുടെ രക്ഷയ്ക്കെത്തി. 73 പന്തുകള്‍ നേരിട്ട് 25 റണ്‍സെടുത്ത ഡുജോണിന്റെ കുറ്റി പിഴുത അമര്‍നാഥ് 51 പന്തില്‍ നിന്ന് 18 റണ്‍സെടുത്തിരുന്ന മാര്‍ഷലിനെ ഗാവസ്ക്കറുടെ കൈകളിലെത്തിച്ചു. പിന്നീട് എല്ലാം ചടങ്ങുകള്‍ മാത്രം. ഹോള്‍ഡിങ്ങിനെതിരായ അമര്‍നാഥിന്റെ എല്‍.ബി. അപ്പീലിന് അംപയര്‍ ഡിക്കി ബേര്‍ഡിന്റെ വിരലുയരുമ്പോള്‍ ഇന്ത്യ ചരിത്രം രചിച്ചുകഴിഞ്ഞിരുന്നു. ആരാധകര്‍ ലോര്‍ഡ്സിലെ മൈതാനത്തേക്കുള്ള കുതിപ്പ് ആരംഭിച്ചിരുന്നു. 52 ഓവറില്‍ വിന്‍ഡീസ് 140 റണ്‍സിന് പുറത്ത്. ഇന്ത്യയ്ക്ക് 43 റണ്‍സ് ജയവും പ്രഥമ ലോകകിരീടവും.
130 കോടിയിലേറെ ജനസഖ്യ വരുന്ന, ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ കായികചരിത്രത്തിലെ തന്നെ ആ സുപ്രധാന നേട്ടം പിന്നീട് ബിഗ് സ്ക്രീനിലൂടെ അടുത്തിടയ്ക്ക് കബീര്‍ ഖാനും രണ്‍വീര്‍ സിങ്ങും കൂടി നമ്മളിലേക്കെത്തിച്ചു, 83 എന്ന ചിത്രത്തിലൂടെ.

ഹണിമൂണ്‍ കുളമായ ശ്രീകാന്ത്
ലോകകപ്പിനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ തന്നെ തങ്ങള്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കു ശേഷം തിരിച്ച് വണ്ടികയറുമെന്ന് ഉറപ്പിച്ച് എത്തിയവരായിരുന്നു. അതുകൊണ്ടുതന്നെ ടീം അംഗങ്ങള്‍ ഒട്ടുമിക്ക പേരും വെക്കേഷന് ആദ്യമേ പ്ലാന്‍ ചെയ്താണ് എത്തിയത്. ലോകകപ്പിനു തൊട്ടുമുന്‍പ് വിവാഹിതനായ കൃഷ്ണമാചാരി ശ്രീകാന്ത് തന്റെ ഹണിമൂണ്‍ വരെ പ്ലാന്‍ ചെയ്താണ് എത്തിയത്. എന്നാല്‍ എല്ലാവരുടെയും എല്ലാ പ്ലാനുകളും തെറ്റി. ഗ്രൂപ്പ് ഘട്ടവും കടന്ന് ഇന്ത്യ മുന്നേറിയതോടെ കളിക്കാരെല്ലാവരും തങ്ങളുടെ വെക്കേഷന് പ്ലാനെല്ലാം റദ്ദാക്കി. ശ്രീകാന്തിന് തന്റെ ഹണിമൂണ്‍ വരെ മാറ്റിവെക്കേണ്ടി വന്നു.
കരീബിയന്‍ കരുത്തിനെ വീഴ്ത്തി തന്നെ തുടക്കം
ഇംഗ്ലണ്ട് ആ ലോകകപ്പിലെ ഉദ്ഘാടനമത്സരത്തോടെ ഇന്ത്യ ഞെട്ടിച്ചത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കമായിരുന്നു. അക്കാലത്തെ ക്രിക്കറ്റിലെ പകരംവെയ്ക്കാനില്ലാത്ത വെസ്റ്റിന്‍ഡീസിനെ ലോകകപ്പിലെ ആദ്യമത്സരത്തില്‍ തന്നെ 34 റണ്‍സിന് തകര്‍ത്തായിരുന്നു കപിലിന്റെയും സംഘത്തിന്റെയും തുടക്കം. 1983 ജൂണ്‍ 10-ന് മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡ് ക്രിക്കറ്റ് മൈതാനത്തായിരുന്നു ആ ഇന്ത്യന്‍ അട്ടിമറി.
അന്ന് ടോസ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡിന് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. മൈക്കിള്‍ ഹോള്‍ഡിങ്, ആന്‍ഡി റോബര്‍ട്ട്സ്, ജോയല്‍ ഗാര്‍നര്‍, മാല്‍ക്കം മാര്‍ഷല്‍ എന്നിവരടങ്ങിയ കരുത്തുറ്റ വിന്‍ഡീസ് പേസ് നിരയ്ക്കെതിരേ മാഞ്ചെസ്റ്റര്‍ പോലുള്ള ഒരു മൈതാനത്ത് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിടിച്ചുനില്‍ക്കുക അസാധ്യമായിരിക്കുമെന്ന് ലോയ്ഡ് കരുതി. തുടക്കത്തില്‍ പതറിയെങ്കില്‍ അഞ്ചാമനായെത്തിയ യശ്പാല്‍ ശര്‍മ പിടിച്ചുനിന്നതോടെ ഇന്ത്യ 60 ഓവറില്‍ എട്ടിന് 262 റണ്‍സെന്ന ഭേദപ്പെട്ട സ്കോറിലെത്തി. മൊഹീന്ദര്‍ അമര്‍നാഥ് (21), സന്ദീപ് പാട്ടീല്‍ (36), റോജര്‍ ബിന്നി (27), മദന്‍ ലാല്‍ (21) എന്നിവരുടെ ചെറിയ സംഭാവനകളും ഇന്ത്യയ്ക്ക് തുണയായി.

263 റണ്‍സെന്ന വിജയലക്ഷ്യം ഗോര്‍ഡന്‍ ഗ്രീനിഡ്ജും ഡെസ്മണ്ട് ഹെയ്ന്സും സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സുമടങ്ങുന്ന ബാറ്റിങ് നിര അനായാസം മറികടക്കുമെന്ന തന്നെ ക്രിക്കറ്റ് ലോകം കരുതി. മിക്ക പത്രങ്ങളും വിന്‍ഡീസ് ജയം മുന്‍നിര്‍ത്തി അച്ച് നിരത്തിത്തുടങ്ങുക വരെ ചെയ്തു. ഗ്രീനിഡ്ജും ഹെയ്ന്സും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തപ്പോള്‍ തന്നെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരുടെ മുഖം വാടിത്തുടങ്ങിയിരുന്നു. എന്നാല്‍ ഹെയ്ന്സിന്റെ റണ്ണൗട്ടോടെ കളിയുടെ ഗതി മാറിത്തുടങ്ങി. പിന്നീട് ഏഴുറണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗ്രീനിഡ്ജിനെ ബല്‍വിന്ദര്‍ സന്ധു മടക്കി. ഇതോടെ റിച്ചാര്‍ഡ്സിനെ തന്റെ പതിവ് ആക്രമണസ്വഭാവം വിട്ട് പ്രതിരോധിച്ച് കളിക്കാന്‍ പ്രേരിപ്പിക്കാനും ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. 36 പന്തില്‍ നിന്നും 17 റണ്‍സ് മാത്രമെടുത്ത റിച്ചാര്‍ഡ്സിനെ മടക്കി റോജര്‍ ബിന്നി ടീമിന് ആത്മവിശ്വാസമേകി. പിന്നാലെ ബിന്നിയും രവി ശാസ്ത്രിയും നന്നായി പന്തെറിഞ്ഞതോടെ വിന്‍ഡീസിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമാകാന്‍ തുടങ്ങി.
157 റണ്‍സില്‍ വിന്‍ഡീസിന്റെ ഒമ്പതാം വിക്കറ്റും വീണതോടെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരും ഡ്രസ്സിങ് റൂമില്‍ മറ്റ് താരങ്ങളും ആഘോഷം തുടങ്ങിയിരുന്നു. മത്സരം അങ്ങനെ വിട്ടുകൊടുക്കാന്‍ വിന്‍ഡീസിന്റെ അവസാനവിക്കറ്റ് കൂട്ടുകെട്ട് ഒരുക്കമായിരുന്നില്ല. പതിനൊന്നാമന്‍ ജോയല്‍ ഗാര്‍നറെ കൂട്ടുപിടിച്ച് ആന്‍ഡി റോബര്‍ട്ട്സ് ഇന്ത്യന്‍ ആരാധകരുടെ മുഖത്ത് അത്ര നേരം നിറഞ്ഞുനിന്നിരുന്ന പുഞ്ചിരി മായ്ച്ചുതുടങ്ങി. 200 റണ്‍സും പിന്നിട്ട് വിന്‍ഡീസ് സ്കോര്‍ കുതിച്ചതോടെ ഇന്ത്യ പ്രതിരോധത്തിലായി. കപിലും സന്ധുവും മദന്‍ ലാലും ബിന്നിയും എന്തിന് സന്ദീപ് പാട്ടീലടക്കം മാറിമാറി പന്തെറിഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടിയ ഈ കൂട്ടുകെട്ട് 55-ാം ഓവറിലെ ആദ്യപന്തില്‍ രവി ശാസ്ത്രി പൊളിച്ചു. 37 റണ്‍സെടുത്ത ഗാര്‍നറെ ശാസ്ത്രിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സയ്യിദ് കിര്‍മാനി സ്റ്റമ്പ് ചെയ്തതോടെ ഇന്ത്യ അപ്രാപ്യമെന്ന് കരുതിയ ആ വിജയം സ്വന്തമാക്കി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി ബിന്നിയും ശാസ്ത്രിയും തിളങ്ങി. ഇന്ത്യ വിജയാഘോഷങ്ങള്‍ തുടങ്ങിയപ്പോള്‍ ക്രീസില്‍ അപ്പോഴും പരാജയം സമ്മതിക്കാന്‍ വിസമ്മതിച്ചെന്ന പോലെ ആന്‍ഡി റോബര്‍ട്സ് (37*) നിലകൊണ്ടു.

ടേണ്‍ബ്രിഡ്ജ് വെല്‍സില്‍ കപിലിന്റെ അദ്ഭുതം
ഇതിഹാസ താരം ഗാവസ്ക്കര്‍ അടക്കം പലരും ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഇന്നിങ്സ് ഏതെന്ന ചോദ്യത്തിന് നല്കുന്ന ഒരു ഉത്തരമുണ്ട്. ഇന്ത്യന്‍ ബാറ്റിങ് നിര അക്ഷരാര്‍ഥത്തില്‍ ചീട്ടുകൊട്ടാരമായ ഒരു അവസരത്തില്‍ കപില്‍ ദേവ് എന്ന ഇതിഹാസ നായകന് 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് വെല്‍സില്‍ കാഴ്ചവെച്ച ആ അദ്ഭുത ബാറ്റിങ് വിരുന്ന്. നേടിയ റണ്‍സിനേക്കാളും മറ്റെന്തിനേക്കാളുമുപരി ആ ഇന്നിങ്സ് കപില്‍ പടുത്തുയര്‍ത്തേണ്ടി വന്ന സാഹചര്യമാണ് ആ ഇന്നിങ്സ് ഇന്നും വാഴ്ത്തപ്പെടാന്‍ കാരണം.
കരുത്തരായ വെസ്റ്റിന്‍ഡീസിനെ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ 34 റണ്‍സിന് തകര്‍ത്തായിരുന്നു കപിലിന്റെയും സംഘത്തിന്റെയും തുടക്കം. രണ്ടാം മത്സരത്തില്‍ സിംബാബ്വെയെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ആത്മവിശ്വാസമുയര്‍ത്തി. എന്നാല്‍ പിന്നീട് ഓസ്ട്രേലിയയോടും രണ്ടാം റൗണ്ട് മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോടും തോറ്റു. ഓസീസിനോട് 162 റണ്‍സിന്റെ വമ്പന്‍ തോല്‍വി ഇന്ത്യയുടെ ആത്മവിശ്വാസം തകര്‍ത്തു. പിന്നീലെ ആദ്യ മത്സരത്തിലെ തോല്‍വിക്ക് വിന്‍ഡീസ് പകരം വീട്ടിയതോടെ അവിടെ ഇന്ത്യ തോറ്റത് 66 റണ്‍സിന്. തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഇന്ത്യയുടെ നോക്കൗണ്ട് സാധ്യതകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. അതിനാല്‍ തന്നെ ടൂര്‍ണമെന്റിലെ തങ്ങളുടെ അഞ്ചാം മത്സരത്തില്‍ ജയിക്കണമെന്നുറച്ചു തന്നെയാണ് ഇന്ത്യ സിംബാബ്വെയ്ക്കെതിരേ കളത്തിലിറങ്ങിയത്. സിംബാബ്വെയ്ക്കും മത്സരം നിര്‍ണായകമായിരുന്നു.
ടോസ് നേടിയപ്പോള്‍ ബാറ്റിങ് തിരഞ്ഞെടുക്കാന്‍ കപിലിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഗാവസ്ക്കറും കൃഷ്ണമാചാരി ശ്രീകാന്തും ക്രീസിലേക്ക്. ഇതിനിടെ ചൂടുവെള്ളത്തില്‍ ഒരു കുളി പാസാക്കാന്‍ കപില്‍ കുളിമുറിയില്‍ കയറിയിരുന്നു. ഇന്ത്യന്‍ സംഘത്തില്‍ ആരും തന്നെ അപകടകരമായ സാഹചര്യമൊന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇന്നിങ്സിന്റെ രണ്ടാം പന്തില്‍ തന്നെ പീറ്റര്‍ റോസന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ഗാവസ്ക്കര്‍ പുറത്ത്. പിന്നാലെ സംപൂജ്യനായി ശ്രീകാന്തും ഡ്രസ്സിങ് റൂമിലേക്ക്. 20 പന്തുകള്‍ പ്രതിരോധിച്ച് മൊഹീന്ദര്‍ അമര്‍നാഥും (5) 10 പന്തുകളുടെ മാത്രം ആയുസുണ്ടായിരുന്ന സന്ദീപ് പാട്ടീലും (1) മടങ്ങിയതോടെ, ആസ്വദിച്ച് കുളിച്ചിരുന്ന കപില്‍ അതവസാനിപ്പിച്ച് ക്രീസിലേക്ക്. ഇന്ത്യ അപ്പോള്‍ ഒമ്പത് റണ്‍സിന് നാലു വിക്കറ്റെന്ന നിലയില്‍. എട്ടു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും 28 പന്തുകള്‍ നീണ്ട ഇന്നിങ്സ് അവസാനിപ്പിച്ച് യശ്പാല്‍ ശര്‍മയും (9) മടങ്ങി. പകുതിപ്പേര്‍ ഡ്രസ്സിങ് റൂമില്‍ തിരിച്ചെത്തിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലുണ്ടായിരുന്നത് വെറും 17 റണ്‍സ് മാത്രം.
എല്ലാം അവസാനിച്ചുവെന്ന് ഇന്ത്യന്‍ ടീമും ആരാധകരും ഒന്നടങ്കം ഉറപ്പിച്ചിരുന്നു. ഏഴാമനായി റോജര്‍ ബിന്നി ക്രീസിലേക്ക്. കളിക്കാന്‍ ഇനിയും ധാരാളം പന്തുകളുണ്ട്, ധൃതി വേണ്ടെന്ന ഉപദേശം മാത്രമാണ് ബിന്നിക്ക് കപില്‍ നല്‍കിയത്. മോശം പന്തുകള്‍ മാത്രം കളിച്ച് റിസ്ക്കുകള്‍ ഒഴിവാക്കി ആ കൂട്ടുകെട്ട് പതിയെ മുന്നേറി. എന്നാല്‍ സ്കോര്‍ 77-ല്‍ എത്തിയപ്പോള്‍ ബിന്നിയെ ട്രൈകോസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 48 പന്തുകള്‍ നേരിട്ട് 22 റണ്‍സെടുത്ത ബിന്നിയുടെ ഇന്നിങ്സില്‍ രണ്ടു ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കപിലാകട്ടെ അതുവരെ ഒറ്റ ബൗണ്ടറി പോലും നേടിയില്ല. ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രവി ശാസ്ത്രി കൂടി മടങ്ങിയതോടെ ഇന്ത്യ ഏഴിന് 78 എന്ന പരിതാപ സ്ഥിതിയിലായി.

പിന്നീടാണ് ലോകകപ്പുകളുടെ ചരിത്രത്തിലെ തന്നെ മഹത്തായ ഒരു ഇന്നിങ്സിന് അവിടെ തിരശ്ശീല ഉയരുന്നത്. മദന്‍ ലാലിനെ കൂട്ടുപിടിച്ച് സ്കോര്‍ 140 വരെയെത്തിച്ചു കപില്‍. തുടര്‍ന്നെത്തിയ സയ്യിദ് കിര്‍മാനി ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിച്ച് ബാറ്റ് വീശി. 25 ഓവറുകള്‍ക്ക് ശേഷമാണ് കപിലിന്റെ വ്യക്തിഗത സ്കോര്‍ 50 കടക്കുന്നത്. അവിടെ നിന്നും അങ്ങോട്ട് 'ഹരിയാണ ഹരിക്കെയ്ന്' എന്ന് വിളിപ്പേരുവീണ കപിലിന്റെ ചുഴലിക്കാറ്റ് ആഞ്ഞുവീശാന്‍ തുടങ്ങി. അതുവരെ സിംബാബ്വെ ബൗളര്‍മാരെ ബഹുമാനത്തോടെ നേരിട്ട കപിലിന്റെ ബാറ്റില്‍ നിന്ന് പന്തുകള്‍ ടേണ്‍ബ്രിഡ്ജ് വെല്‍സിലെ എല്ലാ ദിക്കുകളിലേക്കും പറന്നു. കാണികള്‍ കപിലിന്റെ ബാറ്റില്‍ നിന്ന് വരുന്ന പന്തുകള്‍ ദേഹത്ത് തട്ടാതിരിക്കാനുള്ള പ്രതിരോധമെല്ലാം സ്വീകരിച്ചു. ചില പന്തുകള്‍ പവലിയന്റെ ഗ്ലാസുകളും തകര്‍ത്തു. ഇതെല്ലാം കണ്ട് ക്യാപ്റ്റന്‍ ഉറച്ച പിന്തുണയുമായി ക്ഷമയുടെ ആള്‍രൂപമായി കിര്‍മാനി ക്രീസിലുണ്ടായിരുന്നു.
ഒരു ക്യാപ്റ്റന്റെ ഇന്നിങ്സ് എന്താണെന്ന് കപില്‍ ലോകത്തിന് കാണിച്ചുകൊടുത്തു. ഒരു ഘട്ടത്തില്‍ അഞ്ചിന് 17 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 138 പന്തില്‍ നിന്ന് ആറു സിക്സറുകളുടെയും 16 ബൗണ്ടറികളുടെയും അകമ്പടിയോടെ 175 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കപില്‍ 266 റണ്‍സെന്ന മാന്യമായ സ്കോറിലെത്തിച്ചു. ബാക്കി എല്ലാവരും കൂടി 162 പന്തുകളില്‍ നിന്ന് നേടിയത് 91 റണ്‍സ് മാത്രമാണ് എന്ന കണക്കില്‍ തന്നെയുണ്ട് ആ ഇന്നിങ്സിന്റെ വില. ഒമ്പതാം വിക്കറ്റില്‍ 126 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടില്‍ 75 ശതമാനത്തിലേറെ പന്തുകള്‍ നേരിട്ടത് കപിലായിരുന്നു.
ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോറായി ചരിത്രത്തില്‍ ഇടംപിടിക്കുമായിരുന്ന ഇന്നിങ്സാണ് കപില്‍ദേവിന്റെ 175 റണ്‍സ് എന്ന ലോകറെക്കോഡ് പ്രകടനത്തോടെ അന്ന് വിജയമായി പരിണമിച്ചത്. ആറാംവിക്കറ്റില്‍ റോജര്‍ ബിന്നിയുമൊത്ത് 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കപില്‍ എട്ടാം വിക്കറ്റില്‍ മദന്ലാലിനൊപ്പം 62 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഒമ്പതാം വിക്കറ്റില്‍ സയ്യിദ് കിര്‍മാനിയോടൊപ്പം 126 റണ്‍സ് ചേര്‍ത്തു. ഈ കൂട്ടുകെട്ട് പൊളിക്കാന്‍ സിംബാബ്വെയ്ക്ക് കഴിഞ്ഞതുമില്ല. ഒമ്പതാം വിക്കറ്റില്‍ കപിലും കിര്‍മാനിയും ചേര്‍ന്ന് സൃഷ്ടിച്ച റെക്കോഡ് 27 വര്‍ഷങ്ങള്‍ നീണ്ടുനിന്നു. സ്കോര്‍ 172-ല്‍ എത്തിയപ്പോള്‍ ഏകദിനക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോഡും കപില്‍ സ്വന്തമാക്കി. ന്യൂസീലന്‍ഡിന്റെ ഗ്ലെന്‍ ടര്‍ണറുടെ 171 റണ്‍സ് എന്ന റെക്കോഡാണ് കപില്‍ തിരുത്തിയത്.

ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അത് ധാരാളമായിരുന്നു. സിംബാബ്വെയെ അവര്‍ 235 റണ്‍സിന് എറിഞ്ഞിട്ടു. 31 റണ്‍സ് ജയത്തോടെ ടീം പ്രതീക്ഷ നിലനിര്‍ത്തി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഒറ്റയാള്‍പ്രകടനം പക്ഷേ ഇന്ത്യക്കാര്‍ക്ക് ആസ്വദിക്കാനായില്ല. അന്ന് ബി.ബി.സിയുടെ ക്യാമറാമാന്മാര് പണിമുടക്കിലായിരുന്നു എന്നതായിരുന്നു ഔദ്യോഗിക വിശദീകരണം. പൊതുവേ പ്രചരിച്ച കഥയും ഇതു തന്നെ. എന്നാല്‍ ഇന്ത്യ സിംബാബ്വെയെ നേരിട്ട ജൂണ്‍ പതിനെട്ടിന് മറ്റ് മൂന്ന് കളികള്‍ കൂടിയുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ മാഞ്ചെസ്റ്ററില്‍ പാകിസ്താനും ഇംഗ്ലണ്ടും തമ്മിലും ഡെര്‍ബിയില്‍ ശ്രീലങ്കയും ന്യൂസീലന്‍ഡും തമ്മിലും ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ബിയില്‍ ലോര്‍ഡ്സില്‍ ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലും. ബിബിസി സ്വാഭാവികമായും പാകിസ്താന്-ഇംഗ്ലണ്ട്, ഓസ്ട്രേലിയ-വിന്‍ഡീസ് മത്സരത്തിന് താത്പര്യം കാണിച്ചു അവ രണ്ടും സംപ്രേഷണം ചെയ്തു. ഇന്ത്യ - സിംബാബ്വെ മത്സരം ആര് കാണാന്‍ എന്നതായിരുന്നു ബിബിസിയുടെ നിലപാട്. അന്ന് ഇന്ത്യന്‍ സംഘത്തിന്റെ മാനേജറായിരുന്ന മാന്‍സിങ്ങാണ് പില്ക്കാലത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാല്‍ അതോടെ ക്രിക്കറ്റ് ലോകത്തിനും ഇന്ത്യന്‍ ക്രിക്കറ്റിനും നഷ്ടമായത് മഹത്തായ ഒരു ഇന്നിങ്സിന്റെ കാഴ്ചകളാണ്. ജൂണ്‍ 18-ലെ ആ ചരിത്ര വിജയം ഇന്ത്യന്‍ ടീമിന് സമ്മാനിച്ച ആത്മവിശ്വാസം ചെറുതൊന്നുമായിരുന്നില്ല. ആ തേരോട്ടം ഒടുവില്‍ അവസാനിച്ചത് ഇന്ത്യയുടെ ആദ്യ വിശ്വവിജയത്തിലും.
ഒടുവില്‍ രക്ഷയ്ക്കെത്തിയത് ലതാജി
ആദ്യ ലോകകിരീടം നേടിയതിനു ശേഷം ടീം തിരിച്ച് ഇന്ത്യയിലെത്തി. ബി.സി.സി.ഐക്ക് ലോകകപ്പ് നേടിയ കളിക്കാര്‍ക്ക് പാരിതോഷികം കൊടുക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനായുള്ള ഫണ്ട് കണ്ടെത്താന്‍ അവര്‍ക്ക് സാധിക്കാതെ വന്നു. അന്ന് കാല്‍ക്കാശ് നീക്കിയിരിപ്പില്ലായിരുന്നു ബി.സി.സി.ഐയുടെ പക്കല്‍. ഇന്ന് നമ്മള് കാണുന്ന പണക്കൊഴുപ്പിന്റെ ബി.സി.സി.ഐ ആയിരുന്നില്ല അന്ന്. ഒടുവില്‍ ബി.സി.സി.ഐ. പ്രസിഡന്റ് എന്‍.കെ.പി. സാല്‍വെ ഒരു വഴി കണ്ടെത്തി. പ്രശസ്ത ഗായിക ലതാ മങ്കേഷ്ക്കറെ സമീപിച്ച സാല്‍വെ ഒരു സംഗീതനിശ സംഘടിപ്പിക്കാന്‍ അനുവാദം വാങ്ങി. അങ്ങനെ ഓഗസ്റ്റ് 17-ന് ഡല്‍ഹിയില്‍ സംഗീതനിശ സംഘടിപ്പിക്കപ്പെട്ടു. ഒരൊറ്റ രാത്രി കൊണ്ട് ഇരുപത് ലക്ഷം രൂപയാണ് അന്ന് ലതാജി ബി.സി.സി.ഐയ്ക്ക് നേടിക്കൊടുത്തത്, അതും ഒരൊറ്റ രൂപ പോലും പ്രതിഫലമായി വാങ്ങാതെ. അന്ന് ആ പണം ഉപയോഗിച്ചാണ് ബി.സി.സി.ഐ. ടീമിലെ ഓരോ താരത്തിനും ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..