ആസ്റ്റക്കില്‍ ദൈവവും ചെകുത്താനും ഒന്നിച്ച് പന്ത് തട്ടിയ ദിനം


അഭിനാഥ് തിരുവലത്ത്‌

5 min read
Read later
Print
Share

Photo: Getty Images

ലോകത്തുള്ള ഏത് കോണിലും പ്രായമായവര്‍ തങ്ങളുടെ പേരക്കുട്ടികള്‍ക്കും മറ്റുമായി പറഞ്ഞുകൊടുക്കുന്ന കഥകളില്‍ പലപ്പോഴും കഥാപാത്രങ്ങളായി ദൈവവും ചെകുത്താനുമുണ്ടാകും. ദൈവം ചെകുത്താനുമേല്‍ വിജയം നേടുന്നതോടെ കഥയും കഴിയും. എന്നാല്‍ ദൈവവും ചെകുത്താനും ഒന്നിച്ച് ഒരു ഫുട്‌ബോള്‍ മൈതാനത്ത് പന്ത് തട്ടാനിറങ്ങിയ കഥ എത്ര പേര്‍ കേട്ടിട്ടുണ്ട്. അതെ, കൃത്യമായി പറഞ്ഞാല്‍ ഇന്നേക്ക് 36 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്‌സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ ദൈവവും ചെകുത്താനും ഒന്നിച്ച് പന്ത് തട്ടാനിറങ്ങിയിരുന്നു. ഒരേ കുപ്പായത്തില്‍. ഫുട്‌ബോള്‍ എന്ന കളിയേയും ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരേയും രണ്ടായി പകുത്ത രണ്ട് ഗോളുകളുടെ പിറവിക്ക് ലോകം സാക്ഷ്യം വഹിച്ചത് 36 വര്‍ഷം മുമ്പത്തെ ഒരു ജൂണ്‍ 22-നായിരുന്നു. അതില്‍ കരസ്പര്‍ശമേറ്റ ആദ്യ ഗോള്‍ ചെകുത്താനില്‍ നിന്ന് പിറവിയെടുത്തതാണെന്ന പഴി കേട്ടപ്പോള്‍ നാലു മിനിറ്റിന്റെ വ്യത്യാസത്തില്‍ പിറന്ന മറ്റൊന്നിനെ ആ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ചതെന്ന് ലോകം വാഴ്ത്തി. രണ്ടും പിറന്നത് ഇതിഹാസതുല്യനായ ഒരു താരത്തില്‍ നിന്ന്, ഡീഗോ അര്‍മാന്‍ഡോ മാറഡോണ എന്ന ഫുട്‌ബോള്‍ ദൈവത്തില്‍ നിന്ന്. ഫുട്‌ബോളിന്റെ ചരിത്രത്താളുകളില്‍ ഇടംനേടിയ മാറഡോണയുടെ കളിജീവിതത്തിലെ രണ്ട് പ്രധാന ഗോളുകള്‍ പിറന്നിച്ച് ഇന്നേക്ക് 36 വര്‍ഷം തികയുകയാണ്.

അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ള ഫുട്‌ബോള്‍ വൈരത്തിന് അഞ്ചരപതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 1966-ലെ ഇംഗ്ലണ്ട് ലോകകപ്പില്‍ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ തങ്ങളുടെ ക്യാപ്റ്റന്‍ അന്റോണിയോ റാറ്റിനെ പുറത്താക്കിയ ജര്‍മന്‍ റഫറി റുഡോള്‍ഫ് ക്രെയ്റ്റ്‌ലെയ്‌നിന്റെ നടപടി അവര്‍ക്ക് പൊറുക്കാന്‍ സാധിക്കുന്നതിലും അപ്പുറമായിരുന്നു. കാടന്‍ ഫൗളുകളാല്‍ സമ്പന്നമായ ആ മത്സരത്തിലെ തോല്‍വിയുടെ ഓര്‍മകള്‍ കളിക്കളത്തില്‍ ഉപേക്ഷിച്ച് പോരാന്‍ അര്‍ജന്റീനക്കാര്‍ ഒരുക്കമല്ലായിരുന്നു. സ്പാനിഷ് ഭാഷയുടെ നെല്ലും പതിരും തിരിയാത്ത ക്രെയ്റ്റ്‌ലെയ്ന്‍ ഇംഗ്ലണ്ടിന് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നു തന്നെ അവര്‍ ഉറച്ചുവിശ്വസിച്ചു. വിവാദം അവിടം കൊണ്ടും തീര്‍ന്നില്ല. ആരാധക പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷ് മാനേജര്‍ ആല്‍ഫ് റാംസി അര്‍ജന്റീനക്കാരെ 'മൃഗങ്ങള്‍' എന്ന് വിളിച്ച് അപമാനിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം ഫുട്‌ബോള്‍ മൈതാനത്തിന് പുറത്തേക്കും ആ വൈരം നീണ്ടു. ദക്ഷിണ അറ്റ്‌ലാന്റിക്കില്‍ സ്ഥിതി ചെയ്തിരുന്ന ഫോക്‌ലന്‍ഡ് ദ്വീപുകളെ ചുറ്റിപ്പറ്റിയായിരുന്നു അടുത്തത്. ഇത് 1982-ലെ ഫോക്‌ലന്‍ഡ് യുദ്ധത്തിലേക്ക് വരെ നയിക്കുകയും ചെയ്ത വൈരമായിരുന്നു. ബ്രിട്ടീഷുകാര്‍ തങ്ങളുടെ അധീനതയിലാണെന്ന് അവകാശവാദമുന്നയിച്ചിരുന്ന ഈ പ്രദേശത്തെ തങ്ങളുടെ സ്വന്തം ഐസ്‌ലാസ് മാല്‍വിനാസ് എന്നാണ് അര്‍ജന്റീനക്കാര്‍ വിളിച്ചിരുന്നത്. 1982 ഏപ്രില്‍ രണ്ടിന് ഫോക്‌ലന്‍ഡ് ദ്വീപിലെത്തിയ അര്‍ജന്റീനിയന്‍ സൈന്യത്തിന്റെ നടപടിയെ തങ്ങളുടെ പ്രദേശത്തേക്കുള്ള കടന്നുകയറ്റമായാണ് ബ്രിട്ടീഷുകാര്‍ കണ്ടത്. എഴുന്നൂറോളം അര്‍ജന്റീനക്കാരുടെ മരണത്തിലേക്ക് നയിച്ച ഈ യുദ്ധം എന്നും അവരുടെ മനസില്‍ ഒരു കനലായി തന്നെ തുടര്‍ന്നു. അവിടെ നിന്നും നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെക്‌സിക്കോയില്‍ അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിന് കളമൊരുങ്ങിയത്.

ഇക്കാരണങ്ങളാല്‍ തന്നെ ഒരു പകവീട്ടലിന്റെ കണക്കുകള്‍ മനസില്‍ വെച്ചാണ് അര്‍ജന്റീനക്കാര്‍ ആസ്റ്റക്കില്‍ അണിനിരന്നത്. 90 മിനിറ്റ് സമയം കളിച്ചാല്‍ തീരാത്ത കണക്കുകള്‍ അവര്‍ക്ക് തീര്‍ക്കാന്‍ ബാക്കിയുണ്ടായിരുന്നു.

Photo: Getty Images

ദൈവത്തിന്റെ കൈ പതിഞ്ഞ ഗോള്‍

ഫുട്‌ബോള്‍ മൈതാനത്ത് കാലുകളാണ് താരം. 90 മിനിറ്റ് നീളുന്ന മത്സരത്തില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമുള്ളത് ഗോള്‍ കീപ്പര്‍മാരുടെ നാലേ നാലു കൈകള്‍ക്ക് മാത്രമാണ്. 36 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1986 ജൂണ്‍ 22-ന് മെക്സിക്കോ സിറ്റിയിലെ ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ ഒരു 'കൈ' പ്രയോഗം അരങ്ങേറി. ലോകത്തെ ഒരു ചെറിയ ഗോളത്തിലേക്ക് ആവാഹിക്കുന്ന ഫുട്‌ബോള്‍ എന്ന കളിക്ക് ജീവനുള്ള കാലത്തോളം ആരും മറക്കാത്ത ഒരു കൈ പ്രയോഗം. മാറഡോണയെന്ന അതിമാനുഷനെ കുറിച്ച് പറയുമ്പോഴെല്ലാം ആളുകള്‍ ഓര്‍ക്കുക 1986 ലോകകപ്പിലെ ആ ഗോളിനെ കുറിച്ചാണ്.

1986 മേയ് 31 മുതല്‍ ജൂണ്‍ 29 വരെ മെക്സിക്കോയില്‍ നടന്ന പതിമൂന്നാമത് ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലാണ് വിഖ്യാതമായ ആ ഗോളിന്റെ പിറവി. ആസ്റ്റക്ക് സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലേറെ കാണികള്‍ സാക്ഷിയായ മത്സരം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മത്സരത്തിന്റെ 51-ാം മിനിറ്റിലാണ് ടീമിനായി ക്യാപ്റ്റന്‍ കൂടിയായ മാറഡോണ ആ കടും 'കൈ' ചെയ്തത്. മാറഡോണയും സഹതാരം ജോര്‍ജ് വാല്‍ഡാനോയും ചേര്‍ന്ന ഒരു മുന്നേറ്റം. ക്യാപ്റ്റനില്‍ നിന്ന് പാസ് സ്വീകരിച്ച വാല്‍ഡാനോ ഇംഗ്ലീഷ് പ്രതിരോധനിരക്കാരെ വെട്ടിയൊഴിയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇംഗ്ലീഷ് താരം സ്റ്റീവ് ഹോഡ്ജിന്റെ കൃത്യസമയത്തെ ഇടപെടല്‍ മൂലം ആ ശ്രമം വിഫലമാക്കപ്പെടുന്നു. പക്ഷേ അ ശ്രമത്തില്‍ ഹോഡ്ജിന് ഒരു പിഴവ് സംഭവിച്ചു. അദ്ദേഹം ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടന് മറിച്ച് നല്‍കാന്‍ ശ്രമിച്ച പന്ത് നേരെ പോയത് മാറഡോണയുടെ മുന്നിലേക്ക്. പന്ത് പിടിക്കാന്‍ ഷില്‍ട്ടനും ഗോളടിക്കാന്‍ മാറഡോണയ്ക്കും ഫിഫ്റ്റി ഫിഫ്റ്റി ചാന്‍സ്.

പക്ഷേ തന്നേക്കാള്‍ 20 സെന്റീമീറ്ററോളം ഉയരമുള്ള ഷില്‍ട്ടനെ മറികടക്കാന്‍ സാധിക്കില്ലെന്ന് ഞൊടിയിടയില്‍ തിരിച്ചറിഞ്ഞ മാറഡോണ ആ അറ്റ'കൈ' പ്രയോഗത്തിന് മുതിര്‍ന്നു. ബോക്‌സിലേക്കെത്തിയ പന്ത് വലതുകൈ കൊണ്ട് തട്ടിയകറ്റാന്‍ എത്തിയ ഷില്‍ട്ടനു മുന്നില്‍ ചാടി ഉയര്‍ന്ന മാറഡോണ തന്റെ ഇടംകൈ കൊണ്ട് പന്ത് ഷില്‍ട്ടന്റെ തലയ്ക്ക് മുകളിലൂടെ തട്ടി വലയിലാക്കി. മാറഡോണ ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ മൈതാനത്തെ മറ്റുള്ളവരെല്ലാം കണ്ടിരുന്നു അയാള്‍ കൈകൊണ്ടാണ് ഗോള്‍ നേടിയതെന്ന്. ഒരാളൊഴികെ ടുണീഷ്യന്‍ റഫറി ബിന്‍ നാസര്‍.

ടീം അംഗങ്ങളെല്ലാം തന്നെ വന്ന് അഭിനന്ദിക്കുമെന്ന് മാറഡോണ കരുതി. പക്ഷേ അതുണ്ടായില്ല. റഫറിക്ക് സംശയം തോന്നാതിരിക്കാന്‍ തന്നെ വന്ന് കെട്ടിപ്പിടിക്കാന്‍ അയാള്‍ക്ക് സഹതാരങ്ങളോട് പറയേണ്ടി വന്നു. ആ ഗോളിനെ കുറിച്ച് പില്‍ക്കാലത്ത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയതാണിത്.

ലൈന്‍ റഫറിയായിരുന്ന ബോഗ്ഡാന്‍ ഗണേവ് ഡോഷേവ് എന്ന ബള്‍ഗേറിയക്കാരന്‍ വെള്ളവരയ്ക്കപ്പുറത്ത് അചഞ്ചലനായി നിന്നു. ബിന്‍ നാസറിന്റെ വിധിവന്നു, ഗോള്‍. ഷില്‍ട്ടന്‍ അടക്കമുള്ള ഇംഗ്ലണ്ട് താരങ്ങളെല്ലാം റഫറിക്ക് ചുറ്റും നിന്ന് ഹാന്‍ഡ് ബോളാണെന്ന് വാദിച്ചു. യാതൊരു ഫലവും ഉണ്ടായില്ല.

ആസ്റ്റക്ക് സ്റ്റേഡിയത്തിലെ ഇംഗ്ലണ്ട് കാണികള്‍ ക്ഷുഭിതരായി. ചെകുത്താന്റെ കൈ എന്ന് അട്ടഹസിച്ച കാണികള്‍ മാറഡോണയ്ക്കു നേരം കൂവി വിളിച്ചു. കമന്റേറ്റര്‍മാരടക്കം മാറഡോണയ്‌ക്കെതിരേ തിരിഞ്ഞു. അടുത്ത ദിവസം അയാളുടെ പേരിനൊപ്പം ഫുട്‌ബോളിനെ ചതിച്ചവന്‍ എന്ന് അച്ചുനിരത്താന്‍ ഇംഗ്ലണ്ടിലെ പത്രങ്ങള്‍ ഒന്നടങ്കം തയ്യാറെടുത്തു. എന്നാല്‍ നാലു മിനിറ്റുകള്‍ക്കപ്പുറം വില്ലനില്‍ നിന്ന് നായകനായി മാറഡോണ പകര്‍ന്നാടി. നാലു മിനിറ്റുകള്‍ക്ക് മുമ്പ് 'കൈ'യില്‍ പതിഞ്ഞ പാപക്കറ കഴുകിക്കളയാന്‍ പോന്നൊരു ഗോളിലൂടെ.

പിന്നീട് മാറഡോണ തന്നെ പറഞ്ഞു ആ ഗോളില്‍ ദൈവത്തിന്റെ കൈ പതിഞ്ഞിരുന്നു. എന്നാല്‍ മെക്സിക്കന്‍ ഫോട്ടോഗ്രാഫര്‍ അലസാന്‍ഡ്രോ ഒയേഡ കര്‍ബാജയുടെ ചിത്രം ആ നിമിഷത്തെ ഒപ്പിയെടുത്ത് ഇന്നും നിലകൊള്ളുന്നു.

ഇംഗ്ലണ്ടിനെ 2-1ന് മറികടന്ന അര്‍ജന്റീന സെമിയിലേക്കും പിന്നീട് കിരീടത്തിലേക്കും നടന്നുകയറി. അന്ന് തോല്‍പ്പിച്ചത് ഫുട്ബോള്‍ ടീമിനെയായിരുന്നില്ല ഒരു രാജ്യത്തെ തന്നെയാണെന്നുവെന്ന് പില്‍ക്കാലത്ത് ഇംഗ്ലണ്ടിനെതിരായ ആ മത്സരത്തെ കുറിച്ച് മറഡോണ കുറിച്ചു.

Photo: Getty Images

നൂറ്റാണ്ടിന്റെ ഗോള്‍

ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറിലെ 51-ാം മിനിറ്റില്‍ പിറന്ന വിവാദ ഗോളിന്റെ അലയൊലികള്‍ അപ്പോഴും അടങ്ങിയിട്ടുണ്ടായിരുന്നില്ല. ഇംഗ്ലീഷ് താരം ടെറി ബുച്ചര്‍ അപ്പോഴും റഫറി ബിന്‍ നാസറിനോട് തര്‍ക്കിച്ച് തീര്‍ന്നിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അല്‍പം മുമ്പ് തന്റെ 'കൈയില്‍' പതിഞ്ഞ പാപക്കറ കഴുകിക്കളയാന്‍ ആ അതിമാനുഷന് വേണ്ടിവന്നത് വെറും നാലേ നാല് മിനിറ്റുകള്‍ മാത്രമായിരുന്നു. മത്സരം അപ്പോഴേക്കും 55-ാം മിനിറ്റിലേക്ക് കടക്കുകയായിരുന്നു. സ്വന്തം ഹാഫില്‍ നിന്ന് ഹെക്ടര്‍ എന്‍ റിക്വേ പന്ത് മാറഡോണയ്ക്ക് നീട്ടുമ്പോള്‍ അതില്‍ അസാധാരണമായത് ഒന്നും തന്നെ ആസ്റ്റക്കില്‍ കൂടിയിരുന്നവര്‍ക്ക് അനുഭവപ്പെട്ടില്ല. എന്നാല്‍ ഫുട്‌ബോള്‍ ലോകം അദ്ഭുതപ്പെട്ടുപോയ അടുത്ത പത്തുസെക്കന്റുകളില്‍ മൈതാനത്തിന്റെ 60 വാരയിടം കീഴടക്കി മാറഡോണയെന്ന താരത്തിന്റെ അശ്വമേധമായിരുന്നു. 10 സെക്കന്റുകള്‍ വെറും പത്തു സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം കഴിഞ്ഞു. തന്റെ ഇടംകാലില്‍ വിനീതവിധേയനായി നിലകൊണ്ട പന്തുമായി ആദ്യം പീറ്റര്‍ ബിയേഡസ്ലിയെ പിന്നാലെ പീറ്റര്‍ റെയ്ഡിനെ ശേഷം ടെറി ബുച്ചറിനെ തുടര്‍ന്ന് ടെറി ഫെന്‍വിക്കിനെ ഏറ്റവുമൊടുവില്‍ പീറ്റര്‍ ഷില്‍ട്ടനേയും മറികടന്ന് ബോക്‌സിന്റെ ഇടത് ഭാഗത്തുനിന്ന് പന്ത് ആ പത്താം നമ്പറുകാരന്‍ വലയിലെത്തിയപ്പോള്‍ ഒരു നിമിഷം തങ്ങള്‍ക്ക് മുന്നില്‍ സംഭവിച്ചതെന്തെന്ന് തിരിച്ചറിയാനാകാതെ നില്‍ക്കുകയായിരുന്നു കാണികള്‍. നാലു മിനിറ്റ് മുമ്പ് തന്നെ ചെകുത്താനെന്ന് വിളിച്ചവരുടെ കൈയടികളുടെ മുഴക്കത്തില്‍ ചെകുത്താനില്‍ നിന്ന് ദൈവത്തിലേക്ക് ആ അഞ്ചടി നാലിഞ്ചുകാരന്‍ പരകായപ്രവേശം ചെയ്തു.

അന്ന് കമന്ററി ബോക്‌സിലിരുന്ന് സ്പാനിഷ് ഭാഷയില്‍ യുറഗ്വായന്‍ ജേര്‍ണലിസ്റ്റ് വിക്ടര്‍ ഹ്യൂഗോ മൊറാലസ് അലറിവിളിച്ചു. നൂറ്റാണ്ടിന്റെ ആ ഗോളിനൊപ്പം മൊറാലസും അദ്ദേഹത്തിന്റെ കമന്ററിയും ഇന്നും ചരിത്രത്തിന്റെ ഭാഗമായി തുടരുന്നു. 81-ാം മിനിറ്റിലെ ഗാരി ലിനേക്കറിന്റെ ഗോളിനും അര്‍ജന്റീനയുടെ വിജയത്തെ തടയാനായില്ല. 2-1ന് ജയിച്ചുകയറിയതിനു പിന്നാലെ വെറുമൊരു മത്സരമല്ല ഞങ്ങള്‍ ഒരു യുദ്ധം തന്നെയാണ് ജയിച്ചതെന്നായിരുന്നു മാറഡോണയുടെ പ്രഖ്യാപനം.

Content Highlights: the 36th anniversary of Hand of God and Goal of the Century by Diego Maradona

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
India failed to find a reliable No 4 batter which haunted them at the 2019 World Cup
Premium

7 min

അയ്യരുടെ തിരിച്ചുവരവില്‍ ടെന്‍ഷനൊഴിഞ്ഞു; രണ്ടിലൊന്നല്ല ഇന്ത്യയ്ക്ക് അറിയേണ്ടത് നാലിലൊന്ന്

Oct 3, 2023


team india s u turn on Ravichandran Ashwin reasons behind his return for the Australia odis

5 min

'ആഷ്' ഉണ്ടാകുമോ ലോകകപ്പില്‍? അശ്വിന്റെ കാര്യത്തില്‍ ടീം ഇന്ത്യയുടെ യു ടേണിന് പിന്നില്‍

Sep 20, 2023


world chess sensation praggnanandhaas mother nagalakshmis lifestory
Premium

5 min

രസവും ചോറുമുണ്ടാക്കാന്‍ റൈസ് കുക്കറുമായി കൂടെപ്പോകുന്ന അമ്മ;പ്രഗ്നാനന്ദയുടെ നിഴല്‍പോലെ നാഗലക്ഷ്മി

Aug 24, 2023


Most Commented