Photo: AP
2021 ഒക്ടോബര്‍ 24 എന്ന തീയതിക്കും അന്നേ ദിവസം ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തിനും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഉണങ്ങാത്ത ഒരു മുറിവിന്റെ കഥയുണ്ടായിരുന്നു പറയാന്‍. അന്ന് ഗാലറിയില്‍ ഒന്നടങ്കം പാറിപ്പറന്ന ഇന്ത്യന്‍ പതാകകള്‍ക്കും പറയാനുണ്ടായിരുന്നു ഉപ്പിന്റെ നനവ് പടര്‍ന്ന ഒരു രാത്രിയുടെ കഥ. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ടീം ഇന്ത്യയെ ആദ്യം തകര്‍ത്തുകളഞ്ഞത് ഷഹീന്‍ ഷാ അഫ്രീദിയെന്ന ഇടംകൈയന്റെ രണ്ട് കൃത്യതയാര്‍ന്ന ഇന്‍സ്വിങ്ങറുകളായിരുന്നു. അതില്‍ ആദ്യത്തേത് രോഹിത് ശര്‍മയെന്ന ഇന്ത്യയുടെ വിശ്വസ്തന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചപ്പോള്‍ മറ്റൊന്ന് കെ.എല്‍ രാഹുലെന്ന ഇന്‍ഫോം ബാറ്ററുടെ പ്രതിരോധവും തകര്‍ത്ത് പാഞ്ഞു. അന്ന് ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സെന്ന വിജയലക്ഷ്യം ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ചേര്‍ന്ന് ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് യാതൊരു അവസരവും നല്‍കാതെ അനായാസം മറികടക്കുന്നത് കണ്ടുനില്‍ക്കാനായിരുന്നു ഇന്ത്യന്‍ ആരാധകരുടെ വിധി. ലോകകപ്പ് വേദികളില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ ജയം പാക് ടീം അക്ഷരാര്‍ഥത്തില്‍ ആഘോഷമാക്കി.
എന്നാല്‍ 10 മാസങ്ങള്‍ക്കിപ്പുറം അന്ന് തോറ്റുമടങ്ങിയ അതേ വേദിയില്‍ തന്നെ പാക് നിരയോട് പകരം ചോദിച്ചിരിക്കുകയാണ് ടീം ഇന്ത്യ. മാസങ്ങള്‍ക്കപ്പുറം ഓസീസ് മണ്ണില്‍ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ അടുത്ത പതിപ്പിനു മുമ്പ് ഇത്തരമൊരു വേദനസംഹാരി ഈ ടീമിന് ആവശ്യമായിരുന്നു. അത് നല്‍കാന്‍ ആദ്യം പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും മുന്നിട്ടിറങ്ങിയത് ഹാര്‍ദിക് പാണ്ഡ്യയെന്ന ഓള്‍റൗണ്ടറായിരുന്നു. നാലുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു സെപ്റ്റംബര്‍ 19-ന് പാക് ടീമിനെതിരേ നടന്ന ഏഷ്യാ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ് സ്‌ട്രെക്ച്ചറില്‍ കളംവിടേണ്ടി വന്ന അതേ പാണ്ഡ്യ. അന്ന് വേദനകൊണ്ട് പുളഞ്ഞ് കളംവിട്ട പാണ്ഡ്യയ്ക്ക് പിന്നീടൊരു തിരിച്ചുവരവ് വന്നിട്ട് അതിനു ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
.jpg?$p=e4e93ab&&q=0.8)
കഴിഞ്ഞ ദിവസം പാകിസ്താനെതിരായ മത്സരത്തിലും ദുബായിലെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരുടെ മനംനിറച്ചത് പന്തുകൊണ്ടും ബാറ്റ് കൊണ്ടും പാണ്ഡ്യ പുറത്തെടുത്ത പ്രകടനമായിരുന്നു. എം.എസ്. ധോനിയെന്ന ഇതിഹാസതാരത്തിനു ശേഷം ഇന്ത്യ കാത്തിരുന്ന ഫിനിഷര്‍ റോള്‍ തനിക്ക് ഏറ്റെടുക്കാനാകുമെന്ന് ഒരുപക്ഷേ പറയാതെ പറയുകയാണ് പാണ്ഡ്യ. പാകിസ്താന്‍ ഉയര്‍ത്തിയ 148 റണ്‍സെന്ന താരതമ്യേന ചെറിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയെ ഷഹീന്‍ അഫ്രീദിയുടെ അഭാവത്തിലും വിറപ്പിച്ചുനിര്‍ത്താന്‍ അനുഭവസമ്പത്ത് കുറഞ്ഞ പാക് ബൗളിങ് നിരയ്ക്ക് സാധിച്ചുഎന്നത് അവരുടെ നേട്ടം തന്നെയാണ്. നസീം ഷാ എന്ന അരങ്ങേറ്റക്കാരന്‍ തന്നെയായിരുന്നു ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയത്. 142 കി.മീ. വേഗത്തിലെത്തിയ ഒരു പന്തില്‍ കെ.എല്‍. രാഹുലെന്ന വിശ്വസ്തന്‍ വിക്കറ്റ് നഷ്ടപ്പെടുത്തുമ്പോള്‍ ഇന്ത്യ നിലയുറപ്പിച്ചിട്ടുകൂടിയുണ്ടായിരുന്നില്ല. പിന്നാലെ ഭാഗ്യം കൊണ്ടാണ് വിരാട് കോലി നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാതെ രക്ഷപ്പെട്ടത്. തന്റെ ലൈനും ലെങ്തും കൊണ്ട് രോഹിത്തിനെ വരെ വിറപ്പിച്ചുനിര്‍ത്താന്‍ ആ 19-കാരന്‍ പയ്യനായി. 15-ാം ഓവറില്‍ തിരികെയെത്തി ഇന്ത്യ ഇപ്പോള്‍ ഏറെ വിശ്വാസമര്‍പ്പിക്കുന്ന സൂര്യകുമാര്‍ യാദവിന്റെ കുറ്റി തെറിപ്പിച്ചാണ് അയാള്‍ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചില്‍ വീണ്ടും തീകോരിയിട്ടത്.
എന്നാല്‍ അവിടെ നിന്നായിരുന്നു ഇന്ത്യയെ വിജയത്തിന്റെ വക്കോളമെത്തിച്ച രവീന്ദ്ര ജഡേജ - ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടിന്റെ പിറവി. ഡോട്ട് ബോളുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നപ്പോഴും ബൗണ്ടറികള്‍ അകന്നുനിന്നപ്പോഴും അയാള്‍ ക്രീസില്‍ അക്ഷോഭ്യനായിരുന്നു. സിംഗിളുകളെടുത്തും ഡബിളിനായി കുതിച്ചും അയാള്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ 18, 19 ഓവറുകളിലെ കടന്നാക്രമണം ഇന്ത്യയെ അവസാന ഓവറില്‍ ജയിക്കാന്‍ ഏഴുറണ്‍സെന്ന നിലയിലെത്തിച്ചു.
മുഹമ്മദ് നവാസിന്റെ ആദ്യപന്തില്‍ പക്ഷേ ജഡേജ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ ആരാധകര്‍ ഞെട്ടി, പാണ്ഡ്യയുടെ മുഖത്ത് നിരാശ. പകരം ക്രീസിലെത്തിയ ദിനേഷ് കാര്‍ത്തിക്കിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു അയാള്‍. നേരിട്ട ആദ്യപന്തില്‍ തന്നെ കാര്‍ത്തിക്കിന്റെ സിംഗിള്‍. മൂന്നാം പന്തില്‍ തകര്‍ത്തടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീണ്ടും ആരാധകര്‍ക്ക് പിരിമുറുക്കം. എന്നാല്‍ പേടിക്കേണ്ട, എല്ലാം തന്റെ നിയന്ത്രണത്തിലാണെന്ന് കാണിച്ച ഡി.കെയ്ക്ക് നേരെ ഒരു നോട്ടം പായിക്കുന്നു പാണ്ഡ്യ. നവാസിന്റെ നാലാം പന്ത് ലോങ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ച് അയാള്‍ ഇന്ത്യയ്ക്കും ആരാധകര്‍ക്കും ആവേശജയവും സമ്മാനിക്കുന്നു.
ആദ്യം പന്തെടുത്ത് തന്റെ ഷോര്‍ട്ട് ബോള്‍ മികവ് നന്നായി ഉപയോഗപ്പെടുത്തി പാണ്ഡ്യ മടക്കിയത് മൂന്ന് പാക് ബാറ്റര്‍മാരെയായിരുന്നു. അതില്‍ നിര്‍ണായക സമയത്ത് മുഹമ്മദ് റിസ്വാനെന്ന ഇന്‍ഫോം ബാറ്ററും ഉള്‍പ്പെട്ടിരുന്നു എന്നത് അയാളുടെ ബൗളിങ് മികവ് ടീമിന് എത്രത്തോളം തുണയായി എന്നതിന്റെ തെളിവാണ്. റിസ്വാനൊപ്പം ഇന്നിങ്‌സ് പടുത്തുയര്‍ത്തുന്നതിനിടെയാണ് ഇഫ്തിഖര്‍ അഹമ്മദിനെ പാണ്ഡ്യ ഡ്രസ്സിങ് റൂമിലേക്ക് മടക്കി അയക്കുന്നത്. ഇഫ്തിഖറിന്റെ വിക്കറ്റ് റിസ്വാനെ പ്രതിരോധത്തിലാക്കി. ആ സമ്മര്‍ദം മുതലെടുത്താണ് പാണ്ഡ്യ, റിസ്വാനെയും പുറത്താക്കുന്നത്. പിന്നീട് റണ്‍സ് പിന്തുടരുന്ന സമയത്ത് പാണ്ഡ്യയുടെ ബാറ്റില്‍ നിന്ന് പിറന്നത് അവസാന ഓവറില്‍ ഇന്ത്യയുടെ വിജയം നിര്‍ണയിച്ച ഒരേയൊരു സിക്‌സര്‍ മാത്രമായിരുന്നു എന്നത് അയാളിലെ അച്ചടക്കത്തിന്റെ കൂടി തെളിവാകുന്നു. പിച്ചിന്റെ സ്വഭാവവും മത്സര സാഹചര്യവും കൃത്യമായി കണക്കുകൂട്ടിയുള്ള ഒരു വിന്നിങ് ഇന്നിങ്‌സ് കൂടിയായിരുന്നു അയാളുടേത്. 17 പന്തില്‍ നിന്ന് ഒരൊറ്റ സിക്‌സിന്റെയും നാല് ബൗണ്ടറികളുടെയും സഹായത്തോടെ പാണ്ഡ്യ നേടിയ 33 റണ്‍സിന് ഒരുപാട് ഇന്ത്യക്കാരുടെ അഭിമാനത്തിന്റെ വിലയുണ്ടായിരുന്നു.
Content Highlights: that Confident nod on dk Hardik Pandya shines Hitting Winning six against Pakistan
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..