ബെംഗളൂരു: മൂന്നു കോടി രൂപയില്‍ എത്ര പൂജ്യം ഉണ്ടെന്ന് ചോദിച്ചാല്‍ ഞാന്‍ കൈമലര്‍ത്തും. പറയുന്നത് തങ്കരശു നടരാജന്‍. ഐ.പി.എല്‍. ലേലത്തില്‍ മൂന്നു കോടി രൂപയ്ക്ക് കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയ ടി. നടരാജനെന്ന തമിഴ്നാട് ബൗളര്‍. സേലത്തെ ഒരു കുഗ്രാമത്തില്‍നിന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നക്ഷത്രലോകത്തേക്ക് നടന്നുകയറിയ നടരാജന്റെ അതിജീവനത്തിന്റെ കഥ യുവാക്കള്‍ക്ക് മാതൃകയാണ്. നടരാജന്റെ അച്ഛന്‍ റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുകാരനാണ്. അമ്മ വഴിയോരത്ത് ചെറിയ കച്ചവടം നടത്തുന്നു.

നടരാജനെ സ്വപ്നതുല്യനേട്ടത്തില്‍ എത്തിച്ചത് സ്വന്തം ഗ്രാമമാണ്. സേലത്തുനിന്ന് 33 കിലോമീറ്റര്‍ അകലെ ചിന്നപ്പാംപട്ടിയെന്ന കുഗ്രാമം. ഇവിടെ ക്രിക്കറ്റ് കളിക്കുന്നവര്‍തന്നെ അപൂര്‍വം. വരണ്ടുകിടക്കുന്ന കൃഷിയിടങ്ങളാണ് ക്രിക്കറ്റ് മൈതാനം. ടെന്നീസ് ബോളും മരത്തടികൊണ്ടുള്ള ബാറ്റും മതി ചിന്നപ്പാംപട്ടിയിലെ ടീം റെഡി. അവരുടെ വീരനായകനാണ് നടരാജന്‍. 

പത്തൊമ്പതാം വയസ്സില്‍ നടരാജനിലെ സാധ്യതകള്‍ കണ്ടെത്തിയത് തമിഴ്നാട് നാലാം ഡിവിഷന്‍ താരം എ. ജയപ്രകാശാണ്. ടെന്നീസ് ബോളില്‍ അതിവേഗത്തില്‍ എറിയുന്ന നടരാജനെ അയല്‍വാസികൂടിയായ ജയപ്രകാശ് ചെന്നൈയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. മഹാനഗരത്തില്‍ എത്തിയതിനുശേഷമാണ് ക്രിക്കറ്റ് പിച്ചും ലെതര്‍ ബോളും മറ്റു ക്രിക്കറ്റ് സാമഗ്രികളും ആദ്യമായി കാണുന്നത് 

തമിഴ്നാട് ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം നടരാജനിലെ ക്രിക്കറ്ററെ അതിവേഗം വളര്‍ത്തി. അസാമാന്യ ശാരീരികക്ഷമത പുലര്‍ത്തിയ നടരാജന്‍ 2010-11 സീസണില്‍ നാലാം ഡിവിഷനില്‍ കളിയാരംഭിച്ചു. ഇതിനിടെ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനുവേണ്ടിയുള്ള പ്രകടനം ശ്രദ്ധിക്കപ്പെട്ടു. 2015-ല്‍ ബംഗാളിനെതിരേ ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തിലൂടെ തമിഴ്നാട് രഞ്ജി ടീമിലെത്തി. രഞ്ജി ട്രോഫിയിലെ സ്ഥിരമായ പ്രകടനമാണ് ഐ.പി.എല്‍. ലേലവേദിയില്‍ എത്തിച്ചത്. തമിഴ്നാടിന്റെ കഴിഞ്ഞ രണ്ടു രഞ്ജി മത്സരങ്ങളില്‍ കൂടുതല്‍ വിക്കറ്റുനേടി. 

തുടക്കത്തില്‍ ബൗളിങ് ആക്ഷന്റെ പേരില്‍ പലപ്പോഴും മാറ്റിനിര്‍ത്തപ്പെടേണ്ട അവസ്ഥയും നേരിട്ടു. അവിടെയും തളരാതെ പിടിച്ചുനില്‍ക്കാന്‍ കൂട്ടുകാര്‍ തുണയേകി. മുത്തയ്യാ മുരളീധരന്റെ ആക്ഷന്‍പോലും വിമര്‍ശവിധേയമായിട്ടുണ്ടെന്ന പരിശീലകന്‍ ജോളി റോവേഴ്സിന്റെ വാക്കുകള്‍ ആത്മവിശ്വാസം പകര്‍ന്നു. തമിഴ്നാടിന്റെ മുസ്താഫിസുര്‍ റഹ്മാന്‍ എന്ന വിളിപ്പേരും സഹതാരങ്ങളുടെ ഇടയിലുണ്ട്. സഹോദരങ്ങളെ നാലുപേരെയും നല്ലനിലയില്‍ പഠിപ്പിക്കുക, അടുത്തിടെ പണിതീര്‍ത്ത ചെറിയ വീടിന്റെ കടം തീര്‍ക്കുക. മൂന്നു കോടിയുടെ ഐ.പി.എല്‍. ലോട്ടറി അടിച്ച നടരാജന്റെ മോഹങ്ങള്‍ ഇത്രമാത്രം.