നര്‍ത്തനമാടി ഹൃദയം കവര്‍ന്നൊരാള്‍


പി.ജെ. ജോസ്

2003 വിംബിള്‍ഡണില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നെത്തിയ ഒരു സ്വര്‍ണമുടിക്കാരന്‍ സുന്ദര ടെന്നീസിലൂടെ കാണികളെ കൈയിലെടുത്തു. കോര്‍ട്ടില്‍ ബാലെ നര്‍ത്തകന്റെ ചലനങ്ങളുമായി നിറഞ്ഞാടി 21-ാം വയസ്സില്‍ ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയതിനൊപ്പം ടെന്നീസ് പ്രേമികളുടെ ഹൃദയവും കവര്‍ന്നാണ് അവന്‍ ലണ്ടനില്‍നിന്ന് മടങ്ങിയത്

2009 വിംബിൾഡൺ ഫൈനലിൽ ആൻഡി റോഡിക്കിനെ പരാജയപ്പെടുത്തി കിരീടവുമായി റോജർ ഫെഡറർ | Photo: AP

റോജര്‍ ഫെഡററുടെ ജീവചരിത്രമായ 'ദ മാസ്റ്റര്‍' എഴുതിയ പ്രശസ്ത ടെന്നീസ് എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ ക്ലേറി പറയുന്ന ഒരു സംഭവമുണ്ട്. 20 വര്‍ഷത്തിലധികമായി ഫെഡററുടെ മത്സരങ്ങള്‍ കാണുന്ന, അദ്ദേഹവുമായി അഭിമുഖം നടത്തുന്ന ക്ലേറി 2012 ഡിസംബറില്‍ അര്‍ജന്റീനയില്‍ പ്രദര്‍ശനമത്സരത്തിനെത്തിയ ഫെഡററുടെ അഭിമുഖത്തിനായി കോര്‍ട്ടിനുപുറത്ത് കാത്തിരിക്കുകയായിരുന്നു.

അര്‍ജന്റീനക്കാരനായ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയാണ് ഫെഡററുടെ എതിരാളി. പക്ഷേ, കാണികളിലേറെയും ആര്‍ത്തുവിളിക്കുന്നത് ഫെഡറര്‍ക്കുവേണ്ടിയാണ്. മത്സരം കഴിഞ്ഞ് സ്റ്റേഡിയംവിട്ട ഫെഡററെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍, അദ്ദേഹത്തില്‍നിന്ന് ഒരു പുഞ്ചിരി സ്വീകരിക്കാന്‍ ആവേശത്തോടെ പിന്തുടരുന്ന ജനക്കൂട്ടം. ക്ലേറിയുടെ കാറിനടുത്തുവരെ ജനം ഫെഡററുടെ കൂടെയെത്തി. അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലുമെല്ലാം ഒരു ടെന്നീസ് താരം ഇതുപോലെ സ്‌നേഹിക്കപ്പെടണമെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തെ ഹൃദയത്തിലേറ്റിയിരിക്കണം. അവിടെയാണ് റോജര്‍ ഫെഡറര്‍ ഇതിഹാസമാകുന്നത്. ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളുടെ കണക്കുവെച്ചാണെങ്കില്‍ ഫെഡററെ മഹാനായി കരുതാനാവില്ല. ഇപ്പോള്‍ 22 കിരീടങ്ങളുമായി റാഫേല്‍ നദാലാണ് മുന്നില്‍. നൊവാക് ജോക്കോവിച്ച് (21) തൊട്ടുപിന്നിലുണ്ട്. ഫെഡറര്‍ക്ക് 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളേയുള്ളൂ. എന്നാല്‍, ഫെഡററെക്കാള്‍ മികച്ച താരമാണ് തങ്ങളെന്ന് നഡാലോ ജോക്കോയോ ഒരിക്കലും പറയില്ല.

ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങള്‍ പുരുഷ ടെന്നീസിലെ പരിവര്‍ത്തനകാലമാണ്. പീറ്റ് സാംപ്രസ്, ആന്ദ്രെ അഗാസി തുടങ്ങിയ അതികായര്‍ പിന്മാറിത്തുടങ്ങിയ കാലം. 2001-ലെ യു.എസ്. ഓപ്പണ്‍ കിരീടം നേടി ഓസ്ട്രേലിയക്കാരന്‍ ലെയ്ട്ടണ്‍ ഹ്യുയിറ്റ് വരവറിയിച്ചു. 20-ാം വയസ്സില്‍, പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരനുമായി. അടുത്തവര്‍ഷം വിംബിള്‍ഡണും നേടിയതോടെ ഹ്യുയിറ്റിന്റെ നാളുകളാണിനിയെന്ന് വാദമുണ്ടായി.

ഫെഡററുടെ 103 കിരീടങ്ങള്‍
എ.ടി.പി. ടൂര്‍ണമെന്റുകളില്‍ 100-ലേറെ സിംഗിള്‍സ് കിരീടങ്ങള്‍ നേടിയ രണ്ടു താരങ്ങളേയുള്ളൂ-ജിമ്മി കോണേഴ്സും റോജര്‍ ഫെഡററും. ഫെഡറര്‍ക്ക് 103 കിരീടങ്ങളുണ്ട്. റോജര്‍ ഫെഡറര്‍ക്ക് ഡബിള്‍സില്‍ 8 കരിയര്‍ കിരീടങ്ങളുണ്ട്. ടീം കോമ്പറ്റീഷനില്‍ 4 കിരീടം. ഡേവിസ് കപ്പില്‍ ഒന്നും ഹോപ്മാന്‍ കപ്പില്‍ മൂന്നും കിരീടങ്ങള്‍.

എന്നാല്‍, 2003 വിംബിള്‍ഡണില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നെത്തിയ ഒരു സ്വര്‍ണമുടിക്കാരന്‍ സുന്ദര ടെന്നീസിലൂടെ കാണികളെ കൈയിലെടുത്തു. കോര്‍ട്ടില്‍ ബാലെ നര്‍ത്തകന്റെ ചലനങ്ങളുമായി നിറഞ്ഞാടി 21-ാം വയസ്സില്‍ ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയതിനൊപ്പം ടെന്നീസ് പ്രേമികളുടെ ഹൃദയവും കവര്‍ന്നാണ് അവന്‍ ലണ്ടനില്‍നിന്ന് മടങ്ങിയത്.

അടിമുടി പോരാളിയായ നഡാലും അനായാസമായി അഞ്ചുസെറ്റും കളിച്ച് ജയിച്ചുമടങ്ങുന്ന ജോക്കോവിച്ചും സുന്ദരടെന്നീസിന്റെ വക്താവായ ഫെഡററും ചേര്‍ന്ന ബിഗ് ത്രീ രണ്ടു ദശാബ്ദത്തോളം ലോകടെന്നീസിനെ അടക്കിഭരിച്ചു. അപ്പോഴും ഒരു പണത്തൂക്കം മുന്നിലായിരുന്നു ഫെഡറര്‍. മറ്റു രണ്ടുപേരും അത് അംഗീകരിച്ചു.

വീറുറ്റ പോരാട്ടത്തില്‍ നഡാലിനോടും ജോക്കോയോടും തോറ്റപ്പോള്‍ വിങ്ങിപ്പൊട്ടുന്ന ഫെഡററെ പലതവണ കണ്ടിട്ടുണ്ട്. അപ്പോള്‍ ഫെഡറര്‍ക്കൊപ്പം കാണികളും സങ്കടപ്പെട്ടു. 2018 ഓസ്ട്രേലിയന്‍ ഓപ്പണിലാണ് ഫെഡറര്‍ അവസാനമായി ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയത്. 2019 വിംബിള്‍ഡണിലെ ഐതിഹാസിക ഫൈനലില്‍ ജോക്കോയോട് കപ്പിനും ചുണ്ടിനുമിടയില്‍ വിജയം കൈവിട്ടു. പിന്നെ ഗ്രാന്‍ഡ്സ്ലാമില്‍ തിളങ്ങാനായില്ല. പരിക്ക് തിരിച്ചുവരവിനു വിലങ്ങുതടിയായി.

മുന്‍ ലോക ഒന്നാം റാങ്കുകാരനായിരുന്ന ജോണ്‍ മക്കെന്റോ പറഞ്ഞു: ''ഞാന്‍ കണ്ടതില്‍ ഏറ്റവും സുന്ദരമായി ടെന്നീസ് കളിക്കുന്നത് റോജര്‍ ഫെഡററാണ്. ഫെഡററുടെ ചലനങ്ങളും കലാവൈഭവവും റാക്കറ്റും രൂപവും എല്ലാം കൂടിച്ചേരുമ്പോള്‍ അദ്ദേഹം സമ്പൂര്‍ണനാകുന്നു''. ബാലെ നര്‍ത്തകനെപ്പോലെയാണ് കോര്‍ട്ടില്‍ ഫെഡററുടെ ചലനങ്ങളെന്ന് പ്രശസ്ത ചെക് ഫാഷന്‍ ഫോട്ടോഗ്രാഫര്‍ റാഡ്ജ ലൈറ്റ്മെരിറ്റ് പറയുന്നു. ടെന്നീസില്‍നിന്നേ ഫെഡറര്‍ വിരമിക്കുന്നുള്ളൂ, ആരാധകരുടെ ഹൃദയത്തില്‍ അദ്ദേഹം എന്നുമുണ്ടാകും.

Content Highlights: tennis will forever be shorn of the tasteful elegance of Roger Federer after his retirement


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented