കോര്‍ട്ടിലെ ഐസ്ബര്‍ഗ്, ടെന്നീസ് ഇതിഹാസം ബോണ്‍ ബോര്‍ഗിന് 67-ാം പിറന്നാള്‍


പി.ജെ.ജോസ്

6 min read
Read later
Print
Share

Photo: AP

'ഞങ്ങള്‍ കളിക്കുന്നത് ടെന്നീസാണ്. ബോര്‍ഗ്( ബോറിയോ) കളിക്കുന്നത് മറ്റെന്തോ ആണ്' 1976-ലെ വിംബിംള്‍ഡണ്‍ ഫൈനലില്‍ ബോണ്‍ ബോര്‍ഗിനോട് തോറ്റ ശേഷം അന്നത്തെ ലോക ഒന്നാം നമ്പര്‍ താരം ഇലിയ നസ്റ്റാസെ പറഞ്ഞ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു. ഫ്രഞ്ച് ഓപ്പണ്‍ രണ്ടു തവണ നേടിയിരുന്ന ബോര്‍ഗ് ടെന്നീസ് ലോകം അടക്കി ഭരിക്കാന്‍ പോകുന്നതിന്റെ തുടക്കമായിരുന്നു വിംബിള്‍ഡണിലെ ആ വിജയം. തുടര്‍ന്ന് 1981 വരെ ടെന്നീസ് പ്രേമികള്‍ കോര്‍ട്ടിലൊരു മാന്ത്രികനെ കണ്ടു. സ്വീഡനില്‍ നിന്നെത്തി പാരിസിലെയും വിംബിള്‍ഡണിലെയും മാത്രമല്ല ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകരുടെ ഹൃദയം കവര്‍ന്ന മാജിക്കുകാരനെ.

ടെന്നീസിലെ റോക്ക്സ്റ്റാര്‍ എന്നാണ് ബോര്‍ഗിനെ വിശേഷിപ്പിച്ചിരുന്നത്. മെലിഞ്ഞ ശരീരം. നീട്ടിവളര്‍ത്തിയ മുടി. തലയിലൊരു ഹെഡ്ബാന്‍ഡ്. കാഴ്ചയില്‍ ഒരു റോക്ക്സ്റ്റാര്‍ തന്നെ. പക്ഷേ കോര്‍ട്ടിലിറങ്ങിക്കഴിഞ്ഞാല്‍ കാര്യങ്ങള്‍ മാറും. ബേസ് ലൈനില്‍ നിന്ന് കളി നിയന്ത്രിക്കുന്ന ആചാര്യനായി അദ്ദേഹം മാറും. അവിടെ മുന്നില്‍ തത്തിക്കളിക്കുന്ന മഞ്ഞപ്പന്തില്‍ മാത്രമായിരിക്കും അദ്ദേഹത്തിന്റെ ശ്രദ്ധ. എതിരാളികള്‍ക്ക് അന്യമായ ഗുണം. അതിനൊപ്പം കായിക മികവും സ്റ്റാമിനയും കൂടിചേര്‍ന്നപ്പോള്‍ ബോര്‍ഗ് യുഗം പിറക്കുകയായി.

ടെന്നീസിലെ എല്ലാ സമവാക്യങ്ങളെയും തെറ്റിച്ചു കൊണ്ടായിരുന്നു ബോണ്‍ ബോര്‍ഗ് എന്ന സ്വീഡിഷ് രാജകുമാരന്റെ ഉദയം. പതിനെട്ടാം വയസ്സില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടി ബോര്‍ഗ് വരവറിയിച്ചു. തുടര്‍ന്ന് 1981 വരെയുള്ള വര്‍ഷങ്ങളിലായി ആറ് ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍( ഇതിനിടയില്‍ രണ്ടു വര്‍ഷത്തെ ഇടവേള). വിംബിള്‍ഡണില്‍ 1976ല്‍തുടങ്ങിയ പടയോട്ടം 1980 വരെ തുടര്‍ന്നപ്പോള്‍ തുടരെ അഞ്ച് കിരീടങ്ങളെന്ന റെക്കോഡ്. ഇതോടെ ഓപ്പണ്‍ കാലഘട്ടത്തില്‍ 11 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടുന്ന ആദ്യ താരമെന്ന ബഹുമതി. വൈകാതെ 1981ല്‍ വിംബിള്‍ഡണിലും യു.എസ്.ഓപ്പണിലും ജോണ്‍ മക്കെന്റോയോട് തോല്‍വി. 26 വയസ്സെന്ന ചെറുപ്പത്തില്‍ കോര്‍ട്ടിനോട് വിട. ഐസ്ബര്‍ഗ് എന്ന ഓമനപ്പേരിലറിയപ്പെട്ടിരുന്ന ബോര്‍ഗിന്റെ കരിയറിനെ ഇങ്ങനെ വിലയിരുത്താം.

അച്ഛന്‍ നല്‍കിയ സമ്മാനം

സ്വീഡനിലെ സ്റ്റോക്ഹോമിനടുത്തുള്ള ഒരു വ്യവസായിക പട്ടണമാണ് സോദാറ്റെലിയെ. അവിടെ ഒരു തുണിക്കടയിലെ ജോലിക്കാരനായിരുന്നു ബോര്‍ഗിന്റെ അച്ഛന്‍ റൂണ്‍. അമ്മ മര്‍ഗരീത്ത.
1956 ജൂണ്‍ ആറിനായിരുന്നു ടെന്നീസ് ചരിത്രം മാറ്റിമറിക്കാനുള്ള നിയോഗവുമായി ഇവരുടെ ഏക മകനായി ബോണ്‍ ബോര്‍ഗിന്റെ ജനനം.റൂണെ നല്ലൊരു ടേബിള്‍ ടെന്നീസ് കളിക്കാരനായിരുന്നു. ഒരിക്കല്‍ ടൂര്‍ണമെന്റ് ജയിച്ച അദ്ദേഹത്തിന് സമ്മാനമായി കിട്ടിയത് ടെന്നീസ് റാക്കറ്റാണ്. അച്ഛന്‍ ഈ സമ്മാനം ബാലനായ ബോര്‍ഗിന് കൊടുത്തു. രണ്ട് കൈകൊണ്ടും പിടിച്ചാലെ കുട്ടിക്ക് റാക്കറ്റ് പിടിക്കാനാകൂ. ടേബിള്‍ ടെന്നീസ് ബോര്‍ഡിനെ ടെന്നീസ് കോര്‍ട്ടായി കണ്ട് രണ്ട് കൈകൊണ്ടും റാക്കറ്റ് പിടിച്ച് ഷോട്ടുകളുതിര്‍ക്കുകയായി പയ്യന്റെ ഹോബി. ബേസ് ലൈനില്‍ നിന്നും ഇരു കൈകളുമുപയോഗിച്ചുള്ള ബാക് ഹാന്‍ഡ് ഷോട്ടുകള്‍ പറത്തുന്ന അസാമാന്യ പ്രതിഭയുടെ 'ജനനത്തിനാണ്' ഇത് വഴിതെളിച്ചത്.

ഇംഗ്ലീഷ് നോവലിസ്റ്റ് ടിം പിയേഴ്സ് 'ഗാര്‍ഡിയനി'ലെഴുതിയ ലേഖനത്തില്‍ ബോര്‍ഗിന്റെ പരിണാമത്തെക്കുറിച്ച് പറയുന്നുണ്ട്. 'ബോര്‍ഗിന് മുമ്പ് വരെ ടെന്നീസെന്നാല്‍ രണ്ട് താരങ്ങള്‍ കോര്‍ട്ടിനിരുവശത്തും നിന്ന് അങ്ങോട്ടുമിങ്ങോട്ടും പന്തടിക്കു്ന്ന ഒരു മത്സരമായിരുന്നു. കായിക ക്ഷമതയും കൃത്യതയും തമ്മിലുള്ള മത്സരം. കളിക്കാരെല്ലാം ഒരേ ശൈലി പിന്തുടരുന്നവര്‍. ബോര്‍ഗിന്റെ വരവോടെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 1976ലെ വിംബിംള്‍ഡണ്‍ ഫൈനലില്‍ ടെന്നീസ് ലോകം അത് കൃത്യമായി കണ്ടു. ബേസ് ലൈനില്‍ നിന്ന് ബോര്‍ഗ് മാന്ത്രികനെപ്പോലെ കളി നിയന്ത്രിച്ചു. അതിനൊപ്പം കായിക ക്ഷമതയും അത്ലറ്റിസിസവും കൂടിയായപ്പോള്‍
ഇലിയ നസ്റ്റാസെ എന്ന ലോക ഒന്നാം നമ്പറുകാരനെ നേരിടുള്ള സെറ്റുകളില്‍ കീഴടക്കി ബോര്‍ഗ് വിംബിള്‍ഡണുമായുള്ള പ്രണയം തുടങ്ങി (64,62,97). അതിനു മുമ്പ് 1972ല്‍ ജൂനിയര്‍ തലത്തില്‍ മത്സരിച്ച് ബോര്‍ഗ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുണ്ട്.

ഐസ്ബര്‍ഗ് ബോര്‍ഗ്

'കളിക്കളത്തിനകത്തും പുറത്തുമുള്ള തണുപ്പന്‍ പ്രകൃതത്തിന്റെ പേരിലാണ് ബോര്‍ഗിന് 'ഐസ്ബര്‍ഗ് ' എന്ന ചെല്ലപ്പേരു വീണത്. കളിക്കളത്തില്‍ എന്തു സംഭവിച്ചാലും നിസംഗതയോടെയുള്ള പ്രകൃതം. 1980ല്‍ ബോര്‍ഗും മക്കെന്റോയുമായി നടന്ന വിംബിള്‍ഡണ്‍ ഫൈനലിനെ ടെന്നീസിലെ എക്കാലത്തെയും മികച്ച മത്സരമായാണ് വിശേഷിപ്പിക്കുന്നത് (1998.ലെ ഫെഡറര്‍നഡാല്‍ വിംബിള്‍ഡണ്‍ ഫൈനല്‍ മത്സരത്തിനും ഇതേ വിശേഷണമുണ്ട) ്. 25 മിനിറ്റ് നീണ്ട നാലാം സെറ്റിലെ ടൈ ബ്രേക്കറില്‍ ഏഴ് ചാമ്പ്യന്‍ഷിപ്പ് പോയന്റുകള്‍ ബോര്‍ഗ് കളഞ്ഞു കുളിച്ചിരുന്നു. തുടര്‍ന്ന് നിര്‍ണായകമായ അഞ്ചാം സെറ്റ്. ഏത് കളിക്കാരനും പതറിപ്പോകുന്ന നിമിഷം. മക്കെന്റോയാകട്ടെ കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ കിരീടം കയ്യെത്തും ദൂരത്തെത്തി എന്ന പ്രതീക്ഷയിലും. അവിടെയാണ് ബോര്‍ഗ് വ്യത്യസ്തനാകുന്നത്. യാതൊന്നും സംഭവിക്കാത്ത തരത്തില്‍ ഒരു മത്സരത്തിന്റെ ആദ്യ സെറ്റ് കളിക്കാന്‍ പോകുകയാണെന്ന നിസ്സംഗതയോടെകോര്‍ട്ടിലിറങ്ങിയ ബോര്‍ഗിനെ അത്ഭുതത്തോടെയാണ് കാണികള്‍ നോക്കി നിന്നത്. അതേ നിസ്സംഗതയോടെ തന്നെ നിര്‍ണായകമായ അഞ്ചാം സെറ്റ് നേടി അദ്ദേഹം കരിയറിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വിംബിള്‍ഡണ്‍ ട്രോഫി കൈപ്പിടിയിലൊതുക്കി .

കരിയറിന്റെ തുടക്കത്തില്‍ ഇത്തരമൊരു നിസ്സംഗനല്ലായിരുന്നു ബോര്‍ഗ്. 15ാം വയസ്സില്‍ സ്വീഡന്റെ ഡേവിസ് കപ്പ് ടീമിലെത്തി. പില്‍ക്കാലത്ത് ബോര്‍ഗിന്റെ കോച്ചായി മാറിയ ലെനാര്‍ട്ട് ബെര്‍ഗലിനായിരുന്നു അന്ന ഡേവിസ് കപ്പ് ടീമിന്റെ ക്യാപ്റ്റന്‍. റാക്കറ്റ് വലിച്ചെറിയുന്ന , എന്തിനും പൊട്ടിത്തെറിക്കുന്ന ഒരു വികൃതിപ്പയ്യനായിരുന്നു അന്ന് ബോര്‍ഗ്. വികൃതിത്തരങ്ങള്‍ കൂടിയപ്പോള്‍ അധികൃതര്‍ പയ്യനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ക്ലബ്ബില്‍ പരിശീലനം നടത്തുന്നതു പോലും വിലക്കി. അതോടെ ബോര്‍ഗ് തകര്‍ന്നു പോയി. അവിടെ വച്ചായിരുന്നു മാറ്റത്തിന്റ തുടക്കം. കളിക്കളത്തിനകത്തും പുറത്തും തന്റെ മനസ്സിനെയും വികാരങ്ങളെയും അടക്കി പുതിയൊരു ബോര്‍ഗ് ജനിക്കുകയായി.

ടെന്നീസിലെ റോക്ക് സ്റ്റാര്‍

ബോര്‍ഗെന്ന താരത്തിന്റെ ഉദയം ടെന്നീസ് എന്ന കളിക്കും ഗുണം ചെയ്തു. കൂടുതല്‍ കുട്ടികള്‍ ടെന്നീസിലേക്ക് ആകര്‍ഷിക്കപ്പെട്ടു.ടെന്നീസിന് കൂടുതല്‍ ആരാധകരായി. ഇംഗ്ലണ്ടിലെ പുല്‍ക്കോര്‍ട്ടുകളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും രാത്രി നീളുംവരെ ബോര്‍ഗിനെ അനുകരിച്ച് പരിശീലനം തുടരുന്നത് അക്കാലത്തെ കാഴ്ചയായിരുന്നുവെന്ന് പിയേഴ്സണ്‍ പറയുന്നുണ്ട്. ആദ്യ വിംബിള്‍ഡണ്‍ കളിക്കാന്‍ ഇംഗ്ലണ്ടിലെത്തിയ അനുഭവം ബോര്‍ഗും പറയുന്നുണ്ട്.' കോര്‍ട്ടിനു പുറത്തും താമസിച്ചിരുന്ന ഹോട്ടലിലെ ലോബിയിലുമൊക്കെ സ്ത്രീകള്‍ പ്രത്യേകിച്ച്‌ പെണ്‍കുട്ടികള്‍ എന്നെ കാണാന്‍ തടിച്ചുകൂടി. കുറച്ച് പരിഭ്രമിച്ചെങ്കിലും എനിക്ക് അതൊരു പുതിയ അനുഭവമായിരുന്നു'. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഇതേ അവസ്ഥ തുടര്‍ന്നു.' സ്ത്രീകള്‍ ബോര്‍ഗിനൊപ്പമായിരിക്കാന്‍ ആഗ്രഹിച്ചു. പുരുഷന്‍മാരാകട്ടെ ബോര്‍ഗാകാനും ആഗ്രഹിച്ചു.' ബോര്‍ഗെന്ന വസന്തകാലത്തിന്റെ നാളുകളെക്കുറിച്ചുള്ള ഒരു വിശേഷണമാണിത്.

ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും

മോരും മുതിരയും പോലെയാണ് ഫ്രഞ്ച് ഓപ്പണും വിംബിള്‍ഡണും. ഫ്രഞ്ച് ഓപ്പണ്‍ കളിമണ്ണിന്റെ പൂജാകേന്ദ്രം. വിംബിള്‍ഡണാകട്ടെ പച്ചപ്പുല്ലിന്റെ വിശുദ്ധ ഭൂമി. രണ്ട് വ്യത്യസ്തമായ ശൈലി ആവശ്യപ്പെടുന്ന കോര്‍ട്ടുകള്‍. പോയ കാലത്ത് ഫ്രഞ്ച് ഓപ്പണില്‍ വെന്നിക്കൊടിപാറിച്ച പലര്‍ക്കും വിംബിള്‍ഡണ്‍ കിട്ടാക്കനിയായി. സ്വീഡന്റെ തന്നെ മാറ്റ്സ് വിലാന്‍ഡര്‍ ഉദാഹരണം. വിംബിള്‍ഡണിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'പുല്ല് പശുവിനുള്ളതാണെന്ന' ക്ലേ കോര്‍ട്ട് വിദഗ്ധ സ്പെയിനിന്റെ അരാന്താ സാഞ്ചസിന്റെ പ്രശസ്തമായ പരാമര്‍ശമോര്‍ക്കുക.

ഇവിടെയാണ് ബോര്‍ഗ് വ്യത്യസ്തനായത്. കളിമണ്‍കോര്‍ട്ടിലും പുല്‍ക്കോര്‍ട്ടിലും ഒരു പോലെ മികവ് കാണിക്കാന്‍ അദ്ദേഹത്തിനായി. ആറ് ഫ്രഞ്ച് ഓപ്പണ്‍ കിരീടവും അഞ്ച് വിംബിള്‍ഡണ്‍ കിരീടവും നേടിയാണ് ബോര്‍ഗ് വ്യത്യസ്തനായ ടെന്നീസ് താരമായത്. ഇതില്‍ മൂന്നുവര്‍ഷം ((1978,79,80) രണ്ട് കിരീടങ്ങളും ഒരേ സീസണില്‍ നേടാനായി എന്നതും ബോര്‍ഗിന് മാത്രം അവകാശപ്പെട്ട നേട്ടമാണ്. പില്‍ക്കാലത്ത് റാഫേല്‍ നഡാല്‍ രണ്ടു തവണയും സാക്ഷാല്‍ റോജര്‍ ഫെഡറര്‍ ഒരു തവണയും ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.

ഇതേ മികവ് ഓസ്ട്രേലിയന്‍ ഓപ്പണിലും യു.എസ്.ഓപ്പണിലും ആവര്‍ത്തിക്കാന്‍ ബോര്‍ഗിന് സാധിച്ചില്ലെന്നത് വിധിയുടെ മറ്റൊരു കളിയായി കാണാം. ഒരിക്കല്‍ മാത്രമാണ് (1974കരിയറിന്റെ തുടക്കത്തില്‍ ) ബോര്‍ഗ് ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിച്ചത്. അന്ന് മൂന്നാം റൗണ്ടില്‍ പുറത്താകുകയും ചെയ്തു. യു.എസ്.ഓപ്പണില്‍ ഇതായിരുന്നില്ല സ്ഥിതി. നാല് തവണ അദ്ദേഹം യു.എസ്.ഓപ്പണിന്റെ ഫൈനലില്‍ കളിച്ചതാണ്. നാലു തവണയും തോറ്റു. ഏതെങ്കിലും കിരീടങ്ങള്‍ നേടാത്തതില്‍ ദു:ഖമുണ്ടോ എന്ന് ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചതിന് മറുപടിയായി യു.എസ്.ഓപ്പണിന്റെ കാര്യമാണ് അദ്ദേഹം പറഞ്ഞത്. അല്‍പ്പം മനസ്സ് വച്ചിരുന്നെങ്കില്‍ രണ്ടു തവണ യു.എസ് ഓപ്പണില്‍ (1976,80) വിജയിക്കാമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ഓസ്ട്രേലിയന്‍ ഓപ്പണില്‍ വിജയിക്കാതിരുന്നതും അദ്ദേഹത്തെ സങ്കടപ്പെടുത്തിയിരുന്നു.

ഇതൊക്കെയാണെങ്കിലും വിംബിള്‍ഡണ്‍ കിരീടത്തെയാണ് അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തത്. കിട്ടാത്ത യു.എസ്.ഓപ്പണ്‍ കിരീടങ്ങള്‍ക്കായി അത് വിട്ടുകൊടുക്കില്ല എന്ന അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്. 1981ലെ വിംബിള്‍ഡണ്‍ ഫൈനലില്‍ മക്കെന്റോയോട് തോറ്റശേഷം നീണ്ട 19 വര്‍ഷങ്ങള്‍ അദ്ദേഹം അവിടേയ്ക്ക് വന്നതേയില്ല. 2000ലെ ചാമ്പ്യന്‍മാരുടെ പരേഡിനായാണ് അദ്ദേഹം തന്റെ സ്വപ്ന ഭൂമികയില്‍ തിരികയെത്തുന്നത്. വിംബിള്‍ഡണിനോടുള്ള ഇഷ്ടക്കുറവുകൊണ്ടല്ല ഇത്രയും ഇടവേള വേണ്ടി വന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വിംബിള്‍ഡണ്‍ ഒരു വിശുദ്ധ ഭൂമികയാണ്. അവിടേയ്ക്ക് ഭയഭക്തി ബഹുമാനങ്ങളോടെയേ തനിക്ക് പ്രവേശിക്കാനാകൂ എന്ന് അദ്ദേഹം പറയുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം വിംബിള്‍ഡണിലെത്തിയ ബോര്‍ഗിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

മാഞ്ഞു പോയ വസന്തകാലം

എത്ര വര്‍ഷമാണ് ഒരു ടെന്നീസ് താരത്തിന് ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കാനാകുക. തുടര്‍ വിജയങ്ങളില്‍ ബോര്‍ഗിന് മടുത്തു കാണും. വിജയത്തില്‍ ആഹ്ലാദമോ തോല്‍വിയില്‍ ദു:ഖമോ ഇല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് അദ്ദേഹം വീണുപോയി. ഇതിനൊപ്പം മക്കെന്റോ എന്ന പ്രതിഭയുടെ ഉയര്‍ച്ചയും കൂടിയായപ്പോള്‍ ബോര്‍ഗിന് കാലിടറി. 1981ല്‍ ആദ്യം വിംബിള്‍ഡണിന്റെ ഫൈനലില്‍ മക്കെന്റോയോട് തോല്‍വി. പിന്നാലെ യു.എസ്.ഓപ്പണിലും മക്കെന്റോയോട് തന്നെ തോറ്റു. മത്സരത്തിനുശേഷം പത്രസമ്മേളനത്തിനുപോലും നില്‍ക്കാതെ നേരെ വിമാനത്താവളത്തിലേക്കാണ് ബോര്‍ഗ് പോയത്. തുടര്‍ന്ന ചില ടൂര്‍ണമെന്റുകളിലൊക്കെ പങ്കെടുത്തെങ്കിലും 1983ല്‍ 26 വയസ്സെന്ന ചെറുപ്രായത്തില്‍ അദ്ദേഹം ടെന്നീസില്‍ നിന്നും വിരമിച്ചു. ടെന്നീസ് താരങ്ങള്‍ ചെറുപ്രായത്തില്‍ വിരമിക്കല്‍ുന്നത് അസാധാരണമല്ല. എന്നാല്‍ ബോര്‍ഗിനെപ്പോലെ വിജയിച്ച ഒരു താരം വിരമിച്ച വാര്‍ത്ത കായിക ലോകം ഞെട്ടലോടെയാണ് കേട്ടത്.

1991'93 കാലഘട്ടത്തില്‍ ബോര്‍ഗ് രണ്ടാം വരവിന് ശ്രമിച്ചതാണ്. കാലം പക്ഷേ ഏറെ മാറിയിരുന്നു. പുതിയ കളിക്കാരുടെ മുമ്പില്‍ പിടിച്ചു നില്‍ക്കാനാവാതെ തോല്‍വിയോടെ അദ്ദേഹം മടങ്ങി. കുടുംബജീവിതത്തിലും അദ്ദേഹത്തിന് പരാജയം നുണയേണ്ടി വന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് റുമേനിയന്‍ ടെന്നീസ് താരം മരിയാനാ സിമിണെസ്‌ക്യുവിനെ 1980ല്‍ അ്ദ്ദേഹം വിവാഹം ചെയ്തത്. വിംബിള്‍ഡണിലെ വിജയത്തിന് ശേഷമായിരുന്നു വിവാഹം. പക്ഷേ നാല് വര്‍ഷത്തിനുള്ളില്‍ ബന്ധം അവസാനിച്ചു. സ്വീഡിഷ് യുവ മോഡല്‍ ജനീക് ബ്യോര്‍ലിങുമായുള്ള ബോര്‍ഗിന്റെ ബന്ധമായിരുന്നു കാരണം. ആ ബന്ധത്തില്‍ ഒരു കുട്ടിയും ജനിച്ചു.

1989ലായിരുന്നു ബോര്‍ഗിന്റെ രണ്ടാം വിവാഹം. ഇറ്റാലിയന്‍ പാട്ടുകാരി ലോറെഡാനാ ബെര്‍ത്തെയായിരുന്നു വധു. ഇതും പരാജയമായി. 1993ല്‍ ഇരുവരും പിരിഞ്ഞു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ബിസിനസ് തകര്‍ന്നു. ബോര്‍ഗ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായി. അ്ദ്ദേഹം അത് നിഷേധിക്കുകയുണ്ടായി. 2002സ്വീഡനില്‍ നിന്നു തന്നെയുള്ള പട്രീസിയ ഓസ്റ്റ്ഫെല്‍ഡിനെ അദ്ദേഹം വിവാഹം കഴിച്ചു. അടുത്തവര്‍ഷം ഇവര്‍ക്ക് ലിയോ എന്ന മകനും പിറന്നു. പട്രീസിയയും മകനുമൊത്ത് സന്തുഷ്ടകരമായ കുടുംബ ജീവിതം ആസ്വദിക്കുകയാണ് ബോര്‍ഗിപ്പോള്‍. അതിനൊപ്പം തന്റെ ബിസിനസും നടത്തിക്കൊണ്ടു പോകുന്നു. സ്വീഡനിലെ കുട്ടികള്‍ക്ക് ടെന്നീസ് പരിശീലനം നല്‍കാനും മുന്‍ചാമ്പ്യന്‍ സമയം കണ്ടെത്തുന്നുണ്ട്.

Content Highlights: tennis legend bjorn borg celebrate his 67th birthday today

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohammed siraj

4 min

'പോയി ഓട്ടോ ഓടിച്ചൂടേ', പരിഹസിച്ചവര്‍ കാണുന്നുണ്ടോ ഈ സ്വിങ്ങിങ് സിറാജിനെ

Sep 18, 2023


virat kohli

3 min

റെക്കോഡുകള്‍ ഭേദിക്കാനായി മാത്രം ബാറ്റുവീശുന്നവന്‍, കിങ് കോലിയെ തടയാന്‍ ആരുണ്ട്?

Sep 11, 2023


04:40

ഇടറിപ്പോയ ഹൃദയത്തില്‍ നിന്നൊരു ഗോള്‍; അറിയണം അലിയുടെ പോരാട്ടത്തിന്റെ കഥ!

Jun 15, 2022


Most Commented