നിതകളുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യരണ്ടു കളികളും ഇന്ത്യ ജയിച്ചപ്പോള്‍ അതില്‍ താനിയ ഭാട്യ എന്ന 22-കാരിയുടെ 'കരവിരുത്' പ്രധാനമായിരുന്നു. ആദ്യമത്സരത്തില്‍ ഓസ്ട്രേലിയയ്‌ക്കെതിരേ രണ്ടു സ്റ്റമ്പിങ്ങും രണ്ടു ക്യാച്ചും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ രണ്ടു ക്യാച്ചും ഒരു സ്റ്റമ്പിങ്ങും. രണ്ടു മത്സരത്തില്‍ ഏഴുപേരെ മടക്കിയയച്ചു ഈ വിക്കറ്റ് കീപ്പര്‍. ഇതില്‍ നാലുവിക്കറ്റുകളും സ്പിന്നര്‍ പൂനം യാദവിനായിരുന്നു. എതിരാളിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന പൂനത്തിന്റെ ഗൂഗ്ലികളുടെ ദിശ കൃത്യമായി അറിയുന്ന താനിയയുടെ സ്റ്റമ്പിങ്ങുകള്‍ക്ക് മിന്നല്‍വേഗമായിരുന്നു.

കുടുംബകാര്യം

വിക്കറ്റ് കീപ്പിങ് കുടുംബകാര്യമാണ് ഈ പഞ്ചാബുകാരിക്ക്. അച്ഛന്‍ സഞ്ജയ് ഭാട്യ പഞ്ചാബിന്റെ പഴയ വിക്കറ്റ് കീപ്പറായിരുന്നു. അമ്മാവന്‍ അജയും വിക്കറ്റിനുപിന്നിലായിരുന്നു. അനിയന്‍ സഹജ് ഭാട്യയും അതേ വഴിയില്‍. മകളെ ഓള്‍റൗണ്ടറാക്കാന്‍ ആഗ്രഹിച്ച സഞ്ജയ് പരിശീലകനടുത്ത് എത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ബൗളറാകാനുള്ള ഉയരമില്ല, വിക്കറ്റ് കീപ്പറായി ശോഭിക്കും!

Taniya Bhatia's heroics compared to MS Dhoni

കപില്‍ദേവ്, യുവ്‌രാജ് സിങ്, ചേതന്‍ ശര്‍മ തുടങ്ങി ഒട്ടേറെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജന്‍മംനല്‍കിയ ചണ്ഡീഗഢില്‍ നിന്നാണ് താനിയയുടെ വരവ്. യുവ്‌രാജിന്റെ അച്ഛന്‍ യോഗ്‌രാജ് സിങ്ങിന്റെ കളരിയിലായിരുന്നു പരിശീലനം. 

ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ ബാങ്ക് ഉദ്യോഗസ്ഥനായിമാറിയ അച്ഛന്‍ സഞ്ജയ് തന്നെയാണ് ആദ്യ ഗുരു. ചണ്ഡീഗഢിലെ ഡി.എ.വി. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒന്‍പതാം വയസ്സില്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങി. അവിടെവെച്ച് താനിയയുടെ കളികണ്ട യോഗ്‌രാജ് സിങ് പരിശീലനം ഏറ്റെടുത്തു. പതിമൂന്നാം വയസ്സില്‍ പഞ്ചാബ് സീനിയര്‍ ടീമിലെത്തി. പതിനാറാം വയസ്സില്‍ ഇന്ത്യ എ ടീമിലുമെത്തി. 'യോഗ്‌രാജ് സാര്‍ എന്നെ പെണ്‍കുട്ടിയായല്ല, എല്ലാ കളിക്കാരെയും പോലെ പരിഗണിച്ചു. പലപ്പോഴും ആണുങ്ങള്‍ക്കൊപ്പമായിരുന്നു പരിശീലനവും മത്സരവും'- താനിയ ഓര്‍ക്കുന്നു.

Taniya Bhatia's heroics compared to MS Dhoni

വിഷാദം, തിരിച്ചുവരവ്

എന്നാല്‍, പതിനെട്ടാം വയസ്സില്‍ വിഷാദം പിടിപെട്ട് കളി നിര്‍ത്തി. അച്ഛന്‍ ഉദ്യോഗക്കയറ്റം കിട്ടി സ്ഥലംമാറിപ്പോയ സമയം. രണ്ടുവര്‍ഷത്തോളം താനിയ ക്രിക്കറ്റില്‍നിന്ന് വിട്ടുനിന്നു. അമ്മ സപ്നയാണ് മകളെ കളിക്കളത്തിലേക്ക് തിരികെയെത്തിച്ചത്. രാവിലെയും വൈകുന്നേരവും സപ്ന മകളെയുംകൊണ്ട് ക്രിക്കറ്റ് ഗ്രൗണ്ടുകളിലൂടെ സഞ്ചരിച്ചു. വീണ്ടും കഠിനപരിശീലനം. ഇരുപതാം വയസ്സില്‍, താനിയ ഇന്ത്യയ്ക്കുവേണ്ടി കളിച്ചതോടെ സപ്നയുടെ സ്വപ്നം പൂര്‍ത്തിയായി. 2018 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20-യിലൂടെ ഇന്ത്യന്‍ ടീമിലെത്തി. അതേവര്‍ഷം ഏകദിനത്തിലും അരങ്ങേറ്റം കുറിച്ചു. സമീപകാലത്ത് താനിയയുടെ വളര്‍ച്ചയ്ക്കുപിന്നില്‍ ഇന്ത്യയുടെ മുന്‍ താരം ആര്‍.പി. സിങ്ങുമുണ്ട്.

Content Highlights: Taniya Bhatia's heroics compared to MS Dhoni