photo: Getty Images
2022 ജൂലൈ 10, ലണ്ടനിലെ വിംബിള്‍ഡണ്‍ കോര്‍ട്ടില്‍ പുരുഷ സിംഗിള്‍സ് പോരാട്ടത്തില്‍ കായികലോകം മുഴുവന്‍ ലയിച്ചുനില്‍ക്കുന്നു. ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമോഹവുമായെത്തിയ ഓസ്‌ട്രേലിയക്കാരന്‍ കിര്‍ഗിയോസിന്റെ വെല്ലുവിളി അതിജീവിച്ച് ടോപ്പ് സീഡ് ജോക്കോവിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന സമയം. എല്ലാ കണ്ണുകളും ആ സെര്‍ബിയക്കാരനെ വലംവെച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്നൊരു നിമിഷം കായികലോകത്തിന്റെ ശ്രദ്ധ തെല്ലൊന്ന് മാറുന്നു. ആ പുല്‍ക്കോര്‍ട്ടിന് കിലോമീറ്ററുകള്‍ മാത്രം അപ്പുറമുളള നോട്ടിങ്ങാമിലെ ട്രന്റ് ബ്രിഡ്ജ് സ്‌റ്റേഡിയത്തിലേക്ക്. അവിടെ ഒരു 31-കാരന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുളള പരമ്പരയിലെ മൂന്നാം ട്വന്റി-20 മത്സരമായിരുന്നു ട്രെന്റ് ബ്രിഡ്ജില്‍. ഇംഗ്ലണ്ട് ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റേന്തുന്നു. നാലാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ്മ പവലിയനിലേക്ക് തിരിഞ്ഞുനടക്കുന്ന കാഴ്ച. 31 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇന്ത്യ. നിരാശയോടെ ഇന്ത്യന്‍ ആരാധകര്‍ മുഖത്തോടുമുഖം നോക്കിയിരുന്നു. ക്രീസില്‍ എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട ഭാവത്തോടെ ഒരു മുംബൈക്കാരന്‍ അടുത്ത ബാറ്റര്‍ക്കായി കാത്തിരുന്നു. സൂര്യകുമാര്‍ അശോക് യാദവ്.
ഇന്ത്യയുടെ കളി പെട്ടെന്ന് തന്നെ അവസാനിക്കുമെന്ന് ആരാധകര്‍ പോലും കരുതിയിരുന്നു. ലക്ഷ്യത്തിലേക്കുളള ദൂരത്തിന്റെ അടുത്ത് പോലുമെത്തില്ലെന്ന് ഉറപ്പിച്ച ഘട്ടം. പക്ഷേ സൂര്യകുമാര്‍ യാദവ് കണക്കുകൂട്ടലുകളെ അതിര്‍ത്തികടത്തിക്കൊണ്ട് ബാറ്റേന്തി. ഇംഗ്ലണ്ട് ബോളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ചുകൊണ്ടേയിരുന്നു. നാലാമനായി ശ്രേയസ്സ് അയ്യര്‍ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 150 റണ്‍സിലെത്തിയിരുന്നു.

പിന്നീടിറങ്ങിയവരെല്ലാം വേഗത്തില്‍ തന്നെ കൂടാരം കയറിയപ്പോഴും ആ മുംബൈക്കാരന്റെ പോരാട്ടത്തിന് കുറവുണ്ടായിരുന്നില്ല. പതിനെട്ടാം ഓവറിലെ അഞ്ചാം പന്തില്‍ സൂര്യകുമാര്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 190 കടന്നിരുന്നു. ഇന്ത്യയ്ക്കായി ട്വന്റി- 20 ക്രിക്കറ്റില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കിയാണ് ട്രന്റ് ബ്രിഡ്ജില്‍ നിന്ന് അയാള്‍ മടങ്ങിയത്. 17 റണ്‍സിന് ഇംഗ്ലണ്ട് വിജയിച്ചെങ്കിലും തിങ്ങിനിറഞ്ഞ ഗാലറികളില്‍ നിന്ന് അയാള്‍ക്കായി കയ്യടികളുയര്‍ന്നു. അത്ര മനോഹരമായിരുന്നു സൂര്യകുമാറിന്റെ പോരാട്ടം.
തളരാത്ത പോരാട്ടം ഒന്നുകൊണ്ടു മാത്രമാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ നീല ജേഴ്‌സി വരെ എത്തുന്നത്. അത് എളുപ്പത്തിലുളള യാത്രയല്ല. മുംബൈയിലെ തെരുവുകളില്‍ ക്രിക്കറ്റ് കളിച്ചു നടന്ന ബാല്യമായിരുന്നു സൂര്യകുമാറിന്റേത്. കുട്ടിയുടെ അടങ്ങാത്ത കളിപ്രേമം മനസിലാക്കിയ അച്ചന്‍ സൂര്യകുമാറിനെ ക്രിക്കറ്റ് അക്കാദമിയില്‍ ചേര്‍ക്കുന്നു. അങ്ങനെയാണ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സൂര്യകുമാര്‍ കളിച്ചു തുടങ്ങുന്നത്. മുംബൈക്ക് വേണ്ടി രഞ്ജി ട്രോഫിയിലാണ് സൂര്യകുമാര്‍ അരങ്ങേറുന്നത്. ആദ്യ മത്സരത്തില്‍ തന്നെ തിളങ്ങിയ താരം പിന്നീടുളള സീസണുകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 2011-12 രഞ്ജി ട്രോഫിയില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 754 റണ്‍സാണ് താരം അടിച്ചെടുത്തത്.
ആഭ്യന്തരമത്സരങ്ങളിലെ സ്ഥിരതയാര്‍ന്ന പ്രകടനം സൂര്യകുമാറിനെ വേറിട്ട്‌നിര്‍ത്തി. അങ്ങനെയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് സൂര്യകുമാര്‍ കളിക്കാനിറങ്ങുന്നത്. 2012-ല്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു മത്സരം മാത്രമാണ് താരം കളിച്ചത്. 2014-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് താരത്തെ സ്വന്തമാക്കുന്നത്. 2015-ഐ.പി.എല്ലില്‍ മുംബൈക്കെതിരേ തകര്‍പ്പന്‍ പ്രകടനം നടത്തിയതോടെയാണ് സൂര്യകുമാര്‍ കളിയാരാധകരുടെ ശ്രദ്ധ നേടുന്നത്. പിന്നീടങ്ങോട്ട് ഐ.പി.എല്‍ സീസണുകളില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ട് സൂര്യകുമാര്‍ തന്റെ ഗ്രാഫ് ഉയര്‍ത്തിക്കൊണ്ടേയിരുന്നു. 2018-ല്‍ മുംബൈ ഇന്ത്യന്‍സിലേക്ക് താരം കൂടുമാറി.

2020 ഐ,പി.എല്‍ സീസണാണ് സൂര്യകുമാര്‍ യാദവിന്റെ ഏറ്റവും മികച്ച സീസണുകളിലൊന്ന്. 16 മത്സരങ്ങളില്‍ നിന്നായി 480 റണ്‍സാണ് താരം നേടിയത്. നാല് അര്‍ധസെഞ്ചുറികളും നേടി. അയാള്‍ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിലിടം നേടുന്നില്ലെന്ന ചോദ്യങ്ങള്‍ അപ്പോഴേക്കും ഉയര്‍ന്നുകഴിഞ്ഞിരുന്നു. അയാളുടെ പ്രകടനങ്ങള്‍ അവഗണിക്കാന്‍ സെലക്ടര്‍മാര്‍ക്കും കഴിഞ്ഞില്ല. അങ്ങനെയാണ് 2021-ല്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 സ്‌ക്വാഡില്‍ അയാളുടെ പേരും ഉള്‍പ്പെടുന്നത്.
അരങ്ങേറ്റ മത്സരത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സൂര്യകുമാര്‍ അതിര്‍ത്തികടത്തി. അടങ്ങാത്ത ആവേശത്തോടെ പിന്നേയും തകര്‍ത്തടിച്ചു. പിന്നാലെ അര്‍ധസെഞ്ചുറിയും നേടി. വൈകാതെ ഏകദിന ടീമിലേക്കും താരം തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഇന്ത്യയ്ക്കായി നിരവധി പരമ്പരകളില്‍ സൂര്യകുമാര്‍ ഇടം നേടി. 2021-ല്‍ ട്വന്റി-20 ലോകകപ്പും കളിച്ചു. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ പൊസിഷന്‍ അയാള്‍ക്കുളളതാണ്.കോലിയും രോഹിത്തും ഉള്‍പ്പെടെയുളള ടീമിലെ അതികായന്‍മാര്‍ നിരായുധരായി മടങ്ങിയാലും തോറ്റു കൊടുക്കാത്ത പോരാളിയെപ്പോലെ അയാള്‍ ജ്വലിച്ചുനില്‍ക്കുമെന്നുറപ്പാണ്.
ആഴ്ചകള്‍ക്ക് മുമ്പാണ് അയര്‍ലന്റിനെതിരായ ട്വന്റി-20 യില്‍ ദീപക് ഹൂഡയെന്ന ഹരിയാനക്കാരന്‍ സെഞ്ചുറി നേടുന്നത്. അടുത്തിടെയായി മികച്ച ഫോമിലാണ് ഹൂഡ. മൂന്നാം നമ്പറില്‍ കോലിയ്ക്ക് പകരം ഹൂഡയെ കളിപ്പിക്കണമെന്നാണ് ഒട്ടുമിക്ക ആരാധകരുടെയും ആവശ്യം. സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍, ഋതുരാജ് ഗെയ്ക്വാദ് തുടങ്ങിയവരും ഇന്ത്യന്‍ പ്രതീക്ഷകളാണ്. പക്ഷേ ലോകകപ്പ് ടീമില്‍ ഇവര്‍ക്ക് സ്ഥാനം കിട്ടുമോയെന്ന് ഉറപ്പില്ല. കോലിയും രോഹിത്തുമൊക്കെ ഫോം വീണ്ടെടുക്കാനാവാതെ ഉഴറുമ്പോളും എന്തുകൊണ്ടാണ് ഇവര്‍ക്ക് തുടര്‍ച്ചയായി അവസരം നല്‍കാത്തതെന്ന ചോദ്യം ഉയരുകയാണ്. ഒരു പക്ഷേ ലോകകപ്പില്‍ ഇവര്‍ കത്തി ജ്വലിച്ചേക്കാം. കിരീടത്തില്‍ മുത്തമിട്ടെന്നും വരാം. കാത്തിരിക്കാം. കളിക്കളത്തില്‍ പ്രവചനങ്ങളും കണക്കുകൂട്ടലുകളും അപ്രസക്തമാണല്ലോ.
Content Highlights: surya kumar yadav's journey
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..