കോഴിക്കോട്: 'സ്വന്തം കഴിവ് എന്തായിരുന്നുവെന്ന് തിരിച്ചറിയാനാകാതെപോയ വ്യക്തിത്വം', എം. സുരേഷ് കുമാര്‍ എന്ന കളിക്കാരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ക്രിക്കറ്റ് സംഘാടകനായിരുന്ന വി.ആര്‍ രാജന് ആദ്യം പറയാനുണ്ടായിരുന്നത് ഇക്കാര്യമായിരുന്നു.

എന്തുകൊണ്ടും കേരളത്തില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയണിയാന്‍ യോഗ്യനായിരുന്ന താരമായിരുന്നു 'ഉംബ്രി' (സുരേഷ് കുമാര്‍). മികച്ചൊരു ലെഫ്റ്റ് ആം ഓഫ് സ്പിന്നര്‍ മാത്രമായിരുന്നില്ല സുരേഷ്, മികച്ച ഫീല്‍ഡറും ബാറ്റ്‌സ്മാനും കൂടിയായിരുന്നു. 

''അണ്ടര്‍ 17 കളിക്കാന്‍ വരുന്ന സമയത്താണ് ഞാന്‍ ഉംബ്രിയെ ആദ്യമായി കാണുന്നത്. അന്ന് വെറും 12-13 വയസ് മാത്രമാണ് അവന്റെ പ്രായം. കൊച്ചു പയ്യനാണെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താവുന്ന ഒരു കളിക്കാരനായിരുന്നില്ല ഉംബ്രി. അക്കാലത്തു തന്നെ അവന്‍ ഫീല്‍ഡില്‍ പുറത്തെടുത്തിരുന്ന എനര്‍ജി അപാരമായിരുന്നു. ബൗണ്ടറി ലൈനില്‍ നിന്നുള്ള ത്രോ പോലും കൃത്യം സ്റ്റമ്പിലായിരിക്കും. അത്രയ്ക്ക് കഴിവുള്ള താരമായിരുന്നു. ശരിക്കും ഇന്ത്യ പാഴാക്കി കളഞ്ഞ ഒരു ടാലന്‍ഡ് ആയിരുന്നു ഉംബ്രി എന്ന് പറയുന്നതാകും ശരി. ധോനിയെ പോലെ ഒരു സ്ട്രീറ്റ് സ്മാര്‍ട്ട് ക്രിക്കറ്ററായിരുന്നു അവന്‍.'' - വി.ആര്‍ രാജന്‍ പറഞ്ഞു.

1990-ല്‍ ന്യൂസീലന്‍ഡ് അണ്ടര്‍-19 ടീമും ഇന്ത്യന്‍ അണ്ടര്‍-19 ടീമും തമ്മില്‍ നടന്ന പരമ്പരയിലെ അഞ്ചു മത്സരവും കളിച്ച താരമായിരുന്നു. അതുതന്നെ സുരേഷിന്റെ കഴിവിന് അടിവരയിടുന്നു. കേരളത്തിനായും റെയില്‍വേസിനായും മികച്ച പ്രകടനം നടത്തിയിട്ടും അദ്ദേഹത്തിന് പക്ഷേ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നുകിട്ടിയില്ല. ഇതിന് അന്നത്തെ ടീമിലെ ക്വാട്ട സിസ്റ്റത്തിനൊപ്പം സുരേഷിനെയും വി.ആര്‍ രാജന്‍ കുറ്റപ്പെടുത്തുന്നുണ്ട്. 

''സ്വന്തം കഴിവ് എന്തെന്ന് അവന്‍ മനസിലാക്കിയിരുന്നില്ല. കാര്യങ്ങളെല്ലാം ലാഘവത്തോടെയാണ് ഉംബ്രി കണ്ടിരുന്നത്. കാര്യങ്ങള്‍ പറഞ്ഞുകൊടുത്ത് വഴിനടത്താന്‍ ഒരു മെന്റര്‍ ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ഉംബ്രി ഇന്ത്യയ്ക്ക് കളിച്ചേനേ. കാരണം അത്രയ്ക്ക് ടാലന്റടായിരുന്നു അവന്‍. മറ്റുള്ളവര്‍ അഞ്ചും ആറും മണിക്കൂറൊക്കെ പരിശീലിക്കുമ്പോള്‍ ഏറെ ലാഘവത്തോടെയാണ് ഉംബ്രി പരിശീലനത്തെ കണ്ടിരുന്നത്. പലരും ഇതിനാല്‍ തന്നെ അവനൊരു ഉഴപ്പനാണോ എന്ന് തെറ്റിദ്ധരിച്ചിരുന്നു. പക്ഷേ ഫീല്‍ഡിലേക്കെത്തിയാല്‍ അവന്‍ മാറ്റൊരാളാകും. ജന്മനാ ക്രിക്കറ്റ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന ഒരാളായിരുന്നു അവനെന്നാണ് എനിക്ക് തോന്നിയിരുന്നത്.''

Content Highlights: Suresh Kumar should be the first player from Kerala to play for Indian team