രു ട്വന്റി 20 മല്‍സരത്തിന്റെ ഫലം നിശ്ചയിക്കാന്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍! ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം കിങ്‌സ് ഇലവന്‍ പഞ്ചാബ് - മുംബൈ ഇന്ത്യന്‍സ് മല്‍സരത്തില്‍ വിജയികളെ കണ്ടെത്തുന്നതിനായി രണ്ട് തവണ സൂപ്പര്‍ ഓവര്‍ പ്രയോഗിച്ചപ്പോള്‍ ലൈവ് ടെലികാസ്റ്റ് കണ്ട ലക്ഷകണക്കിന് ആരാധകര്‍ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു.

എനിക്കൊപ്പം വീട്ടിലെ ടെലിവിഷന് മുന്നിലിരുന്ന് കളികണ്ട  ഇരുപതും പതിനെട്ടും വയസ്സുള്ള മക്കള്‍ പറഞ്ഞു, ' ഇതാണച്ഛാ കളി.' ഐ.പി.എല്ലിന്റെ കാര്യത്തില്‍ 'ന്യൂ ജെന്‍' തീര്‍ത്തും ഹാപ്പിയാണെന്ന് നേരിട്ട് ബോധ്യമായി.

'ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മഹത്തായ രാത്രികളിലൊന്നെന്ന്' എന്നാണ്  63-കാരനായ കമന്റേറ്ററും  ഇംഗ്ലീഷ് കൗണ്ടിയില്‍ ദീര്‍ഘകാലം ഹാംഷെയറിന്റെ കളിക്കാരനുമായിരുന്ന മാര്‍ക്ക് നിക്കോളാസ് പറഞ്ഞത്. അങ്ങനെ പാരമ്പര്യവാദികളായ പഴയ തലമുറയും ഐ.പി.എല്ലിന്റെ പരിണാമത്തില്‍ സംപ്രീതരാണെന്ന് ബോധ്യപ്പെട്ടു.

IPL 2020 Chennai Super Kings and Rajasthan Royals clash

കടുത്ത ക്രിക്കറ്റ് ആരാധകനായ ഈ ലേഖകന് പക്ഷെ, മധുരം ഏറെ കൂടിപ്പോയ പായസം കുടിച്ച വിധത്തിലുള്ള ചെടിപ്പാണ് അനുഭവപ്പെട്ടത്. അത് എന്റെ മാത്രം അനുഭവമാണോ? അറിയില്ല.
ഏതായാലും സൂപ്പര്‍ ഓവറുകളുമായി ബന്ധപ്പെട്ട് ചില ചോദ്യങ്ങള്‍ ഉയരാന്‍ ഈ മല്‍സരം വഴിവെക്കുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

ഒന്നാമത്തെ കാര്യം ഐ.പി.എല്ലില്‍ ഇപ്പോള്‍ നടക്കുന്ന മല്‍സരങ്ങള്‍ ലീഗ് അടിസ്ഥാനത്തിലാണ്, സെമിഫൈനലുകളും ഫൈനലും മാത്രമേ നോക്കൗട്ട് അടിസ്ഥാനത്തിലുള്ളൂ. ലീഗ് ഘട്ടത്തിലെ എല്ലാ മല്‍സരങ്ങളിലും ഒരു വിജയിയെ നിര്‍ണയിക്കണമെന്ന് വാശി പിടിക്കുന്നത് എന്തിനാണ്? ടൈ ആവുന്ന മല്‍സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ ഇല്ലാതെ തന്നെ ഇരു ടീമുകള്‍ക്കുമായി പോയന്റ് വിഭജിച്ചു (രണ്ട് ടീമുകള്‍ക്കും ഓരോ പോയന്റ് വീതം) കൊടുത്താല്‍ പോരേ? പിന്നീട് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ ടൈ ആയാല്‍ മാത്രം സൂപ്പര്‍ ഓവര്‍ കളിച്ചാല്‍ പോരേ? ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെയുള്ള ലോകോത്തര ഫുട്‌ബോള്‍ ലീഗുകളിലെല്ലാം സമനിലകള്‍ അനുവദിക്കുന്നുണ്ട്. (പേരിലും ഘടനയിലുമെല്ലാം ഇ.പി.എല്ലിനെ അനുകരിച്ചാണ് ഐ.പി.എല്‍ എന്ന ആശയം നടപ്പിലാക്കിയത്.) 

പണം ഒഴുകിയെത്തുന്ന വലിയ വ്യവസായമായി മാറിക്കഴിഞ്ഞ ഐ.പി.എല്ലിനെ കൂടുതല്‍ ആവേശകരമാക്കി മാറ്റുന്നതിനാണ് ടൈ ആവുന്ന മല്‍സരങ്ങള്‍ക്കെല്ലാം സൂപ്പര്‍ ഓവര്‍ കളിപ്പിക്കുന്നത്. 36 മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ നാലെണ്ണത്തില്‍ സൂപ്പര്‍ ഓവര്‍ കളിച്ചുകഴിഞ്ഞു. അതില്‍ തന്നെ ഒന്നില്‍ രണ്ട് സൂപ്പര്‍ ഓവറുകളും. സംഘാടകര്‍ ഉദ്ദേശിച്ച രീതിയില്‍ തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോവുന്നുണ്ടെന്ന് വ്യക്തം.
മല്‍സരങ്ങല്‍ ആവേശകരമാവുകയും കൂടുതല്‍ കാണികളെ ആകര്‍ഷിക്കുന്നതും നല്ലത് തന്നെ. പക്ഷെ സൂപ്പര്‍ ഓവര്‍ പെരുകുമ്പോള്‍ പതുക്കെ അതിന്റെ രസനീയതക്കും കോട്ടം തട്ടുമെന്ന് ഉറപ്പാണ്. മാത്രമല്ല ക്രിക്കറ്റ് എന്ന ഗെയ്മിന്റെ അടിസ്ഥാന തത്വങ്ങള്‍ തന്നെ കീഴ്‌മേല്‍ മറിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോവുന്നത് ഗെയ്മിന്റെ ഭാവിക്ക് ഗുണം ചെയ്യില്ലെന്ന മനസ്സിലാക്കിയാല്‍ നല്ലത്. 

അഞ്ച് ദിവസം നീളുന്ന ടെസ്റ്റ് മല്‍സരങ്ങള്‍ മടുത്തു തുടങ്ങിയപ്പോഴാണ് ഏകദിന ക്രിക്കറ്റ് മല്‍സരങ്ങള്‍ ആരംഭിച്ചത്. ആദ്യം 60 ഓവറില്‍ കളിച്ചിരുന്ന ഏകദിന മല്‍സരങ്ങള്‍ പിന്നീട് 50 ഓവറാക്കി കുറച്ചു. പിന്നീട് മല്‍സരങ്ങല്‍ കൂടുതല്‍ ആവേശകരമാക്കി തീര്‍ക്കുന്നതിനും മാറുന്ന കാലത്തിനൊത്ത് മുന്നോട്ടു പോവുന്നതിനുമായി ടി20 ക്രിക്കറ്റ് അവതരിപ്പിക്കപ്പെട്ടു. ഇപ്പോള്‍ ഇഗ്ലണ്ടില്‍ ക്ലബ്ബ് തലത്തില്‍ 100 ബോള്‍ ക്രിക്കറ്റ് (ഒരിന്നിങ്‌സില്‍ നൂറ് പന്ത് മാത്രം) കളിച്ചു തുടങ്ങിയിരിക്കുന്നു. പുതുക്കെ പത്ത്, അഞ്ച് ഓവറുകള്‍ നീണ്ടു നില്‍ക്കുന്ന മല്‍സരങ്ങളിലേക്ക് കളി ചുരുങ്ങിപ്പോവുമോയെന്ന് ന്യായമായും സംശയിക്കണം.

IPL 2020 Chennai Super Kings and Rajasthan Royals clash

മാറ്റങ്ങള്‍ ഏത് ഗെയ്മിലും ആവശ്യമാണ്. ലോകത്തെ ഏറ്റവും ജനപ്രിയ ഗെയ്മായ ഫുട്‌ബോളിലും ഇത്തരം പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. 1998-ല്‍ ഫ്രാന്‍സില്‍ അരങ്ങേറിയ ഫുട്‌ബോള്‍ ലോകകപ്പില്‍ നടപ്പിലാക്കിയ 'ഗോള്‍ഡന്‍ ഗോള്‍' രീതി ഇത്തരത്തിലുള്ള ഒന്നായിരുന്നു. നിശ്ചിത സമയത്ത് സമനിലയിലാവുന്ന മല്‍സരങ്ങളുടെ എക്‌സ്ട്രാ ടൈമില്‍ ഒരു ടീം ഗോളടിച്ചാല്‍ അപ്പോള്‍ തന്നെ കളിയവസാനിപ്പിച്ച് ആ ടീം ജയിച്ചതായി പ്രഖ്യാപിക്കുന്ന രീതിയായിരുന്നു അത്. ആ ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ആതഥേയ ടീം പ്രീ ക്വാര്‍ട്ടറില്‍ പരാഗ്വെയെ കീഴടക്കിയത് ലോറന്റ് ബ്ലാങ്ക് എന്ന ഡിഫന്‍ഡര്‍ നേടിയ ഗോള്‍ഡന്‍ ഗോളിലായിരുന്നു. എന്നാല്‍ ഈ സമ്പ്രദായം അവസാനഘട്ടം വരെ പൊരുതിക്കളിച്ച ടീമിനോട് ചെയ്യുന്ന നീതികേടാണെന്നം കളിയുടെ അന്തസത്തക്ക് തന്നെ വിരുദ്ധമാണെന്നും കണ്ട് ഫിഫ പിന്നീട് റദ്ദാക്കുകയായിരുന്നു. വോളിബോളിലും ബാഡ്മിന്റണിലും റാലി സിസ്റ്റം പോലുള്ള പരിഷ്‌ക്കാരങ്ങള്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയതും ചരിത്രം.

ക്രിക്കറ്റിന്റെ കാര്യത്തില്‍ പക്ഷേ പരീക്ഷണങ്ങള്‍ ഏറിപ്പോയതിന്റെ കുഴപ്പമാണ് സംഭവിക്കുന്നത്. പരിഷ്‌കാരങ്ങളുടെ ഫലമായി ഇതിനകം തന്നെ ടെസ്റ്റ്, ഏകദിനം, ടി20 എന്നിങ്ങനെ വ്യത്യസ്ഥമായ മൂന്നു ഫോര്‍മാറ്റുകള്‍ രൂപം കൊണ്ടുകഴിഞ്ഞു. പതുക്കെ ഈ ഫോര്‍മാറ്റുകള്‍ വ്യത്യസ്ഥമായ ഗെയ്മുകളായി തന്നെ മാറുന്ന സൂചനയാണ് ഇപ്പോഴുള്ളത്. കാരണം മൂന്നു ഫോര്‍മാറ്റിലും ഒരേ പോലെ കളിക്കാന്‍ കഴിയുന്ന താരങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. കളിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ സ്‌കില്ലുകള്‍ ആവശ്യപ്പെടുന്നവയാണ് ഈ മൂന്നു ഫോര്‍മാറ്റുകളും.

ലോകകപ്പ് ഫൈനലിലെ ഡ്രാമ

2019-ല്‍ നടന്ന ലോകകപ്പിന്റെ ഫൈനലിലെ സൂപ്പര്‍ ഓവര്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇംഗ്ലണ്ട് - ന്യൂസീലന്‍ഡ് ഫൈനല്‍ ടൈ ആയി. തുടര്‍ന്നു നടന്ന സൂപ്പര്‍ ഓവറും ടൈ ആയപ്പോള്‍ മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീം എന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചു. ഫീല്‍ഡില്‍ ഓടി നേടിയ റണ്ണുകളേക്കാള്‍ മുന്‍തൂക്കം ബൗണ്ടറി ഷോട്ടുകളിലൂടെ ലഭിച്ച റണ്ണുകള്‍ക്ക് നല്‍കിയതിനെ വലിയൊരു സംഘം ക്രിക്കറ്റ് നിരൂപകര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഒരു മല്‍സരത്തില്‍ വിജയികളെ നിശ്ചയിക്കുന്നത് വ്യക്തമായ എന്തെങ്കിലും മുന്‍തൂക്കത്തിന്റെ അടിസ്ഥാനത്തിലവണ്ടേ? മറിച്ച് എങ്ങനെയെങ്കിലും ഒരു ടീമിനെ ജേതാക്കളായി പ്രഖ്യാപിച്ച് തടിയൂരുന്ന പ്രതീതിയാണ് ആ ഫൈനല്‍ മല്‍സരത്തിന്റെ ഫലം നല്‍കിയത്.

മുമ്പ് ബാറ്റ്‌സ്മാനാനില്ലാത്ത വിക്കറ്റിലേക്ക് ബൗളര്‍മാരെ കൊണ്ട് പന്തെറിയിപ്പിച്ച് ജേതാക്കളെ നിര്‍ണയിക്കുന്ന ബൗള്‍ഔട്ട് സമ്പ്രദായമായിരുന്നു ടി20 മല്‍സരങ്ങളില്‍ അവലംബിച്ചത്. 2007-ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യ പാക്‌സ്താനെ ഒരു മല്‍സരത്തില്‍ അങ്ങനെ തോല്‍പ്പിക്കുകയും ചെയ്തു. ആ രീതിയെ കുറിച്ച് കടുത്ത വിമര്‍ശനമുയര്‍ന്നപ്പോളാണ്. കുറേകൂടി മെച്ചമെന്ന് കരുതാവുന്ന സൂപ്പര്‍ ഓവര്‍ മെത്തേഡ് നടപ്പിലാക്കിയത്. പക്ഷെ ആവശ്യത്തിനും അനാവശ്യത്തിനൂം സൂപ്പര്‍ ഓവറുകള്‍ ഉപയോഗിക്കുന്നത് അരോചകമാവുന്നു എന്നു പറയാതെ വയ്യ.

ക്രിക്കറ്റില്‍ കുറച്ചു കാലത്തിനിടെ നടപ്പിലാക്കുയും പിന്‍വലിക്കുകയുമെല്ലാം ചെയ്ത പരിഷ്‌ക്കാരങ്ങളുടെ നീണ്ട പട്ടിക പരിശോധിച്ചാല്‍ തന്നെ കാര്യങ്ങളുടെ ഏകദേശ കിടപ്പ് മനസ്സിലാവും. ബൗള്‍ഔട്ട്, സൂപ്പര്‍സബ്, ബാറ്റിങ്/ബൗളിങ് പവര്‍പ്ലേകള്‍, ഡി.ആര്‍.എസ്, ടൈംഔട്ട, വെള്ള പന്ത്, പിങ്ക് പന്ത്... അതങ്ങനെ നീണ്ടു നീണ്ടു പോവുന്നു. അതിനു പുറമെയാണ് മഴ മൂലം കളി മുടങ്ങിയാല്‍ വിജയികളെ നിര്‍ണയിക്കുന്നതിനായി ഏര്‍പ്പെടുത്തിയ നിയമങ്ങള്‍. ആദ്യം കൊണ്ടു വന്ന നിയമം അപര്യാപ്തമായപ്പോഴാണ് ഡക്ക്വര്‍ത്ത് ലൂയിസ് നിയമം നടപ്പാക്കിയത്. എത്ര തവണ പരിഷ്‌ക്കരിച്ചിട്ടും അതിലും പ്രശ്നങ്ങള്‍ അവശേഷിക്കുന്നു. മഴക്ക് ശേഷം കളി പുനരാരംഭിക്കുമ്പോള്‍ ജയിക്കാന്‍ ഒരു ഓവറില്‍ 60 റണ്‍സ് വേണമെന്ന നിലക്കുള്ള ഇക്വേഷനുകള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. ചുവരെഴുത്തുകള്‍ വ്യക്തമാണ് കളിനിയമങ്ങല്‍ മാറ്റിയെഴുതുമ്പോള്‍ കുറേക്കൂടി ജാഗ്രത വേണം. മറിച്ചായാല്‍ ഗെയ്മിന്റെ തന്നെ തകര്‍ച്ചക്ക് അത് വഴിവെക്കും.

Content Highlights: Super Overs excitment and cricket laws