സൂപ്പര്‍ ലീഗ്, സൂപ്പര്‍ പരിശീലകര്‍, സൂപ്പര്‍ തന്ത്രങ്ങള്‍


അനീഷ് പി. നായര്‍

ആക്രമണ ഫുട്‌ബോളിനെ ഇഷ്ടപ്പെട്ട ഹൈബാസ് കിരീടം നേടിയത് ആസൂത്രണമികവ് കൊണ്ടായിരുന്നു. ഓരോ കളിക്കാരനേയും കൃത്യമായി ഉപയോഗിച്ചു. തന്ത്രശാലിയായ പരിശീലകനേക്കാള്‍ മാന്‍ മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗപ്പെടുത്തിയാളായിരുന്നു ഹെബാസ്

Image Courtesy: ISL

തുടക്കത്തില്‍ ആവേശം കുറഞ്ഞെങ്കിലും പതിയെ കത്തിപ്പടര്‍ന്നാണ് ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ആറാം സീസണിന് കൊടിയിറങ്ങിയത്. മികച്ച കളികളും അതിനേക്കാളേറെ തന്ത്രങ്ങളും ലീഗില്‍ കണ്ടു. എ.ടി.കെയിലേക്ക് തിരിച്ചെത്തി അവരെ ചാമ്പ്യന്‍മാരാക്കിയ അന്റോണിയോ ഹെബാസ്, തകര്‍ന്നുപോയ ചെന്നൈയിനെ പൊക്കിയെടുത്ത ഓവന്‍ കോയില്‍, തന്ത്രങ്ങളിലെ സ്ഥിരതയോടെ സെര്‍ജി ലൊബേറോ, കാള്‍സ് ക്വാഡ്രാറ്റ്. കളിക്കാരുടെ പരിക്കില്ലായിരുന്നെങ്കില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ എല്‍കോ ഷട്ടോറിയുടെ തലവരയും മാറുമായിരുന്നു.

super league's super coaches and super strategies
അന്റോണിയോ ഹെബാസ്‌

മധ്യനിരയില്‍ വിശ്വസിച്ച ഹെബാസ്

രണ്ട് ക്ലിനിക്കല്‍ ഫിനിഷര്‍മാര്‍, മികച്ച മധ്യനിരക്കാരുടെ സാന്നിധ്യം, അതിവേഗക്കാരായ രണ്ട് താരങ്ങള്‍. എ.ടി.കെയുടെ സ്പാനിഷ് പരിശീലകന്‍ അന്റോണിയോ ഹെബാസിനോളം വിഭവങ്ങളുള്ള പരിശീലകര്‍ ലീഗില്‍ കുറവായിരുന്നു.

4-2-3-1 ശൈലിയില്‍ ആദ്യ രണ്ട് മത്സരം കളിച്ച ശേഷമാണ് 3-5-2 ശൈലിയിലേക്ക് ഹെബാസ് മാറുന്നത്. അതിനുള്ള കാരണം, ഓസ്‌ട്രേലിയന്‍ എ ലീഗിലെ വിജയജോഡികളായ റോയ് കൃഷ്ണ - ഡേവിഡ് വില്യംസ് സഖ്യത്തെ ഉപയോഗിക്കുക, അതോടൊപ്പം അതിവേഗക്കാരായ മധ്യനിരക്കാരന്‍ മൈക്കല്‍ സൂസെരാജ്, പ്രതിരോധനിരക്കാരന്‍ പ്രബീര്‍ദാസ് എന്നിവരെ ആക്രമണത്തിലേക്ക് കൊണ്ടുവരിക എന്നതുമായിരുന്നു.

ആക്രമണ ഫുട്‌ബോളിനെ ഇഷ്ടപ്പെട്ട ഹൈബാസ് കിരീടം നേടിയത് ആസൂത്രണമികവ് കൊണ്ടായിരുന്നു. ഓരോ കളിക്കാരനേയും കൃത്യമായി ഉപയോഗിച്ചു. തന്ത്രശാലിയായ പരിശീലകനേക്കാള്‍ മാന്‍ മാനേജ്‌മെന്റ് സിസ്റ്റം ഉപയോഗപ്പെടുത്തിയാളായിരുന്നു ഹെബാസ്. ഒപ്പം കര്‍ക്കാശ്യം കൂടിയായപ്പോള്‍ ടീമിന് അച്ചടക്കവും വന്നു.

സൂസെരാജ് - പ്രബീര്‍ ദാസ് എന്നിവരെ കയറികളിക്കുന്ന വിങ്ബാക്കുകളാക്കി, മുന്നേറ്റത്തില്‍ റോയ് - വില്യംസ് സഖ്യത്തേയും നിയോഗിച്ചു. മിഡില്‍തേര്‍ഡില്‍ സെറ്റ് ചെയ്തുകളിക്കുന്ന വിങ്ബാക്കുകള്‍ കൂടിയാകുമ്പോള്‍ മധ്യനിരശക്തമായി. അറ്റാക്കിങിലും ഡിഫന്‍സിലും ഒരുപോലെ ശോഭിക്കുന്ന യാവി ഹെര്‍ണാണ്ടസും പ്ലേമേക്കറായി കളിക്കാന്‍ കഴിവുളള എഡു ഗാര്‍ഷ്യയും മധ്യനിരക്ക് സ്ഥിരത നല്‍കി. മുന്നാമത്തെ മധ്യനിരക്കാരനായി മൈക്കല്‍ റെഗിന്‍, ജയേഷ് റാണ, സെഹ്നാജ് സിങ് എന്നിവര്‍ വന്നു. ചിലപ്പോള്‍ ഇന്ത്യന്‍ താരങ്ങളെ പ്രതിരോധത്തിനിറക്കി മൂന്നാമത്തെ മധ്യനിരക്കാരനായി വിദേശതാരത്തെ കളത്തിലിറക്കി.

റോയ് - വില്യംസ് സഖ്യത്തിന് ഇടതടവില്ലാതെ ലഭിച്ച പന്തുകളും അവരുടെ ക്ലിനിക്കല്‍ ഫിനിഷിങുമാണ് ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. 3-4-2-1, 4-3-1-2, 5-3-2 , 4-4-2 ഡബിള്‍ 6 ശൈലികളിലും ടീം കളിച്ചു. സെമിഫൈനലിന്റെ രണ്ടാംപാദത്തിലും ഫൈനലിലും ലീഡ് നേടിയശേഷം ബസ് പാര്‍ക്കിങ് പ്രതിരോധം നടപ്പാക്കിയെടുക്കാനും ഹെബാസിനായി. സെമി രണ്ടാം പാദത്തില്‍ ഗാര്‍ഷ്യ - ഹാവി - റെഗിന്‍ എന്നിവരെ മാറ്റിയാണ് ഡീഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മാന്‍ഡിയേയും ഡിഫന്‍ഡര്‍ വിക്ടര്‍ മോങ്ഗില്ലിനേയും ജയേഷ് റാണയേയും ഇറക്കിയത്. ഫൈനലില്‍ ചെന്നൈയിനെതിരെ 4-5-1 ശൈലിയിലേക്കും ടീം മാറി.

super league's super coaches and super strategies
ഓവന്‍ കോയില്‍

തന്ത്രങ്ങളിലുരുകി കോയില്‍

ലീഗിലെ ആറാമത്തെ മത്സരത്തിന് ശേഷം ചെന്നൈയിന്‍ എഫ്.സി അവരുടെ പരിശീലകന്‍ ജോണ്‍ ഗ്രിഗറിയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. പകരം ഇന്ത്യയില്‍ ലഭ്യമായ പരിശീലകനെ ചുമതലയേല്‍പ്പിക്കാനല്ല മാനേജ്‌മെന്റ് മുതിര്‍ന്നത്, ഏറ്റവും മികച്ച ഒരാളെ കൊണ്ടുവരാനായിരുന്നു. അങ്ങനെയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബുകളായ ബേണ്‍ലി, ബ്ലാക്ക്‌ബേണ്‍ റോവേഴ്‌സ്, ബോള്‍ട്ടന്‍ വാണ്ടറേഴ്‌സ്, വീഗാന്‍ ടീമുകളെ പരിശീലിപ്പിച്ച സ്‌കോട്ടിഷുകാരന്‍ ഓവന്‍ കോയിലിനെ അവര്‍ കണ്ടെത്തിയത്.

വലിയ പരിശീലകന്റെ വരവ് ടീമിനുണ്ടാക്കിയ ഉണര്‍വും കോയിലിന്റെ പോസിറ്റീവ് സമീപനങ്ങളുമാണ് വമ്പന്‍തിരിച്ചുവരവിലൂടെ ചെന്നൈയിനെ ഫൈനലില്‍ എത്തിച്ചത്. 4-1-4-1 ശൈലിയില്‍ തുടങ്ങിയ പരിശീലകന്‍ രണ്ടാം കളി മുതല്‍ 4-2-3-1 ശൈലിയിലേക്ക് മാറ്റി. ബെംഗളുരുവിനെതിരെ 4-5-1 ശൈലിയിലും നോര്‍ത്ത് ഈസ്റ്റിനെതിരെ 4-3-3 യിലും കളിച്ചു.

മുന്നേറ്റത്തില്‍ നാല്‍വര്‍സംഘത്തെ ആക്രമണത്തിന് നിയോഗിക്കുക. സഹായത്തിന് വിങ്ബാക്കുകള്‍. പൊസിഷന്‍ സംരക്ഷിച്ചു കളിക്കുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാര്‍ സെന്‍ട്രല്‍ബാക്കുകളെ സഹായിക്കുന്ന രീതി. ഒരോ സമയം ആക്രമണത്തിനും പ്രതിരോധത്തിനും തുല്യ ശക്തി നല്‍കുന്ന രീതി. ആക്രമണ സമയത്ത് പലപ്പോഴും ടീമിന്റെ ആകൃതി 4-2-4 ശൈലിയാകാറുണ്ട്.

നെരിയൂസ് വാല്‍സ്‌കിസ് - ആന്ദ്രെ ഷെംബ്രി - ലാലിയന്‍സുലെ ചാംങ്‌തേ - റാഫേല്‍ ക്രിവെല്ലറോ എന്നിവരെ കേന്ദ്രീകരിച്ചാണ് നാല്‍വര്‍ സംഘം രൂപപ്പെട്ടത്. വ്യത്യസ്ത കളികളുടെ ഒരു രസക്കൂട്ടാണിത്. നെരിയൂസ് ക്ലിനിക്കില്‍ ഫിനിഷര്‍. ക്രിവെല്ലറോ പ്ലേമേക്കില്‍ ശേഷിയുള്ള താരം. ചാംങ്‌തേ അതിവേഗക്കാരന്‍. ഷെംബ്രി അനുഭവസമ്പത്ത് ആവോളമുള്ളതാരവും. ഈ കൂട്ട് കളത്തില്‍ നന്നായി പ്രവര്‍ത്തിച്ചു.

ആക്രമണത്തിന് കൂടി ഉപയോഗപ്പെടുമെങ്കിലും അനിരുദ്ധ ഥാപ്പ ഡിഫന്‍സീവ് മിഡ്ഫില്‍ഡില്‍ അധികം കയറി കളിച്ചില്ല. എഡ്വിന്‍ വാന്‍സ്‌പോളുമായി മികച്ച സഖ്യമുണ്ടാക്കാനും കഴിഞ്ഞു. കോയിലിന്റെ ഏറ്റവും ശ്രദ്ധേയ പരീക്ഷണം ഒരുമത്സരത്തില്‍ ഇന്ത്യന്‍ ഇലവനെ ഇറക്കിയതായിരുന്നു. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കി ശേഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ടീം വിദേശതാരങ്ങളില്ലാതെ കളിച്ചത്.

വാന്‍സ്‌പോളിനെ ഡിഫന്‍സിലേക്ക് ഇറക്കിയശേഷം ഥാപ്പ - ജെര്‍മന്‍പ്രീത് - ധന്‍പാല്‍ ഗണേഷ് എന്നിവരെ മധ്യനിരയില്‍ കളിപ്പിച്ചു. റഹീം അലി സ്‌ട്രൈക്കര്‍ റോളിലെത്തിയപ്പോള്‍ റിയാംസോചുങും തോയ് സിങ്ങും വിങ്ങര്‍മാരായി. ടീമിലെ സ്ഥിരാംഗങ്ങളായ ജെറി ലാല്‍റിന്‍സുല, ചാംങ്‌തേ, രത്‌നേയ് എന്നിവര്‍ പകരക്കാരായെത്തി. 2-2 ന് മത്സരം സമനിലയില്‍ അവസാനിച്ചു.

സെമിയില്‍ ഗോവക്കെതിരെ സ്വന്തം മണ്ണില്‍ ആക്രമണ ഫുട്‌ബോള്‍ കളിച്ച്, പ്രത്യാക്രമണത്തിലൂടെ എതിരാളിയെ വീഴ്ത്തി. രണ്ടാം പാദത്തില്‍ എതിരാളിക്ക് ഓള്‍ഔട്ട് അറ്റാക്ക് നടത്താന്‍ അവസരം തുറന്നിട്ടശേഷം അവരുടെ പ്രതിരോധം ദുര്‍ബലമാക്കി ഫൈനലിലേക്ക് കടക്കാന്‍ ആവശ്യമുള്ള ഗോളുകള്‍ നേടി. രണ്ട് പാദത്തിലും കോയിലിന് കൃത്യമായി തന്ത്രമുണ്ടായിരുന്നു. അതയാള്‍ നടപ്പാക്കി.

ഫൈനലില്‍ ഇരുപകുതിയുടേയും തുടക്കത്തില്‍ അപ്രതീക്ഷിതമായി വീണ ഗോളുകളാണ് ടീമിനെ വീഴ്ത്തിയത്. ഫൈനലിന്റെ രണ്ടാം പകുതിയില്‍ അമിത പ്രതിരോധത്തിലേക്ക് പോയ കൊല്‍ക്കത്തയെ മറികടക്കാന്‍ 4-4-2 ഡബിള്‍ 6 ലേക്ക് ടീമിനെ മാറ്റിയശേഷം കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. പലപ്പോഴും ഭാഗ്യം കൊണ്ടും ഗോള്‍കീപ്പര്‍ അരീന്ദം ഭട്ടാചാര്യയുടെ മികവുകൊണ്ടുമാണ് കൊല്‍ക്കത്ത രക്ഷപ്പെട്ടത്. അവസാനഘട്ടത്തില്‍ ലൂസിയന്‍ ഗോയിനെ ആക്രമത്തിന് നിയോഗിക്കുക വഴി കൈവിട്ട കളികള്‍ക്കും കോയില്‍ മുതിര്‍ന്നു. പരിശീലകനെ നിലനിര്‍ത്തിയാല്‍ അടുത്ത സീസണില്‍ ചെന്നൈയിനെ എതിരാളികള്‍ പേടിക്കേണ്ടി വരും.

super league's super coaches and super strategies
കാള്‍സ് ക്വാഡ്രാറ്റ്

പരീക്ഷണങ്ങളുമായി ക്വാഡ്രാറ്റ്

ബെംഗളൂരു എഫ്.സിക്ക് കഴിഞ്ഞ സീസണിലെ മികവ് ഇത്തവണ നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. സ്പാനിഷ് പരിശീലകന്‍ കാള്‍സ് ക്വാഡ്രാറ്റിന്റെ തന്ത്രങ്ങളില്‍ സംഭവിച്ച പിഴവല്ല മറിച്ച് മികച്ച സ്‌ട്രൈക്കറുടെ അഭാവമാണ് ടീമിന് തിരിച്ചടിയുണ്ടാക്കിയത്.

കഴിഞ്ഞ സീസണുകളില്‍ മികച്ച ഫോമില്‍ കളിച്ച മിക്കുവിന് മികച്ച പകരക്കാരന്‍ ടീമിനുണ്ടായിരുന്നില്ല. സുനില്‍ഛേത്രിക്ക് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി. 4-2-3-1, 4-3-3, 3-5-2 ശൈലികളിലാണ് ടീം പ്രധാനമായും കളിച്ചത്. ആഷിഖ് കുരുണിയനെ വിങ്ബാക്കാക്കിയാണ് ക്വാഡ്രാറ്റ് കളി തുടങ്ങിയത്. നോര്‍ത്ത് ഈസ്റ്റിനെതിരെയായിരുന്നു ഈ നീക്കം. അടുത്ത കളിയില്‍ എഫ്.സി ഗോവക്കെതിരേയും 4-3-3 യില്‍ ആഷിഖ് ഇതേ പൊസിഷനില്‍ കളിച്ചു. എന്നാല്‍ അഷിഖിന്റെ വേഗം പ്രയോജനപ്പെടുത്താനുള്ള നീക്കം ഫലിച്ചില്ല. അടുത്ത കളിയില്‍ ജംംഷേദ്പുര്‍ എഫ്.സിക്കെതിരെ ടീം 4-2-3-1 ശൈലിയിലേക്ക പോയി.

ബ്രസീല്‍ താരം റാഫേല്‍ അഗസ്‌റ്റോക്ക് പരിക്കേറ്റതോടെ മധ്യനിരയില്‍ ക്വാഡ്രാറ്റ് കാര്യമായ മാറ്റം വരുത്തി. സുരേഷ് സിങ് - എറിക് പാര്‍ത്താലു - ദിമാസ് ദെല്‍ഗാഡോ എന്നിവരെ ഇറക്കിയാണ് പിന്നീട് മുന്നോട്ടുപോയത്. ഇത്തവണ എ.ടി.കെക്കെതിരെ രണ്ട് കളിയിലും 3-5-2 ശൈലിയിലാണ് ടീം കളിച്ചത്. എ.ടി.കെയുടെ ശൈലിയെ അതേ രീതിയില്‍ നേരിടുന്ന തന്ത്രം. എന്നാല്‍ സെമിഫൈനലിന്റെ ആദ്യപാദത്തില്‍ വിങ്ങര്‍മാരായ അഷിഖിനേയും ഉദാന്തസിങിനേയും ഇറക്കാതിരുന്ന ക്വാഡ്രാറ്റിന്റെ തീരുമാനമാണ് ടീമിന്റെ തലവരകുറിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ കരുത്തരായ കൊല്‍ക്കത്തക്കെതിരെ ഒരു ഗോളിന് മാത്രം ജയിച്ച ടീം എവേ മത്സരത്തില്‍ കീഴടങ്ങി.

നിഷുകുമാറിനേയും ഹര്‍മന്‍ജ്യോത് കാമ്പ്രയേയും കയറികളിക്കുന്ന വിങ്ബാക്കുകളാക്കിയ തന്ത്രം പിഴച്ചുപോയി. മുന്നേറ്റത്തില്‍ ഛേത്രിക്കും ദെഷോറന്‍ ബ്രൗണിനും പ്രതീക്ഷിക്കപ്പെട്ടതുപോലെ പന്തെത്തിയില്ല.

രണ്ടാം പാദത്തിലും ആഷിഖിന്റെ കാര്യത്തിലെ പിഴച്ച തീരുമാനമാണ് ടീമിന്റെ തലവരയെഴുതിയത്. 4-3-3 ഫോര്‍മേഷനിലേക്ക് മടങ്ങിയെത്തിയ ടീം വലതുവിങ്ങില്‍ ആഷിഖിനെ കളിപ്പിച്ചു. അതിന് ഫലമുണ്ടായി. കൊല്‍ക്കത്തയുടെ ഇടതുഭാഗം ദുര്‍ബലപ്പെടുത്താന്‍ ആഷിഖിനായി. ഒരു ഗോളും താരം നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ആഷിഖിന് പകരം ഉദാന്തവന്നതോടെ ഒഴുക്കുമുറിഞ്ഞു. ടീം പ്രതിരോധത്തിലായി. സമ്മര്‍ദ്ദം ചെലുത്തിയ കൊല്‍ക്കത്ത മൂന്ന് ഗോള്‍ നേടി മത്സരം സ്വന്തമാക്കി.

super league's super coaches and super strategies
സെര്‍ജിയോ ലൊബേറ

വീണ ലൊബേറയും വീഴാത്ത ഫാളും

എഫ്.സി ഗോവയുടേത് സുന്ദരമായ, ആക്രമണോത്സുകമായ കളിയാണ്. അത്തരമൊരു ഫിലോസഫി ടീമിനുണ്ടാക്കിയത് സ്പാനിഷുകാരന്‍ സെര്‍ജിയോ ലൊബേറയാണ്. സീസണില്‍ 14 കളികളിക്ക് ശേഷം ലീഗില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോഴാണ് ക്ലബ്ബ് പരിശീലകനെ പുറത്താകുന്നത്. രണ്ട് തോല്‍വികള്‍ മാത്രമാണ് ടീം വഴങ്ങിയിരുന്നത്. പരിശീലനത്തിലെ മികവ് കുറഞ്ഞതിന്റെ പേരിലല്ല മറിച്ച് ആഭ്യന്തരപ്രശ്‌നങ്ങളാണ് പുറത്തേക്കുളള വഴി തെളിയിച്ചത്.

കളിച്ച 14 മത്സരത്തിലും 4-2-3-1 ശൈലിയിലാണ് ലൊബേറ ടീമിനെ ഇറക്കിയത്. അതില്‍ തന്നെ കളിക്കാരുടെ പൊസിഷനില്‍ കാര്യമായ മാറ്റം വന്നതുമില്ല. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ ലെനി റോഡ്രിഗസും അഹമ്മദ് ജാഹുവും. അറ്റാക്കിങ് മിഡ്ഫില്‍ഡില്‍ ഹ്യൂഗോ ബൗമാസ്. ആക്രമണത്തിന് ഫെറാന്‍ കോറോമിനെസ്. ഇതാണ് ഗോവന്‍ ആക്രമണത്തിന്റെ നട്ടെല്ല്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് വ്യത്യസ്തമായി മധ്യഭാഗം ഉപയോഗിച്ചുള്ള ആക്രമണമാണ് ഗോവ നടത്തിയത്. ജാഹു - ബൗമാസ് - കോറോ ത്രയം എതിര്‍ പ്രതിരോധത്തെ ഭംഗിയായി പിളര്‍ക്കുന്നത് പലവട്ടം കണ്ടു. അതേ സമയം വിങ്ങര്‍മാരായ ബ്രണ്ടന്‍ ഫെര്‍ണാണ്ടസിനും ജാക്കിചന്ദ് സിങ്ങിനും കാര്യമായി ഇംപാക്ട് ഉണ്ടാക്കാനുമായില്ല.

ഇടതടവില്ലാത്ത ആക്രമണമായിരുന്നു അവരുടെ ശക്തി. 3-5-2 ശൈലിയില്‍ കളിച്ച എ.ടി.കെയോടും 4-5-1 ശൈലിയില്‍ ഇറങ്ങിയ ജംഷേദ്പുര്‍ എഫ്.സിയോടുമാണ് അവര്‍ തോറ്റുപോയത്. ഗോവന്‍ത്രയത്തെ മധ്യനിരയില്‍ നന്നായി ബ്ലോക്ക് ചെയ്യാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞു. മധ്യഭാഗം അടയ്ക്കപ്പെടുമ്പോള്‍ തുറക്കാന്‍ ഗോവന്‍വിങ്ങര്‍മാര്‍ക്കായിരുന്നില്ല. അധികം പരീക്ഷണത്തിന് മുതിരാതെ, കൈയ്യിലുള്ള കളിക്കാരെ നന്നായി ഉപയോഗപ്പെടുത്തുകയാണ് ഇത്തവണ ലൊബേറോ ചെയ്തത്.

ലൊബേറ പോയതിന് ശേഷം ചുമതലയേറ്റ ക്ലിഫോര്‍ഡ് മിറാന്‍ഡ ഫോര്‍മേഷനിലും കളിക്കാരുടെ പൊസിഷനിലും മാറ്റം വരുത്താതെ മുന്നോട്ടുകൊണ്ടുപോയി. ബൗമാസിനെ കൂടുതല്‍ ആശ്രയിച്ചായിരുന്നു മിറാന്‍ഡയുടെ തന്ത്രങ്ങള്‍. ലീഗ് ഘട്ടത്തില്‍ ചാമ്പ്യന്‍മാരാകാന്‍ അത് സഹായിച്ചു. എന്നാല്‍ നിര്‍ണായക സെമിഫൈനലില്‍ ഇതേ തന്ത്രം തിരിച്ചടിച്ചു.

ആദ്യപാദത്തില്‍ ചെന്നൈയിനെതിരെ എവേ മത്സരത്തില്‍ ബൗമാസില്ലാതെ ഇറങ്ങിയ ഗോവ തകര്‍ന്നു പോയി. ചെന്നൈയിന്‍ ഒരുക്കിയ പ്രലോഭനത്തില്‍ ആക്രമണത്തിന് പോയ ഗോവക്ക് കനത്ത പ്രത്യാക്രമത്തില്‍ അടിതെറ്റി. മധ്യനിരയില്ലാതെ ഗോവയെ അന്നാദ്യമായി കളത്തില്‍ കണ്ടു.

രണ്ടാംപാദത്തില്‍ മിറാന്‍ഡയുടെ സമര്‍ത്ഥമായ തന്ത്രവും കണ്ടു. ആദ്യപകുതിയില്‍ ഗോള്‍നേടിയ, ഫിനിഷിങ് മികവുള്ള സെന്‍ട്രല്‍ ബാക്ക് മൗര്‍റ്റാഡ ഫാളിനെ സ്‌ട്രൈക്കറാക്കിയുള്ള നീക്കം ലീഗിലെ ഏറ്റവും മികച്ച തത്സമയതന്ത്രമായിരുന്നു.

1-4 ന് പിന്നില്‍ പോയ ശേഷം രണ്ടാം പാദത്തിനിറങ്ങിയ ഗോവ 4-5-1 ശൈലിയിലാണ് കളിച്ചത്. എന്നാല്‍ 2-0ത്തിന് മുന്നില്‍ നിന്ന ശേഷം 2-2 ന് സമനിലയായതോടെ 4-2-2 ഡബിള്‍ 6 ശൈലിയിലേക്ക് കളി മാറ്റിയ മിറാന്‍ഡ ഫാളിനെ കോറോക്കൊപ്പം മുന്നില്‍ കളിപ്പിച്ചു. പരിക്കേറ്റ ബൗമാസിന് പകരം എഡു ബേഡിയയെ സ്‌ട്രൈക്കര്‍മാര്‍ക്ക് പുറകിലും. തുടരെ സമ്മര്‍ദ്ദമുണ്ടാക്കിയ ഗോവ 4-2 ന് ജയിച്ചെങ്കിലും ഗോള്‍നിലയില്‍ പുറത്തായി ഫാള്‍ ഇരട്ടഗോളും ഒരു അസിസ്റ്റുമായി തിളങ്ങി.

super league's super coaches and super strategies
എല്‍കോ ഷട്ടോറി

പരിക്കേറ്റ ഷട്ടോറി

ഇത്തവണ കേരള ബ്ലാസ്‌റ്റേഴ്‌സിന് മികച്ച ടീമുണ്ടായിരുന്നു. എന്നാല്‍ പരിക്ക് നന്നായി കളിച്ചതോടെ ടീം കട്ടപ്പുറത്തായി. ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോറിക്ക് തന്ത്രങ്ങള്‍ പൂര്‍ണമായും പുറത്തെടുക്കാനുമായില്ല.

4-2-3-1 ഫോര്‍മേഷനാണ് ഷട്ടോറിക്ക് പ്രിയപ്പെട്ടത്. ആദ്യ അഞ്ച് കളിയില്‍ ഇതേ ഫോര്‍മേഷനിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ ഇറക്കിയതും. മൂന്ന് തോല്‍വിയും ഒരു സമനിലയും വന്നതോടെ ഷട്ടോറി ഫോര്‍മേഷന്‍ 4-4-2 ഡബിള്‍സ് 6 ലേക്ക് മാറ്റി. ഈ ഫോര്‍മേഷനില്‍ ടീം ഒമ്പത് കളിയില്‍ ഇറങ്ങി.

മുന്നേറ്റത്തില്‍ മെസ്സി ബൗളി - ബര്‍ത്തലോമ്യു ഒഗ്‌ബെച്ച സഖ്യമാണ് തന്ത്രം മാറ്റാന്‍ ഷട്ടോറിയെ പ്രേരിപ്പിച്ചത്. കരുത്തനും ഉയരക്കാരനുമായ മെസ്സി ഫൈനല്‍ തേര്‍ഡിലുണ്ടാക്കുന്ന സമ്മര്‍ദ്ദം ഉപയോഗപ്പെടുത്തലായിരുന്നു ഷട്ടോറിയുടെ ലക്ഷ്യം. ആക്രമണത്തില്‍ മികവ് കാണിക്കുന്ന വിങ്ബാക്കുകളായ ജെസെല്‍ കര്‍നെയ്‌റോ, മുഹമ്മദ് റാക്കിപ്പ് എന്നിവരും പരിശീലകന്റെ തന്ത്രത്തിന് അനുയോജ്യരായിരുന്നു. സെന്‍ട്രല്‍ ഡിഫന്‍സാണ് ഇത്തവണ ടീമിനെ ചതിച്ചത്. പരിക്കും കളിക്കാരുടെ സ്ഥിരതയില്ലായമയും മൂലം ലീഡ് നേടിയിട്ടും ടീം തോല്‍ക്കുകയോ സമനില വഴങ്ങുകയോ ചെയ്തു. എ.ടി.കെ, ബെംഗളുരു എഫ്.സി എന്നീ ടീമുകള്‍ക്കെതിരായ രണ്ടാമത്തെ മത്സരത്തില്‍ ഈ സിസ്റ്റം നന്നായി പ്രവര്‍ത്തിച്ചു.

മുസ്തഫ നിങ്ങിനൊപ്പം ജിയാനി സ്യൂവര്‍ലൂണിനേയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലേക്ക് നിയോഗിച്ച തന്ത്രമാണ് ഷട്ടോറിയുടെ ഏറ്റവും മികച്ചതായി വിലയിരുത്താന്‍ കഴിയുന്നത്. അവസാന രണ്ട് കളിയില്‍ ടീമിന് വന്ന മാറ്റം ഇതുമൂലമായിരുന്നു. ബെംഗളൂരുവിനെ തോല്‍പ്പിച്ച ടീം ഒഡീഷക്കെതിരെ 4-4 ന് തുല്യത പിടിച്ചു. അതും രണ്ട് ഗോളിന് പുറകില്‍ നിന്ന് കയറിയ ശേഷം.

മധ്യനിരയില്‍ കളി മനസിലാക്കി കളിച്ച സ്യൂവര്‍ലൂണ്‍ ബ്ലാസ്റ്റേഴ്‌സിന്റെ അതുവരെയുള്ള ദൗര്‍ബല്യം വെളിവാക്കി. മരിയോ അര്‍ക്വിസ് പരിക്കിലായതോടെ അത്തരമൊരു കളിക്കാരന്‍ ടീമിന് ഇല്ലായിരുന്നു. മുസ്തഫ എതിര്‍ടീമിന്റെ സ്‌പേസ് അടക്കുന്നതിലാണ് കൂടുതല്‍ തിളങ്ങിയത്. മികച്ച വിങ്ങര്‍മാരുടെ കുറവും ടീമിനെ നന്നായി ബാധിച്ചു. 4-2-3-1 ശൈലി ഷട്ടോറിക്ക് മൂന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നത് വിങ്ങര്‍മാരുടെ റോളില്‍ തിളങ്ങുമായിരുന്ന താരങ്ങളുടെ പരിക്കാണ്. സഹല്‍ അബ്ദു സമദിനെ കൃത്യമായി ഉപയോഗപ്പെടുത്താനും പരിശീലകന് കഴിഞ്ഞില്ല. അടുത്ത സീസണില്‍ ഷട്ടോറി ടീമിന്റെ പരിശീലകസ്ഥാനത്ത് ഉണ്ടാകുമോയെന്ന് ഉറപ്പായിട്ടില്ല. ഉണ്ടെങ്കില്‍,കളിക്കാരുടെ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യം ലഭിച്ചാല്‍ മികച്ച ഫലമുണ്ടാക്കാനുള്ള തന്ത്രങ്ങള്‍ ഷട്ടോറിയുടെ കൈയ്യിലുണ്ട്.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023

Most Commented