തോല്‍വിയിലേക്കു നീങ്ങുന്ന സമയത്ത് ഗോളടിച്ച് രക്ഷകനാകാനും കിരീടം മോഹിക്കുമ്പോള്‍ ഗോളടിച്ചും അടിപ്പിച്ചും മുന്നില്‍നിന്ന് നയിക്കാനും വേണ്ടിവന്നാല്‍ ഒന്നോ രണ്ടോ വാക്കുകള്‍കൊണ്ട് സ്റ്റേഡിയത്തിലേക്ക് കാണികളെ എത്തിക്കാനും കഴിയുന്ന ഒരാളുണ്ട് ഇന്ത്യന്‍ ഫുട്ബോളില്‍, സുനില്‍ ഛേത്രി.

താരതമ്യമൊന്നുമില്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് പെലെയും മെസ്സിയും ക്രിസ്റ്റ്യാനോയുമൊക്കെ ഈ 37-കാരന്‍ സ്ട്രൈക്കറാണ്. ഗോള്‍വേട്ടയില്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ മറികടന്നും ലയണല്‍ മെസ്സിയെ ഒപ്പം പിടിച്ചും ഛേത്രി ഇന്ത്യന്‍ ഫുട്ബോളിനെ മുന്നോട്ടുകൊണ്ടുപോകുന്ന കാഴ്ച ഓരോവര്‍ഷവും തുടരുന്നു. പഴകുന്തോറും വീര്യംകൂടുന്ന വീഞ്ഞുപോലെയാണ് ഛേത്രി. മാജിക്കുകാരന്‍ ചെപ്പില്‍നിന്ന് പന്തെടുക്കുന്നപോലെ ഗോളെടുക്കാന്‍ കഴിയുന്ന പോരാളി.

സാഫ് കപ്പില്‍ മങ്ങിത്തുടങ്ങിയ ഇന്ത്യ ഫൈനലില്‍ നേപ്പാളിനെ 3-0ത്തിന് കീഴടക്കി എട്ടാമത്തെ കിരീടം നേടുമ്പോള്‍ ഗോളടി തുടങ്ങിവെച്ചത് നായകന്‍ ഛേത്രിയാണ്. അതിനുമുമ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിനെതിരേയും മാലദ്വീപിനെതിരേയും ഗോളടിച്ച് ജയിപ്പിച്ചതും ഛേത്രിതന്നെ. പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന് കീഴില്‍ ഇന്ത്യയുടെ ആദ്യ കിരീടമാണിത്. ഒരു പതിറ്റാണ്ടായി അന്താരാഷ്ട്ര ഫുട്ബോളില്‍ ഇന്ത്യക്കായി ഗോളടിക്കേണ്ട ചുമതല ഛേത്രിക്കാണ്. മുന്നേറ്റത്തില്‍ പങ്കാളികള്‍ മാറിമാറി വന്നെങ്കിലും ഛേത്രിക്കുമാത്രം മാറ്റമില്ല. പകരംവെക്കാന്‍ മറ്റൊരാള്‍ വരുന്നുമില്ല. മെസ്സിയുടെ പന്തടക്കമോ ക്രിസ്റ്റ്യാനോയുടെ വേഗമോ ഛേത്രിക്കില്ല. എന്നിട്ടും ഛേത്രി ഗോളടിച്ചുകൊണ്ടേയിരിക്കുന്നു. എതിരാളികള്‍ ദുര്‍ബലരാണെന്ന വാദം ഉയര്‍ത്താമെങ്കിലും ഇന്ത്യന്‍ സംഘം ലോകോത്തരമല്ലെന്ന മറുവാദംകൂടി മുന്നിലുണ്ട്.

പന്തിന്റെ ദിശയും ഗതിയും ഛേത്രിയോളം വായിച്ചെടുക്കാവുന്നവര്‍ ലോക ഫുട്ബോളില്‍ അധികമില്ല. പൊസിഷനിങ് കൊണ്ടാണ് ഛേത്രി തന്റെ മറ്റു ദൗര്‍ബല്യങ്ങളെ മറികടക്കുന്നത്. ബോക്‌സിലേക്ക് ഒരു പന്തു വരുമ്പോള്‍ കൃത്യം സ്ഥാനത്ത് ഇന്ത്യന്‍ നായകനുണ്ടാകും. ഹെഡറായോ, മൂര്‍ച്ചയേറിയ ഷോട്ടായോ അത് ലക്ഷ്യത്തിലേക്ക് പായിക്കും. താരതമ്യേന ഉയരം കുറഞ്ഞിട്ടും ഛേത്രിയുടെ ശേഖരത്തില്‍ ഹെഡര്‍ ഗോളുകള്‍ക്ക് കുറവില്ല.

നെഹ്രു കപ്പിലും ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലും സാഫ് കപ്പുകളിലുമെല്ലാം ഈ സെക്കന്തരാബാദുകാരന്റെ ഗോള്‍വേട്ട ടീമിനെ മുന്നോട്ടുകൊണ്ടുപോയി. കഴിഞ്ഞ മൂന്നു സീസണുകളിലായി 23 ഗോള്‍ നേടി. 37 വയസ്സ് ആയെന്നതും ഛേത്രിയുടെ പ്രകടനത്തെ ബാധിക്കുന്നില്ല. 2018-ലെ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിന് കാണികളില്ലാതിരുന്നപ്പോള്‍ ഒറ്റ വീഡിയോകൊണ്ട് മുംബൈ അരീനയിലെ 18,000-ത്തോളം വരുന്ന ഇരിപ്പിടങ്ങള്‍ നിറച്ച മാജിക്കുകൂടി ഛേത്രിക്ക് സ്വന്തമായത് നാട്യങ്ങളില്ലാത്ത കളിയും കളിക്കളത്തില്‍ അയാളൊഴുക്കുന്ന വിയര്‍പ്പിന്റെ വിലയുംകൊണ്ടാണ്.

Content Highlights: Sunil Chhetri scripts history in International football