Photo: twitter.com/IndSuperLeague
എന്നെങ്കിലും നെതര്‍ലന്‍ഡ്‌സിന്റെയും സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെയും ഇതിഹാസ താരമായിരുന്ന യൊഹാന്‍ ക്രൈഫിനെ കണ്ടാല്‍ ഒരു കാര്യം സൂചിപ്പിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസ താരം സുഭാഷ് ഭൗമിക് അരങ്ങൊഴിഞ്ഞത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പെപ് ഗ്വാര്‍ഡിയോളയെന്ന ബാഴ്‌സയുടെ ഇതിഹാസ താരത്തെ ഫസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ക്ലബ്ബ് തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ തിരിച്ച് ടീമിലെടുക്കാന്‍ മുന്നില്‍ നിന്നത് ക്രൈഫായിരുന്നു. പെപ്പിന് വെറും 19 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു അത്. അന്ന് പെപ്പിനെ ചേര്‍ത്ത് പിടിച്ച് ക്ലബ്ബിനോട് കെഞ്ചിയ ക്രൈഫിന്റേതിന് സമാനമായ അനുഭവം സുഭാഷിനുമുണ്ടായിരുന്നു.
1972-ല്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ആ സീസണ് ശേഷം സുഭാഷിനെ മോഹന്‍ ബഗാന്‍ മാനേജ്‌മെന്റ് ടീമില്‍ നിന്ന് പുറത്താക്കിയിരുന്നു. അന്ന് കരിയര്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കെ സുഭാഷിനു മുന്നില്‍ പണ്ട് പെപ്പിനൊപ്പം ക്രൈഫ് നിന്നപോലെ നിലകൊണ്ടത് മറ്റാരുമായിരുന്നില്ല പ്രദീപ് കുമാര്‍ ബാനര്‍ജിയെന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായനായ പി.കെ ബാനര്‍ജിയായിരുന്നു. 2020-ല്‍ പി.കെ ബാനര്‍ജി വിടവാങ്ങിയപ്പോള്‍ സുഭാഷ് ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ അനുഭവക്കുറിപ്പില്‍ പി.കെയോടുള്ള സ്‌നേഹവും ബഹുമാനവും നന്ദിയും നിറഞ്ഞുനിന്നിരുന്നു.
പെപ്പ് ഗ്വാര്‍ഡിയോള പില്‍ക്കാലക്ക് ബാഴ്‌സയുടെ ഇതിഹാസ താരവും അവരുടെ ഏറ്റവും മികച്ച പരിശീലകനുമായും മാറി. ഫുട്‌ബോള്‍ ലോകത്തെ തന്നെ ഏറ്റവും ആധുനികമായ തലച്ചോറിന് ഉടമയെന്ന നിലയിലേക്ക് ഗ്വാര്‍ഡിയോള വളര്‍ന്നത് ഒരുപക്ഷേ അന്നത്തെ ക്രൈഫിന്റെ ആ പിന്തുണകൊണ്ടായിരിക്കണം.
പരിക്ക് കാരണം 1972-ന് ശേഷം മോഹന്‍ ബഗാന്‍ പുറത്താക്കിയതോടെ കരിയര്‍ തന്നെ അനിശ്ചിതത്വത്തിലായ സുഭാഷ് ഭൗമിക് പതിയെ ലഹരിയുടെ പിടിയിലേക്ക് വീണു. വൈകാതെ വിഷാദവും അദ്ദേഹത്തെ പിടിമുറുക്കി. ഒരിക്കല്‍ മദ്യപിച്ചുകൊണ്ടിരിക്കെ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചുപോയ ഒരു സമയത്ത് സുഭാഷിന്റെ വീടിനു മുന്നില്‍ ഒരു കാര്‍ വന്നു നിന്നു. മുന്‍ ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റനായിരുന്ന സാന്റോ മിത്രയായിരുന്നു അതില്‍. കാറില്‍ കയറാന്‍ മിത്രയുടെ വാക്കുകള്‍ മുഴങ്ങി. അന്ന് ക്ലബ്ബ് സെക്രട്ടറിയായിരുന്ന അജയ് ശ്രീമണിയാണ് സുഭാഷിനെ പി.കെ ബാനര്‍ജിയുടെ കൈസര്‍ സ്ട്രീറ്റിലെ ഫ്‌ളാറ്റിലെത്തിക്കുന്നത്. ഇനി മദ്യം തൊടരുതെന്ന് കടുത്ത ഭാഷയില്‍ തന്നെ പറഞ്ഞു. പരിശീലനത്തിനായി കാതിഹാറിലേക്ക് വിട്ടു.

ദിവസങ്ങള്‍ക്ക് ശേഷം അന്ന് ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന പി.കെ സുഭാഷിനെ ക്ലബ്ബിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു. ക്ലബ്ബ് മാനേജ്‌മെന്റിനോട് സുഭാഷിനെ ടീമിലെടുക്കാന്‍ അപേക്ഷിച്ചു. അന്ന് പെപ്പിനെ ചേര്‍ത്തുപിടിച്ച ക്രൈഫിനെ പോലെ സുഭാഷിനെ ചേര്‍ത്തുപിടിച്ച് പി.കെ പറഞ്ഞു ''ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ എത്രത്തോളം കഴിവുള്ളയാളാണെന്ന് നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ക്ക് ഈ ടീമിലെ ഏറ്റവും മികച്ച കളിക്കാരനാകാന്‍ കഴിയും.''
അങ്ങനെ 1973-ല്‍ സുഭാഷ്, സാക്ഷാല്‍ പി.കെയുടെ പാളയത്തിലെത്തി. അന്ന് സിഡ്‌നി ഷെല്‍ഡന്റെ നോവലുകള്‍ ധാരാളമായി വായിക്കുന്ന ശീലമുണ്ടായിരുന്നു സുഭാഷിന്. ഇത് ശ്രദ്ധയില്‍പ്പെട്ട പി.കെ ഒരു ദിവസം അദ്ദേഹത്തിന് വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ജീവിതകഥ വായിക്കാനായി നല്‍കി. തുടര്‍ന്ന് റിയല്‍ ലൈഫ് ഹീറോസിനെ കുറിച്ച് വായിക്കാനും അവര്‍ എങ്ങനെയാണ് പ്രതിബന്ധങ്ങളെ മറികടക്കുന്നതെന്നറിയാനും നിര്‍ദേശിച്ചു. ധീരന്‍മാരുടെ കഥകള്‍ വായിച്ച് അതില്‍ നിന്നും പ്രചോദനം കണ്ടെത്തുന്ന തന്റെ ശീലം ആരംഭിച്ചതു തന്നെ അങ്ങനെയാണെന്നും സുഭാഷ് പറഞ്ഞുവെയ്ക്കുന്നു.
പ്രദീപ് ദാ ഇല്ലായിരുന്നെങ്കില്‍ താനൊരു ഫുട്‌ബോള്‍ താരമോ പരിശീലകനോ ആകുമായിരുന്നില്ലെന്ന് പറഞ്ഞ് വെച്ചിട്ടുണ്ട് അദ്ദേഹം.
യൊഹാന്‍ ക്രൈഫ് പുകവലിക്കുമായിരുന്നു, പിന്നെന്താ?
കളിക്കുന്ന കാലത്തും അതിനു ശേഷവും പുകവലിക്കുന്ന ശീലമുള്ളയാളായിരുന്നു സുഭാഷ് ഭൗമിക്. ഫുട്‌ബോളിന്റെ തന്റെ ഗുരു യൊഹാന്‍ ക്രൈഫ് ഒരു പുകവലിക്കാരനായിരുന്നു എന്നതാണ് അദ്ദേഹം തന്റെ ശീലത്തിന് പറഞ്ഞിരുന്ന ന്യായം. 1969-ല്‍ സുഭാഷ് ഈസ്റ്റ് ബംഗാളില്‍ എത്തിയ കാലം. 19 വയസ് മാത്രമാണ് പ്രായം. ഒരു പരിശീലന സെഷന്‍ കഴിഞ്ഞ് അന്നത്തെ ക്ലബ്ബ് സെക്രട്ടറിയായിരുന്ന ജ്യോതിഷ് ഗുഹ, താരത്തെ മുറിയിലേക്ക് വിളിപ്പിച്ചു. ''നീ പുക വലിച്ചോ'' എന്ന ഗുഹയുടെ ചോദ്യത്തിന് യാതൊരു കൂസലുമില്ലാതെ അതെ എന്നായിരുന്നു ആ പയ്യന്റെ മറുപടി. ''ഇന്നത്തോടെ നിര്‍ത്തിക്കോണം'' എന്ന് ഗുഹ അലറി. സാധിക്കില്ലെന്ന് പയ്യന്റെ മറുപടി. ഏത് ബ്രാന്‍ഡാണ് വലിക്കുന്നതെന്നായിരുന്നു ഗുഹയുടെ അടുത്ത ചോദ്യം. അതിന് മറുപടി പറഞ്ഞ സുഭാഷിനോട് വിലകൂടിയ ഏതെങ്കിലും ബ്രാന്‍ഡിലേക്ക് മാറാന്‍ ഗുഹ അലറി. അക്കാലത്തും മൈതാനത്ത് 20 റൗണ്ട് ഓടിക്കഴിഞ്ഞും രണ്ടു മിനിറ്റോളം തനിക്ക് ശ്വാസമടക്കിപ്പിടിക്കാന്‍ സാധിക്കുമായിരുന്നുവെന്നും സുഭാഷ് പിന്നീട് പറഞ്ഞിട്ടുണ്ട്.
1950-ല്‍ ബിഹാറിലെ കതിഹാറില്‍ ജനിച്ച സുഭാഷ് ഭൗമിക് ഒരു രാജസ്ഥാന്‍ ക്ലബ്ബിന് വേണ്ടി ബൂട്ടുകെട്ടിയ ശേഷമാണ് 1969-ല്‍ തന്റെ 19-ാം വയസിലാണ് ആദ്യമായി കൊല്‍ക്കത്ത വമ്പന്‍മാരായ ഈസ്റ്റ് ബംഗാളില്‍ ചേരുന്നത്. ഒരു സീസണ്‍ മാത്രം അവിടെ തുടര്‍ന്ന അദ്ദേഹം തൊട്ടടുത്ത വര്‍ഷം ചിരവൈരികളായ മോഹന്‍ ബഗാന്റെ തട്ടകത്തിലേക്ക് മാറി. 1970 മുതല്‍ 1973 വരെ മോഹന്‍ ബഗാനു വേണ്ടി ബൂട്ടുകെട്ടിയ താരം പിന്നീട് ഈസ്റ്റ് ബംഗാളിന്റെ തട്ടകത്തില്‍ തന്നെ തിരിച്ചെത്തി. പ്രസിദ്ധമായ 1975-ലെ ഐഎഫ്എ ഷീല്‍ഡ് ഫൈനലില്‍ മോഹന്‍ ബഗാനെ 5-0ന് തകര്‍ത്തുവിട്ട ഈസ്റ്റ് ബംഗാള്‍ ടീമില്‍ സുഭാഷുണ്ടായിരുന്നു. പക്ഷേ അന്ന് സ്‌കോര്‍ ചെയ്യാനായിരുന്നില്ല.
1970 മുതല്‍ 1985 വരെ ഇന്ത്യയ്ക്കായി 69 മത്സരങ്ങള്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 1970-ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന അദ്ദേഹം 1971-ല്‍ മെര്‍ദേക്ക കപ്പില്‍ ഫിലിപ്പീന്‍സിനെതിരേ ഹാട്രിക്ക് നേട്ടവും സ്വന്തമാക്കി.
1979-ല്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ച ശേഷം അപ്രതീക്ഷിതമായി പരിശീലന ജോലിയിലേക്കിറങ്ങിയ അദ്ദേഹം ഈസ്റ്റ് ബംഗാളിന്റെ പരിശീലകനെന്ന നിലയില്‍ 12 കിരീടങ്ങള്‍ ക്ലബ്ബിന് നേടിക്കൊടുത്തിട്ടുണ്ട്. ഇതില്‍ 2003-ലെ ആസിയാന്‍ കപ്പും ഉള്‍പ്പെടും. ഈസ്റ്റ് ബംഗാള്‍ പരിശീലകനെന്ന നിലയിലായിരുന്നു അദ്ദേഹത്തിന്റെ നേട്ടങ്ങളേറെയും. കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് കിരീടം, ഡ്യൂറന്റ് കപ്പ്, ഐഎഫ്എ ഷീല്‍ഡ്, എന്‍എഫ്എല്‍ കിരീടങ്ങളുമെല്ലാം ഈസ്റ്റ് ബംഗാള്‍ സുഭാഷിന്റെ പരിശീലന കാലയളവില്‍ ഈസ്റ്റ് ബംഗാള്‍ സ്വന്തമാക്കി. 2005-ല്‍ ഒരു അഴിമതി ആരോപണത്തെ തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ വിട്ടശേഷം മുഹമ്മദന്‍ സ്‌പോര്‍ട്ടിങ്, സാല്‍ഗോക്കര്‍, മോഹന്‍ ബഗാന്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടീമുകളെയും പരിശീലിപ്പിച്ചു.
കളിക്കളത്തിലെ അദ്ദേഹത്തിന്റെ കരുത്തുറ്റ ശൈലിയും റാഡിക്കലായുള്ള കാഴ്ചപ്പാടുമാണ് കൊല്‍ക്കത്ത മൈതാനത്തെ ഹോസെ മൗറീന്യോ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിക്കാന്‍ കാരണം.
Content Highlights: Subhas Bhowmick the Jose Mourinho of Kolkata Maidan
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..