Photo: Getty Images
സ്വപ്നം കാണാന്‍ പോലും അവകാശമില്ലാത്ത മൈതാനം. മരണം മുഖാമുഖം നില്ക്കുന്ന ഇഞ്ചുറി ടൈം. തോക്കുകളും മിസൈലുകളും കൊണ്ട് അണിനിരത്തിയ പ്രതിരോധ മതില്. പക്ഷെ എത്ര മനോഹരമായാണ് നാദിയ നദീം ആ കോട്ടകളെ തകര്‍ത്തെറിയുന്നത്. ഗാലറികളെ നിശബ്ദമാക്കിക്കൊണ്ട് ആ 34-കാരി ഉറക്കെ പറയുന്നു - ''നിങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് ഒരവസരം നല്‍കൂ. മെച്ചപ്പെട്ട ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അവര്‍ക്ക് സംഭാവന നല്കാന് സാധിക്കും. എന്നെ നോക്കൂ, ഞാനൊരു ഡോക്ടറാണ്. എന്റെ സഹോദരിയും. രണ്ട് സഹോദരിമാര്‍ നഴ്സുമാരാണ്.''
ഒരു പ്രൊഫഷണല്‍ ഫുട്ബോളറാണ് നാദിയ. റേസിംഗ് ലൂയിസ്വില്ലയുടെയും ഡെന്മാര്ക്കിന്റേയും താരം. കളിക്കൊപ്പം അഞ്ച് വര്‍ഷത്തെ പഠനത്തിന് ശേഷം ഇപ്പോള്‍ ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കിയിരിക്കുകയാണവര്. മൈതാനത്തിനകത്തും പുറത്തും പ്രതിസന്ധികളെ ഓരോന്നായി വെട്ടിച്ച് മുന്നേറുന്ന പോരാളി.
'Veni, Vidi, Vici' നാദിയയുടെ കൈകളില്‍ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നത് കാണാം. ജൂലിയസ് സീസറിന്റെ പ്രശസ്തമായ വാചകങ്ങള്‍ - 'വന്നു, കണ്ടു, കീഴടക്കി'. അഫ്ഗാനില്‍ നിന്ന് പലായനം ചെയ്ത 11-കാരിയില്‍ നിന്ന് ഡെന്മാര്ക്ക് ഫുട്ബോളറിലേക്കുളള നാദിയയുടെ യാത്ര ഈ വാചകങ്ങളെ അന്വര്‍ഥമാക്കുന്നുണ്ട്.
1988 ജനുവരി രണ്ടിന് അഫ്ഗാന് തലസ്ഥാനമായ കാബൂളിലെ ഹെറാത്തിലാണ് നാദിയയുടെ ജനനം. അച്ഛനും അമ്മയും 4 സഹോദരിമാരുമടങ്ങുന്നതാണ് കുടുംബം. അച്ഛന് റബേന ഖാന് അഫ്ഗാന് ആര്‍മിയിലെ ഉദ്യോഗസ്ഥനും അമ്മ ഹമീദ സ്കൂള്‍ പ്രിന്‍സിപ്പലുമായിരുന്നു.
1990-കളുടെ അവസാനം അഫ്ഗാന് യുദ്ധകലുഷിതമായിരുന്നു. താലിബാന് കാബൂള്‍ പിടിച്ചെടുത്ത് രാജ്യത്തെ ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാന് എന്നാക്കി. ശരിയ നിയമം നടപ്പിലാക്കിയതോടെ സ്ത്രീകളുടെ വിദ്യാഭ്യാസവും തൊഴിലും സ്വാതന്ത്രവും നിഷേധിക്കപ്പെട്ടു. അഫ്ഗാന് ഗവണ്മെന്റിന്റെ ഭാഗമായവരെയെല്ലാം താലിബാന് വധിക്കാന്‍ തുടങ്ങി. അക്കൂട്ടത്തില്‍ നാദിയയുടെ പിതാവിനെയും താലിബാന് വധിക്കുന്നു. ഇതോടെ കുടുംബം അഫ്ഗാന് വിടാന്‍ നിര്‍ബന്ധിതമാകുന്നു. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെ പലായനം. ആദ്യം കറാച്ചിയിലും പിന്നെ ഇറ്റലിയിലും. ശേഷമാണ് ഡെന്മാര്ക്കിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തുന്നത്.

അഭയാര്‍ത്ഥി ക്യാമ്പിലെ ഇരുട്ടുമുറിയിലകപ്പെട്ടുപോയ ഒരു 11-കാരിക്ക് ഇനിയെത്ര ദൂരം സഞ്ചരിക്കാനാകുമെന്ന ചോദ്യം പോലും ഭീതി പടര്‍ത്തുന്ന വേളകളിലാണ് നാദിയ പന്ത് തട്ടിത്തുടങ്ങുന്നത്. മാസങ്ങളോളം നീണ്ട ഫുട്ബോള്‍ പരിശീലനത്തിന് ശേഷം പല മത്സരങ്ങളിലും കളിക്കുന്നു. ഡെന്മാര്ക്ക്, കുടുംബത്തിന് അഭയം നല്‍കുന്നതോടെയാണ് നാദിയയുടെ പ്രൊഫഷണല്‍ ഫുട്ബോള്‍ കരിയറിന് തുടക്കമാവുന്നത്.
ആദ്യം ഡാനിഷ് ക്ലബ്ബ് ബി52 ആല്ബോര്ഗിന് വേണ്ടിയാണ് ബൂട്ട് കെട്ടുന്നത്. പിന്നീട് ടീം വിബോര്‍ഗ്, ഐകെ സ്കൊവ്ബാക്കന്, ഫോര്ച്ച്യുണ ഹ്യൊറിങ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചു. 2012-ല്‍ ഫോര്ച്ച്യുണക്കുവേണ്ടിയാണ് ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റം. സ്കോട്ടിഷ് ചാമ്പ്യന്മാരായ ഗ്ലാസ്ഗൗ സിറ്റിക്കെതിരെ 2-1 ന് വിജയിച്ച മല്‍സരത്തില്‍ ഫോര്ച്ച്യുണക്കായി രണ്ട് ഗോളുകളും നേടിയത് നാദിയയാണ്.
2014-ല്‍ സ്കൈ ബ്ലൂ എഫ്സി യിലേക്ക് കൂട് മാറുന്നു. 2015-16 സീസണില്‍ ഫോര്ച്ച്യുണയില് ലോണില്‍ കളിച്ച നാദിയ അടുത്ത രണ്ട് സീസണുകളില്‍ പോര്‍ട്ട്ലാന്‍ഡ് തോണ്‍സ് എഫ്സിക്കു വേണ്ടിയാണ് ബൂട്ട് കെട്ടിയത്. 2016 സീസണില്‍ പോര്‍ട്ട്ലാന്‍ഡിന്റെ ടോപ്പ് സ്കോററായ താരം ടീമിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചു. 2017-ലും മികച്ച പ്രകടനമാണ് നാദിയ പുറത്തെടുത്തത്.
2018-ല്‍ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറിയ നാദിയ അരങ്ങേറ്റമല്‍സരത്തില്‍ തന്നെ തിളങ്ങി. ഒരു വര്‍ഷത്തിന് ശേഷം സിറ്റി വിട്ടു. പിന്നീടുളള രണ്ട് സീസണുകളില്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കായി മിന്നുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 2020-21 സീസണില്‍ ഫ്രഞ്ച് ലീഗ് നേടിയ താരം ടീമിന്റെ വൈസ് ക്യാപ്റ്റനുമായി. 2021 മുതല്‍ റേസിങ് ലൂയിസ്വില്ലക്ക് വേണ്ടിയാണ് കളിക്കുന്നത്.
2008-ലാണ് നാദിയക്ക് ഡെന്മാര്ക്ക് പൗരത്വം ലഭിക്കുന്നത്. ഒട്ടേറെ നിയമ തടസ്സങ്ങള്‍ക്കൊടുവില്‍ 2009-ല്‍ ഡെന്മാര്ക്കിനായി പന്ത് തട്ടി തുടങ്ങി. രാജ്യത്തിനായി കളിച്ച 99 മത്സരങ്ങളില്‍ നിന്ന് 38 ഗോളുകളാണ് നാദിയ നേടിയത്. 2016, 2017 വര്‍ഷങ്ങളില്‍ ഡെന്മാര്ക്കിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
''ഫുട്ബോളിനോട് ഒടുങ്ങാത്ത അഭിനിവേശമാണ്. ഇതൊരു ജോലിയായി ഞാന്‍ കാണുന്നില്ല, പൈസയില്ലാതെയും ഞാന്‍ കളിക്കും. ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം ചെലുത്താന്‍ കഴിയുന്ന എന്തെങ്കിലും ചെയ്യാനാണാഗ്രഹിക്കുന്നത്.''
ആ ആഗ്രഹത്തിന്റെ സാഫല്യമെന്നോണം ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കിയിരിക്കുകയാണ് നാദിയ. സമാനതകളില്ലാത്ത നേട്ടം. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയും വനിതാ അത്ലറ്റുകളുടെ ഉയര്‍ച്ചക്കു വേണ്ടിയും നാദിയയുടെ ശബ്ദം പല തവണ ലോകത്തിന് മുന്നില്‍ മുഴങ്ങി.
യുനെസ്കോ ഗുഡ്വില് അംബാസഡറായും ഖത്തര്‍ ലോകകപ്പ് പ്രചാരകയായുമൊക്കെ ലോകവേദികളിലും താരം നിറഞ്ഞു നിന്നിട്ടുണ്ട്. കായികലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ ഫോബ്സ് പട്ടികയിലും നാദിയ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലീഷ്, ഡാനിഷ്, ജര്‍മന്‍ തുടങ്ങി 11 ഭാഷകള്‍ അനായാസം സംസാരിക്കാനും നാദിയക്ക് കഴിയും.
മൈതാനത്ത് പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോറ്റ് തലതാഴ്ത്തി നില്ക്കുന്ന കളിക്കാരെപ്പോലെ നിരായുധരായ സകലമാന മനുഷ്യര്‍ക്കും പ്രചോദനമാണ് നാദിയ. മുറിഞ്ഞു പോയ സ്വപ്നങ്ങളെ നിങ്ങള്‍ തുന്നിച്ചേര്‍ക്കൂ എന്ന് സ്വന്തം ജീവിതം ഉയര്‍ത്തിക്കാട്ടിയാണ് നാദിയ പറയുന്നത്. പ്രതിരോധ കോട്ടകളുടെ മരണവരയും കടന്ന് നാദിയയുടെ മുന്നേറ്റം തുടരുകയാണ്.
Content Highlights: story of Nadia Nadim from an Afghan Refugee to a footballer doctor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..