സ്പ്രിങ്മാനെന്നും ബ്ലാക്ക്മാനെന്നും വിശേഷിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു ചിത്രം പ്രചരിച്ചിരുന്നു. കേരളത്തിലെ വടംവലിയിലെ സൂപ്പര്‍താരമായ ബനാത്ത് പുല്ലാരയായിരുന്നു വ്യാജവാര്‍ത്തക്കാരുടെ ക്രൂരമായ ഇര. ആഹാ ഫ്രണ്ട്സ് എടപ്പാളിന്റെ താരമായ ബനാത്ത് കേരളത്തിനകത്തും പുറത്തുമായി നിരവധി മത്സരങ്ങളില്‍ തിളങ്ങിയ താരമാണ്. വടംവലി മത്സരത്തിനുവേണ്ടി തൂക്കം കുറയ്ക്കനായി വണ്ടിയിലിരിക്കുന്ന ബനാത്തിന്റെ ചിത്രമായിരുന്നു ആളുകള്‍ ബ്ലാക്ക്മാനെന്ന പേരില്‍ പങ്കുവെച്ചത്.
ഒരു ടൂര്‍ണമെന്റിനായി ഓരോ വടംവലി താരവും നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ വടംവലി ടീമായ എടപ്പാള്‍ ആഹാ ഫ്രണ്ട്സിന്റെ കൂടെ സഞ്ചരിച്ച മാതൃഭൂമി സ്പോര്‍ട്സ് മാസിക ലേഖകന്റെ അനുഭവം....
എറണാകുളം പാലാരിവട്ടത്തായിരുന്നു. അന്നത്തെ മത്സരം. രാവിലെ 11 മണിയോടെ എടപ്പാളില്‍ നിന്ന് ടീം യാത്ര തുടങ്ങണം എന്നാല്‍ മാത്രമേ കൃത്യസമയത്ത് പാലാരിവട്ടത്തെത്താന്‍ സാധിക്കുകയുള്ളു. ഏഴു പേരില്‍ രണ്ടു പേര്‍ കൂടി വരാന്‍ കുറച്ച് കാത്തിരുന്നു. പെരുപറമ്പ് ശ്രീമഹാദേവ ക്ഷേത്രത്തിന്റെ പരിസരത്തായിരുന്നു ടീമിന്റെ കാത്തിരിപ്പ്. ഇരു താരങ്ങളും എത്തിയതോടെ ആഹാ യാത്ര തുടങ്ങാനൊരുങ്ങി. ഇതിന്റെയിടയില്‍ ടീമിന്റെ ഡ്രൈവര്‍ ഫക്രുദ്ദീന്‍ താരങ്ങള്‍ക്ക് രണ്ടു രൂപ വീതം വിലയുള്ള സിപ്പപ്പ് കൊണ്ടു വന്നു. എല്ലാ താരങ്ങളും സിപ്പപ്പ് രുചിച്ചിരുന്നു. മത്സര ദിനത്തില്‍ ആഹാ എടപ്പാളിന്റെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് സിപ്പപ്പ്.
വണ്ടിയില്‍ കയറുന്നതിന് മുമ്പ് ടീം അംഗങ്ങളെല്ലാം ചേര്‍ന്ന് ഒരു പ്രാര്‍ഥന. പ്രാര്‍ഥന കഴിഞ്ഞ് ടീമിലെ ഇളമുറക്കാരാനായ മുഹമ്മദ് നിഷാദ് നേരെ ദേവീ ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടിയിലേക്ക് നടന്നു. പിന്നാലെ ടീമംഗങ്ങളും. നാണയതുട്ടുകള്‍ ഭണ്ഡാര പെട്ടിയിലേക്കിട്ട് ടീമിന്റെ യാത്രക്ക് തുടക്കം. വര്‍ഷങ്ങളായി ടീം ഏത് മത്സരത്തിന് പോവുകയാണെങ്കിലും പെരുപറമ്പ് ദേവി ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടിയില്‍ പൈസയിട്ടതിനേ ശേഷം മാത്രമാണ് യാത്ര തുടങ്ങുക. മാത്രമല്ല യാത്രക്കിടയില്‍ എടപ്പാളിലെ മുസ്ലിം പള്ളിയുടെ നേര്‍ച്ചപെട്ടിയിലും ടീമംഗങ്ങള്‍ നാണയ തുട്ടുകള്‍ നല്‍കും.
വണ്ടിക്ക് ആദ്യത്തെ ബ്രേക്ക് എടപ്പാള്‍ ടൗണിലെ ബിസ്മില്ല ചിക്കന്‍ സ്റ്റാളിലായിരുന്നു. ഇവിടെ നിന്ന് താരങ്ങളുടെ തൂക്കം അളന്നതിന് ശേഷം മാത്രമാണ് മുന്നോട്ടുള്ള യാത്ര സാധ്യമാകുകയുള്ളു. ടീം അംഗങ്ങളുടെ ആകെ തൂക്കം 450 കിലോ ഗ്രാമിലധികമായാല്‍ ആഹാ എടപ്പാളിന് പാലാരിവട്ടത്ത് മത്സരിക്കാനാവില്ല. ബിസ്മി ചിക്കന്‍ സ്റ്റാളില്‍ കോഴിയെ തൂക്കുന്ന അതേ ത്രാസ്സില്‍ ആഹാ എടപ്പാളിലെ മൊത്തം താരങ്ങളെയും തൂക്കി. ആകെ തൂക്കം, 457.100 കിലോ. അളവിലും ഏഴ് കിലോ അധികം.
തൂക്കം കുറക്കല്‍ പരീക്ഷണങ്ങള്‍
ഏഴ് കിലോ കുറച്ചാല്‍ മാത്രമേ ആഹയുടെ പുഞ്ചിരി പാലാരിവട്ടത് വിരിയുകയുള്ളു. മൂന്ന് മണിക്കൂറിനുള്ളില്‍ കുറക്കേണ്ടത് ഏഴ് കിലോ. ഇതിന്റെ യാതൊരു തരത്തിലുള്ള ടെന്‍ഷനും താരങ്ങളിലുണ്ടിയിരുന്നില്ല. ഏഴ് കിലോ എന്നത് പൂ പറിക്കുന്ന പോലെ ഈസിയാണോ എന്ന തോന്നല്‍. പീന്നീടാണ് താരങ്ങള്‍ തൂക്കം കുറയ്ക്കാനുള്ള തന്ത്രങ്ങള്‍ പയറ്റുന്നത്. ടീമിലെ ഏഴു പേരും ഷർട്ടൂരി വണ്ടിയുടെ എല്ലാ ഗ്ലാസുകളും പൊക്കി, എന്നിട്ട് വണ്ടിയില്‍ ഹീറ്ററും ഓണ്‍ ചെയ്തു. പുറത്തെ ചൂടും വണ്ടിയിലെ ചൂടുമായി താരങ്ങള്‍ വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. കുറച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വണ്ടിയില്‍ വിയര്‍പ്പിന്റെ പുഴ തന്നെയൊഴുകി. പിന്നീട് വണ്ടിക്ക് ബ്രേക്ക് വീണത് പാലിയേക്കര ടോള്‍ ബൂത്ത് കഴിഞ്ഞയുടനെയായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോവുമ്പോള്‍ ടീം സ്ഥിരമായി നിര്‍ത്താറുള്ള ഒരു ചായ പീടികയില്‍. അവിടെ നിന്ന് ഒരോ ചായയും പപ്പടവടയും. ഈ പപ്പടവട നല്‍കുന്ന ശക്തിയില്‍ വേണം താരങ്ങള്‍ ഇനി ഈ ദിവസം മുഴുവന്‍ വടം വലിക്കാന്‍. വെള്ളം പോലും ടീമിന്റെ ആകെ തൂക്കത്തിന് ആനുപാതികമായിട്ടെ പറ്റുകയുള്ളു. 450 കിലോയില്‍ 10 ഗ്രാം പോലും അധികമുണ്ടായാല്‍ ടീം മത്സരത്തില്‍ നിന്ന് പുറത്താവുമെന്ന് അറിയുന്നത് കൊണ്ട് ത്യാഗം സഹിക്കാന്‍ ടീം ഒന്നാകെ തയ്യാര്‍.....

ആഹാ വന്ന വഴി
എടപ്പാളില്‍ 1999-ലാണ് ടീം തുടങ്ങിയത്. വൈകുന്നേരങ്ങളില്‍ പരിശീലനം നടത്തി ടീം ചെറിയ ചെറിയ ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു തുടങ്ങി. സാദത്ത് എടപ്പാള്‍, എം.വി ഗഫൂര്‍, എം.വി ഫൈസല്‍ എന്നിവരായിരുന്നു ടീമിലെ തുടക്കത്തിലെ വലിക്കാര്‍. മത്സരിക്കുന്നതിനേക്കാളേറെ വടംവലി കാണാന്‍ പോവാനായിരുന്നു അന്ന് ഫ്രണ്ട്‌സ് എടപ്പാളിന്റെ താരങ്ങള്‍ക്ക് ഇഷ്ടമുണ്ടായിരുന്നു. അക്കാലത്ത് കോട്ടയം പാലയില്‍ നിന്നുള്ള ടീം ആഹാ നീലൂരായിരുന്നു കേരളത്തിലെ വടംവലി പിച്ചുകളില്‍ കിരീടമുയര്‍ത്തിയിരുന്നത്. അങ്ങിനെ ആഹാ നീലൂരിനോടുള്ള ഇവിടുത്തുക്കാരുടെ ഇഷ്ടം അവര്‍ സ്വന്തം ടീമിനും നല്‍കാന്‍ തീരുമാനിച്ചു. അന്നു മുതല്‍ ഫ്രണ്ട്‌സ് എടപ്പാള്‍ ആഹാ ഫ്രണ്ട്‌സ് എടപ്പാളായി...
പിന്നീട് ഫൈസലും ഗഫൂറും വിചാരിക്കുന്നതിലേറെ ടീം വലുതായി. ടീം കേരളത്തിലെ വടംവലി പിച്ചുകള്‍ കീഴടക്കി തുടങ്ങിയതോടെ കേരളത്തിലെ പ്രമുഖ ടീമുകളെല്ലാം കളത്തില്‍ നിന്ന് പുറത്തായി തുടങ്ങി. 2005-ല്‍ സൈഫുദ്ദീന്‍ നടുവട്ടം എന്ന പപ്പന്‍ ആഹാ ടീമിലെത്തിയതോടെ ടീമിന്റെ അജയ്യതയെ ആര്‍ക്കും കീഴ്‌പ്പെടുത്താന്‍ പറ്റാതെയായി. ഷബീറും സൈഫുദ്ദീനും കേരളത്തിലെ വടംവലി ആരാധകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറി. പി. ഷംസീര്‍, നിഥിന്‍ എന്ന നടേശന്‍, പി.പി പ്രജിത്ത്, കെ.മുഹമ്മദ്, എം.വി നൗഷാദ്, ബനാത്ത് പുല്ലാര, മുഹമ്മദ് നിഷാദ് എന്നിവരാണ് ടീമിലെ ഇപ്പോഴത്തെ ടീം അംഗങ്ങള്‍. പി മൂസയാണ് ടീമിന്റെ കോച്ച്.
പാലാരിവട്ടം ജങ്ഷന്‍
പപ്പടം വടയും ചായയും കുടിച്ച് പിരിഞ്ഞ വണ്ടി പിന്നീട് നിര്‍ത്തിയത് പാലാരിവട്ടത്തായിരുന്നു. റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബായിരുന്നു അന്നത്തെ മത്സരത്തിന്റെ സംഘാടകര്‍. ടീം വണ്ടിയില്‍ നിന്നിറങ്ങിയ ശേഷം നേരെ ചെന്നത് വടംവലി പിച്ചിന്റെ അടുത്തുള്ള ത്രാസിലേക്കായിരുന്നു. ടീം അംഗങ്ങള്‍ ഓരോരുത്തരും തൂക്കാന്‍ തുടങ്ങി. കോച്ച് മൂസ തൂക്കം കൃത്യമായി അളന്നു. എല്ലാ താരങ്ങളുടെയും തൂക്കം കൃത്യമായി എഴുതിക്കൂട്ടിനോക്കിയപ്പോള്‍ ആഹാ എടപ്പാളിന്റെ ആകെ തൂക്കം. 447.100.. ശരിക്കും അത്ഭുതം. മൂന്നു മണിക്കൂര്‍ യാത്രക്കിടയില്‍ ഏഴ് പേരും കൂടി ചേര്‍ന്ന് കുറച്ചത് 10 കിലോ ഗ്രാം. 450 ആകാന്‍ ഇനിയും 2.900 കിലോ വേണം. ഒരുപാട് ആലോചനകള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും ശേഷം കോച്ച് പ്ലാന്‍ അവതരിപ്പിച്ചു. ഓരോ താരങ്ങള്‍ക്കും ഓരോ സോഡ വീതം കുടിക്കാം. കാരണം ആരാഞ്ഞപ്പോള്‍ പറഞ്ഞു. ഒരു സോഡ 300 ഗ്രാം മില്ലി. ഏഴു താരങ്ങളും സോഡ കുടിച്ചാലും 450 കിലോ കടക്കില്ല എന്നു പറഞ്ഞു.

മത്സരം പറഞ്ഞ സമയത്തിലും വൈകും എന്ന് തോന്നി തുടങ്ങിയപ്പോള്‍ താരങ്ങള്‍ക്കെല്ലാം വിശന്നു തുടങ്ങിയിരുന്നു. എല്ലാവരുടെയും ആകെ ശക്തി അന്നത്തെ പപ്പട വടയും ചായയും മാത്രമായിരുന്നു. ടീമംഗങ്ങളുടെ വിശപ്പ് മനസ്സിലാക്കി ടീമിലെ സൂപ്പര്‍ താരം ബനാത്ത എടപ്പാള്‍ സ്വയം റിസ്‌ക്കെടുത്തു. ഗ്രൗണ്ടില്‍ ചുറ്റും ഓടി വീണ്ടും തൂക്കം കുറക്കാനുള്ള ശ്രമം. ഓടി തീര്‍ന്നതിന് ശേഷം ബനാത്ത് വണ്ടിയില്‍ കയറി ഗ്ലാസുകള്‍ പൊക്കി ഇരുന്നു.
500 ഗ്രാം കുറച്ച് കൊണ്ടാണ് ബനാത്ത് വീണ്ടും പുറത്തിറങ്ങിയത്.
അപ്പോഴെക്കും വന്ന ടീമുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്നും മത്സരം അരമണിക്കൂറിനുള്ളില്‍ തുടങ്ങുമെന്നും അനൗണ്‍സ്‌മെന്റ് എത്തിത്തുടങ്ങി. കോച്ച് മൂസയുടെ നേതൃത്വത്തില്‍ ടീം ചര്‍ച്ചയിലേക്ക് മാറി. എതിരാളികള്‍ ആരൊക്കെയാണെന്നും ആരെല്ലാം വെല്ലുവിളിയുയര്‍ത്തുമെന്ന കണക്കുകൂട്ടലുകള്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരം തന്നെ ആഹാ എടപ്പാളിന്റേതായിരുന്നു. സംഘമിത്ര കോട്ടുവള്ളിയായിരുന്നു എതിരാളികള്‍.
ആദ്യ മത്സരത്തിനായി നിറഞ്ഞ കൈയടികളോടെ ആഹാ വടംവലി പിച്ചിലേക്ക്. ആരാധകരുടെ കൊട്ടിയാഘോഷങ്ങള്‍ക്കിടയില്‍ ആഹാ പിച്ചില്‍ അണിനിരന്നു. തിടമ്പേറ്റിയ കൊമ്പന്‍മാരെ പോലെ ഒന്നിന് പിറകെ ഒന്നായി.
ഏറ്റവും മുന്നില്‍ ടീമിലെ ഇളമുറക്കാരാന്‍ മുഹമ്മദ് നിഷാദ്. നിഷാദിനാണ് ടീമിലെ കൂടുതല്‍ ചുമതല. ആഹയുടെ ഏറ്റവും മികച്ച താരമായിരുന്ന പപ്പന് പകരമാണ് നിഷാദ് ടീമിലിടം കണ്ടെത്തിയത്. അതുകൊണ്ട് തന്നെ മുഴുവന്‍ ഭാരവും ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തില്‍. നിഷാദിന് പിന്നിലായി ബനാത്ത് എടപ്പാള്‍. വടംവലി വേദിയിലെ ഉസൈന്‍ ബോള്‍ട്ട്, വേഗം കൊണ്ടും ശരീരം കൊണ്ടും ഉസൈന്‍ ബോള്‍ട്ടിനോട് ഏറെ സാമ്യമുണ്ട് ബനാത്തിന്. കേരളത്തിലെ വടംവലിയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളതും ബനാത്തിനാണ്. ബനാത്തിന് പിന്നില്‍ ക്യാപ്റ്റന്‍ നൗഷാദ്. സൗമ്യനായ പോരാളി. നാലാമതായി വടംവലി കളത്തിലെ സൂപ്പര്‍ ഫോര്‍ മുഹമ്മദ്, തൊട്ടു പിന്നില്‍ പ്രജിത്ത്, പിന്നാലെ ടീമിലെ മറ്റൊരു ജൂനിയര്‍ താരം നിഥിന്‍ എന്ന നടേശന്‍, ഏറ്റവും പിന്നില്‍ ടീമിന്റെ ആത്മാവ് ഷംസീര്‍, സ്വന്തം ശരീരത്തില്‍ കയര്‍ വരിഞ്ഞു മുറുക്കി ഷംസീര്‍ റെഡി. താരങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ഒപ്പം കോച്ച് മൂസയും.
ആദ്യ മത്സരത്തിനായി റഫറിയുടെ നീട്ടിയുള്ള വിസില്‍. പശ്ചാതലത്തില്‍ ആവാസ് കടവല്ലൂരിന്റെ അനൗണ്‍സ്‌മെന്റ്. പക്ഷെ ആദ്യ മത്സരത്തില്‍ ആവാസിന് അധികം അനൗണ്‍സ് ചെയ്യാനൊന്നും സമയം കിട്ടിയില്ല. റഫറി വിസിലൂതി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സംഘമിത്രയെ വലിച്ചിട്ട് ആഹാ ടൂര്‍ണമെന്റില്‍ വരവറിയിച്ചു. ആദ്യ റൗണ്ടിനേ ശേഷം ടീമിന് മൂന്ന്കിലോ തൂക്കം കൂടുതല്‍ അനുവദിച്ചു. മൊത്തം 453 കിലോ. എന്നാല്‍ ഈ സമയത്ത് അധികമൊന്നും തിന്നാന്‍ ടീം അംഗങ്ങള്‍ തയ്യാറായില്ല. ഓരോ ഗ്ലാസ് വെള്ളത്തില്‍ അവസാനിപ്പിച്ചു.
പിന്നീട് രണ്ട് തുടര്‍ജയങ്ങളുമായി നേരെ ക്വാര്‍ട്ടറിലേക്ക്. ക്വാര്‍ട്ടറില്‍ അലയന്‍സ് എളമക്കരയായിരുന്നു ആഹായെ കാത്തിരുന്നത്. ടൂര്‍ണമെന്റില്‍ ആഹയ്ക്കു മുന്നിലുള്ള ശരിക്കുമുള്ള വെല്ലുവിളി.
ഒന്നിനൊന്നു മികച്ച താരങ്ങളുമായിട്ടായിരുന്നു എളമക്കരയുടെ വരവ്. എന്നാല്‍ ആഹാ ആ മത്സരത്തില്‍ തന്ത്രം മാറ്റി. അറ്റാക്കില്‍ നി്ന്ന് പ്രതിരോധത്തിലേക്ക്. എതിരാളികള്‍ വലിക്കാന്‍ വിട്ടു. മറുഭാഗത്ത് ആഹാ പിടിച്ചുനിന്നു. ക്രിക്കറ്റ് ക്രീസില്‍ രാഹുല്‍ ദ്രാവിഡ് ബാറ്റ് വീശുന്ന പോലെ ആഹായും പിടിച്ചുനിന്നു. എതിരാളികള്‍ സ്വയം ചാവുന്നത് വരെ കാത്തിരിക്കുക, എന്നിട്ട അറ്റാക്ക് ചെയ്യുക. ഇതായിരുന്നു ആഹയുടെ തന്ത്രം. ഒപ്പം ഉറച്ച ചുവടുകളും. എതിരാളികളുടെ ചുവടുകള്‍ പിഴക്കുന്നത് ശ്രദ്ധിച്ച കോച്ച് മൂസ വലിച്ചിടാന്‍ നിര്‍ദേശം നല്‍കി. ബനാത്തിന്റെയും മുഹമ്മദിന്റെയും വലിയില്‍ എതിരാളികള്‍ ഫ്‌ളാറ്റ്. നേരെ സെമിയിലേക്ക്.
സെമിയില്‍ കാത്തിരുന്നത് ഫസ്റ്റ് ക്ലബ്ബ് തെക്കേപ്പുറം, ടൂര്‍ണമെന്റിലെ മറ്റൊരു വമ്പന്‍മാര്‍. ആഹയ്ക്ക് ശക്തമായ വെല്ലുവിളി. ആഹയ്ക്ക് ആദ്യമായി അടിതെറ്റിയോ എന്ന തോന്നല്‍, തെക്കേപ്പുറം ലീഡെടുത്തു. വടം കൈയില്‍ നിന്ന് പോകുമോ എന്ന് തോന്നിപ്പിക്കുന്ന സമയത്ത് ആഹാ പിടിച്ചുനിന്നു. വീണ്ടും എതിരാളികളുടെ ക്ഷമ പരീക്ഷിച്ചു. പതുക്കെ ആഹ പിടിമുറുക്കി. കാണികളുടെ മുഴുവന്‍ പിന്തുണയും തെക്കേപ്പുറത്തിന്. പക്ഷെ കാണികളുടെയും എതിരാളികളുടെയും കണക്ക്കൂട്ടലുകള്‍ തെറ്റിച്ച് ആഹ വലിച്ചിട്ടു. നേരെ ഫൈനലിലേക്ക്.
ഫൈനലില്‍ കോട്ടയത്ത് നിന്നുള്ള ന്യൂസ്റ്റാര്‍ പൊന്‍കുന്നമായിരുന്നു എതിരാളികള്‍. കാണികളെല്ലാം പൊന്‍കുന്നത്തിനൊപ്പം. പക്ഷെ ആഹയുടെ കരുത്തിന് മുന്നില്‍ ന്യൂസ്റ്റാറും കീഴടങ്ങി. ആഹയ്ക്ക് കിരീടം.
സംഘാടകരില്‍ നിന്ന് കിരീടവും കാഷ് പ്രൈസും മേടിച്ച് ടീം പുറത്തേക്കിറങ്ങുമ്പോള്‍ കോച്ച് മൂസയോട് കാണികളുടെ പിന്തുണയില്ലായിമയെ പറ്റി ചോദിച്ചു.
മറുപടി ഇപ്രകരമായിരുന്നു. 'ഈഫ് യൂ ആര്‍ ബെസ്റ്റ് അറ്റ് സംതിങ്, യൂ വില്‍ബി ഹേറ്റഡ്'.
സ്‌പോര്‍ട്‌സ് മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനം
Content HIghlights: Story Of Aha Edappal