Photo: twitter.com/relevo
എൻറിക്കോ വാന്സിനി എന്ന 100 വയസുകാരന് ഇറ്റലിക്കാരനെ അധികമാരും കേട്ടിരിക്കാന്‍ വഴിയില്ല. ഇറ്റലിക്കായി രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത അദ്ദേഹം കടുത്ത ഫുട്ബോള്‍ ആരാധകന് കൂടിയാണ്. എന്നിട്ടും വാന്സിനിക്ക് തന്റെ പ്രിയപ്പെട്ട ഫുട്ബോള്‍ ക്ലബ്ബ് ഇറ്റലിയിലെ സാന്‍ സിറോയില്‍ പന്തു തട്ടുന്നത് കാണാന്‍ കാത്തിരിക്കേണ്ടി വന്നത് ജീവിതയാത്രയിലെ 99 വര്‍ഷക്കാലമാണ്. ഇത്രയും കാലം ഒരു മത്സരം കാണാനുള്ള അവസരം അദ്ദേഹത്തിന് തരപ്പെട്ടിരുന്നില്ല എന്നതാണ് സത്യം. ഒടുവില്‍ ഏഴാം വയസില്‍ മനസില്‍ കുടിയിരുത്തിയ ഇന്റര്‍ മിലാന്റെ മത്സരം കാണാന്‍ ആദ്യമായി കഴിഞ്ഞ വര്‍ഷം വാന്സിനി എത്തിയപ്പോള്‍ അത് ഇറ്റാലിയന്‍ മാധ്യമങ്ങളിലെ വലിയ വാര്‍ത്തകളിലൊന്നായി. അദ്ദേഹത്തിന് പ്രത്യേക ഇരിപ്പിടമൊരുക്കി ഇന്റര്‍ തങ്ങളുടെ ഏറ്റവും പ്രായംചെന്ന ആരാധകനെ ആദരിക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് മുമ്പ് 100-ാം വയസിലേക്ക് കടന്ന വാന്സിനിക്ക് പിന്നില്‍ 100 എന്നെഴുതിയ ജേഴ്സിയും ക്ലബ്ബ് സമ്മാനിച്ചു.
ഈ 100-ാം വയസിലും ഇന്ററിന്റെ കടും നീലയും കറുപ്പും കലര്‍ന്ന ജേഴ്സി ധരിച്ച് അദ്ദേഹം കാത്തിരിക്കുന്നത് ഒരേയൊരു മത്സരത്തിനായാണ്. എന്നും ഫുട്ബോള്‍ ലോകത്തെയും ഇറ്റലിയിലെ കളിഭ്രാന്തന്മാരെയും ഒന്നടങ്കം ആവേശം കൊള്ളിച്ചിരുന്ന ആ ഇറ്റാലിയന്‍ ഫുട്ബോള്‍ യുദ്ധം കാണാന്‍, ചാമ്പ്യന്‍സ് ലീഗിന്റെ തട്ടില്‍ എ.സി. മിലാനും ഇന്റര്‍ മിലാനും തമ്മിലുള്ള ആ മിലാന് ഡര്‍ബി കാണാന്‍.
2005-ന് ശേഷം ആദ്യമായി ചാമ്പ്യന്‍സ് ലീഗില്‍ ചിരവൈരികളായ എ.സി. മിലാനും ഇന്ററും ഒരിക്കല്‍ കൂടി നേര്‍ക്കുനേര്‍ വന്നു. 100 വയസുകാരന് ആരാധകന് വാന്സിനിയെ തൃപ്തിപ്പെടുത്തി തന്റെ പ്രിയപ്പെട്ട ക്ലബ്ബ് ആദ്യ പാദത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചുകയറുകയും ചെയ്തു. 18 വര്‍ഷക്കാലത്തിനിടയില്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മിലാന് ഡര്‍ബി അങ്ങനെ ഇന്റര്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി വിരിയിക്കുന്നതായി.
പഴയ പണവും പ്രതാപവും കൈമോശം വന്ന് പോയെങ്കിലും എല്‍ ക്ലാസിക്കോയും മാഞ്ചെസ്റ്റര്‍ ഡര്ബിയുമെല്ലാം തങ്ങളെ മറികടന്നെങ്കിലും ഒരുകാലത്ത് മിലാന് ഡര്‍ബിയുടെ സ്വന്തമായിരുന്ന വീറും വാശിയും മറ്റൊരു ഫുട്ബോള്‍ പോരാട്ടത്തിനും അവകാശപ്പെടാനാകാത്തതാണ്.

ഡെര്‍ബി ഡെല്ല മഡോന്നിന എന്നറിയപ്പെടുന്ന മിലാന് ഡര്‍ബിക്ക് പറയാന്‍ 115 വര്‍ഷത്തെ ചരിത്രമുണ്ട്. ഇംഗ്ലണ്ടില്‍ നിന്നെത്തിയ ഹെര്‍ബെര്‍ട്ട് കില്പിന്നും മറ്റ് ചിലരും ചേര്‍ന്ന് 1899 ഡിസംബര്‍ 13-നാണ് മിലാന് എന്ന പേരില്‍ ക്രിക്കറ്റ് ആന്‍ഡ് ഫുട്ബോള്‍ ക്ലബ്ബിന് രൂപം നല്‍കുന്നത്. മിലാനിലെ മുന്‍ ബ്രിട്ടീഷ് വൈസ് കൗണ്‍സിലായിരുന്ന ആല്‍ഫ്രഡ് എഡ്വേര്‍ഡ്സായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റ്. മിലാന് ഫുട്ബോള്‍ ക്ലബ്ബിന്റെ സെലക്ഷന് നടപടികളടക്കമുള്ള ചുമതലകള്‍ ഡേവിഡ് അല്ലിസണ് എന്ന വ്യക്തിക്കായിരുന്നു. ഹെര്‍ബെര്‍ട്ട് കില്പിന്നിന്റെ നേതൃത്വത്തില്‍ അധികം വൈകാതെ തന്നെ ക്ലബ്ബ് ഇറ്റാലിയില്‍ പേരെടുത്തു. ഇറ്റാലിയന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജെനോവയുടെ അപ്രമാധിത്യം അവസാനിപ്പിച്ച് 1901-ല്‍ മിലാന് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജയിച്ചതോടെ ക്ലബ്ബിന് ആരാധകരുമേറി.
എന്നാല്‍, 1908-ല്‍ വിദേശ താരങ്ങളെ ടീമിലെടുക്കുന്നതുമായി ബന്ധപ്പെട്ടു ക്ലബ്ബിനുള്ളില്‍ തന്നെയുണ്ടായ അഭിപ്രായ ഭിന്നത പിന്നീട് പിളര്‍പ്പിലേക്കും അതുവഴി മിലാന് ആസ്ഥാനമായി മറ്റൊരു ഫുട്ബോള്‍ ക്ലബ്ബിന്റെ തന്നെ രൂപീകരണത്തിലേക്കും വഴിതെളിച്ചു. ഇറ്റാലിയന്‍ താരങ്ങള്‍ക്കൊപ്പം വിദേശ താരങ്ങള്‍ക്കും ടീമില്‍ അവസരം നല്‍കണമെന്നു വാദിച്ചവര്‍ ചേര്‍ന്ന് രൂപം കൊടുത്തതിനാല്‍ തന്നെ ക്ലബ്ബിന് ഇന്റര്‍നാഷണലെ എന്ന പേരാണ് നല്‍കിയത്. അങ്ങനെ 1908 മാര്‍ച്ച് ഒമ്പതിന് ഇന്റര്‍ മിലാന് ക്ലബ്ബ് ഔദ്യോഗികമായി രൂപീകൃതമായി. 1908 ഒക്ടോബര്‍ 18-ന് കിയാസോ കപ്പ് ഫൈനലാണ് ആദ്യമായി മിലാന് ഡര്‍ബിക്ക് വേദിയായത്. സ്വിറ്റ്സര്‍ലന്‍ഡിലെ കാന്റണില്‍ നടന്ന ടൂര്‍ണമെന്റായിരുന്നു ഇത്. പിന്നീട് 1929-ല്‍ ഇറ്റാലിയന്‍ ലീഗിന് ഔദ്യോഗികമായി തുടക്കമായതോടെ മിലാന് ഡര്‍ബി ഇറ്റാലിയന്‍ ഫുട്ബോള്‍ ആരാധകര്‍ ഏറ്റെടുത്തു.
മിലാന് ടീമുകളുടെ മത്സരങ്ങളുടെ ചരിത്രമെടുത്താല്‍ അതില്‍ ഫുട്ബോള്‍ ലോകം ഇന്നും നെഞ്ചിടിപ്പോടെ ഓര്‍ക്കുന്ന ഒരു മത്സരത്തിന്റെ പിറവി 2004-05 ചാമ്പ്യന്‍സ് ലീഗിലായിരുന്നു. ഇസ്താംബൂളില്‍ നടന്ന ഫൈനലില്‍ ആദ്യ പകുതിയില്‍ എ.സി. മിലാനെതിരേ മൂന്ന് ഗോളിന് പിന്നില്‍ പോയ ശേഷം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച ലിവര്‍പൂളിന്റെ മടങ്ങിവരവും കിരീടധാരണവും കണ്ട അതേ ചാമ്പ്യന്‍സ് ലീഗ് സീസണില്‍. അന്ന് മിറാക്കിള്‍ ഓഫ് ഇസ്താംബൂള്‍ എന്ന് പേരിട്ട് വിളിച്ച ആ മത്സരത്തിനു മുമ്പ് കാണികളുടെ രക്തമുറഞ്ഞുപോയ മറ്റൊരു മത്സരമുണ്ടായിരുന്നു. മിലാനും ഇന്ററും തമ്മില്‍ 2005 ഏപ്രില്‍ 13-ന് നടന്ന ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരം.

ആദ്യപാദം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ജയിച്ചെത്തിയ മിലാനെതിരേ ഇന്ററിന് മുന്നേറാന്‍ കടുത്ത പോരാട്ടം തന്നെ പുറത്തെടുക്കേണ്ടിയിരുന്നു. ഹെര്‍നന്‍ ക്രെസ്പോ, ആന്ദ്രേ ഷെവ്ചെങ്കോ, കക്ക, സീഡോര്‍ഫ്, ആന്ദ്രേ പിര്‍ലോ, പൗലോ മാല്‍ദിനി, കഫു എന്നിവരെല്ലാം അണിനിരന്ന എസി മിലാന് നിര ലോക ഫുട്ബോളിലെ തന്നെ അക്കാലത്തെ കരുത്തുറ്റ സംഘമായിരുന്നു. അവര്‍ക്കെതിരേ അഡ്രിയാനോയും വാന്‍ഡെര്‍ മെയ്ഡെയും കിലി ഗോണ്‍സാലസും സനെറ്റിയും കാമ്പിയാസോയും മാര്‍ക്കോ മറ്റെരാസിയുമെല്ലാം അണിനിരന്ന ഇന്റര്‍ നിര ഭേദപ്പെട്ട പ്രകടനമെങ്കിലും പുറത്തെടുക്കുമെന്ന് ആരാധകര്‍ കരുതി.
എന്നാല്‍, സാന്‍ സിറോയില്‍ രണ്ടാം പാദത്തിലും മിലാനു മുന്നില്‍ ഇന്ററിന് കാര്യമായൊന്നും ചെയ്യാനായില്ല. 30-ാം മിനിറ്റില്‍ ഷെവ്ചെങ്കോ വലകുലുക്കിയതോടെ ഇരുപാദങ്ങളിലുമായി മിലാന് 3-0ന് മുന്നിലെത്തി. എങ്കിലും ഇന്റര്‍ താരങ്ങളും സാന്‍സിറോയില്‍ അണിനിരന്ന നീലക്കടലും പ്രതീക്ഷ കൈവിട്ടില്ല. ഇതിനിടെ 72-ാം മിനിറ്റില്‍ കാണികളെ ഇളക്കിമറിച്ച് കാമ്പിയാസോ ഇന്ററിനായി ഒരു ഹെഡറിലൂടെ വലകുലുക്കി. പക്ഷേ, അതിനു മുമ്പ് മിലാന് ഗോള്‍കീപ്പര്‍ ദിദയെ ഫൗള്‍ ചെയ്തെന്ന് കാണിച്ച് ജര്‍മന്‍ റഫറി മാര്‍ക്കസ് മെര്‍ക്ക് ആ ഗോള്‍ അനുവദിച്ചില്ല. ഇന്റര്‍ താരങ്ങള്‍ ഒന്നടങ്കം റഫറിയെ വളഞ്ഞു. തന്നോട് പൊട്ടിത്തെറിച്ച കാമ്പിയാസോയ്ക്ക് നേരേ റഫറി മഞ്ഞക്കാര്ഡുയര്ത്തുകയും ചെയ്തു.

2003-ല്‍ മിലാനോട് ചാമ്പ്യന്‍സ് ലീഗ് സെമിയിലേറ്റ തോല്‍വിക്ക് തങ്ങളുടെ ടീം പകരംവീട്ടുന്നത് പ്രതീക്ഷിച്ചെത്തിയ ഇന്റര്‍ ആരാധകര്‍ക്ക് അതോടെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. അത്രയും നേരം അവര്‍ അടക്കിവെച്ചിരുന്ന രോഷം അപ്പോള്‍ അണപൊട്ടി. പിന്നീട് ഫുട്ബോള്‍ ലോകം സാക്ഷിയായത് അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള രംഗങ്ങള്‍ക്കാണ്. ഇന്റര്‍ ആരാധകരുടെ രോഷം തീ തുപ്പിയപ്പോള്‍ സാന്‍ സിറോയിലെ ഗാലറിയില്‍ തീജ്വാലകളുയര്‍ന്നു. കയ്യില്‍ കിട്ടിയവയെല്ലാം മൈതാനത്തേക്ക് വലിച്ചെറിഞ്ഞ അവര്‍, പ്ലാസ്റ്റിക്ക് കുപ്പികളടക്കമുള്ളവ കത്തിച്ചെറിയാനും തുടങ്ങി. പിന്നാലെ ഗോള്‍പോസ്റ്റിന് സമീപം നിന്നിരുന്ന മിലാന്റെ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ ദിദയുടെ പുറത്ത് ഗാലറിയില്‍നിന്ന് ഒരു തീഗോളം വന്ന് പതിച്ചതിനു പിന്നാലെ റഫറി മെര്‍ക്ക് 73 മിനിറ്റ് പ്രായമായ ആ രണ്ടാംപാദ മത്സരം നിര്‍ത്തിവെച്ചു.
കളിക്കാരെല്ലാം മൈതാനത്ത് നിന്ന് മടങ്ങി. ഇന്റര്‍ ആരാധകരെ ശാന്തരാക്കാന്‍ അധികൃതര്‍ ഒന്നടങ്കം ഇറങ്ങി. ഒടുവില്‍ 26 മിനിറ്റുകള്‍ക്ക് ശേഷം ഇരു ടീമും തിരിച്ചെത്തി. എന്നാല്‍, അപ്പോഴേക്കും മൈതാനും തീക്കനലായി മാറിയിരുന്നു. കളിക്കാര്‍ മൈതാനത്ത് കാലുകുത്തിയതോടെ ഗാലറിയില്‍നിന്നു വീണ്ടും തീ ഗോളങ്ങള്‍ പറന്നെത്തി. എങ്ങും തീയും പുകയും മാത്രം. ഒടുവില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി റഫറി മാര്‍ക്കസ് മെര്‍ക്ക് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. യുവേഫ മിലാന് 3-0ന്റെ ജയത്തോടെ വാക്കോവറും കൊടുത്തു. അതോടെ ഇരു പാദങ്ങളിലുമായി 5-0ന്റെ ജയത്തോടെ മിലാന് സെമിയിലേക്ക്. ഇന്റര്‍ കളിക്കാരുടെ കണ്ണീര് ആ പുകപടലങ്ങളില്‍ മുങ്ങിപ്പോയി.

ഫുട്ബോള്‍, അതിന്റെ ചരിത്രത്താളുകളില്‍ സൂക്ഷിച്ചിരിക്കുന്ന ചിത്രങ്ങള്‍ നിരവധിയുണ്ട്. ചരിത്രത്തിലെ തന്നെ അത്തരം ഐതിഹാസിക ചിത്രങ്ങളിലൊന്ന് പിറവിയെടുത്തതും സാന്‍ സിറോയിലെ ഈ തീക്കടലിനിടെയായിരുന്നു. മൈതാനത്തെ തീജ്വാലകളിലേക്ക് നോക്കിനില്ക്കുന്ന മിലാന്റെ റുയി കോസ്റ്റയുടെയും ഇന്ററിന്റെ മാര്‍ക്കോ മറ്റെരാസിയുടെയും ചിത്രം. അന്ന് റോയിറ്റേഴ്സിന്റെ ഫോട്ടോഗ്രാഫറായിരുന്ന സ്റ്റെഫാനോ റെല്ലാന്ഡിനിയാണ് പ്രസിദ്ധമായ ഈ ചിത്രം പകര്‍ത്തിയത്.
വീണ്ടുമൊരു രണ്ടാംപാദ മിലാന് ഡര്‍ബിക്ക് കളമൊരുങ്ങുമ്പോള്‍ റെല്ലാന്ഡിനി ഇപ്പോള്‍ പാരിസിലെ തന്റെ ഓഫീസിലാണ്. എഎഫ്പിയുടെ എഡിറ്റര്‍ പോസ്റ്റില്‍. ഇപ്പോള്‍ ആ ചിത്രം കാണുമ്പോള്‍ സൗഹൃദം എന്നൊരു വാക്ക് മാത്രമാണ് തന്റെ മനസിലേക്കെത്തുന്നതെന്ന് പറഞ്ഞുവെയ്ക്കുന്നു അദ്ദേഹം. ''ഫുട്ബോള്‍ എന്നത് ടീമുകളെ പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പോരാട്ടം മാത്രമല്ലെന്ന് ആ ചിത്രം എന്നെ ഓര്‍മിപ്പിക്കുന്നു. പണമോ കച്ചവടമോ മാത്രമല്ല ഈ കളി. വ്യത്യസ്ത ടീമുകളിലെ കളിക്കാര്‍ തമ്മില്‍ നല്ല സൗഹൃദമുണ്ട്. അവര്‍ റസ്റ്റോറന്റില്‍ ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുകയും ഒഴിവുസമയം ഒരുമിച്ച് ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് എനിക്കറിയാം. ആ ചിത്രം കാണുമ്പോള്‍ ഫുട്ബോള്‍ ലോകത്തിലെ ഏറ്റവും മനോഹരമായ കളിയാണെന്ന് ഞാന്‍ വീണ്ടും വീണ്ടും ഓര്‍ക്കുന്നു.''

അന്ന് ഇന്റര്‍ ആരാധകര്‍ ആക്രമണം തുടങ്ങിയപ്പോള്‍ മൈതാനത്തുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍മാര്‍ എല്ലാവരും സ്വന്തം ജീവനും തങ്ങളുടെ ജീവന്റെ ജീവനായ ക്യാമറയും അനുബന്ധ ഉപകരണങ്ങളും സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ചിലര്‍ ആ ഓട്ടത്തിനിടയിലും തങ്ങളെക്കൊണ്ടാകുന്ന തരത്തില്‍ ചിത്രങ്ങളും എടുക്കുന്നുണ്ടായിരുന്നു. അതിനിടയിലാണ് ഭീതിദമായ ഈ രംഗങ്ങള്‍ക്കിടയിലും മൈതാനത്ത് പരസ്പരം സൗഹൃദം പങ്കിടുന്ന റുയി കോസ്റ്റയോയും മറ്റെരാസിയേയും റെല്ലാന്ഡിനി കാണുന്നത്. അന്ന് 73 മിനിറ്റില്‍ അവസാനിച്ച ആ മത്സരത്തിന്റെ എണ്ണൂറോളം ചിത്രങ്ങള്‍ അദ്ദേഹം തന്റെ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. അതില്‍ അറുപതോളം ചിത്രങ്ങള്‍ ഈ രംഗത്തിന്റേത് മാത്രവും.
ഇന്ററിനും എ.സി. മിലാനും തങ്ങളുടെ പ്രതാപകാലം ഇപ്പോള്‍ ഓര്മ മാത്രമാണ്. ഒരു കാലത്ത് മിലാനു മുന്നില്‍ മറുപടിയില്ലാതിരുന്ന ഇന്ററിന് 2003-ലെയും 2005-ലെയും ചാമ്പ്യന്‍സ് ലീഗ് തോല്‍വിക്ക് മധുരമായി പ്രതികാരം ചെയ്യാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. മേയ് 17-ന് സാന്‍ സിറോയില്‍ നടക്കാനിരിക്കുന്ന രണ്ടാം പാദ മത്സരം തോല്‍ക്കാതിരുന്നാല്‍ 2010-ന് ശേഷം ഇന്ററിന് ആദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കാം. 2007-ന് ശേഷം ഒരു ഫൈനല്‍ സ്വപ്നം കാണാന്‍ എ.സി. മിലാന് കാര്യമായി തന്നെ പണിയെടുക്കേണ്ടി വരും.
Content Highlights: Story behind iconic 2005 Champions League Milan derby descended into chaos
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..