ക്രിക്കറ്റിലെ പരിഹാസങ്ങള്‍ക്ക് ബാറ്റുകൊണ്ട് മറുപടി നല്‍കാമെന്ന് തെളിയിച്ച നിരവധി ബാറ്റ്‌സ്മാന്‍മാരുണ്ട്. ബ്രയാന്‍ ലാറ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിങ്ങനെ ഈ നിര നീളും. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മനോഹരമായ ഒരു പ്രതികാര കഥയിലെ നായകനായിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്.

ഒരു വര്‍ഷം മുന്‍പ് പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് വിലക്കിലായിരുന്ന സ്മിത്ത് ഇക്കഴിഞ്ഞ ലോകകപ്പോടെയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഇംഗ്ലണ്ട് മണ്ണില്‍ നടന്ന ലോകകപ്പിലെ ഓരോ മത്സരങ്ങള്‍ക്ക് ഇറങ്ങുമ്പോഴും കാണികളുടെ കൂക്കിവിളികളാണ് താരത്തെ വരവേറ്റിരുന്നത്. സ്മിത്തിനൊപ്പം വിലക്ക് നേരിട്ട സഹതാരം ഡേവിഡ് വാര്‍ണറുടെ അവസ്ഥയും ഇതു തന്നെയായിരുന്നു. ചതിയനെന്ന വിളികളായിരുന്നു സ്മിത്തിന് ചുറ്റും. 

Steve Smith walks back to standing ovation from England crowd

ലോകകപ്പിലെ കൂക്കിവിളികള്‍, ആഷസ് പരമ്പരയിലും തുടര്‍ന്നു. ബര്‍മിങ്ങാമിലെ ആദ്യ ടെസ്റ്റു മുതല്‍ ഇംഗ്ലീഷ് കാണികള്‍ കൂവലുകളും വിവാദത്തില്‍പ്പെട്ട സമയത്ത് വാര്‍ത്താസമ്മേളനത്തിനിടെ കരയുന്ന സ്മിത്തിന്റെ മുഖമൂടി ധരിച്ചും അദ്ദേഹത്തെ കളിയാക്കിക്കൊണ്ടിരുന്നു. എന്നാല്‍ ബര്‍മിങ്ങാമില്‍ തന്നെ കൂവിയ കാണികളെക്കൊണ്ട് എഴുന്നേറ്റ് നിര്‍ത്തി കൈയടികള്‍ വാങ്ങിച്ചാണ് സ്മിത്ത് ഓവലിലെ അഞ്ചാം ടെസ്റ്റിനു ശേഷം മടങ്ങിയത്. കാതുപൊട്ടുന്ന കരഘോഷത്തിലായിരുന്നു സ്മിത്തിന്റെ മടക്കം. 

പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ലോകത്തിന് തന്നോടുണ്ടായ വെറുപ്പ്, സ്മിത്ത് ബാറ്റുകൊണ്ട് സ്‌നേഹമാക്കി മാറ്റി. ആഷസിലെ മികച്ച പ്രകടനങ്ങളോടെ പരമ്പരയുടെ താരമായ സ്മിത്ത് ഏതാനും റെക്കോഡുകള്‍ കൂടി സ്വന്തം പേരിലാക്കിയാണ് മടങ്ങുന്നത്. 

ആഷസിലെ ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി 110.57 ശരാശരിയില്‍ 774 റണ്‍സാണ് ഈ 30-കാരന്‍ അടിച്ചുകൂട്ടിയത്. ഒരു ഇരട്ട സെഞ്ചുറിയും രണ്ട് സെഞ്ചുറികളും രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. ഒരു വര്‍ഷത്തിനു ശേഷമുള്ള തിരിച്ചുവരവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം റാങ്ക് വിരാട് കോലിയില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ സ്മിത്തിന് വേണ്ടിവന്നത് വെറും മൂന്നേ മൂന്ന് ഇന്നിങ്‌സുകള്‍ മാത്രവും.

Steve Smith walks back to standing ovation from England crowd

അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ പരാജയപ്പെട്ടെങ്കിലും ആഷസ് ഓസീസ് തന്നെ നിലനിര്‍ത്തി. അഞ്ചാം ടെസ്റ്റിന്റെ അവസാന ഇന്നിങ്‌സില്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ ബെന്‍ സ്റ്റോക്ക്‌സിന്റെ ഉഗ്രന്‍ ക്യാച്ചിലാണ് സ്മിത്ത് പുറത്തായത്. 23 റണ്‍സായിരുന്നു സമ്പാദ്യം, ഈ ആഷസില്‍ സ്മിത്ത് അര്‍ധ സെഞ്ചുറി നേടാതെ മടങ്ങിയ ഏക ഇന്നിങ്‌സ്. ഈ ആഷസില്‍ അദ്ദേഹത്തിന്റെ സ്‌കോറുകള്‍ ഇങ്ങനെ; 144, 142, 92, 211, 82, 80, 23.

ഒരു ആഷസ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും സ്മിത്തിനായി. 1989-ന് ശേഷം ആഷസിലെ ഒരു ബാറ്റ്‌സ്മാന്റെ ഏറ്റവും ഉയര്‍ന്ന റണ്‍വേട്ടയും ഇതുതന്നെ. ഡോണ്‍ ബ്രാഡ്മാന്‍ 974 (1930), വാലി ഹാമണ്ട് 905 (1928), മാര്‍ക്ക് ടെയ്‌ലര്‍ 839 (1989), ഡോണ്‍ ബ്രാഡ്മാന്‍ 810 (1936) എന്നിവരാണ് സ്മിത്തിനു മുന്നിലുള്ളത്. ഒരുപക്ഷേ ആര്‍ച്ചറുടെ ബൗണ്‍സറില്‍ പരിക്കേറ്റ് മൂന്ന് ഇന്നിങ്‌സുകള്‍ നഷ്ടമായില്ലായിരുന്നുവെങ്കില്‍ സ്മിത്ത് ഈ റെക്കോഡും സ്വന്തം പേരിലാക്കിയേനേ.

തലതാഴ്ത്തി ക്രീസിലെത്തിയിരുന്നു സ്മിത്ത് ഒടുക്കം മടങ്ങുന്നത് തല ഉയര്‍ത്തി തന്നെ.