Image Courtesy: Getty Images
''ആദ്യമായി രഞ്ജി ക്രിക്കറ്റ് മത്സരം കളിക്കാനൊരുങ്ങുന്ന ടീനേജ് ക്രിക്കറ്ററെപ്പോലെയാണ് ഞാനിപ്പോള്‍. കേരളത്തിനു വേണ്ടി വീണ്ടും ബൗള്‍ ചെയ്യുന്നതിനെപ്പറ്റി ആലോചിച്ച് ത്രില്ലടിക്കുകയാണ്.'' - എഴ് വര്‍ഷത്തെ വിലക്കിനു ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ വാക്കുകളില്‍ ആവേശവും ഉത്സാഹവും നിറയുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളി ആരോപിക്കപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സെപ്റ്റംബറില്‍ തീരും. പുതിയ രഞ്ജി സീസണില്‍ കേരളത്തിനുവേണ്ടി കളിക്കാനിറങ്ങുമെന്നാണ് പ്രതീക്ഷ. തിരിച്ചുവരവിനെപ്പറ്റി ശ്രീശാന്ത് മാതൃഭൂമിയുമായി സംസാരിക്കുന്നു.
നീണ്ട വിലക്കിനുശേഷം തിരിച്ചുവരുമ്പോള്‍ ബൗളിങ് മികവ് വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ലേ
മത്സരങ്ങളില്‍ കളിക്കാന്‍ എനിക്ക് വിലക്കുണ്ടായിരുന്നു. പക്ഷേ, ക്രിക്കറ്റ് എന്റെ ആത്മാവിലുള്ളതാണ്. അതെന്നും എനിക്കൊപ്പമുണ്ടായിരുന്നു. ദിവസവും ക്രിക്കറ്റ് പരിശീലിച്ചിരുന്നു. ഫിറ്റ്നസ്സിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. അതുകൊണ്ട് മുമ്പ് ഇന്ത്യയ്ക്കുവേണ്ടി ബൗള്‍ ചെയ്തിരുന്ന അതേ വേഗവും കൃത്യതയും എന്റെ പന്തുകള്‍ക്കുണ്ടാവും.
ലോകകപ്പ് ജയിച്ച രണ്ട് ഇന്ത്യന്‍ ടീമുകളില്‍ ശ്രീ ഉണ്ടായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനാവുമെന്ന പ്രതീക്ഷ ഇപ്പോഴുമുണ്ടോ
തീര്‍ച്ചയായും. ഇന്ത്യയ്ക്കുവേണ്ടി ഇനിയും കളിക്കാനാവും. അതിനുവേണ്ടി ഞാന്‍ എത്രത്തോളം ആഗ്രഹിക്കുന്നെന്ന് പറഞ്ഞറിയിക്കാനാകില്ല. 2007-ലെ ട്വന്റി 20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും ജയിച്ച ടീമില്‍ ഞാനുണ്ടായിരുന്നു. ഇനിയും ഒരു ലോകകപ്പ് ടീമില്‍ ഞാന്‍ കളിക്കുമെന്നും അതില്‍ ഇന്ത്യ ജയിക്കുമെന്നും ഞാന്‍ സ്വപ്നം കാണുന്നു. ശ്രീശാന്ത് എന്ന ബൗളറുടെ ആദ്യ സ്‌പെല്ലേ കഴിഞ്ഞിട്ടുള്ളൂ. രണ്ടാം സ്‌പെല്ലിനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍.
നല്ലപ്രായത്തില്‍, മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ ശ്രീശാന്തിന് വിലപ്പെട്ട ഏഴ് വര്‍ഷങ്ങള്‍ നഷ്ടമായി. നഷ്ടബോധം തോന്നുന്നുവോ
ഏഴുവര്‍ഷം ഞാന്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ചു. 27 ടെസ്റ്റും 53 ഏകദിനങ്ങളും. ടെസ്റ്റില്‍ 87 വിക്കറ്റും ഏകദിനത്തില്‍ 75 വിക്കറ്റും നേടി. നഷ്ടങ്ങളെക്കുറിച്ച് ഞാനധികം ചിന്തിക്കാറില്ല. നേടിയതിനെക്കുറിച്ച് ചിന്തിക്കുക, കൂടുതല്‍ മുന്നോട്ടുപോവാന്‍ ശ്രമിക്കുക, അതാണെന്റെ രീതി. രാജ്യത്തിനുവേണ്ടി കുറെ മത്സരങ്ങള്‍ കളിക്കാനും ജയിക്കാനും കഴിഞ്ഞില്ലേ, സച്ചിന്‍ പാജിയെയും വീരു ഭായിയെയും പോലുള്ള വലിയ കളിക്കാര്‍ക്കൊപ്പം ഡ്രസ്സിങ് റൂമില്‍ ഇരിക്കാന്‍ കഴിഞ്ഞില്ലേ ? അതൊക്കെ വലിയ നേട്ടങ്ങളല്ലേ?
ഐ.പി.എല്ലില്‍ ഇനിയും അവസരം ലഭിച്ചാല്‍ ?
ക്രിക്കറ്റ് കളിക്കാനുള്ള ഒരവസരവും ഞാന്‍ പാഴാക്കില്ല. കൂടുതല്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.
ബെറ്റിങ് വിവാദത്തെത്തുടര്‍ന്നുള്ള അറസ്റ്റ്, വിലക്ക്. ദുഃഖങ്ങള്‍ കുറെയേറെ ഉണ്ടായി. ഇപ്പോള്‍ എന്തു തോന്നുന്നു?
അതേക്കുറിച്ചൊന്നും അധികം ഓര്‍ക്കാറില്ല. പറഞ്ഞുവല്ലോ, പോസിറ്റീവായ കാര്യങ്ങളാണ് ആലോചിക്കുന്നത്. നല്ല നാളുകള്‍ വരാനിരിക്കുന്നെന്നാണ് എന്റെ വിശ്വാസം. അച്ഛന്‍, അമ്മ, ഭാര്യ, സഹോദരങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരാണ് പ്രതിസന്ധി ഘട്ടത്തില്‍ എന്നെ തുണച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കുന്ന പിന്തുണയും വിലപ്പെട്ടതാണ്. എന്നെ സഹായിച്ച പരീശീലകര്‍, ട്രെയിനര്‍മാര്‍, ഫിസിയോ എല്ലാവരോടും കടപ്പാടുണ്ട്.
Content Highlights: Sreesanth’s ban to end in september indian pacer on his come back interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..