Image Courtesy: Twitter
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ തിളക്കമാര്‍ന്ന വിജയങ്ങളെല്ലാം ഹോക്കിയിലൂടെയായിരുന്നു. രാജ്യം നേടിയ ഒമ്പത് ഒളിമ്പിക് സ്വര്‍ണങ്ങളില്‍ എട്ടും സ്വന്തമാക്കിയത് ഹോക്കിയിലാണ്. വരാനിരിക്കുന്ന ടോക്യോ ഒളിമ്പിക്‌സിലും പുരുഷ-വനിതാ വിഭാഗങ്ങളില്‍ യോഗ്യത നേടി പ്രതീക്ഷയുടെ പാതയിലാണ് ഇന്ത്യന്‍ ഹോക്കി ടീമുകള്‍.
കൊറോണഭീതിയുടെ പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് മാറ്റിവെച്ചെങ്കിലും തീവ്രപരിശീലനവുമായി മുന്നോട്ടുപോകാനാണ് ടീമുകള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം. ബെംഗളൂരുവിലെ ക്യാമ്പില്‍നിന്ന് കൊറോണക്കാലത്തെ ഹോക്കി അനുഭവങ്ങള്‍ 'മാതൃഭൂമി'യുമായി പങ്കുവെക്കുകയാണ് ഇന്ത്യന്‍ ടീമംഗമായ മലയാളി താരം പി.ആര്‍. ശ്രീജേഷ്.
ജാഗ്രതയോടെ സായി സെന്റര്‍
ബെംഗളൂരുവിലെ സായി സെന്ററിലാണ് ഞങ്ങളുടെ പരിശീലനം. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സായിയിലെ പകുതിയിലേറെ ജീവനക്കാര്‍ക്ക് അവധി നല്‍കിയിരിക്കുന്നു. ഹോക്കിയിലെ പുരുഷ-വനിതാ ടീമുകളെയും അത്ലറ്റിക്‌സില്‍ യോഗ്യതയ്ക്കായി ശ്രമിക്കുന്ന ഏതാനും താരങ്ങളെയും മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിപ്പിക്കുന്നത്. താരങ്ങളും ഇവിടെ ഇപ്പോഴുള്ള ജീവനക്കാരും പുറത്തുപോയി ഇടപഴകാന്‍ അവസരം നല്‍കാത്ത വിധത്തിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പരിശീലനത്തിലും താമസത്തിലും ഭക്ഷണത്തിലുമെല്ലാം കര്‍ശനമായ നിയന്ത്രണങ്ങളുണ്ട്.
ഒളിമ്പിക്‌സ് എന്ന പരീക്ഷ
ഒളിമ്പിക്‌സിനെ ഒരു പരീക്ഷ പോലെ കാണാനാണ് കോച്ച് ഗ്രഹാം റീഡ്സ് പറഞ്ഞിരിക്കുന്നത്. വാര്‍ഷികപരീക്ഷയ്ക്ക് ഒരു വിദ്യാര്‍ഥി എല്ലാ വിഷയങ്ങളും പൂര്‍ണമായി പഠിക്കുന്നതുപോലെ ഒരുങ്ങണമെന്നാണ് കോച്ച് ഞങ്ങളോട് പറഞ്ഞത്. പരീക്ഷ മാറ്റിവെക്കുമോ, ഇല്ലയോ എന്നുള്ളതൊക്കെ പിന്നത്തെ കാര്യം.
എല്ലാ ദിവസവും രണ്ടു നേരമാണ് ഇപ്പോള്‍ പരിശീലനം. ഉച്ച സമയത്ത് പരിശീലനം ഫീല്‍ഡിലാകുമ്പോള്‍ വൈകുന്നേരം ജിമ്മിലെ വ്യായാമങ്ങള്‍. ഫീല്‍ഡില്‍ തീവ്രമായ പരിശീലനം. ഓരോ ദിവസവും ഓരോ താരവും കുറഞ്ഞത് ഒമ്പത് കിലോമീറ്റര്‍ ഫീല്‍ഡില്‍ കവര്‍ ചെയ്യണമെന്നാണ് കോച്ചിന്റെ നിര്‍ദേശം. അത്രയും ദൂരം ഫീല്‍ഡില്‍ കവര്‍ ചെയ്യാനായില്ലെങ്കില്‍ പരിശീലനത്തിനു ശേഷം ബാക്കിയുള്ള ദൂരം ഓരോ താരവും ഓടേണ്ടിവരും.
ജപ്പാനിലെ ചൂടറിയുമ്പോള്‍
ജപ്പാനിലെ കാലാവസ്ഥ എന്താകുമെന്ന് മനസ്സിലാക്കിയാണ് പരിശീലനം തുടരുന്നത്. ജൂലായ്-ഓഗസ്റ്റ് മാസങ്ങളില്‍ 40 ഡിഗ്രിക്കു മേലാകും ജപ്പാനിലെ ചൂട്. ആ കാലാവസ്ഥയോടു പരിചിതമാകാനായി ഇപ്പോള്‍ ബെംഗളൂരുവില്‍ ഉച്ചനേരത്താണ് പരിശീലനം. രാവിലത്തെ ഭക്ഷണം കഴിഞ്ഞ് മീറ്റിങ്ങും അല്‍പനേരം വിശ്രമവും കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ പരിശീലനം തുടങ്ങും. മൂന്നു മണിക്കൂറോളം നീളുന്ന പരിശീലനം ബെംഗളൂരുവിലെ ഏറ്റവും ഉയര്‍ന്ന താപനിലയിലായത് ജപ്പാനിലെത്തുമ്പോള്‍ ഏറെ സഹായകരമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
കൊറോണയെ പ്രതിരോധിക്കാന്‍
ക്യാമ്പില്‍ ഇതുവരെ ഞങ്ങള്‍ രണ്ടുപേര്‍ ഒരു മുറിയില്‍ എന്ന നിലയിലായിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഒരു മുറിയില്‍ ഒരാള്‍ മാത്രമായി.
ഭക്ഷണസ്ഥലത്ത് മേശകള്‍ തമ്മില്‍ നിശ്ചിത അകലം. പരിശീലനത്തിനു പോകുന്നതിനുമുമ്പും ശേഷവും സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തി ഉറപ്പാക്കും. ഹോക്കി സ്റ്റിക്കും പന്തും ഉള്‍പ്പെടെയുള്ള എല്ലാ കളിയുപകരണങ്ങളും കിറ്റുമൊക്കെ അണുവിമുക്തമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ക്യാമ്പില്‍ ഡോക്ടര്‍ അടക്കമുള്ള മെഡിക്കല്‍ സംഘം എപ്പോഴുമുണ്ട്. കളിക്കാരുടെ ആരോഗ്യത്തിന് പൂര്‍ണ ശ്രദ്ധയും ജാഗ്രതയും നല്‍കിയാണ് ക്യാമ്പ് മുന്നോട്ടുപോകുന്നത്.
Content Highlights: Sreejesh sharing his experience on Hockey practice during covid 19
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..