Photo By Eugene Hoshiko| AP
1963 നവംബര്‍ 22-ന് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി വെടിയേറ്റു മരിച്ചപ്പോള്‍ അമേരിക്കയും ലോകവും ഞെട്ടിത്തരിച്ചു. അമേരിക്കയില്‍ ഷെഡ്യൂള്‍ ചെയ്തിരുന്ന കായികയിനങ്ങളില്‍ ചിലത് മാറ്റിവെച്ചു, ഒരു ദിവസത്തേക്കും പല ദിവസത്തേക്കും. പക്ഷേ, ഫുട്ബോളിന്റെ പതിവ് തെറ്റിയില്ല. അത് അന്നും നടന്നു. കെന്നഡിക്കുവേണ്ടി നിങ്ങള്‍ കളിക്കൂ എന്നാണ് നാഷണല്‍ ഫുട്ബോള്‍ ലീഗ് കമ്മിഷണര്‍ പിറ്റ് റൊസെല്ലെ പറഞ്ഞത് (പിന്നീട് അദ്ദേഹം അതില്‍ പശ്ചാത്തപിച്ചു).
രണ്ട് ലോകയുദ്ധങ്ങളിലും കായികരംഗം കുറച്ചുകാലത്തേക്ക് തകിടംമറിഞ്ഞു. 1914-ല്‍ തുടങ്ങിയ ആദ്യ ലോകയുദ്ധത്തില്‍ ഒളിമ്പിക്സും ഗ്രാന്‍ഡ്സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളും മാറ്റി. രണ്ടാം ലോകയുദ്ധത്തില്‍ വിംബിള്‍ഡണ്‍ ഗ്രാമത്തില്‍ ബോംബ് വീണു. 14,000-ത്തോളം വീടുകള്‍ തകര്‍ന്നു. 1940-ല്‍ സെന്റര്‍കോര്‍ട്ട് തരിപ്പണമായി. അമേരിക്ക പതിവുപോലെ കളി തുടര്‍ന്നു. 2001 സെപ്റ്റംബര്‍ 11-ന്, തങ്ങളുടെ അഭിമാനഗോപുരങ്ങള്‍, ഭീകരര്‍ നിയന്ത്രിച്ച വിമാനങ്ങള്‍ ഇടിച്ചു തകര്‍ന്നപ്പോഴും രാജ്യം കത്തിയപ്പോഴും കായികമത്സരങ്ങളില്‍ ചിലത് അമേരിക്ക ചില ദിവസങ്ങളിലേക്ക് മാത്രം മാറ്റി.
തുടങ്ങി, എപ്പോഴോ...
കാലവും ലോകവും അതിവിശാലം. മുന്നോട്ടുപോകാതെ വയ്യ, എന്തൊക്കെ സംഭവിച്ചാലും. ആറംഗ കുടുംബത്തിലെ അഞ്ചുപേരും ഉരുള്‍പൊട്ടലില്‍ മണ്ണിലമര്‍ന്നാല്‍, ആറാമത്തെ കുഞ്ഞിന് ജീവിച്ചേ മതിയാവൂ. അതിനും വേണം ലോകം. ലോകത്തിന്റെ ആനന്ദമാണ് സ്‌പോര്‍ട്സ്. ക്രിസ്തുവിനും രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പേ കായികമത്സരങ്ങള്‍ തുടങ്ങി എന്നൊക്കെ പറയുന്നുണ്ട്. അതിനുമുമ്പേ മനുഷ്യന്‍ മത്സരിച്ചോടുകയും മത്സരിച്ച് ചാടുകയും ഉയരുകയും ഒക്കെ ചെയ്തിരിക്കാം. അതിന് രേഖകള്‍ ഇല്ലെന്നല്ലേയുള്ളൂ. ഇക്കാലത്ത് എന്തിനും രേഖകളുണ്ട് എന്ന് നമ്മള്‍ ഊറ്റംകൊള്ളുന്നു. ആറ്റംബോംബ് വീണാല്‍ തീരാവുന്നതേയുള്ളൂ ഈ രേഖകള്‍. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യന്‍ ഭൂമിയിലുണ്ട്, ഇനിയും അതിലേറെ വര്‍ഷങ്ങളുണ്ടായേക്കാം. അതിനിടയിലെ ചില നിശ്വാസങ്ങള്‍ മാത്രമാണ് നമ്മള്‍. അതെക്കാലവും അങ്ങനെ തന്നെയാവും, നമ്മള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും.
ഇനിയെന്ത്?
ലോകത്ത് എവിടെയൊക്കെ മനുഷ്യനുണ്ടോ, അവിടെയെല്ലാം കോവിഡ് എത്തി. അന്റാര്‍ട്ടിക്കയില്‍ പര്യവേക്ഷണത്തിനുപോയ മനുഷ്യരെയും വിട്ടില്ല. ഇങ്ങനെയൊരു മഹാമാരി ആദ്യം. കോവിഡ് എങ്ങനെയാവും 2021-നെ സ്വാധീനിക്കുക. ബാക്ടീരിയമൂലമുള്ള അണുബാധയെ നിയന്ത്രിക്കാനുള്ള ആന്റിബയോട്ടിക്സ് കണ്ടുപിടിച്ചിട്ട് 100 വര്‍ഷം തികയാനിരിക്കുന്നതേയുള്ളൂ. അത് വൈറസുകളെ ചെറുക്കില്ല. ആദിമകാലംമുതല്‍ മനുഷ്യന്‍ ബാക്ടീരിയകളോട് പൊരുതുന്നു. അത് പൂര്‍ണമായും വിജയിച്ചത് പെന്‍സിലിന്‍ കണ്ടുപിടിക്കപ്പെട്ട 1928-ല്‍ മാത്രം. ആന്റിബയോട്ടിക്കുകളുടെ ദൂഷ്യഫലങ്ങളോട് പൊരുതാന്‍ മാത്രം വേണം നമുക്ക് മനുഷ്യായുസ്സിലെ ചില വര്‍ഷങ്ങള്‍. അങ്ങനെയെങ്കില്‍ വൈറസുകളെ നമ്മള്‍ എങ്ങനെ ചെറുക്കും?
മെസ്സിയും ക്രിസ്റ്റ്യാനോയും
ഒരു മഹാമാരിയിലും യുദ്ധത്തിലും തളരാത്ത ഒന്നാണ് കായികരംഗം. ഡീഗോ മാറഡോണയുടെ ഉദയവികാസപരിണാമപരിസമാപ്തികള്‍ നമ്മള്‍ ഹൃദയമിടിപ്പോടെ ഈ വര്‍ഷം കണ്ടു. കുഞ്ഞുന്നാള്‍, ചെറിയ ക്ലാസുകളില്‍ ആയിരം ഗോളുകളെ പ്രതി പഠിച്ച പെലെ നമുക്കുമുന്നില്‍ ഇപ്പോഴുമുണ്ട്. ഒരു ക്ലബ്ബിനായി കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ പെലെയെ മറികടന്ന ലയണല്‍ മെസ്സിയുണ്ട്. ഭൂമിയുടെ തേജസ്സായ്, നാനാവിധവര്‍ണങ്ങളാല്‍ ഗോളടിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും.
ലോകകായികലോകമേ വാഴ്ക...
Content Highlights: sports world 2021
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..