ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ സ്റ്റേഡിയത്തിൽ വെച്ചിരിക്കുന്ന ആരാധകരുടെ കട്ടൗട്ടുകൾ | Photo:Richard Heathcote|AP
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ മറക്കാനാഗ്രഹിക്കുന്ന 2003 ലോകകപ്പ് ഫൈനല്‍ നടന്ന സ്റ്റേഡിയമാണ് ദക്ഷിണാഫ്രിക്കയിലെ മനോഹരമായ ഇംപീരിയല്‍ വാണ്ടറേഴ്സ്. മഹാരാജകീയം എന്നര്‍ത്ഥം വരുന്ന ഈ പേരിനെ കിടപിടിക്കുന്നൊരു ഓമനപ്പേര് ഈ വേദിയ്ക്കുണ്ട് - 'ബുള്‍ റിംഗ്' (Bull Ring) അഥവാ കാളപ്പോരിന്റെ അങ്കത്തട്ട്. കാണികള്‍ ആര്‍ത്തലച്ചിരിക്കുമ്പോള്‍, ആത്മവിശ്വാസത്തിന്റെയോ ഫോമിന്റെയോ പരകോടിയില്‍ നില്‍ക്കുന്ന കളിക്കാരനുപോലും ആവേശം കലര്‍ന്ന ഭീതി സമ്മാനിക്കും ഈ കളിയരങ്ങ്. കായിക ഇനം ഏതുമായിക്കൊള്ളട്ടെ, ഓരോ ദേശത്തിനും ഇങ്ങനെ ബുള്‍റിംഗുകളുടെ കഥ പറയാനുണ്ടാകും. കാണികളും ആരാധകരും ഇരമ്പി നാടകീയ പരിവേഷം നല്‍കിയിരുന്ന ഈ അങ്കത്തട്ടുകള്‍ നിശബ്ദമായിട്ട് ആറേഴു മാസം കഴിയുന്നു.
കാണികളുടെ ഇരമ്പലും ആരാധനയുമൊക്കെ ചേര്‍ന്നാണ് നമ്മുടെയൊക്കെ കളിയാസ്വാദനം പൂര്‍ണമാകുന്നതെന്ന് ഏതൊരു കായിക പ്രേമിയും നിസ്സംശയം പറയും. അവിടെയാണ്, കാണികളെ അകറ്റി നിര്‍ത്തി കായികലോകത്തെ തകിടംമറിച്ചുകൊണ്ട് കോവിഡിന്റെ വരവ്. പലയിടത്തും കളികള്‍ തിരികെ വന്നു തുടങ്ങിയെങ്കിലും, അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കകത്തെ പോരാട്ടങ്ങള്‍ പഴയപോലൊരു കാഴ്ചയുടെയും കേള്‍വിയുടെയും ആസ്വാദനം നല്‍കുന്നുണ്ടോ? കായികരംഗത്തിനോടുള്ള നമ്മുടെ ആരാധനാ പ്രവണതകളില്‍ കുറവു വരുമോ? എല്ലാം പഴയപടിയാകുമ്പോള്‍, ഒന്നും സംഭവിക്കാത്തപോലെ പഴയ ഇഷ്ടങ്ങളെ കളിപ്രേമികള്‍ ജീവിതത്തില്‍ തിരിച്ചുവിളക്കി ചേര്‍ക്കുമോ? കോവിഡാനന്തര കാലത്ത്, കളിയാസ്വാദനവും ആരാധനയും എങ്ങനെ മാറിമറയുന്നെന്ന് പരിശോധിക്കുകയാണിവിടെ.
കായിക ഇനങ്ങളോടും താരങ്ങളോടുമുള്ള ആരാധനയും കൂറും (Loyalty) അറിഞ്ഞോ അറിയാതെയോ പല തലങ്ങളില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. സാമൂഹ്യജീവിയായ മനുഷ്യന് ഒരുമിക്കാനും സമ്പര്‍ക്കം പുലര്‍ത്താനും പൊതുവായ താത്പര്യങ്ങളില്‍ സന്തോഷം കണ്ടെത്താനും കായികരംഗത്തിനോടുള്ള താത്പര്യം വേദിയൊരുക്കുന്നുണ്ട്. ചിലര്‍ക്കിത് താരവ്യക്തിത്വത്തിലേക്കുള്ള ഉറ്റുനോക്കലാവുമ്പോള്‍, ചിലര്‍ക്കിത് ദേശഭക്തിയുടെ പ്രതിഫലനമാകുന്നു. മറ്റു ചിലര്‍ക്കാകട്ടെ, വെറുതെ ഒന്ന് ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള അവസരമാണ് കളിപ്രേമം.

കഴിഞ്ഞ മാര്‍ച്ച് മാസം അവസാനം മുതല്‍ ജൂലായ് വരെ ലോകത്തെ മിക്കവാറും കളിക്കളങ്ങള്‍ അനക്കമില്ലാതെയായിരുന്നു എന്നറിയാമല്ലോ. സ്റ്റേഡിയങ്ങളില്‍ ചെന്നിരുന്ന് (ഇരുന്ന് മാത്രമല്ല, ആവേശത്തോടെ ചാടിയെഴുന്നേറ്റും, മുഷ്ടിചുരുട്ടിയും സ്വന്തം ടീമിലെ കളിക്കാരെ പ്രചോദിപ്പിച്ചും) സ്ഥിരമായി കളി കാണുന്നവരെ മാത്രമല്ലല്ലോ ഇത് ബാധിച്ചത്. ദൃശ്യശ്രവ്യ മാധ്യമങ്ങളിലൂടെ കളി കണ്ടും കേട്ടും അറിഞ്ഞ കോടിക്കണക്കിന് ആരാധകരെയും ഈ അവസ്ഥ നിരാശരാക്കിയിട്ടുണ്ട്. നമ്മുടെ ചുറ്റിലുമുള്ളവരെ തന്നെ നോക്കൂ... സ്വന്തം പ്രദേശത്തെ ടീമുകളെയും ലീഗുകളെയും താരങ്ങളെയുമൊക്കെ ആരാധിക്കുന്നവര്‍, ലോകത്തിന്റെ പല കോണുകളിലെ കായികരംഗങ്ങള്‍ പിന്‍തുടരുന്നവര്‍, കളിയാരാധനയ്ക്ക് സ്ഥലകാല പരിമിതികളില്ലെന്ന് തെളിയിക്കുന്നവര്‍.
കായികലോകത്തോടുള്ള നമ്മുടെ താത്പര്യം വിശാലമായ കാഴ്ചപ്പാടുകളുടെ ലോകമാണ് തുറക്കുന്നത്. ഉദാഹരണത്തിന് ലോകത്തിന്റെ പല ഭാഗത്തുള്ള ബാഴ്സലോണ ക്ലബ് ആരാധകര്‍ ആ ടീമിന്റെ പൊതുസ്വത്വത്തില്‍ (Common identity) പരസ്പരം തിരിച്ചറിയുന്നുണ്ടാവാം. പുറത്തുനിന്നൊരാള്‍ ഇംഗ്ലണ്ടിലെ ഏതെങ്കിലും പ്രദേശത്തെത്തുമ്പോള്‍, 'നിങ്ങള്‍ ഏതു ഫുട്ബോള്‍ ക്ലബിനെയാണ് ഇഷ്ടപ്പെടുന്നത്' എന്ന ചോദ്യം പ്രതീക്ഷിക്കാം. പലരും അത് ആവേശത്തോടെ ഉത്തരം പറയുമ്പോള്‍ എത്രത്തോളം ആരാധന മനുഷ്യന്റെ സ്വത്വത്തോട് (Self identity) ചേര്‍ന്നിട്ടുണ്ട് എന്ന് കാണാം. അങ്ങനെ നോക്കുമ്പോള്‍, ഈ ആരാധന സൗഹൃദങ്ങളുടെയും പാരസ്പര്യത്തിന്റെയും മേച്ചില്‍പുറമാണ്. അതുകൊണ്ട് തന്നെയാണ്, ഓരോ കളികഴിഞ്ഞും അതിന്റെ അനുരണനങ്ങള്‍ നമ്മുടെ നാടന്‍ കവലചര്‍ച്ചകളായും സൈബര്‍ പോരാട്ടങ്ങളായും എന്തിന് രാഷ്ട്രീയമാനങ്ങളുള്ള സംഗതികളായും തുടരുന്നത്. സ്വത്വബോധത്തിലേക്ക് ചേര്‍ന്ന് ഇത്രയധികം തലങ്ങളുള്ള ആരാധനയ്ക്ക് (Fandom) മുന്നിലാണ് കഴിഞ്ഞ കുറച്ചുനാളായി കളികള്‍ തന്നെ ഇല്ലാതായും, അല്ലെങ്കില്‍ പഴയ കളികളുടെ പുനഃസംപ്രേഷണവുമൊക്കെ നടക്കുന്നത്.
ആദ്യം തന്നെ, കായികലോകത്ത് തത്സമയ പ്രവര്‍ത്തനങ്ങളില്ലാതാവുമ്പോള്‍ ആരാധകര്‍ എങ്ങനെ പെരുമാറുന്നുവെന്ന് നോക്കാം. ഇതിനായി, അമേരിക്കയിലെ മറെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡാനിയല്‍ വാന്‍ വികസിപ്പിച്ചെടുത്ത അളവുകോലിനെയാണ് ഈ ലേഖനത്തില്‍ ആശ്രയിക്കുന്നത്. Sport Spectator Identification Scale എന്ന ഈ അളവുകോല്‍ ആരാധകര്‍ എത്രത്തോളം ഇഷ്ടമുള്ള ടീമുകളെ തങ്ങളുടെ സ്വത്വത്തിനോട് ചേര്‍ന്ന് കാണുന്നുണ്ടെന്നറിയാന്‍ ഉപയോഗിക്കുന്നു. ഈ ചേര്‍ച്ച വളരെ കുറവുള്ളവര്‍ (Casual or marginal fans) ഒരു പക്ഷേ ഇനി കളികള്‍ ക്ഷമയോടെയിരുന്ന് കാണാനായി വലിയ താത്പര്യം കാണിച്ചെന്നു വരില്ല. പ്രത്യേകിച്ച്, കളികള്‍ ബാക്കിവെച്ച വിടവില്‍ കണ്ടെത്തിയ പുതിയ താത്പര്യങ്ങളിലോ ഹോബികളിലോ അവര്‍ ഇഴുകിചേര്‍ന്നിട്ടുണ്ടെങ്കില്‍. എന്നാല്‍ നമ്മളില്‍ വേറെ ചിലര്‍ കായികലോകത്തിന്റെ അനക്കങ്ങളിലൂടെയാണ് മാസങ്ങള്‍ കടന്നുപോകുന്നത് തന്നെ അറിയുന്നത്. ആലോചിച്ചുനോക്കൂ. ഐ.പി.എല്‍ നടക്കുന്ന വേനല്‍ക്കാലത്ത് നിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തുടങ്ങുമ്പോള്‍ നാട്ടില്‍ മഴക്കാലം പകുതിയായെന്ന് അറിയുന്നവര്‍ വരെ! ഇങ്ങനെ പിന്‍തുടരുന്ന കായികകലകളെ ചുറ്റിപ്പറ്റി ജീവിതചര്യ തന്നെ കെട്ടിപടുക്കുന്നവര്‍ക്ക് കളിയാരവങ്ങള്‍ നിന്നുപോകുന്നത് വലിയ മാറ്റം തന്നെയായിരിക്കും, ശീലങ്ങള്‍ പുനഃക്രമീകരിച്ചും പുതിയതോ പഴയതോ ആയ താത്പര്യങ്ങളില്‍ കടന്നുചെന്നും ഇവര്‍ ഈ സാഹചര്യത്തോട് പൊരുത്തപ്പെടുന്നു. ഇതിനര്‍ത്ഥം, കളിയില്‍ താത്പര്യം നഷ്ടപ്പെടുന്നു എന്നല്ല, മറിച്ച് സാഹചര്യം കൊണ്ട് നിര്‍ബന്ധിതമായതാണ്. തത്സമയ കളിയരങ്ങ് ഉണരുമ്പോള്‍ പഴയപോലെ തന്നെ കളിപ്രേമം ജീവിതത്തോട് കൂട്ടിചേര്‍ക്കുന്നു ഇവര്‍.
സ്റ്റേഡിയത്തില്‍ കാണികള്‍ ഇല്ലാതെയും കുറച്ചു കാണികളെ മാത്രം അനുവദിച്ചും മത്സരങ്ങള്‍ നടത്തി കായികലോകം പതുക്കെ തിരിച്ചുവരികയാണിപ്പോള്‍. കളിയരങ്ങില്‍ നേരിട്ടിരുന്നുള്ള അനുഭവം ഇനി കുറച്ചുകാലത്തേയ്ക്കെങ്കിലും വളരെ വ്യത്യസ്തമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിനുള്ള ആദ്യ കാരണം സ്റ്റേഡിയത്തിലെ ആരാധക കൂട്ടങ്ങളുടെ പൊതുചേഷ്ഠകളായ ആവേശത്തോടെയുള്ള അലറിവിളിക്കലും പാട്ടുപാടി ആഘോഷവും 'ഹൈ ഫൈവു'മെല്ലാം സാംക്രമിക രോഗങ്ങള്‍ പകരാന്‍ സാധ്യതകളുള്ള സന്ദര്‍ഭങ്ങളാണെന്നുള്ളതാണ്. നമ്മുടെ നാട്ടിലെ സെവന്‍സ് മൈതാനങ്ങള്‍ തന്നെ ഓര്‍ത്തുനോക്കൂ... ഒരു പരിചയവുമില്ലാത്തവരുടെ കൂടെപ്പോലും അറിയാതെ ചാടിത്തുള്ളുന്ന മനോഹര കാഴ്ച കുറച്ചുകാലത്തേയ്ക്കെങ്കിലും നമ്മുടെ ഓര്‍മകളില്‍ മാത്രമായിരിക്കും. കോവിഡിനെതിരെയുള്ള വാക്സിന്‍ വന്നു കഴിഞ്ഞും ആള്‍ക്കൂട്ടത്തിലേയ്ക്ക് പെട്ടെന്ന് ഇഴുകിചേരാന്‍ പലര്‍ക്കും ആശങ്കയുണ്ടാകും, പ്രത്യേകിച്ച് പ്രായം കൂടിയവര്‍ക്ക്.

ലോക്ക്ഡൗണ്‍ കാലത്ത്, ആരാധകര്‍ മിക്കവാറും ആശ്രയിച്ചിരുന്നത് പഴയ കളികളുടെ പുനഃസംപ്രേഷണത്തെയും അല്ലെങ്കില്‍ ഹൈലൈറ്റ്സിനെയുമാണ്. എന്നാല്‍ ഈ കളിയാസ്വാദനം പല കാരണങ്ങള്‍ കൊണ്ട് വ്യത്യസ്തമാണ്. ഫലമെന്തെന്നറിയാമെന്നതുകൊണ്ട് തന്നെ ആകാംക്ഷയുടെ ആസ്വാദനം ലഭിക്കുന്നില്ല, ഇടവേളകളോ ഹാഫ്ടൈമോ മറ്റും നമുക്ക് മാറ്റിക്കളയാം. പെട്ടെന്ന് കളികള്‍ കണ്ടുതീര്‍ക്കാമെന്ന ശീലങ്ങള്‍ കായികഇനങ്ങളുടെ ചെറുപതിപ്പുകളിലേക്ക് (ടി-20 പോലുള്ളവ) പ്രേക്ഷകരെ കൂടുതല്‍ അടുപ്പിക്കാനുള്ള സാധ്യതകള്‍ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
ഈ കുറച്ചുകാലം കൊണ്ട് വന്ന മാറ്റങ്ങളില്‍ പലതും കോവിഡാനന്തരകാലത്തിലും നമ്മുടെ 'കളിയാസ്വാദനത്തെ സ്വാധീനിക്കുമെന്നറുപ്പാണ്. ടീമുകളും ലീഗുകളും കളിക്കാരുമെല്ലാം എത്രത്തോളം ക്രിയാത്മകമായും സൃഷ്ടിപരമായും ചിന്തിക്കുമന്നെതാണതിലൊന്ന്. പല ടീമുകളും സ്വന്തം ആരാധകരെ ചേര്‍ത്തുനിര്‍ത്താനായി ഓണ്‍ലൈന്‍ മത്സരങ്ങളടങ്ങിയ എന്‍ഗേജ്മെന്റ് ആപ്പുകള്‍ (Engagement Apps) ഇ-സ്പോര്‍ട്സ് പതിപ്പുകള്‍ എന്നിവ പുറത്തിറക്കിയിട്ടുണ്ട്. ഡ്രസിങ്ങ് റൂമിലേക്ക് കയറിചെന്ന് മത്സരങ്ങളുടെ പിന്നിലുള്ള ഒരുക്കങ്ങളിലേക്കും രസകരവും അത്ഭുതപ്പെടുത്തുന്നതുമായ കാര്യങ്ങളിലേക്ക് ക്യാമറ വെളിച്ചം വീശി. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ മത്സരങ്ങള്‍ പിന്‍തുടരുന്നതിനെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അമേരിക്കയിലെ എന്‍.ബി.എയുടെ തത്സമയ സംപ്രേഷണത്തില്‍ ആരാധകര്‍ 'വെര്‍ച്വലി' സ്റ്റേഡിയത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. അതായത്, വീട്ടിലിരുന്ന് കളി കാണുന്നവരുടെ മുഖഭാവങ്ങളുടെ തത്സമയ സ്‌ക്രീനിങ്ങ്! നേരത്തെ റെക്കോഡ് ചെയ്തു ശബ്ദങ്ങള്‍ ഉപയോഗിച്ച് കളിയുടെ ഗതിയനുസരിച്ച് തന്നെ പ്രതികരിക്കുന്ന കാര്‍പ്പറ്റ് ഓഡിയോ (Carpet Audio) യും പല ലീഗുകളിലും പരീക്ഷിക്കപ്പെടുന്നുണ്ട്.
ലോകത്തിലെ ഏറ്റവും സമ്പന്നവും പല രീതിയില്‍ സ്വാധീനമുള്ളതുമായ വിനോദോപാധിയായ കായികരംഗത്തിന് ഇത് തീര്‍ച്ചയായും പരീക്ഷണഘട്ടമാണ്. ചരിത്രം പരിശോധിക്കുമ്പോള്‍ പ്രതിസന്ധിഘട്ടങ്ങളിലൊക്കെ തന്നെ കായികലോകം കൂടുതല്‍ കരുത്തോടെ കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചു കൊണ്ട് തിരിച്ചുവന്നതായി കാണാം. 19-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ളൂ മഹാമാരിയും രണ്ട് ലോകമഹായുദ്ധങ്ങളും കായികലോകം മറികടന്നതുപോലെ ഈ കോവിഡ് കാലഘട്ടവും ആരാധകരുടെ പിന്തുണയോടെ മറികടക്കപ്പെടുക തന്നെ ചെയ്യും.
ആരാധനയില്‍ നിന്നും കളിയാസ്വാദന രീതികളില്‍ നിന്നും കായിക താരങ്ങള്‍ ഊര്‍ജം ആവാഹിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ, കാണികളെ പന്ത്രണ്ടാമന്‍ (12th man) എന്ന് പറയുന്നത്. ആ ഊര്‍ജസ്രോതസ്സ് തിരിച്ചുവരുത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് പുറത്താകുകയും പിന്നീട് തിരിച്ചുവന്ന് അസാധ്യ ഇന്നിംഗ്സുകള്‍ കളിക്കുകയും ചെയ്യുന്ന സ്റ്റീവ് സ്മിത്ത് സൂചിപ്പിക്കുകയുണ്ടായി. കുറച്ചുനാളായി അസംഖ്യം കാണികളുടെ കൂവലും പരിഹാസവും അടിയുറച്ചു പിന്തുണച്ചിരുന്ന കുറച്ചു ആരാധകരുടെ സ്നേഹവുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്നും ആ പരിചിതസാഹചര്യത്തിലേക്ക് ഉറ്റുനോക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍ കുറച്ചുകാലത്തേയ്ക്കെങ്കിലും നമ്മളിലെ കായികപ്രേമി സാമൂഹ്യ അകലം പാലിച്ചും വീട്ടിലിരുന്നുമൊക്കെ കളിയാസ്വദിക്കേണ്ടതുണ്ട്. കുട്ടികളുള്‍പ്പെടെയുള്ളവര്‍ ഉറ്റുനോക്കുന്ന കായികരംഗത്തിന് ഇക്കാര്യങ്ങളില്‍ മാതൃകകള്‍ സൃഷ്ടിച്ച് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയും.
കായികരംഗം ഉയര്‍ത്തെഴുന്നേല്‍ക്കേണ്ടത് ആരാധകരുടെയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയും ഒപ്പം തന്നെ ലോകത്തിന്റെ മൊത്തം ആവശ്യമായി മാറുന്നു. സാമൂഹ്യ ജീവിയായ മനുഷ്യന് പൊതുതാത്പര്യങ്ങളില്‍ തന്നെ തന്നെ വേറൊരാളില്‍ കണ്ടെത്താനും അവസാന നിമിഷം വരെ ഗോള്‍ വീഴുമെന്ന പ്രത്യാശ പോലെ പോസിറ്റീവ് ചിന്താഗതി പുലര്‍ത്താനും എന്തിന്, വെറുതെയൊന്ന് ശ്രദ്ധ തിരിക്കാനും നൂറ്റാണ്ടുകളായി കളിയരങ്ങുകള്‍ ആശ്രയമാണ്. ഇനിയുമത് അങ്ങനെ തന്നെയായിരിക്കും.
പേള്‍ ഹാര്‍ബര്‍ സംഭവത്തിനുശേഷം അമേരിക്കന്‍ ജനതയുടെ മനോവീര്യം തകര്‍ന്നിരിക്കുന്ന സമയത്ത് പ്രസിഡന്റ് റൂസ്വെല്‍റ്റ് അടിയന്തിരമായി കത്തെഴുതിയത് ബേസ്ബോള്‍ അസോസിയേഷനാണ്. 'നിര്‍ത്തിവെച്ച കളികള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കണം. ജനങ്ങളെ ഉത്തേജിപ്പിക്കാന്‍ അതിനേക്കാള്‍ നല്ലൊരു വഴി ഞാന്‍ കാണുന്നില്ല'.
(യു.കെയിലെ ബേണ്‍മൗത്ത് സര്‍വകലാശാലയിലെ സ്‌പോര്‍ട്‌സ് ആന്റ് ഇവന്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)
Content Highlights: Sports Fandom in the age of COVID 19
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..