ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയോടെയാണ് റേ-ലിസ ദമ്പതിമാര്‍ക്ക് ചെല്‍സിയ എന്ന കുട്ടി പിറന്നത്. ഒന്നും ചെയ്യാനാകില്ലായെന്ന ഡോക്ടറുടെ വാക്കുകള്‍ മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തി. രണ്ടാം വയസ്സുവരെ അവള്‍ക്ക് കിടന്നിടത്തുനിന്ന് തിരിയാന്‍ പോലുമായില്ല. ആത്മവിശ്വാസം കൈവിടാതെ റേയും ലിസയും മകളെ കൈ പിടിച്ചുനടത്തി. എട്ടുവയസ്സ് ആയപ്പോഴേക്കും ആ കുട്ടി സോക്കര്‍, ബേസ്ബോള്‍, നീന്തല്‍, ജിംനാസ്റ്റിക്‌സ് എന്നിവയുമായി ഇഷ്ടത്തിലായി. ഏറ്റവും ഇഷ്ടം ജിംനാസ്റ്റിക്‌സിനോടായിരുന്നു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ പരിശീലനം തുടങ്ങി.

രാജ്യത്തിനായി ഒരു മെഡല്‍

യു.എസ്.എ. ജിംനാസ്റ്റിക്‌സില്‍ ചേരാനായി ചെല്‍സിയയുടെ അടുത്ത ശ്രമം. എന്നാല്‍ അവിടെയെത്തുക എളുപ്പമായിരുന്നില്ല. ഡോണ്‍ പോംബോയോടൊപ്പം നിരന്തരം പരിശീലിച്ച് പതിമൂന്നാം വയസ്സില്‍ സ്ഥാനം നേടി. 2012- ഈ മിടുക്കിയുടെ വര്‍ഷമായിരുന്നു. സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് സംഘടിപ്പിച്ച നാഷണല്‍ ജിംനാസ്റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചെല്‍സിയ വിജയിയായി. അടുത്ത മൂന്നുവര്‍ഷവും സ്വര്‍ണം കഴുത്തിലണിഞ്ഞു.

2012-ല്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിച്ചവരുടെ ലോകചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചു. ഓള്‍റൗണ്ട് ഉള്‍പ്പെടെ മത്സരിച്ച എല്ലാവിഭാഗത്തിലും സ്വര്‍ണം നേടി ദേശീയപതാകയും കഴുത്തിലണിഞ്ഞ് അവള്‍ കരഞ്ഞു. ഇതോടെ ചെല്‍സിയയുടെ ജീവിതം വലിയ വാര്‍ത്തയായി. പ്രതിസന്ധിഘട്ടം തരണം ചെയ്ത് വിജയിച്ചവരെക്കുറിച്ച് യൂണിവേഴ്സല്‍ പിക്ചേഴ്സിന്റെ 'ടുഡേ ഷോ'യിലൂടെ ചെല്‍സിയയുടെ ജീവിതം വെളിപ്പെട്ടു.

റെഡ് കാര്‍പറ്റിലേക്ക്

ആഞ്ജലീന ജൂലി സംവിധാനം ചെയ്ത സിനിമ അണ്‍ബ്രോക്കന്റെ ആദ്യ പ്രദര്‍ശനത്തിനോടനുബന്ധിച്ച് ഹോളിവുഡിലെ കോഡക് തിയേറ്ററിലായിരുന്നു ചെല്‍സിയ റെഡ്കാര്‍പറ്റിലേക്ക് ഇറങ്ങുന്നത്. അവിടെ ബ്രാഡ്പിറ്റ് ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ നേടി. ജിംനാസ്റ്റിക്‌സ് അദ്ഭുതം നാദിയ കോമനേച്ചി, നാദിയ കോമനേച്ചി ഇന്റര്‍നാഷണല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ചെല്‍സിയയെ ക്ഷണിച്ചു. ഇതിനിടെ ഇറ്റലിയിലെ മോര്‍ട്ടാരയില്‍ നടന്ന രണ്ടാം ലോകചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണവും ഒരു വെള്ളിയും നേടി. ക്യൂബയിലെ സംവിധായകര്‍ തയ്യാറാക്കിയ സിനിമയിലും അഭിനയിച്ചു. തൊട്ടുപിന്നാലെ ന്യൂയോര്‍ക്ക് ഫാഷന്‍വീക്കില്‍ മോഡലായി.

ഫുള്‍ ഔട്ട് 2 യു ഗോട്ട് ദിസ്

ഒക്ലഹോമ യൂണിവേഴ്സിറ്റിയിലെ ജിംനാസ്റ്റിക്‌സ് ടീം അവരുടെ പ്രധാനതാരമില്ലാതെ ദേശീയ ചാമ്പ്യന്‍ഷിപ്പ് നേടുന്നതിന്റെ കഥയാണ് 'ഫുള്‍ ഔട്ട് 2 യു ഗോട്ട് ദിസ്' സിനിമ പറയുന്നത്. സഹപരിശീലകയായാണ് ചെല്‍സിയ അഭിനയിക്കുന്നത്. മാര്‍ച്ച് 23-ന് സിനിമ ഓണ്‍ലൈന്‍ റിലീസ് ചെയ്തു. ഈ സന്തോഷം പങ്കിട്ട് ചെല്‍സിയ പറഞ്ഞു. ''എന്റെ വിധി ഇതാണല്ലോയെന്ന് വിലപിച്ചവര്‍ക്ക് പ്രചോദനമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഭിന്നശേഷിക്കാരായതിനാല്‍ സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നവരുണ്ട്. അവര്‍ക്കും കൂടിയുള്ളതാണീ ലോകമെന്ന് പറയാന്‍ എനിക്ക് സാധിച്ചെന്ന് വിശ്വസിക്കുന്നു''.

Content Highlights: Special Olympian To High Fashion Model Chelsea Werner with Down Syndrome breaks stereotypes