ഫെഡറര്‍ വിടവാങ്ങുമ്പോള്‍ നദാലിന് എങ്ങനെ കരയാതിരിക്കാനാവും?


അനുരഞ്ജ് മനോഹര്‍ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ നദാല്‍ ജയിച്ചു. അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഫെഡററും. 

In Depth

റോജർ ഫെഡറർ, റാഫേൽ നദാൽ | Photo: AP

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ പ്രൊഫഷണല്‍ കരിയറിന് തിരശ്ശീലയിടുന്നു എന്ന വാര്‍ത്ത കായികപ്രേമികളുടെ നെഞ്ചില്‍ തുളഞ്ഞാണ് കയറിയത്. ലേവര്‍ കപ്പിനുശേഷം വിരമിക്കുമെന്ന് ഫെഡറര്‍ തന്നെയാണ് ലോകത്തെ അറിയിച്ചത്. ഒടുവില്‍ അത് സംഭവിച്ചു. ലേവര്‍ കപ്പില്‍ തന്റെ കരിയറിലെ അവസാന മത്സരത്തില്‍ ഫെഡറര്‍ കളിക്കാനിറങ്ങി. ഡബിള്‍സ് മത്സരത്തില്‍ മാത്രമാണ് താരം പങ്കെടുത്തത്.

ഡബിള്‍സിനായി ഫെഡറര്‍ക്കൊപ്പം കൈകോര്‍ത്തത് സ്‌പെയിനിന്റെ ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. ഫെഡററുടെ പ്രധാന എതിരാളിയും അതിലും പ്രിയപ്പെട്ട സുഹൃത്തും. ഇരുവരും കോര്‍ട്ടിലെത്തിയപ്പോള്‍ സ്‌റ്റേഡിയം ഇളകിമറിഞ്ഞു. യൂറോപ്പ് ടീമിനുവേണ്ടി നീലക്കുപ്പായമണിഞ്ഞ് ഫെഡററും നദാലും കളിക്കാനിറങ്ങിയത്. ലോകടീമിനായി ഒന്നുചേര്‍ന്ന ഫ്രാന്‍സിസ് ടിയാഫോയും ജാക്ക് സോക്കുമാണ് മറുവശത്ത്.മത്സരം ആരംഭിച്ചു. ആദ്യ സെറ്റില്‍ ഫെഡററും നദാലും അനായാസം കുതിച്ചു. സെറ്റ് 6-4 ന് സ്വന്തമാക്കി ഇരുവരും മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി. പക്ഷേ രണ്ടാം സെറ്റില്‍ ടിയാഫോ-സോക്ക് സഖ്യം തിരിച്ചടിച്ചു. സെറ്റ് 6-6 ന് സമനിലയായപ്പോള്‍ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ടൈബ്രേക്കറില്‍ 7-2 ന് വിജയിച്ച അമേരിക്കന്‍ സഖ്യം സെറ്റ് സ്വന്തമാക്കി. ഇതോടെ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ അവസാന സെറ്റിലേക്ക്. കൊണ്ടും കൊടുത്തും മത്സരം മുറുകുകയാണ്. ഒരു ഘട്ടത്തില്‍ ഫെഡററും നദാലും വിജയം നേടിയെന്നുവരെ തോന്നിച്ചു. എന്നാല്‍ അവസാന നിമിഷം അപ്രതീക്ഷിതമായി ഇരുവരും പിന്നോട്ടുപോയി. അവസാന സെറ്റ് 11-9 ന് നേടിക്കൊണ്ട് ടിയാഫോയും സോക്കും വിജയം നേടി. അവസാന മത്സരത്തില്‍ ഫെഡറര്‍ക്ക് തോല്‍വി. സ്‌റ്റേഡിയമൊന്നടങ്കം മൗനത്തിന്റെ ആഴങ്ങളിലേക്ക് വീണു. നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്വര്‍ണത്തലമുടിക്കാരന്‍ കൈയ്യുയര്‍ത്തി ആരാധകരോട് അവസാനമായി നന്ദി പറഞ്ഞു. ചങ്ങാതി നദാലിനെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും ഫെഡററുടെ കണ്ണില്‍ നിന്ന് ചുടുകണം പൊഴിഞ്ഞുതുടങ്ങിയിരുന്നു.

മത്സരശേഷം മൈക്കിന് മുന്നിലെത്തിയപ്പോള്‍ തൊട്ട് കൊച്ചുകുട്ടിയെപ്പോലെ ഫെഡറര്‍ ഏങ്ങിയേങ്ങി കരഞ്ഞു. സ്റ്റേഡിയം മുഴുവന്‍ കണ്ണീരിലാണ്ടു. അവരെ ഏറെ വിഷമിപ്പിച്ച മറ്റൊരു സംഭവവും അവിടെയുണ്ടായി. തന്റെ പ്രിയ സുഹൃത്ത് ടെന്നീസില്‍ നിന്ന് വിരമിക്കുന്നത് വിശ്വസിക്കാനാവാതെ നദാല്‍ പൊട്ടിക്കരയുകയായിരുന്നു. കളിമണ്‍കോര്‍ട്ടില്‍ നദാലും പുല്‍കോര്‍ട്ടില്‍ ഫെഡററും വാണിരുന്ന വലിയൊരു യുഗത്തിന് അന്ത്യമാകുന്നു. കളിമണ്‍കോര്‍ട്ടില്‍ വിസ്മയം തീര്‍ക്കാന്‍ നദാലുണ്ട്. പക്ഷേ പുല്‍കോര്‍ട്ടില്‍ ടെന്നീസിന്റെ സൗന്ദര്യം പകരാന്‍ ഇനി ഫെഡററുണ്ടാകില്ല. ഫെഡറര്‍ പറഞ്ഞുതീരുന്നതുവരെ നദാലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. ആ കണ്ണീരിലുണ്ട് അവര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം. മത്സരശേഷം നദാല്‍ പറഞ്ഞത് ഇങ്ങനെയാണ് ' റോജര്‍ ഫെഡറര്‍ വിരമിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം വിടവാങ്ങിയത് എന്നിലെ ഒരു പാതിയാണ്'. അത്രമേല്‍ ആത്മബന്ധം പുലര്‍ത്തിയവരാണ് ഇരുവരും.

ഫെഡററും നദാലുമില്ലാത്ത ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു ടെന്നീസ് ആരാധകര്‍ക്ക്. ഇരുവരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ കായികലോകം ശ്വാസമടക്കിപ്പിടിച്ചുനില്‍ക്കും. ജയപരാജയങ്ങള്‍ മാറി മറയുമ്പോഴും ടെന്നീസിന്റെ വശ്യത ഇരുവരുടെയും റാക്കറ്റില്‍ നിന്ന് ഒളിമങ്ങാതെ പ്രവഹിച്ചുകൊണ്ടേയിരുന്നു. ഫെഡറര്‍ക്ക് മേല്‍ നദാലിന് ആധിപത്യമുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇരുവരും ഇതുവരെ 40 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതില്‍ 20 എണ്ണം ഹാര്‍ഡ് കോര്‍ട്ടിലും 16 എണ്ണം കളിമണ്‍ കോര്‍ട്ടിലുമാണ്. നാല് മത്സരം പുല്‍ക്കോര്‍ട്ടില്‍ നടന്നു. 40 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ 24 തവണയും നദാല്‍ വിജയം നേടി. ഫെഡററുടെ അക്കൗണ്ടില്‍ 16 വിജയങ്ങളാണുള്ളത്. ഇതില്‍ 24 എണ്ണവും ഫൈനലുകളായിരുന്നു എന്നതാണ് ഏറെ പ്രത്യേകതയുള്ള വസ്തുത. ഫൈനലില്‍ 14 തവണ നദാല്‍ കിരീടം നേടിയപ്പോള്‍ 10 തവണ ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടു.

2004-ലാണ് ഫെഡററും നദാലും ആദ്യമായി ഏറ്റുമുട്ടിയത്. മിയാമി ഓപ്പണിലൂടെയാണ് അത് സംഭവിച്ചത്. അന്ന് നദാലിന്റെ പ്രായം വെറും 17 വയസ്സ്. ലോക റാങ്കിങ്ങില്‍ 34-ാമന്‍. ഫെഡററാകട്ടെ ലോക ഒന്നാം നമ്പര്‍ താരവും. ആരും നദാല്‍ വിജയിക്കുമെന്ന് സ്വപ്‌നത്തില്‍പ്പോലും ചിന്തിച്ചില്ല. മിയാമി ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ മത്സരം ആരംഭിച്ചു. പക്ഷേ കാലം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. ലോക ഒന്നാം നമ്പറായ ഫെഡററെ അട്ടിമറിച്ചുകൊണ്ട് നദാല്‍ മത്സരവിജയിയായി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് താരത്തിന്റെ വിജയം. സ്‌കോര്‍: 6-3, 6-3. അവിടെ തുടങ്ങുകയായിരുന്നു ഫെഡറര്‍-നദാല്‍ പോര്. തൊട്ടടുത്ത വര്‍ഷം ഇതേ മിയാമി ഓപ്പണില്‍ ഇരുവരും സെമി ഫൈനലില്‍ ഏറ്റുമുട്ടി. പക്ഷേ നദാലിന് അടിതെറ്റി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ വിജയം സ്വന്തമാക്കി.

ഒരു ഗ്രാന്‍ഡ്സ്ലാമില്‍ ഇരുവരും ആദ്യമായി ഏറ്റുമുട്ടിയതും 2005-ലാണ് അതും നദാലിന്റെ ഏറ്റവും പ്രിയപ്പെട്ട കളിമണ്‍ കോര്‍ട്ടില്‍. ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലിലാണ് ഫെഡററും നദാലും മുഖാമുഖം വന്നത്. ആദ്യ സെറ്റ് നദാല്‍ നേടിയെങ്കിലും രണ്ടാം സെറ്റ് നേടിക്കൊണ്ട് ഫെഡറര്‍ കരുത്തുകാട്ടി. പക്ഷേ മൂന്നാം സെറ്റും നാലാം സെറ്റും നേടിക്കൊണ്ട് നദാല്‍ ഫെഡററെ കീഴടക്കി ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലിലേക്ക് മുന്നേറി. ഫൈനലില്‍ വിജയം നേടി കരിയറിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടം നദാല്‍ നേടുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം നടന്ന ഫ്രഞ്ച് ഓപ്പണിലും നദാല്‍ കിരീടം നേടി. അന്ന് ഫെഡററെ ഫൈനലില്‍ കീഴടക്കിയാണ് നദാല്‍ ചരിത്രമെഴുതിയത്. കളിമണ്‍കോര്‍ട്ടിന്റെ പറുദീസയായ ഫ്രഞ്ച് ഓപ്പണില്‍ നദാലിനെ കീഴടക്കാന്‍ ഫെഡറര്‍ക്ക് സാധിച്ചിട്ടേയില്ല. 2005, 2019 എന്നീ വര്‍ഷങ്ങളില്‍ സെമി ഫൈനലിലും 2006, 2007, 2008, 2011 വര്‍ഷങ്ങളില്‍ ഫൈനലിലും ഫെഡറര്‍ നദാലിനോട് പരാജയപ്പെട്ടു. അതായത് ഫ്രഞ്ച് ഓപ്പണില്‍ ആറുതവണ ഏറ്റുമുട്ടിയപ്പോഴും വിജയം നദാലിനൊപ്പം നിന്നു. പക്ഷേ വിംബിള്‍ഡണില്‍ സ്ഥിതി മറിച്ചാണ്.

വിംബിള്‍ഡണില്‍ നദാലിനേക്കാള്‍ മികച്ച റെക്കോഡ് ഫെഡറര്‍ക്കാണുള്ളത്. വിംബിള്‍ഡണില്‍ ഇരുവരും ആദ്യമായി ഏറ്റുമുട്ടിയത് 2006 ഫൈനലിലാണ്. അന്ന് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ഫെഡറര്‍ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 6-0, 7-6, 6-7, 6-3. തൊട്ടടുത്ത വര്‍ഷവും വിംബിള്‍ഡണ്‍ ഫൈനല്‍ ആവര്‍ത്തിച്ചു. ഇത്തവണയും വിജയം ഫെഡറര്‍ക്കൊപ്പം. അന്ന് മത്സരം കുറച്ചുകൂടി കഠിനമായി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ വിജയം നേടിയത്. പക്ഷേ ഹാട്രിക്ക് കിരീട സ്വപ്‌നവുമായി 2008 വിംബിള്‍ഡണ്‍ ഫൈനലിലെത്തിയ ഫെഡററെ നദാല്‍ ഞെട്ടിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ പുല്‍കോര്‍ട്ടിലെ രാജാവായ ഫെഡററെ വീഴ്ത്തിക്കൊണ്ട് കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ കിരീടത്തില്‍ നദാല്‍ മുത്തമിട്ടു. പിന്നീട് വിംബിള്‍ഡണിലൊരു ഫെഡറര്‍-നദാല്‍ പോരാട്ടമുണ്ടാകില്ല എന്ന് പലരും കണക്കുകൂട്ടി. കാരണം നദാലിന് പുല്‍കോര്‍ട്ട് എന്നും ഒരു പ്രശ്‌നമായിരുന്നു.

പക്ഷേ 11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഫെഡറര്‍-നദാല്‍ പോരാട്ടത്തിന് വിംബിള്‍ണിലെ പുല്‍നാമ്പുകള്‍ സാക്ഷിയായി. ഇത്തവണ അത് സെമി ഫൈനലിലാണെന്ന് മാത്രം. പരിക്കിന്റെ പിടിയിലകപ്പെട്ട് പതറിയ ഫെഡറര്‍ വിജയം നേടുമെന്ന് ആരും കരുതിയില്ല. കാരണം നദാല്‍ ഫോമിന്റെ പരകോടിയിലായിരുന്നു. പക്ഷേ പ്രവചനങ്ങള്‍ക്കും മുന്‍വിധികള്‍ക്കും സ്ഥാനമില്ല എന്ന് വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ട് ഫെഡറര്‍ കൊടുങ്കാറ്റായി. സെമിയില്‍ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ നദാലിനെ വീഴ്ത്തി ഫെഡറര്‍ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. പക്ഷേ ഫൈനലില്‍ ഫെഡറര്‍ക്ക് നൊവാക് ജോക്കോവിച്ചിന് മുന്നില്‍ അടിതെറ്റി.

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിനാണ് ആധിപത്യം. നാല് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ മൂന്നിലും വിജയം നദാലിനൊപ്പം നിന്നു. ഫെഡറര്‍ക്ക് നേടാനായത് ഒരു വിജയം മാത്രം. 2009-ലാണ് ഇരുവരും ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കൊമ്പുകോര്‍ത്തത്. അതും ഫൈനലില്‍. മൂന്ന് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയതിന്റെ കരുത്തിലാണ് ഫെഡറര്‍ നദാലിനെതിരേ മത്സരിച്ചത്. നദാലാകട്ടെ ഇതുവരെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കിരീടം നേടിയിട്ടുമില്ല. എന്നാല്‍ ഫൈനലില്‍ വലിയൊരു അട്ടിമറിയ്ക്ക് ലോകം സാക്ഷിയായി. ആദ്യ സെറ്റ് നദാല്‍ നേടി. രണ്ടാം സെറ്റ് ഫെഡറര്‍ സ്വന്തമാക്കി. ഇതേ രീതിയില്‍ തന്നെ മൂന്നും നാലും സെറ്റും നടന്നു. ഇരുവരും 2-2-ല്‍ നില്‍ക്കുന്നു. എന്നാല്‍ അവസാന സെറ്റില്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് നദാല്‍ വര്‍ധിതവീര്യത്തോടെ പോരാടി. സെറ്റ് 6-2 ന് നേടിക്കൊണ്ട് നദാല്‍ ആദ്യമായി ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ തന്റെ പേര് ചേര്‍ത്തു.

പിന്നീട് 2012, 2014 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ ഇരുവരും ഏറ്റുമുട്ടിയെങ്കിലും നദാല്‍ വിജയംനേടി. പക്ഷേ ഈ രണ്ട് വര്‍ഷവും ഫൈനലില്‍ നദാലിന് അടിതെറ്റി. ഒടുവില്‍ 2017-ലാണ് ഫെഡറര്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യമായി നദാലിനെതിരേ വിജയം നേടിയത്. അന്ന് നദാലിനാണ് ഏവരും കിരീടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫൈനലില്‍ നദാലിനെ വീഴ്ത്തിക്കൊണ്ട് ഫെഡറര്‍ തന്റെ കരിയറിലെ അഞ്ചാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടു.

ഇത്രയേറെ ഗ്രാന്‍ഡ്സ്ലാം മത്സരങ്ങളില്‍ ഒന്നിച്ചുകളിച്ചിട്ടുണ്ടെങ്കിലും യു.എസ്.ഓപ്പണില്‍ ഇതുവരെ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫെഡറര്‍ അഞ്ച് തവണയും നദാല്‍ നാല് തവണയും യു.എസ്.ഓപ്പണ്‍ കിരീടം നേടിയിട്ടുണ്ടെങ്കിലും ഇരുവരും ഇതുവരെ യു.എസ്.ഓപ്പണില്‍ മുഖാമുഖം വന്നിട്ടില്ല. 2019 വിംബിള്‍ഡണിലാണ് നദാലും ഫെഡററും അവസാനമായി ഏറ്റുമുട്ടിയത്. സെമി ഫൈനലില്‍ നദാലിനെ വീഴ്ത്തിക്കൊണ്ട് ഫെഡറര്‍ ഇരുവരുടെയും മുഖാമുഖമുള്ള പോരാട്ടങ്ങള്‍ക്ക് തിരശ്ശീലയിട്ടു. ആദ്യമായി ഏറ്റുമുട്ടിയപ്പോള്‍ നദാല്‍ ജയിച്ചു. അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഫെഡററും.

ഇത്രയേറെ മത്സരങ്ങളില്‍ പ്രത്യേകിച്ച് ഗ്രാന്‍ഡ്സ്ലാമുകളില്‍ എതിരാളികളായി കളിച്ചവര്‍ ടെന്നീസിന്റെ ചരിത്രത്തില്‍ അപൂര്‍വമാണ്. അതുകൊണ്ടുതന്നെയാണ് ഫെഡറര്‍ വിരമിച്ചപ്പോള്‍ എന്റെ പകുതി എനിക്ക് നഷ്ടമായെന്ന് നദാല്‍ പറഞ്ഞതും. ഫെഡറര്‍ അവസാന മത്സരത്തിനിറങ്ങുമ്പോള്‍ നദാല്‍ ഗാലറിയിലുണ്ടാകുമെന്ന് ഏവരും കരുതി. എന്നാല്‍ ഫെഡറര്‍ക്കൊപ്പം കളിക്കാന്‍ സ്പാനിഷ് താരമുണ്ടാകുമെന്ന് ആരും കരുതിയില്ല. സ്വിസ് ഇതിഹാസത്തിന് ഇതിലും വലിയ ഒരു യാത്രയയപ്പ് ഇനി ലഭിക്കാനുണ്ടോ? ഒരുപക്ഷേ അവസാന മത്സരത്തില്‍ വിജയം നല്‍കിക്കൊണ്ട് ഫെഡററെ യാത്രയാക്കാനാവും നദാല്‍ ശ്രമിച്ചിട്ടുണ്ടാകുക. പക്ഷേ ഫലം മറ്റൊന്നായിപ്പോയി. അതുകൊണ്ടുതന്നെയാകാം ഫെഡറര്‍ വിടവാങ്ങുന്ന നേരം നദാല്‍ സങ്കടമടക്കാന്‍ പറ്റാതെ പൊട്ടിക്കരഞ്ഞതും...

Content Highlights: roger federer, rafael nadal, federer retirement, in depth, federer nadal, federer, nadal, tennis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented