മൂക്കുപൊത്തി ട്രെയിൻ ടോയ്‌ലറ്റിനടുത്തിരുന്ന് യാത്രചെയ്ത ക്യാപ്റ്റന്മാരെ ഓര്‍മയുണ്ടോ ഗാംഗുലിക്ക്?


ബി.കെ.രാജേഷ്In Depth

Photo: PTI

രാഹുല്‍ ദ്രാവിഡ് ട്രെയിനില്‍ യാത്ര ചെയ്തിട്ടുണ്ടോ? ഇന്ത്യന്‍ ടീമില്‍ കയറിയതില്‍പിന്നെ ട്രെയിനില്‍ കയറിയിട്ടേയില്ലെന്ന് തുറന്നു പറഞ്ഞിട്ടുണ്ട് പണ്ടൊരിക്കല്‍ ദ്രാവിഡ്. ദ്രാവിഡ് മാത്രമല്ല, റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനറായിരുന്ന മഹേന്ദ്ര സിങ് ധോനി പോലും ഇന്ത്യന്‍ കുപ്പായമണിഞ്ഞശേഷം ഏതെങ്കിലുമൊരു സ്‌റ്റേഷന്റെ പടികയറിയിട്ടുണ്ടാവില്ല. ഒട്ടും വ്യത്യസ്തമാവാന്‍ വഴിയില്ല ബി.സി.സി.ഐ.യുടെ അമരത്ത് വാഴുന്ന മഹാരാജ സൗരവ് ഗാംഗുലിയുടെ കാര്യവും. എന്നാല്‍, റിസര്‍വേഷന്‍ പോലുമില്ലാതെ ഉറക്കമൊഴിഞ്ഞ് ട്രെയിനില്‍ യാത്ര ചെയ്യേണ്ടിവന്നവരുമുണ്ട് ഇന്ത്യന്‍ ടീമില്‍. ഹൈദരാബാദില്‍ നിന്ന് ഡെല്‍ഹിയിലേയ്ക്ക് നടത്തിയ അത്തരം ദുരിതയാത്രകളെക്കുറിച്ച് ഒരു പൊതുചടങ്ങില്‍ തുറന്നു പറഞ്ഞത് ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നെയാണ്. മിതാലി രാജ്. 2017 ലോകകപ്പില്‍ റണ്ണറപ്പുകളായി ചരിത്രം കുറിച്ച് തിരിച്ചെത്തിയ ശേഷമായിരുന്നു വനിതാ കായികതാരങ്ങള്‍ നിറഞ്ഞ സദസ്സില്‍ തന്റെയും ദ്രാവിഡിന്റെയും ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കളര്‍ കഥകള്‍ രണ്ടു പുറങ്ങളിലായി തുറന്നുപിടിച്ചുകൊണ്ടുള്ള മിതാലിയുടെ ഹൃദയഭേദകമായ തുറന്നുപറച്ചില്‍. ഇന്ത്യയുടെ ആദ്യ വനിതാ ടെസ്റ്റ് നായിക ഡയാന എഡുല്‍ജിയും അര്‍ജുന അവാര്‍ഡ് നേടുന്ന ആദ്യ വനിത ശാന്ത രംഗസ്വാമിയും ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലെ ദുര്‍ഗന്ധം വമിക്കുന്ന ടോയ്‌ലറ്റിന് സമീപത്ത് മൂക്കുപൊത്തിച്ച പിടിച്ച യാത്ര ചെയ്തതും പാതിരാത്രി സാമൂഹ്യവിരുദ്ധരുടെ ശല്ല്യമുണ്ടായപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയുമൊക്കെ ചെയ്തത് അതിനും ഏതാണ്ട് നാലു പതിറ്റാണ്ട് മുന്‍പാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന് അടിത്തറപാകിയവരെന്ന് നമ്മള്‍ വാഴ്ത്തുന്ന ഇവര്‍ക്ക് ഹോട്ടല്‍ മുറിയില്‍ കൊടുക്കാന്‍ കാശില്ലാതെ ടീമിനൊപ്പം ന്യൂസീലന്‍ഡില്‍ ഇന്ത്യക്കാരുടെ വീടുകളില്‍ അഭയം തേടേണ്ടിവന്നതും ഏതാണ്ട് ഇതേ കാലത്തുതന്നെ.

ഈ പഴങ്കഥകള്‍ ഇവിടെ ആവര്‍ത്തിക്കാന്‍ കാരണം ഇപ്പോള്‍ ഇന്ത്യയുടെ ആണുങ്ങളുടെ ടീമിന്റെ പരിശീലകനായ ദ്രാവിഡല്ല. ഇന്ത്യന്‍ ക്രിക്കറ്റിനെ നയിക്കുന്ന സൗരവ് ഗാംഗുലിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഒന്‍പത് റണ്‍സ് തോല്‍വി വഴങ്ങി മടങ്ങിയ ടീമിനെ പഴിച്ച് ട്വീറ്റിടുമ്പോള്‍ മിതാലിയുടെയും കൂട്ടരുടെയും അവരുടെ മുന്‍ഗാമികളുടെയും ഈ നിറംകെട്ട ഭൂതകാലം സൗരവ് ഗാംഗുലി ഓര്‍ത്തിരിക്കാന്‍ വഴിയില്ല. വിവരം കെട്ട ബാറ്റിങ്ങെന്നും സാമാന്യബുദ്ധി ഒട്ടുമില്ലാതെ മത്സരം താലത്തിലെന്നോണം എതിരാളികള്‍ക്ക് വച്ചുനീട്ടിയെന്നും അപഹസിച്ച മറ്റൊരു മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനും വിസ്മരിച്ചിരിക്കാം സ്മൃതിയും പിന്‍ഗാമി ഹര്‍മന്‍പ്രീതുമെല്ലാം ലോകകപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലുമെല്ലാം കലാശപ്പോരിലെത്തുംവരെ താണ്ടിയ ദുര്‍ഘടങ്ങള്‍. ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റ് മെഡല്‍ നേടിത്തന്ന ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചതിന് തൊട്ടു പിറകേയായിരുന്നു ജയവും തോല്‍വിയും തൂകിയ വിയര്‍പ്പിന്റെ വിലയറിയുന്ന കളിക്കാരുടെ വിമര്‍ശനം. അഞ്ചു വര്‍ഷം മുന്‍പ് എഡ്ജ്ബാസ്റ്റണിലെ ലോകകപ്പ് ഫൈനലിന്റെ തനിയാവര്‍ത്തനം പോലെ അയല്‍പക്കമായ ബര്‍മിങ്ങാമിലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലെയും ഒന്‍പത് റണ്‍സ് തോല്‍വിയാവില്ല, വിസ്മൃതി അലങ്കാരമാക്കിയ ഈ മുന്‍നായകരുടെ ഉപദേശത്തില്‍ ചാലിച്ച കുത്താവും വെള്ളിയണിഞ്ഞെത്തിയ ഇന്ത്യന്‍ വനിതകളുടെ ഉള്ളില്‍ ചോര പൊടിച്ചിരിക്കുകയെന്ന് വ്യക്തം.

താന്‍പോരിമ കാട്ടാനുള്ള വിദഗ്ദ്ധരുടെ ഇത്തരം കുത്തുകള്‍ പുത്തരിയല്ല അവര്‍ക്ക്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഏകദിന ലോകകപ്പില്‍ കളിച്ച ഏഴു കളികളില്‍ നാലിലും തോറ്റ് പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്തായി മടങ്ങിയെത്തിയ ടീമിന് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുത്തു മുന്‍ പരിശീലകന്‍ ഡബ്ല്യുവി രാമന്‍. 'ടീമിന് ഫിറ്റ്‌നസില്ല. എല്ലാ മേഖലകളിലും മെച്ചപ്പെടുകയും വേണം.' എന്നാല്‍, ലോകകപ്പിന് മുന്‍പ് ടീം എത്ര സന്നാഹമത്സരങ്ങള്‍ കളിച്ചുവെന്ന കാര്യം മാത്രം തന്റെ പിന്‍ഗാമി രമേഷ് പവാറിന് കൊട്ടു കൊടുക്കുമ്പോള്‍ വൂര്‍ക്കേരി വെങ്കിട്ട രാമന്‍ പറഞ്ഞില്ല. 2022ല്‍ ന്യൂസീലന്‍ഡില്‍ നടക്കുന്ന ലോകകപ്പില്‍ 2020 മുതല്‍ തന്നെ സന്നാഹ മത്സരങ്ങള്‍ ആസൂത്രണം ചെയ്തിരുന്നു ബി.സി.സി.ഐ. സെപ്റ്റംബറില്‍ ഇംഗ്ലണ്ട്, ജനുവരിയില്‍ ഓസ്‌ട്രേലിയ, ഫെബ്രുവരിയില്‍ ശ്രീലങ്ക. ആശയമൊക്കെ കേമം. ആവിഷ്‌കാരം മാത്രം ശൂന്യം. ഇംഗ്ലണ്ടിലെയും ശ്രീലങ്കയിലെയും പരമ്പരകള്‍ റദ്ദാക്കപ്പെട്ടു. ഓസ്‌ട്രേലിയന്‍ പര്യടനം അനിശ്ചിതമായി നീട്ടിവക്കപ്പെട്ടു. ലോകകപ്പ് കഴിയുംവരെ ഇത് നടന്നില്ല. വാങ്കഡേയിലെ മേലാളന്മാര്‍ ഇതിനൊന്നും വിശദീകരണം നല്‍കാന്‍ മിനക്കെട്ടുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ വിദേശ പിച്ചില്‍, അതും തീപാറുന്ന പേസിനെ പുല്‍കുന്ന ന്യൂസീലന്‍ഡില്‍ നടക്കുന്ന മത്സരത്തിന് ടീം പോയത് വിദേശത്ത് ഒരൊറ്റ മത്സരം പോലും കളിക്കാതെ. ഇതിനിടെ ആകെ നടന്നത് തട്ടിക്കൂട്ടി സംഘടിപ്പിക്കപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഇന്ത്യന്‍ പര്യടനമാണ്. അഞ്ച് ഏകദിനങ്ങളും മൂന്ന് ടിട്വന്റിയും. സ്വന്തം മണ്ണില്‍ നടന്നിട്ടും അഞ്ച് ഏകദിനത്തില്‍ നാലിലും മൂന്ന് ടിട്വന്റിയില്‍ രണ്ടിലും ഇന്ത്യ ദയനീയമായി തന്നെ തോറ്റു. ഈ ദുരനുഭവത്തിന്റെ, തോല്‍വി ഭാരത്തിന്റെ ഭാണ്ഡവും പേറിയാണ് ടീം ന്യൂസീലന്‍ഡിലേയ്ക്ക് പറന്നത്. ഒരു ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ പെണ്ണുങ്ങളിങ്ങനെ വീട്ടിലിരുന്നു തുരുമ്പെടുത്തപ്പോള്‍ ആണുങ്ങളുടെ കാര്യത്തിന് യാതൊരു മുട്ടുമുണ്ടായില്ല. ഈ രണ്ട് കൊല്ലത്തിനിടയ്ക്ക് അവര്‍ യു.എ.ഇയിലെത്തി രണ്ട് ഐപി.എല്‍ കളിച്ച് കാശുവാരി. ഓസ്‌ട്രേലിയയ്‌ക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും പര്യടനങ്ങളും നടത്തി കോവിഡ് കാല ഹാങ്ങോവര്‍ കുടഞ്ഞെറിഞ്ഞു. വനിതാ ടീമില്‍ ഒരൊറ്റ കാര്യമേ നടന്നുള്ളൂ ഇക്കാലത്ത്. പരിശീലകന്‍ ഡബ്ല്യുവി രാമനെ മാറ്റി പകരം രമേഷ് പവാറിനെ തിരികെ കൊണ്ടുവന്നു. അന്നത്തെ ക്യാപ്റ്റന്‍ മിതാലി രാജുമായുള്ള കുപ്രസിദ്ധമായ ഉടക്കിന്റെ പേരില്‍ 2018 ടിട്വന്റി ലോകകപ്പിനുശേഷം കുറ്റി തെറിച്ച അതേ പവാറിനെ. ഈ ഉടക്കിന്റെ പേരില്‍ മിതാലിയെ പുറത്തിരുത്തിയ പവാര്‍. മിതാലിയില്ലാത്ത മത്സരത്തില്‍ എട്ട് വിക്കറ്റിന് തോറ്റ് ഇന്ത്യ പുറത്തായതിനെ തുടര്‍ന്നാണ് പവാറിനെ തെറിപ്പിച്ച് രാമനെ കൊണ്ടുവന്നത്. ഇപ്പോഴിതാ വീണ്ടും ഗയേ രാമന്‍, ആയേ പവാര്‍.

തോറ്റമ്പിയ 2022ലെ ഏകദിന ലോകകപ്പില്‍ അവര്‍ക്ക് സന്നാഹ മത്സരങ്ങളുടെ കുറവേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, ഫൈനല്‍ കളിച്ച് ചരിത്രം സൃഷ്ടിച്ച 2017ല്‍ നേരാംവണ്ണം ഭക്ഷണം പോലുമുണ്ടായില്ല കളിക്കാര്‍ക്കെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ കുറയും. അതും വിമന്‍സ് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ധനാഢ്യരായ ബി.സി.സി.ഐ. ടീമിന്റെ നിയന്ത്രണം ഏറ്റെടുത്തശേഷം. അതിശയോക്തി ഒട്ടുമില്ല ഈ നാണംകെട്ട കഥയില്‍. കാരണം ഇത് പറഞ്ഞത് മിതാലി രാജോ സ്മൃതി മന്ദാനയോ ഹര്‍മന്‍പ്രീത് കൗറോ അല്ല. പിച്ചിലും പവലിയനിലുള്ള ക്രിക്കറ്റിലെ പുഴുക്കുത്തുകള്‍ ഇല്ലാതാക്കാന്‍ സുപ്രീംകോടതി ബി.സി.സി.ഐ. അധ്യക്ഷനായി നിയമിച്ച വിനോദ് റായിയാണ്. പഴയ കോംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍. തന്റെ മുപ്പത്തിമൂന്ന് മാസത്തെ ഭരണകാലത്ത് വനിതാ ക്രിക്കറ്റില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞില്ലെന്ന കുമ്പസാരത്തിനൊപ്പം അദ്ദേഹം നടത്തിയ രണ്ട് വെളിപ്പെടുത്തല്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിക്കുകയല്ല, അക്ഷരാര്‍ഥത്തില്‍ നാണംകെടുത്തുകയാണുണ്ടായത്. വേണ്ട രീതില്‍ ഭക്ഷണം കഴിക്കാതെയാണ് ടീം അന്ന് ഇംഗ്ലണ്ടില്‍ കളിക്കാനിറങ്ങിയതെന്ന് കളിക്കാരെ തന്നെ ഉദ്ധരിച്ചാണ് റായി തന്റെ പുസ്തകത്തില്‍ തുറന്നു പറഞ്ഞത്. ഹോട്ടലില്‍ നിന്ന് നല്ല രീതിയില്‍ പ്രാതല്‍ കഴിക്കാന്‍ കഴിയാതിരുന്നതിനാല്‍ ഓസ്‌ട്രേലിയക്കെതിരായ സെമിയില്‍ തനിക്ക് അധികം ഓടാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടം ഒഴിവാക്കാന്‍ താന്‍ കൂടുതല്‍ സിക്‌സറുകളെയും ബൗണ്ടറികളെയും ആശ്രയിച്ചതെന്നും റായിയോട് പറഞ്ഞത് ഇന്നത്തെ നായിക ഹര്‍മന്‍പ്രീത് കൗറാണ്. മനസിന് പിടിക്കുന്ന ഭക്ഷണം കിട്ടാത്തതിനാല്‍ സമൂസ മാത്രം കഴിച്ചാണ് തങ്ങള്‍ കളിക്കാനിറങ്ങിയതെന്നും ഹര്‍മന്‍പ്രീത് റായിയോട് സങ്കടം മറച്ചുവെയ്ക്കാതെ പറഞ്ഞു. 115 പന്തില്‍ നിന്ന് പുറത്താകാതെ 171 റണ്‍സാണ് ഹര്‍മന്‍പ്രീത് അന്ന് അടിച്ചുകൂട്ടിയത്. ഇതിന്റെ ബലത്തില്‍ 36 റണ്‍സ് ജയത്തോടെയാണ് ഇന്ത്യ ഓസീസിനെ മറികടന്ന് ഇംഗ്ലണ്ടിനെതിരായ കലാശപ്പോരിന് യോഗ്യത നേടിയത്. വെറുംവയറ്റില്‍ അന്ന് 20 ബൗണ്ടറിയും ഏഴ് സിക്‌സുമാണ് ഹര്‍മന്‍പ്രീത് പറത്തിയത്. ഇന്നും ഹര്‍മന്‍പ്രീതിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഇതുതന്നെയാണ് എന്നത് വേറെ കാര്യം.

രണ്ടാമത്തെ വെളിപ്പെടുത്തല്‍ അതിലും നാണംകെട്ടതായിരുന്നു. പുരുഷ താരങ്ങള്‍ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ജെഴ്‌സികളായിരുന്നത്രെ മാറ്റിത്തുന്നി കേടുപാടുകള്‍ തീര്‍ത്ത് വനിതാ താരങ്ങളുടെ ദേഹത്ത് ലോഗോ ഒട്ടിച്ച് ചാര്‍ത്തിക്കൊടുത്തിരുന്നത്. ഈ വിവരമറിഞ്ഞ് താന്‍ ഞെട്ടിപ്പോയെന്നും പിന്നീട് സ്‌പോണ്‍സര്‍മാരായ നൈക്കിയെ വിളിച്ച് ശകാരിച്ചശേഷമാണ് ഈ വൃത്തികെട്ട പതിവ് മാറിയതെന്നും നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്: ദി ഡയറി ഓഫ് ദി നേഷന്‍സ് കോണ്‍ഷ്യന്‍സ് കീപ്പര്‍ എന്ന തന്റെ ആത്മകഥയില്‍ റായി കുമ്പസരിച്ചു. പരിശീലനം, പരിശീലനസൗകര്യങ്ങള്‍, വേഷം, യാത്രാസൗകര്യം, മാച്ച് ഫീസ് എന്നിവയിലെല്ലാം വനിതാ താരങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെട്ട പരിഗണന അര്‍ഹിക്കുന്നുണ്ട്-അഞ്ചു പതിറ്റാണ്ട് കാലം വനിതാ ക്രിക്കറ്റര്‍മാര്‍ക്കുവേണ്ടി പൊരുതിയ ഡയാന എഡുല്‍ജിക്കൊപ്പം ബി.സി.സി.ഐ. ഭരണം നിയന്ത്രിച്ച റായി പുസ്തകത്തില്‍ തുറന്നെഴുതി.

കള്ളക്കളിയുടെ കേദാരമായ ക്രിക്കറ്റിനെ ഒരുവിധം കുരുക്കിട്ട് നല്ലവഴിക്ക് കൊണ്ടുവന്ന് റായി പടിയിറങ്ങിയിട്ട് അഞ്ചു വര്‍ഷമായി. കച്ചവടക്കാര്‍ക്കും വ്യവസായികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പകരം സൗരവ് ഗാംഗുലിയെപ്പോലൊരു ഇതിഹാസതാരം പകരക്കാരനായി അമരത്തെത്തി. പക്ഷേ, വനിതാ ക്രിക്കറ്റിന്റെ തോണി ഇപ്പോഴും തിരുനക്കരെ തന്നെ. ഇക്കാലയളവിലാണ് ടീം ഒരൊറ്റ പരിശീലനമത്സരം പോലുമില്ലാതെ ലോകകപ്പ് കളിച്ച് നാണംകെട്ട് പഴിയും പരിഹാസവുമത്രയും കേട്ടു തിരിച്ചെത്തിയത്. ചരിത്രത്തില്‍ ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസ് റണ്ണറപ്പുകളായിട്ടും ഇതേ ഗാംഗുലിയില്‍ നിന്ന് അപഹസം ഏറ്റെവാങ്ങേണ്ടിവന്നത്.

ബി.സി.സി.ഐ. ഏറ്റെടുത്തിട്ട് ഇതാണ് ഫലമെങ്കില്‍ വിമന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ളപ്പോള്‍ എന്താവും അവസ്ഥയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. 1971 മുതല്‍ 74 വരെ വെറും നെറ്റ് പ്രാക്ടീസായിരുന്നു വനിതാ താരങ്ങള്‍ക്ക് വിധിച്ചിരുന്നത് എന്നാണ് ഡയാന എഡല്‍ജി പറഞ്ഞത്. കളിക്കാനിറങ്ങിയാല്‍ തന്നെ പരിഹാസമായിരുന്നു വരവേല്‍പ്. ഇത്രയും മെലിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ എങ്ങനെയാണ് ബൗണ്ടറിയടിക്കുന്നതെന്ന് പരിഹസിച്ചത് കിവീസ് ബൗളിങ് ഇതിഹാസം സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ്. 1977ലെ കിവീസ് പര്യടനത്തിനിടെ തന്റെ ഭാര്യ കാരെന്‍ ഹാഡ്‌ലിയുടെ കളി കാണാന്‍ എത്തിയതായിരുന്നു ഹാഡ്‌ലി. പിറ്റേ ദിവസം മിഡ്‌വിക്കറ്റിലൂടെ സിക്‌സര്‍ പറത്തി ചങ്കൂറ്റത്തോടെ മറുപടി പറഞ്ഞ ഡയാനയ്ക്ക് തന്റെ ക്രൗണ്‍ ബാറ്റ് സാമ്മാനിക്കുകയും ചെയ്തു ഹാഡ്‌ലി.

ട്രെയിനിന്റെ റിസര്‍വേഷനില്ലാത്ത കമ്പാര്‍ട്ട്‌മെന്റിലെ യാത്ര മാത്രമല്ല, അതിലും വലിയ ദുരിതങ്ങള്‍ കാത്തിരുന്നിട്ടുണ്ട് താരങ്ങളെ ഒരോരുത്തരെയും. വനിതാ ക്രിക്കറ്റോ? അങ്ങനെയൊന്നുണ്ടോ എന്ന പരിഹാസച്ചിരി കേട്ടേ കളിക്കാനിറങ്ങിയിട്ടുളളൂവെന്നാണ് വിരമിച്ചശേഷം മിതാലി രാജ് വേദനയോടെ പറഞ്ഞത്. അന്നൊന്നും ഒരു കായികതാരത്തിന് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. ഒന്ന് അംഗീകരിക്കപ്പെടണമെങ്കില്‍ ആണുങ്ങളുടെ ഇരട്ടി ജോലി ചെയ്യേണ്ട അവസ്ഥിയിലായിരുന്നു അന്ന് ഞങ്ങള്‍. വീട്ടുകാര്‍ക്ക് പോലും ഞാനൊക്കെ ക്രിക്കറ്റ് കളിക്കുന്നതിനോട് തെല്ലുമുണ്ടായിരുന്നില്ല താത്പര്യം. അവരും കേള്‍ക്കേണ്ടിവന്നു പലരില്‍ നിന്നും പഴി. ഒരു അഭിമുഖത്തില്‍ മിതാലി പറഞ്ഞു. ഒന്‍പതാം വയസ്സില്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രവേശനം നേടാന്‍ മുടിവെട്ടി ആണ്‍കുട്ടിയായി വേഷംകെട്ടേണ്ടിവന്നിട്ടുണ്ട് വെടിക്കെട്ട് ബാറ്റര്‍ ഷെഫാലി വര്‍മയ്ക്ക്. ഓര്‍ക്കണം, ഈ നൂറ്റാണ്ടിന്റെ തുടക്കകാലത്തെ കഥയാണിത്. അതും ക്രിക്കറ്റ് മതമാണെന്നും താരങ്ങള്‍ ദൈവങ്ങളാണെന്നുമുള്ള വ്യാജോക്തി നാഴികയ്ക്ക് നാല്‍പത്തുവട്ടം ഉരുവിടുന്ന നാട്ടില്‍.

കളിച്ചുതുടങ്ങിയ എഴുപതുകള്‍ മുതല്‍ ഇന്നുവരെ വൈതരണികള്‍ മാത്രമേ വനിതകളുടെ പിച്ചിലുണ്ടായിട്ടുള്ളൂ. എഴുപതുകളുടെ അവസാനത്തോടെ വനിതാ ക്രിക്കറ്റ് അസോസിയേഷന്‍ ദുര്‍ബലമായതോടെ ആഭ്യന്തര ടൂര്‍ണമെന്റുകളുടെ എണ്ണം കുറഞ്ഞുവന്നു. മാധ്യമശ്രദ്ധ ഒട്ടും തന്നെയുണ്ടായില്ല-ഡയാന എഡുല്‍ജി ഒരിക്കല്‍ സങ്കടത്തോടെ പറഞ്ഞു. അംഗീകാരം പോട്ടെ, കളിക്കാന്‍ നല്ല ടൂര്‍ണമെന്റുകളില്ല, ഗ്രൗണ്ടുകളില്ല. ശാസ്ത്രീയമായ പരിശീലനമില്ല. 2006ല്‍ ഐ.സി.സിയുടെ നിര്‍ദേശപ്രകാരം വിമന്‍സ് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്ന് ബി.സി.സി.ഐ. ടീമിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടും ഇത്തരം കാര്യങ്ങളില്‍ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല. ഇപ്പോഴും സ്‌കൂള്‍, ജില്ലാ, സംസ്ഥാന തലത്തില്‍ വനിതാ മത്സരങ്ങള്‍ ഫലപ്രദമായി നടക്കുന്നില്ല എന്നത് ഒരു നഗ്‌നയാഥാര്‍ഥ്യമാണ്. പിന്നെങ്ങനെ മറ്റൊരു മിതാലിയോ സ്മൃതിയോ ഹര്‍മന്‍പ്രീതോ ജൂലനോ ഉയര്‍ന്നുവരും. അഥവാ ഒരു പുതിയ പ്രതിഭ നാമ്പിട്ടാല്‍ അവരെ രാകിമിനുക്കാന്‍ നല്ലൊരു അക്കാദമിയുണ്ടോ? ഒരു സ്ഥിരം പരിശീലകന്‍ പോലുമില്ല. രണ്ട് ലോകകപ്പുകളുടെ ഇടവേളയില്‍ രമേഷ് പവാറിനെയും ഡബ്ലുവി രാമനെയും കൊണ്ട് കളിപ്പിച്ച ആയേ റാം ഗയേ റാം കളി മറക്കാന്‍ വഴിയില്ല.

മറ്റേതൊരു രംഗത്തുമെന്നപോലെ വനിതാ ക്രിക്കറ്റിനും പുരുഷന്മാരുടെ മുന്നില്‍ രണ്ടാംതരക്കാരാവാനായിരുന്നു എന്നും വിധി. പല പുരുഷ താരങ്ങളെല്ലാം നിഷ്പ്രഭരാക്കുന്ന റെക്കോഡുകളുണ്ട് പേരില്‍, എന്നിട്ടും ലേഡി തെണ്ടുല്‍ക്കര്‍ എന്ന വിശേഷണം പേറാനായിരുന്നു പിച്ചിനോട് വിടപറയും വരെ മിതാലി രാജിന്റെ യോഗം. അഭിമുഖങ്ങളില്‍ ഇഷ്ട പുരുഷ താരത്തിന്റെ പേര് പറഞ്ഞുപറഞ്ഞു ഒടുക്കം പരസ്യമായി പൊട്ടിത്തെറിക്കേണ്ടിവരിക പോലും ചെയ്തു ഇന്ത്യയെ ലോകകപ്പ് റണ്ണറപ്പാക്കി ചരിത്രം കുറിച്ച ഈ മുന്‍ നായികയ്ക്ക്. ഇരുപത്തിരണ്ട് വര്‍ഷം നീണ്ടിനിന്ന തന്റെ കരിയറില്‍ കളിയില്‍ നിന്ന് ഒരു ചില്ലിക്കാശ് സമ്പാദിച്ചിട്ടില്ലെന്നാണ് ഇന്ത്യന്‍ വനിതാ ടീമിന് ആദ്യ ടെസ്റ്റ് വിജയം സമ്മാനിച്ച നായിക കൂടിയായ ശാന്ത രംഗസ്വാമി പറഞ്ഞത്. 1976 വരെ ഒരു സൈക്കിള്‍ പോലും സ്വന്തമാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നും അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ വനിതയെന്ന ഖ്യാതി പേറുന്ന ശാന്ത പറഞ്ഞിട്ടുണ്ട്.

2017 വരെ ഇന്ത്യയില്‍ പെണ്ണുങ്ങള്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന കാര്യം ടെലിവിഷന്‍ ചാനലുകളോ മാധ്യമങ്ങളോ അറിഞ്ഞ മട്ടുതന്നെയുണ്ടായിരുന്നില്ല. പണ്ട് വനിതാ ക്രിക്കറ്റിനെ കുറിച്ച് ഒരു വരി വാര്‍ത്ത പോലും വരാറുണ്ടായിരുന്നില്ല അക്കാലത്തെന്ന് പരിതപിച്ചിട്ടുണ്ട് ആദ്യ ഏകദിന നായിക ഡയാന. എന്നിട്ടും 1976ല്‍ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടെസ്റ്റ് കാണാന്‍ ഇരുപത്തിഅയ്യായിരത്തോളം പേരാണ് പട്‌ന മൊയിന്‍ ഉള്‍ ഹഖ് സ്‌റ്റേഡിയത്തിലേയ്ക്ക് ഒഴുകിയെത്തിയത്. അന്ന് ജനത്തിരിക്ക് കാരണം തങ്ങള്‍ സ്‌റ്റേഡിയത്തിലെത്താന്‍ വൈകിയെന്നും പറഞ്ഞിട്ടുണ്ട് ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ച മത്സരത്തിലെ രണ്ടാമിന്നിങ്‌സില്‍ വിജയ റണ്‍ നേടിയ ഡയാന. എന്നാല്‍, മറ്റൊന്ന് കൂടി പറഞ്ഞു അവര്‍. ക്രിക്കറ്റിനോടുള്ള ആവേശമല്ല, മറിച്ച് ആദ്യമായി സ്ത്രീകള്‍ കളിക്കുന്നത് കാണുകയെന്ന കൗതുകം മാത്രമായിരിക്കണം അവരുടെ ചേതോവികാരം. പോരാത്തതിന് അക്കാലത്ത് വിന്‍ഡീസ് ടീം ഒഴികേയുള്ളവരെല്ലാം കളിച്ചിരുന്നതാവട്ടെ മിനി സ്‌കേര്‍ട്ടിലായിരുന്നുതാനും. ഇതും ഒരു ആകര്‍ഷണമായിട്ടുണ്ടാവാം-ഒരു അഭിമുഖത്തില്‍ ചിരിച്ചുകൊണ്ട് ഡയാന പറഞ്ഞിരുന്നു.

എന്നാല്‍, ഈ ആവേശം തുടര്‍ന്നു കണ്ടില്ല. പല മത്സരങ്ങളും കാണാന്‍ ആളുണ്ടായില്ല. കാണാന്‍ ആളില്ല എന്ന ന്യായം പറഞ്ഞ് ചാനലുകാര്‍ സംപ്രേഷണം ചെയ്തുമില്ല. സംപ്രേഷണമില്ലാത്തതുകൊണ്ട് വരുമാനമൊന്നും കാര്യമായി ഉണ്ടായില്ല. സ്‌പോണ്‍സര്‍മാരും മുഖംതിരിച്ചു. പുരുഷ താരത്തിന് ഏഴ് കോടിയുടെ കരാറുള്ളപ്പോള്‍ അതേ കളി കളിക്കുന്ന ഒരു വനിതയ്ക്ക് പരമാവധി കിട്ടുന്നത് അമ്പത് ലക്ഷമാണ്. പണമുണ്ടാക്കൂ, കൂടുതല്‍ വേതനം തരാം എന്ന കോര്‍പറേറ്റ് തീട്ടൂരമാണ് ബി.സി.സി.ഐ. എക്കാലത്തും ഈ നെറികെട്ട വിവേചനത്തിന് നല്‍കുന്ന വിശദീകരണം. പുരുഷന്മാരുടെ കളിയില്‍ നിന്നുള്ള കാശ് കൊണ്ടാണ് വനിതകളുടെ കളി നടത്തിപ്പ് എന്നതായിരുന്നു വേതന വിഷയം ഉയരുമ്പോഴേല്ലാം ബി.സി.സി.ഐ.യുടെ പ്രതിരോധവാദം. ഫിഫയും ടെന്നിസ് ഫെഡറേഷനുമെല്ലാം വാദിച്ചുജയിച്ച അതേ തലതിരിഞ്ഞ ന്യായം. എന്നാല്‍, കാശിറക്കാതെ എങ്ങനെ കളിക്കാര്‍ ഉയര്‍ന്നുവരും, അവരുടെ കളി മെച്ചപ്പെടും എന്നോ കളി ടിവിയില്‍ കാണിക്കാതെ എങ്ങനെ നാട്ടുകാര്‍ കാണുമെന്നോ തിരിച്ചു ചിന്തിക്കാന്‍ ഇവര്‍ മിനക്കെട്ടതേയില്ല. പെണ്ണുങ്ങളുടെ കളിയ്ക്ക് ഗ്ലാമറിന്റെ ടാഗ് കെട്ടുകയായിരുന്നില്ല ആണുങ്ങളുടെ കളിക്ക് ആളെക്കൂട്ടാന്‍ ഗ്ലാമറസ് അവതാരകരുടെും ചിയര്‍ ഗേള്‍സിന്റെയും അശ്ലീല ഫോര്‍മുല പരീക്ഷിക്കുന്ന ബി.സി.സി.ഐ. ചെയ്യേണ്ടിയിരുന്നത്.

പെണ്ണുങ്ങളുടെ കളി കാണാന്‍ ആളില്ലെന്ന് പറയുന്നവര്‍ കണ്ടിരിക്കേണ്ട ഒരു കണക്കുണ്ട് ഐ.സി.സി.യുടെ പക്കല്‍. 2017ലെ ഇന്ത്യാ-ഇംഗ്ലണ്ട് വനിതാ ഏകദിന ഫൈനല്‍ കണ്ടത് 180 ദശലക്ഷം പേരാണ്. അതായത് 2013ലെ ലോകകപ്പിനെ അപേക്ഷിച്ച് 300 ശതമാനം വര്‍ധന. ഇന്ത്യയില്‍ മാത്രം 126 ദശലക്ഷം പേരാണ് ആ കളി ചാനലിലും വെബ്‌സൈവിറ്റിലുമായി ലൈവായി കണ്ടത്. ഇതില്‍ തന്നെ എണ്‍പതു ശതമാനവും ഗ്രാമീണ മേഖലയില്‍ നിന്നാണ് എന്നത് അത്ഭുതകരമായ കണക്കാണ്. ഇതേ വര്‍ധന ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ആദ്യമായി സെമി കളിച്ച ദക്ഷിണാഫ്രിക്കയിലുമെല്ലാമുണ്ടായി. ദക്ഷിണാഫ്രിക്കയില്‍ 861 ശതമാനവും ഇംഗ്ലണ്ടില്‍ 300 ശതമാനവും ഓസ്‌ട്രേലിയയില്‍ 131 ശതമാനവും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമെ ഐ.സി.സി.യുടെ വിവിധ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി മാത്രം ഈ മത്സരത്തിന്റെ വീഡിയോയ്ക്ക് 100 ദശലക്ഷം ഇംപ്രഷനാണ് ലഭിച്ചത്. വനിതകളുടെ കായികമത്സരങ്ങളില്‍ #WWC2017 എന്ന ഹാഷ്ടാഗായിരുന്നു ട്വിറ്ററില്‍ ട്രെന്‍ഡിങ്. 1984ല്‍ ബി.സി.സി. ഐ.യുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന വാംഖഡേയില്‍ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം വനിതാ ടെസ്റ്റ് സംപ്രേഷണം ചെയ്യാന്‍ കളിക്കാര്‍ക്ക് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ നേരിട്ട് കണ്ട് അഭ്യര്‍ഥിക്കേണ്ടിവന്ന പഴങ്കഥയോട് ചേര്‍ത്തു വായിക്കണം ഈ കഥകളെല്ലാം.

ശാന്ത രംഗസ്വാമിയും ഡയാന എഡൽജിയും

വിവിധ മാധ്യമങ്ങളുട കവറേജിലും വലിയ വര്‍ധന ഉണ്ടായതായാണ് ബ്രോഡ്കാസ്റ്റ് റിസര്‍ച്ച് ഏജന്‍സിയെയം ഫ്യൂച്ചര്‍ സ്‌പോര്‍ട് ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റിനെയും ഉദ്ധരിച്ച് ഐ.സി.സി. പറയുന്നത്. ടൂര്‍ണമെന്റ് നടന്ന നാലാഴ്ചയ്ക്കുള്ളില്‍ മാത്രം നൂറു രാജ്യങ്ങളിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ മാത്രം ഏതാണ്ട് അമ്പതിനായിരത്തിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നാണ് ഐ.സി.സി.യുടെ ഔദ്യോഗിക കണക്ക്. ഈ കണക്കിന്റെ മേല്‍ അടയിരുന്നാണ് അവര്‍ ആണുങ്ങളുടെ പഴയ ജെഴ്‌സി തുന്നിക്കൂട്ടി കൊടുത്തത്. സമൂസ തീറ്റിച്ച് കളിക്കാന്‍ വിട്ടത്, നഷ്ടക്കണക്ക് നിരത്തുന്നത്. എന്തു കൊണ്ട് പിന്നീടുള്ള പല കളികള്‍ക്കും ആളില്ലാതെ പോയി എന്ന ചോദ്യത്തിന് എന്തുകൊണ്ട് അന്ന് റെക്കോഡ് ജനക്കൂട്ടം കളി കണ്ടു എന്നും എന്തു കൊണ്ട് പിന്നീട് ഈ ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാന്‍ പരിശ്രമിച്ചില്ല എന്നുമുള്ള മറുചോദ്യങ്ങള്‍ മാത്രമാണ് ഉത്തരം. ടെന്നിസില്‍ ഇപ്പോള്‍ വനിതാ മത്സരങ്ങളും ഏതാണ്ട് പുരുഷനമാരുടേതിന് കിടപിടിക്കാന്‍ പോന്ന തരത്തിലെത്തിക്കഴിഞ്ഞു. ഇന്ത്യയുടെ ബാഡ്മിന്റണില്‍ പി.വി.സിന്ധുവിന് കിട്ടുന്ന പ്രേക്ഷകശ്രദ്ധ പുരുഷന്മാര്‍ക്ക് ഉണ്ടോ എന്നു സംശയമാണ്. അപ്പോള്‍ നേട്ടങ്ങളാണ് മുഖ്യം. നല്ല കളിയാണെങ്കില്‍ ആളുകള്‍ തേടിപ്പിടിച്ചുവരും. അതിനുള്ള വഴിയാണ് ബി.സി.സി.ഐ. ആലോചിക്കേണ്ടത്. പണമെറിഞ്ഞ് പണം വാരുന്ന വിദ്യ കച്ചവടത്തില്‍ മാത്രമല്ല, കച്ചവടവുമായുള്ള അതിര്‍രേഖ നേര്‍ത്തുവരുന്ന കളികളിലും പ്രാവര്‍ത്തികമാണ് എന്നതിന് ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട് കണ്‍മുന്നില്‍.

കളിക്കാര്‍ക്ക് കൂടുതല്‍ മത്സരപരിചയം ഉണ്ടാക്കുക എന്നതാണ് പ്രധാന പോംവഴിയെന്ന് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് ഡയാനയെയും ശാന്ത രംഗസ്വാമിയെയും പോലുള്ള പഴയകാല ലെജന്‍ഡുകള്‍. കൂടുതല്‍ ടീമുകള്‍ ടെസ്റ്റ് കളിച്ചു തുടങ്ങണമെന്ന് അവര്‍ ആവശ്യപ്പെട്ടുതുടങ്ങിയിട്ട് കാലം കുറച്ചായി. വനിതകള്‍ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ആരംഭിക്കുകയായിരുന്നു അടുത്ത ശുപാര്‍ശ. ജൂനിയര്‍ തലത്തില്‍ മത്സരങ്ങള്‍ ഇല്ലാത്തതാണ് നമുക്ക് കൂടുതല്‍ മികവുറ്റ കളിക്കാരുടെ പൂള്‍ ഇല്ലാത്തത്. ഓസ്‌ട്രേലിയയിലെ പോലെ 120 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിയുന്ന ഒരു ബൗളര്‍ ഇന്ത്യയില്‍ ഉണ്ടാവാത്തതിന്റെ ഒരു കാരണം ഇതാണ്. ഇതിന് പുറമെ സ്‌കൂള്‍തലം മുതല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഒരു നിശ്ചിത ഫോര്‍മാറ്റ് ഉണ്ടാവണം. ഒരു കലണ്ടറും. എങ്കില്‍ മാത്രമേ അതില്‍ നിന്ന് നല്ല കളിക്കാര്‍ ഉയര്‍ന്നുവരികയുള്ളൂ. നിര്‍ഭാഗ്യവശാല്‍ പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്ക് അതത്തരമൊരു ഫോര്‍മാറ്റ് ഇപ്പോള്‍ നിലവിലില്ല. വനിതകളുടെ അണ്ടര്‍ 19 മത്സരത്തില നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് ശാന്ത രംഗസ്വാമി ബി.സി.സി. ഐയ്ക്ക് കത്തെഴുതുക വരെ ചെയ്തു.

വനിതകള്‍ക്കായുള്ള പണം കായ്ക്കുന്ന ഐ.പി.എല്ലാണ് പലരും നിര്‍ദേശിക്കുന്ന മറ്റൊരു ധനാഗമന രീതി. അടുത്ത മാര്‍ച്ച് മുതല്‍ വനിതാ ഐ.പി.എല്‍ തുടങ്ങും എന്നാണ് ബി.സി.സി. ഐ. അധ്യക്ഷന്‍ സൗരവ് ഗാംഗുലി ഒടുവില്‍ പറഞ്ഞത്. തുടക്കത്തില്‍ അഞ്ച് ടീമുകള്‍ കളിക്കുന്ന, ഒരു മാസം നീളുന്ന ടൂര്‍ണമെന്റാണ് ആലോചനയിലുള്ളത്. അതെന്തായാലും വനിതാ ക്രിക്കറ്റില്‍ വലിയൊരു വിപ്ലവത്തിന് അത് വഴിയൊരുക്കും എന്നു വിശ്വാസിക്കുന്നവര്‍ ധാരാളമുണ്ട്.

ബാറ്റ്‌സ്മാന്‍ പോലുളള പദങ്ങള്‍ ഉപേക്ഷിക്കാന്‍ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബിന്റെ, അഥവാ എം.സി.സി.യുടെ തീരുമാനം വിപ്ലവകരമാണ്. പക്ഷേ, ബാറ്റ്‌സ്മാന്‍ ബാറ്ററായതുകൊണ്ടോ പുരുഷന്മാരുടെ മാതൃകയില്‍ വനിതകള്‍ക്കായും പിങ്ക് ബോള്‍ ക്രിക്കറ്റ് ആരംഭിച്ചതുകൊണ്ടോ മാത്രം തീരുന്നതല്ല വനിതാ ക്രിക്കറ്റര്‍മാര്‍ നേരിടുന്നത്. സമീപനത്തിലാണ് ആദ്യം മാറ്റം വേണ്ടത്. ഗാംഗുലിയുടെയും അസ്ഹറുദ്ദീന്റെയുമെല്ലാം വിമര്‍ശനങ്ങള്‍ക്കെതിരേ എതിര്‍പ്പ് ഉയരാന്‍ കാരണം അവരുടെ സമീപനത്തില്‍ നിഴലിടുന്ന പുരുഷാധിപത്യ പ്രവണത തന്നെയാണ്. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെങ്ങുമുള്ള വനിതാ കായികതാരങ്ങള്‍ക്ക് മുന്നിലെ ഏറ്റവും വലിയ തടസ്സവും ഈ സമീപനം തന്നെയാണ്. ഇത് ഇന്ത്യയിലെ ക്രിക്കറ്റിന്റെ മാത്രം പ്രശ്‌നമല്ല. ലോകമെമ്പാടുമുള്ള വനിതാ താരങ്ങള്‍ പ്രതിഭയുണ്ടായിട്ടും കാലിടറിപ്പോകുന്നത് പലപ്പോഴും ഈ സമീപനത്തിന്റെ മുന്നിലാണ്. കാശ് വാരുക്കൂട്ടുന്നതിനിടയില്‍ ഇതിനെങ്കിലും ഒരു മാതൃക കാട്ടാനായാല്‍ ദേഹത്തെ പുരണ്ട കളങ്കം കുറച്ചെങ്കിലും ബി.സി.സി.ഐ.യ്ക്ക് മായ്ച്ചുകളയാനാകും. അതിനാവണം ദാദ ശ്രമിക്കേണ്ടത്. മനസ്സില്‍ നിന്ന് ആദ്യം ആ പുരുഷാധിപത്യ പ്രവണതയെ ബൗള്‍ഡാക്കണം.

ഇത് ഇന്ത്യയിലെയോ വനിതാ ക്രിക്കറ്റിലെയോ മാത്രം വിഷയമല്ല, ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ബംഗ്ലാദേശിലുമെല്ലാം രണ്ടാംകിടക്കാരാക്കുന്നതിനെതിരേ, ഒരേ പന്തിയില്‍ രണ്ടുതരം വിളമ്പലിനെതിരേ കലഹം പതിവാണ് വനിതാ ക്രിക്കറ്റില്‍. ക്രിക്കറ്റിനേക്കാള്‍ വലിയ കലാപം ഫുട്‌ബോളിലും ടെന്നിസിലുമെല്ലാം നടന്നിട്ടുണ്ട്. മേഗന്‍ റാപ്പിനോയും സെറീന വില്ല്യംസും ബെല്ലി ജീന്‍ കിങ്ങുമെല്ലാം എല്ലിസണ്‍ ഫെലിക്‌സും അലീസിയ മൊണ്ടാനോയും കാതറിന്‍ സ്വിറ്റ്‌സറും യു.എസ് വനിതാ സോക്കര്‍ ടീമുമെല്ലാം പല കാലങ്ങളില്‍ വേതനത്തിലെ തുല്ല്യതയ്ക്കുവേണ്ടി പൊരുതിയവരാണ്. വേതനത്തില്‍ മാത്രമല്ല, അടി മുതല്‍ മുടിവരെ വേണം തുല്ല്യത. അതിന് ഗാംഗുലിയുടെയും അസറിന്റെയും മാത്രമല്ല, ലോകമെങ്ങുമുള്ള കായികമുതലാളിമാരുടെ തന്നെ മനസ് മാറണം. കളി ജയിക്കേണ്ടത് ആദ്യം മനസിലാണല്ലോ. പിന്നെയാണല്ലോ പിച്ചില്‍ കോര്‍ട്ടിലുമെല്ലാം.

Content Highlights: sourav ganguly, Azharuddin, indian womens cricket team, bcci, mithali raj, smriti mandhana, serena


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented