27 വർഷങ്ങൾക്ക് മുമ്പ് ഡെറാഡൂണിലുള്ള ഒരച്ഛൻ തന്റെ മകൾക്ക് എന്ത് പേരിടണം എന്ന് തലപുകഞ്ഞ് ആലോചിച്ച് ആശുപത്രി വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഒടുവിൽ അയാൾ ഒരു പേര് കണ്ടെത്തി. എല്ലാവരോടും സ്നേഹമുള്ളവളായി മകൾ വളരണമെന്ന് ആഗ്രഹിച്ച് ആ അച്ഛൻ മകൾക്കിട്ട പേര് 'സ്നേഹ്' എന്നായിരുന്നു.

വർഷങ്ങൾക്കിപ്പുറം ഒരു 'ഫാദേഴ്സ് ഡേ'യിൽ ആ അച്ഛന് അഭിമാനിക്കാവുന്ന ഒരു നേട്ടത്തിൽ മകൾ എത്തിയിരിക്കുന്നു. എന്നാൽ ആ നേട്ടം ആഘോഷിക്കാൻ അച്ഛൻ ഗാലറിയിലുണ്ടായിരുന്നില്ല. ആകാശത്ത് എവിടെയോ ഇരുന്ന ആ അച്ഛൻ അഭിമാനത്തോടെ പുഞ്ചിരിച്ചിട്ടുണ്ടാകും. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗം സ്നേഹ് റാണയും ഭഗ്​വാൻ സിങ്ങ് റാണയുമാണ് ആ അച്ഛനും മകളും.

രണ്ടു മാസങ്ങൾക്കു മുമ്പാണ് സ്നേഹയ്ക്ക് അച്ഛനെ നഷ്ടമായത്. അഞ്ചു വർഷത്തോളമായി അലമാരയിൽ പൊടിപിടിച്ചിരിക്കുന്ന ഇന്ത്യൻ ജഴ്സി ആലോചിച്ച് നിരാശയിൽ കഴിഞ്ഞിരുന്ന സ്നേഹയെ കൂടുതൽ സങ്കടത്തിലേക്ക് വീഴ്ത്തുന്നതായിരുന്നു ആ മരണം. എന്നാൽ പ്രതീക്ഷയുടെ ഒരു വെളിച്ചം സ്നേഹയെ തേടിയെത്തി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിൽ സ്നേഹയേയും ഉൾപ്പെടുത്തിയിരിക്കുന്നു. അച്ഛൻ നഷ്ടപ്പെട്ട വേദനയിലേക്ക് തണുത്ത വെള്ളം കോരി ഒഴിക്കുന്നതു പോലെയായിരുന്നു ആ വാർത്ത.

ജഴ്സിയെല്ലാം പൊടിതട്ടിയെടുത്ത് അവൾ വീണ്ടുമണിഞ്ഞു. അച്ഛനെ മനസിൽ പ്രാർത്ഥിച്ച് ബ്രിസ്റ്റോളിലെ ഗ്രൗണ്ടിലേക്കിറങ്ങി. ഒന്നും വെറുതേയായില്ല. ഇംഗ്ലണ്ടിനെതിരേ തോൽവിയിലേക്ക് വീഴുകയായിരുന്ന ഇന്ത്യയെ സ്നേഹ് കൈപ്പിടിച്ചുയർത്തി ടെസ്റ്റ് സമനിലയിൽ എത്തിച്ചു. ഒമ്പതാം വിക്കറ്റിൽ താനിയ ഭട്ടിനെ കൂട്ടുപിടിച്ച് 144 റൺസ് ഇന്ത്യൻ സ്കോറിനൊപ്പം ചേർത്തു.

ഒപ്പം ഒരുപിടി റെക്കോഡുകളും അവളുടെ പേരിനൊപ്പം ചേർന്നു. അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ചുറിയും നാല് വിക്കറ്റും നേടുന്ന ആദ്യ ഇന്ത്യൻ താരവും നാലാമത്തെ ലോകതാരവുമായി ഇരുപത്തിയേഴുകാരി. മത്സരത്തിൽ 154 പന്തിൽ 80 റൺസടിച്ച താരം ആറാമതായി ബാറ്റിങ്ങിനിറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡും സ്വന്തമാക്കി. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ തന്റെ പ്രകടനം അച്ഛന് സമർപ്പിച്ച് സ്നേഹ് പറഞ്ഞു. 'അച്ഛന് ഇതിലും വലിയൊരു സമ്മാനം നൽകാനില്ല.'

Content Highlights: Sneh Rana becomes first Indian womens cricketer to achieve huge Test feat with brilliant all round display vs England