സിസ്റ്റര്‍ ഗ്രാസിയ: ഓര്‍മയുടെ ട്രാക്കിലും കണ്‍മുന്നിലും


സനില്‍ പി തോമസ്‌

ഇതൊരു ഓര്‍മക്കുറിപ്പാണ്. ഒരേ ജീവിതത്തിന്റെ പഴയതും പുതിയതുമായ അവസരങ്ങളെ സ്പര്‍ശിക്കുന്ന ഈ കുറിപ്പില്‍ സ്‌പോര്‍ട്സ് ട്രാക്കും രോഗവും സാന്ത്വനപരിചരണവുമെല്ലാം സംഗമിക്കുന്നു. ജീവിതം കാത്തുവെച്ചിരിക്കുന്ന വിസ്മയങ്ങളെക്കുറിച്ച് നാം ഓര്‍ത്തുപോകുന്നു

1960-ൽ ദേശീയ സ്‌കൂൾ കായികമേളയിൽ മുഖ്യമന്ത്രി പട്ടംതാണുപിള്ളയിൽനിന്ന് സ്വർണമെഡൽ സ്വീകരിക്കുന്ന ഏലിക്കുട്ടി | Photo: Print

കായികപ്രേമിയായ ജോസ് അച്ചന്‍ (ഫാ. ജോസ് പറയംനിലം) ഇടയ്‌ക്കൊക്കെ ഫോണില്‍വിളിച്ച് സ്‌പോര്‍ട്സ് വിശേഷങ്ങള്‍ പങ്കുവെക്കും. തന്റെ ചില പഠനങ്ങള്‍ വിശദീകരിക്കും. മില്‍ഖാ സിങ് അന്തരിച്ചതിന്റെ അടുത്തൊരു നാളില്‍ അച്ചന്‍ വിളിച്ചു. 'അടിമാലിയില്‍നിന്ന് അച്ചനാണ്' എന്നു പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചുതുടങ്ങിയ അദ്ദേഹം മില്‍ഖാ സിങ്ങിനൊപ്പം ദേശീയ ക്യാമ്പില്‍ പങ്കെടുത്ത ഏലിക്കുട്ടിയെന്ന അത്ലറ്റിനെ കഴിഞ്ഞദിവസം കണ്ടകാര്യം പറഞ്ഞു. ഒരുനിമിഷം ഞാന്‍ നടുങ്ങി. ഫോണ്‍ കൈയിലിരുന്നു വിറച്ചു. അല്പനേരത്തേക്കു സംസാരിക്കാനേ സാധിച്ചില്ല. പിന്നെ, ഞാന്‍ ചോദിച്ചു: ''ഏത് ഏലിക്കുട്ടിയെയാണ് അച്ചന്‍ കണ്ടത്?.''

''ഏലിക്കുട്ടി... സിസ്റ്റര്‍ ഗ്രാസിയ. സിസ്റ്റര്‍ എന്റെ സിസ്റ്ററിനൊപ്പം പഠിച്ചതാണ്.'' അച്ചന്‍ പിന്നീട് പറഞ്ഞതൊന്നും എന്റെ തലയില്‍ക്കയറിയില്ല. സിസ്റ്റര്‍ ഗ്രാസിയ പൈങ്കുളത്തുണ്ട് എന്നുമാത്രം മനസ്സിലാക്കി. കേട്ടത് സത്യമെന്നു തിരിച്ചറിയാന്‍ സമയമെടുത്തു.

ഓര്‍മകള്‍ മൂന്നരപ്പതിറ്റാണ്ട് പിന്നിലേക്ക്. 1986 മേയ്. കെ.വി. ഏലിക്കുട്ടിയെന്ന സിസ്റ്റര്‍ ഗ്രാസിയ അന്ന് കോട്ടയം കാരിത്താസ് ആശുപത്രിയോടനുബന്ധിച്ചുള്ള നഴ്സിങ് സ്‌കൂളില്‍ ട്യൂട്ടര്‍. അല്പം ഭയപ്പെടേണ്ടൊരു രോഗത്തിന്റെ പിടിയിലാണ് സിസ്റ്റര്‍ എന്ന് അറിഞ്ഞുതന്നെയാണ് കാണാന്‍ചെന്നത്. പക്ഷേ, സന്ദര്‍ശകമുറിയില്‍ എന്നെ സ്വീകരിച്ചത് ഒരു കായികതാരത്തിന്റെ ചടുലമായ ചുവടുവെപ്പോടെയെത്തിയ നാല്പത്തൊന്നുകാരി. മുഖത്തോ സംസാരത്തിലോ ആശങ്കയുടെ ലാഞ്ഛനപോലുമില്ലായിരുന്നു. പക്ഷേ, സിസ്റ്റര്‍ പറഞ്ഞു: ''ഇടയ്ക്കിടെ രക്തം കയറ്റേണ്ടിവരുന്നതിന്റെ (ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍) ബുദ്ധിമുട്ടുകളുണ്ട്.'' 1959-'60ല്‍ സംസ്ഥാനത്ത് ഏറ്റവും വേഗമേറിയ ഓട്ടക്കാരിയായിരുന്ന ജാനിസ് സ്പിങ്കിനെയും രണ്ടാംസ്ഥാനക്കാരി കെ.വി. ഏലിക്കുട്ടിയെയും പരിചയപ്പെടുത്തിക്കൊണ്ട് ഞാന്‍ ഒരു വനിതാപ്രസിദ്ധീകരണത്തില്‍ എഴുതി.

വീട്ടില്‍ ഫോണ്‍ ഇല്ലാത്ത കാലം. ഇടയ്‌ക്കൊക്കെ സിസ്റ്റര്‍ കത്തയക്കും. ഏതാനും മാസങ്ങള്‍ കഴിഞ്ഞു. കാരിത്താസ് വിട്ട് താന്‍ തൃശ്ശൂര്‍ അമല കാന്‍സര്‍ സെന്ററില്‍ ഉണ്ടെന്നും കാണാന്‍ ആഗ്രഹിക്കുന്നെന്നും പറഞ്ഞൊരു കത്തുകിട്ടി. അടുത്തദിവസംതന്നെ ഞാന്‍ അമലയില്‍ എത്തി. ബസ്സിറങ്ങി നടന്നുചെല്ലുന്ന എന്നെ സിസ്റ്റര്‍ ദൂരെനിന്നേ കണ്ടു. ഒന്നുരണ്ടു ചുവടുകള്‍ ഓടിയെത്തി എന്റെ ഇരുകരവും പിടിച്ചു. പക്ഷേ, മുമ്പ് കണ്ടപ്പോഴുണ്ടായിരുന്ന പ്രസരിപ്പില്ല. നഴ്സിങ് കുട്ടികളെ അനാട്ടമി പഠിപ്പിക്കാന്‍ ഏതാനും മാസത്തേക്ക് എത്തിയതാണെന്നും രക്തംകയറ്റുന്നത് തുടരുന്നുണ്ടെന്നും പറഞ്ഞു. സംശയിക്കപ്പെട്ട രോഗത്തെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. കാന്റീനില്‍നിന്നു ചായവാങ്ങിത്തന്ന് സിസ്റ്റര്‍ എന്നെ യാത്രയാക്കി. തുടര്‍ന്ന് ഏതാനും കത്തുകള്‍ കിട്ടി. പിന്നെ ഒരു വിവരവുമില്ല.

തൊടുപുഴ കരിമണ്ണൂരില്‍ കുഴിക്കാട്ട് വര്‍ക്കിയുടെയും ഏലിയുടെയും മകള്‍ സിസ്റ്റര്‍ ഗ്രാസിയയെ തിരക്കിയിറങ്ങാന്‍ പലതവണ തുനിഞ്ഞതാണ്. പക്ഷേ, കേള്‍ക്കുന്ന വാര്‍ത്ത എങ്ങനെയാകും എന്ന ആശങ്ക പിന്തിരിപ്പിച്ചു. വൈദ്യശാസ്ത്രം അദ്ഭുതം സൃഷ്ടിച്ചോ? അതോ മറ്റുവല്ല അദ്ഭുതവും സംഭവിച്ചോ? ജോസച്ചനെ വിളിച്ച് സിസ്റ്റര്‍ ഗ്രാസിയയുടെ ഫോണ്‍നമ്പര്‍ വാങ്ങി. 35 വര്‍ഷം കടന്നുപോയെങ്കിലും സിസ്റ്റര്‍ എന്നെ മറന്നില്ല. രോഗകാര്യം ചോദിക്കാതെ ആരോഗ്യവിവരം തിരക്കി. പഴയതുപോലെ നടുവേദന ഇപ്പോഴും അലട്ടുന്നു. ഏറെക്കാലമായി പൈങ്കുളം എസ്.എച്ച്. ആശുപത്രിയിലുണ്ട്. നഴ്സിങ് സൂപ്രണ്ടായിരുന്നു. കുറച്ചുനാള്‍ ഓഫീസ് ജോലിയും നോക്കി. ഇപ്പോള്‍ ഏതാനുംവര്‍ഷമായി വിശ്രമജീവിതം.

ഗ്രാസിയ

പിന്നീട് പലതവണ സംസാരിച്ചെങ്കിലും അന്നു സംശയിക്കപ്പെട്ട രോഗത്തില്‍നിന്ന് എങ്ങനെ മോചിതയായി എന്നു ചോദിക്കാന്‍കഴിഞ്ഞില്ല. ഒടുവില്‍ കഴിഞ്ഞദിവസം ഞാന്‍ പറഞ്ഞു: ''സിസ്റ്ററിനെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്ത എന്താകുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് അന്വേഷിക്കാതിരുന്നത്.'' സിസ്റ്റര്‍ ആ കഥ പറഞ്ഞു.

ബെംഗളൂരു മാര്‍ത്താസ് നഴ്സിങ് കോളേജില്‍ നഴ്സിങ്ങിനു പഠിക്കുന്ന കാലം. ഒരു രോഗിയെ കിടക്കയില്‍നിന്ന് എഴുന്നേല്‍പ്പിച്ചപ്പോള്‍ നടുവിന് ഇടര്‍ച്ച സംഭവിച്ചു. രണ്ടാഴ്ചയോളം കിടപ്പിലായി. നട്ടെല്ലിലെ കശേരുക്കള്‍ക്ക് അകല്‍ച്ച. ഭാരം കെട്ടിയിട്ടുള്ള ചികിത്സയൊന്നും (13 കിലോവരെ ഉപയോഗിച്ചു) ഫലിച്ചില്ല. പിന്നീട്, കിഡ്നിക്കാണു പ്രശ്‌നമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അന്ന് സ്‌കാനിങ്ങില്ല. എല്ലാറ്റിനും ആശയം എക്‌സ്‌റേ മാത്രം. ഐ.വി.പി. എടുക്കുന്നത് പ്രത്യേക ബെല്‍റ്റ് ധരിപ്പിച്ച് ഡൈ ഇന്‍ജക്ട് ചെയ്താണ്. മുറുക്കിക്കെട്ടിയ ബെല്‍റ്റിന്റെ ഒരുവശം അയഞ്ഞത് ആരും ശ്രദ്ധിച്ചില്ല. ഫലം ഒരു കിഡ്നിയേ എക്‌സ്റേയില്‍ തെളിഞ്ഞുള്ളൂ. പിന്നീട് ഡബിള്‍ ഡൈ ഉപയോഗിച്ചു.

തളര്‍ച്ചയും ഭക്ഷണത്തോട് വിരക്തിയുമൊക്കെയായപ്പോള്‍ സംശയം വീണ്ടും വര്‍ധിച്ചു. ബോണ്‍മാരോ ടെസ്റ്റ് നടത്തി. മജ്ജയില്‍ രക്തം ഉണ്ടാകുന്നില്ല (ബോണ്‍ മാരോ ഡിപ്രഷന്‍) എന്നു കണ്ടെത്തി. ടി.സി. (ടോട്ടല്‍ ബ്ലഡ് കൗണ്ട്) അയ്യായിരത്തിനുമുകളില്‍ വരേണ്ടിടത്ത് 500 വരെ താഴ്ന്നു. രക്തംകയറ്റിയപ്പോള്‍ 1500 വരെയെത്തി. ഇതോടെ ആഴ്ചതോറും രക്തംകയറ്റി. ഇത്രയുമായപ്പോള്‍ താന്‍ പോസ്റ്റ് ബി.എസ്സി. നഴ്സിങ് പഠിച്ച മദ്രാസ് മെഡിക്കല്‍ കോളേജിലെ ഹെമറ്റോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചു. ബോണ്‍ മാരോ ടെസ്റ്റിനുശേഷം ഡോക്ടര്‍ പറഞ്ഞു. ''ബ്ലഡ് കാന്‍സറിന്റെ ലക്ഷണമുണ്ട്.'' പക്ഷേ, ഉറപ്പിച്ചുപറയാന്‍ ഡോക്ടര്‍ തയ്യാറായില്ല.

തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയില്‍ ആയിരുന്നു സിസ്റ്റര്‍ ഗ്രാസിയ അന്ന്. തന്നെയൊരു രോഗിയായി, അനുകമ്പയോടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും കാണുന്നതായി തോന്നി. അതോടെ കോട്ടയം കാരിത്താസിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങി. രക്തംകയറ്റുന്ന പ്രക്രിയ കുറച്ചുനാള്‍ തുടര്‍ന്നു. ഇടയ്ക്കിടെ കൗണ്ട് പരിശോധിക്കേണ്ടിവന്നു. പിന്നെയൊന്നും സംഭവിച്ചില്ല എന്നുപറയാം. അയോഡിന്‍ രക്തത്തില്‍ കലര്‍ന്നതും തുടര്‍ച്ചയായി എക്‌സ്റേ എടുത്തതുമാണ് പ്രശ്‌നമായതെന്ന് സിസ്റ്റര്‍ വിശ്വസിക്കുന്നു. 56 തവണയാണത്രേ എക്‌സ്റേ എടുത്തത്. ഇത് ഏല്‍പ്പിച്ച റേഡിയേഷന്‍ ചില്ലറയല്ല. ബാക്കി ആരോഗ്യപ്രശ്‌നങ്ങളെല്ലാം മാറി. നടുവേദന എഴുപത്തിയാറാം വയസ്സിലും ഇടയ്ക്കിടെ അലട്ടുന്നു.

വലിയൊരു അഗ്‌നിപരീക്ഷ അതിജീവിക്കാന്‍ സിസ്റ്റര്‍ ഗ്രാസിയക്ക് ആത്മധൈര്യം നല്‍കിയതില്‍ ട്രാക്കിനും ഫീല്‍ഡിനും സാരമായ പങ്കുണ്ട്. നഴ്സിങ്ങിനു പഠിക്കുമ്പോഴും പോസ്റ്റ് ബി.എസ്സി.ക്കു പഠിക്കുമ്പോഴും സഭാവസ്ത്രം ധരിച്ച് ട്രാക്കിലും ഫീല്‍ഡിലും ഇറങ്ങി. കരിമണ്ണൂര്‍ സെയ്ന്റ് ജോസഫ്സ് സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ട്രാക്കിലെത്തിയ കെ.വി. ഏലിക്കുട്ടി 1960-ല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജാവലില്‍ ത്രോയില്‍ സ്ഥാപിച്ച റെക്കോഡ് ഒരു വ്യാഴവട്ടത്തിലേറെ നിലനിന്നു. 100 മീറ്ററില്‍ ജാനിസ് സ്പിങ്കിനു പിന്നില്‍ വെള്ളി. ലോങ് ജമ്പിലും 4ത100 മീറ്റര്‍ റിലേയിലും സ്വര്‍ണം. തുടര്‍ന്ന് തിരുവനന്തപുരത്ത് ദേശീയ സ്‌കൂള്‍ കായികമേളയില്‍ ലോങ് ജമ്പില്‍ വെള്ളിയും റിലേയില്‍ സ്വര്‍ണവും.

അന്തസ്സംസ്ഥാന മീറ്റില്‍ സംസ്ഥാന ടീമില്‍ സ്ഥാനംനേടി. മായാ മാത്യൂസിനും കെ.ഒ. ഏലിക്കുട്ടിക്കും ലീലാമ്മ മാത്യുവിനുമൊപ്പം 1960-ലെ റോം ഒളിമ്പിക്‌സ് മുന്‍നിര്‍ത്തിയുള്ള ദേശീയ ക്യാമ്പിലെത്തി. മില്‍ഖാ സിങ്ങും ഗുര്‍ചരന്‍ സിങ് രണ്‍ധാവയും ഉള്‍പ്പെട്ട ഇതിഹാസതാരങ്ങള്‍ ക്യാമ്പിലുണ്ടായിരുന്നു. പട്യാലയില്‍ രണ്ടാഴ്ചയോളം ക്യാമ്പില്‍ തുടര്‍ന്നു. അതിശൈത്യവും ഒളിമ്പിക്‌സ് ടീമില്‍ വനിതകള്‍ക്കു സാധ്യതക്കുറവും കണക്കിലെടുത്ത് മലയാളിതാരങ്ങളെ നാട്ടിലേക്കു മടക്കി. (സ്റ്റെഫി ഡിസൂസയും സിലു മിസ്ത്രിയും മേരീ ബൗണുമായിരുന്നു അന്ന് രാജ്യത്തെ മികച്ച സ്പ്രിന്റര്‍മാര്‍. 80 മീറ്റര്‍ ഹര്‍ഡില്‍സ് ദേശീയ ചാമ്പ്യന്‍ വയലറ്റ് പീറ്റേഴ്സിനും റിലേടീമിലെത്താം. പിന്നെ സിസിലിയ പെയ്സും ഡിയാനയുമൊക്കെയുണ്ടായിരുന്നു. ഒളിമ്പിക്‌സിന് റിലേ ടീമില്‍ ബെര്‍ത്ത് നേടാന്‍ കേരളത്തിന്റെ ജൂനിയര്‍ താരങ്ങള്‍ക്ക് എളുപ്പമല്ലായിരുന്നു).

ട്രാക്കിലെ നഷ്ടവും ലാഭവും കണക്കുകൂട്ടാന്‍ വിട്ടുപോയ ഏലിക്കുട്ടി മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രീ യൂണിവേഴ്സിറ്റിക്ക് (പ്ലസ്ടു) പഠിക്കുമ്പോള്‍ കോളേജ് അത്ലറ്റിക് ചാമ്പ്യന്‍ ആയിരുന്നു. സ്‌പോര്‍ട്സ് ക്വാട്ടയില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടിയിട്ടും നഴ്സിങ് തിരഞ്ഞെടുത്തത് മറ്റൊരു അദ്ഭുതം.

തൊടുപുഴ മൈലക്കൊമ്പ് തിരുഹൃദയമഠത്തില്‍ (എസ്.എച്ച്.) ചേര്‍ന്ന് സിസ്റ്റര്‍ ഗ്രാസിയയായി. ബെംഗളൂരുവില്‍ നഴ്സിങ് പഠിക്കുമ്പോള്‍ ഹാന്‍ഡ്ബോളും ബാഡ്മിന്റണും പരിശീലിച്ചു. ഉപരിപഠനം നടത്തുമ്പോഴും ട്രാക്കില്‍ തുടര്‍ന്നു. ബ്ലഡ് കാന്‍സര്‍ എന്നു സംശയിച്ചപ്പോള്‍പ്പോലും രോഗിയെന്നു വിശ്വസിക്കാന്‍ വിസമ്മതിച്ച സിസ്റ്റര്‍ പിന്നീട് അക്കാര്യം ചിന്തിച്ചേയില്ല.

പക്ഷേ, സിസ്റ്ററെ കണ്ടെത്താന്‍ എന്റെ മനസ്സ് വിലക്കിയ കാലത്ത് അവര്‍ എവിടെയൊക്കെയായിരുന്നു? ഇടപ്പള്ളി എം.എ.ജെ. ആശുപത്രിയില്‍ നഴ്സിങ് സീനിയര്‍ ട്യൂട്ടര്‍, ചേര്‍ത്തല കല്യാണി വേലായുധന്‍ സ്മാരക (കെ.വി.എം.) ആശുപത്രിയില്‍ നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍, നഴ്സിങ് കൗണ്‍സില്‍ പരീക്ഷാ ബോര്‍ഡ് അംഗം, ആലത്തൂര്‍ ക്രെസന്റ് ആശുപത്രിയില്‍ നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍. അങ്ങനെ അധ്യാപനവും നഴ്സിങ് ജോലികളുമായി ജീവിതം മുന്നോട്ട്.

കന്യാസ്ത്രീകള്‍ ക്രിസ്തീയ സ്ഥാപനങ്ങളിലല്ലാതെ ജോലിനോക്കുന്നത് അപൂര്‍വമാണ്. ഈ ചരിത്രവും സിസ്റ്റര്‍ ഗ്രാസിയ തിരുത്തി. പ്രൊവിന്‍ഷ്യലിനോടും മദര്‍ ജനറലിനോടും പ്രത്യേകം അനുമതിവാങ്ങിയാണ് സിസ്റ്റര്‍ കെ.വി.എം. ആശുപത്രിയില്‍ എത്തിയത്. 1990 മുതല്‍ ഒരുപതിറ്റാണ്ട് അവിടെ ജോലിനോക്കി. ഇടയ്ക്ക് അമ്മ രോഗബാധിതയായ ഏതാനുംനാള്‍ മാത്രമാണു വിട്ടുനിന്നത്. മൂന്നുവര്‍ഷംകൊണ്ട് കെ.വി.എം. നഴ്സിങ് കോളേജിനെ വളര്‍ത്തി. സംസ്ഥാനത്ത് ഒന്നാംനിരയില്‍ എത്തിച്ചു. ഒരു കന്യാസ്ത്രീയാണ് പ്രിന്‍സിപ്പല്‍ എന്നറിഞ്ഞ് പലഭാഗത്തുനിന്നും കുട്ടികള്‍ പഠിക്കാനെത്തി. നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രാറുടെ നിര്‍ദേശാനുസരണം മുസ്ലിം സ്ഥാപനമായ ആലത്തൂര്‍ ക്രെസന്റ് ആശുപത്രിയിലെ നഴ്സിങ് കോളേജില്‍ മൂന്നുമാസത്തേക്ക് നിയോഗിക്കപ്പെട്ട സിസ്റ്റര്‍ അവിടെ പ്രിന്‍സിപ്പലായി നാലുവര്‍ഷം തുടര്‍ന്നു.

മെറിറ്റില്‍ മുന്നിലെത്തുന്ന പല കുട്ടികള്‍ക്കും കാപ്പിറ്റേഷന്‍ ഫീസ് കൊടുക്കാന്‍ നിര്‍വാഹമില്ലാതെ നഴ്സിങ് പഠനം ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്. താന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന നഴ്സിങ് കോളേജുകളില്‍ ഇങ്ങനെ സംഭവിക്കരുതെന്നു സിസ്റ്റര്‍ ഗാസിയക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സാമ്പത്തികബുദ്ധിമുട്ടുണ്ടായിരുന്ന ഒട്ടേറെ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കി. ചിലരുടെ ഫീസും കൊടുത്തു. ചിലര്‍ക്കു പ്രത്യേക ട്യൂഷനും സൗജന്യമായി നല്‍കി. ''അര്‍ഹതയല്ലാതെ ഒരിടത്തും ജാതിയും മതവും നോക്കിയില്ല. എത്രയോ കുടുംബങ്ങള്‍ രക്ഷപ്പെട്ടു. അവരൊക്കെ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു'' -സിസ്റ്റര്‍ പറഞ്ഞു. പക്ഷേ, നഴ്സിന്റെ യഥാര്‍ഥറോള്‍ അറിഞ്ഞത് കെ.വി.എമ്മില്‍വെച്ചാണ്. എരമല്ലൂര്‍ ബസ്സപകടത്തില്‍ പരിക്കേറ്റ 46 പേരെ രാത്രിയില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഒരു ഡ്യൂട്ടിഡോക്ടര്‍മാത്രം. നഴ്സിങ് വിദ്യാര്‍ഥികളെയെല്ലാം വിളിച്ചുണര്‍ത്തി ഒരുരോഗിക്കു മൂന്നുപേര്‍വീതം എന്ന കണക്കിനു ചുമതലയേല്‍പ്പിച്ചു. വേദനകൊണ്ടു പുളയുന്ന രോഗികള്‍. എല്ലാവര്‍ക്കും വേദനസംഹാരി നല്‍കാന്‍ സിസ്റ്റര്‍തന്നെ നിര്‍ദേശിച്ചു. മറ്റു ഡോക്ടര്‍മാരും മെഡിക്കല്‍ കോളേജില്‍നിന്നു വിദഗ്ധ ഡോക്ടര്‍മാരുമൊക്കെയെത്തിയത് പിന്നാലെ. പിറ്റേദിവസം ഉച്ചവരെ വിശ്രമമില്ലാതെ സേവനംചെയ്ത സിസ്റ്ററെ അപകടം സംബന്ധിച്ച കേസ് വിചാരണവേളയില്‍ ആലപ്പുഴ കോടതിയില്‍ ജഡ്ജി ഹരിദാസ്, ചേംബറില്‍ വിളിച്ച് അനുമോദിച്ചു.

അപകടത്തില്‍പ്പെട്ട ചലച്ചിത്രതാരങ്ങളായ മോനിഷയെയും ശാന്തികൃഷ്ണയെയും ശുശ്രൂഷിച്ച അനുഭവവും സിസ്റ്റര്‍ക്കുണ്ട്. ശാന്തികൃഷ്ണയ്ക്ക് ഏതാനും സ്റ്റിച്ച് മതിയായിരുന്നു. പക്ഷേ, മോനിഷയെ രക്ഷിക്കാനായില്ല. ''ഞാനും ഏതാനും നഴ്സിങ് വിദ്യാര്‍ഥികളും പുലര്‍ച്ചെ 5.45-നു തൊട്ടടുത്ത പള്ളിയിലേക്കു പ്രാര്‍ഥനയ്ക്കു പോകാന്‍ ഇറങ്ങിയപ്പോഴാണ് ഒരു ഓട്ടോറിക്ഷ വന്നുനിന്നത്. അമ്മയും മകളുമാണ് ഓട്ടോയില്‍. മോനിഷയാണെന്ന് അമ്മ പറയുന്നുണ്ടായിരുന്നു.''

അമ്മയ്ക്ക് കാര്യമായ പരിക്കില്ല. പ്രാര്‍ഥനയ്ക്കുപോകാതെ അത്യാഹിതവിഭാഗത്തിലേക്ക് ഓടിക്കയറിയ സിസ്റ്റര്‍ മോനിഷയ്ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാന്‍ നെഞ്ചില്‍ കൈയമര്‍ത്തി, പക്ഷേ, മൂക്കിലും വായിലുംകൂടി കട്ടപിടിച്ച രക്തമാണ് പുറത്തുവന്നത്. രക്തംവാര്‍ന്ന് മുഖത്ത് മഞ്ഞനിറമായിരുന്നു. പെട്ടെന്നുതന്നെ ഡോക്ടര്‍ ഓടിയെത്തി. പക്ഷേ, രക്ഷിക്കാനായില്ല. മോനിഷ മരിച്ചവിവരം അറിയിക്കാതെ അമ്മയെ മറ്റൊരിടത്തേക്കു മാറ്റി.

''മോനിഷ അഭിനയിച്ച 'കമലദളം' സിനിമ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. കുട്ടിത്തംമാറാത്ത ആ മുഖത്തേക്കു ഞാന്‍ ഏറെനേരം നോക്കിനിന്നു.'' രോഗിയെന്നനിലയില്‍ ഏറെ നൊമ്പരങ്ങള്‍ അനുഭവിച്ച സിസ്റ്റര്‍ ഗ്രാസിയക്ക് തന്റെ കണ്‍മുന്നില്‍ മോനിഷയുടെ കണ്ണുകള്‍ അടഞ്ഞത് ഒരു നൊമ്പരമായി ഇന്നും മനസ്സില്‍ ബാക്കി.

Content Highlights: sister gracia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented