കൊച്ചി: 'പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്ന് വിശ്വസിക്കുവിന്‍... നിങ്ങള്‍ക്ക് ലഭിക്കുക തന്നെ ചെയ്യും...'-വാട്ട്സ് ആപ്പില്‍ സിജോ മോന്റെ പ്രൊഫൈല്‍ ഈ ബൈബിള്‍ വചനങ്ങളാണ്. എവിടെപ്പോയാലും ഒരു പന്തും ബൈബിളും കൂടെ കരുതുന്ന സിജോ തന്റെ വിജയത്തിന് പിന്നിലെ പ്രധാനഘടകമായി പറയുന്നതും വിശ്വാസത്തോടെയുള്ള അധ്വാനമായിരുന്നു. വീട്ടുമുറ്റത്തെ മാവിലായാലും പിച്ചിലായാലും എറിഞ്ഞുവീഴ്ത്താനായിരുന്നു സിജോയ്ക്ക് എന്നുമിഷ്ടം.
അമ്മ ഒരുക്കിയ സ്നേഹത്തിന്റെ പിച്ചില്‍ ചേട്ടന്‍മാര്‍ എറിഞ്ഞുതന്ന ആവേശത്തിന്റെ പന്തുകളുമായി കളി തുടങ്ങിയ കൊച്ചു സിജോ, സ്‌കൂളിലും കോളേജിലും ക്രിക്കറ്റിന്റെ കളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കി മുന്നേറി ഒടുവിലിതാ രാജ്യത്തിനു വേണ്ടി കളിക്കാന്‍ ടീം ഇന്ത്യയുടെ നീലക്കുപ്പായത്തില്‍. സ്വപ്നതുല്യമായ നേട്ടത്തിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സിജോയുടെ മനസ്സില്‍ ആ പഴയ കാലം മായാതെയുണ്ട്. അതുകൊണ്ടുതന്നെ സിജോ ഇപ്പോഴും പറയുന്നു: 'എന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ അമ്മയും ചേട്ടന്‍മാരുമാണ്.'
അത്യധ്വാനത്തിന്റെയും ഒടുങ്ങാത്ത ആവേശത്തിന്റെയും ഫലം... സിജോമോന്‍ ജോസഫ് എന്ന മലയാളിപ്പയ്യന്‍ അണ്ടര്‍-19 ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തുമ്പോള്‍ അതിനെ ഒറ്റവാചകത്തില്‍ ഇങ്ങനെ കുറിക്കാം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ കാഷ് കേരള അക്കാഡമിയിലൂടെയാണ് സിജോ അഭിമാനാര്‍ഹമായ നേട്ടങ്ങളിലേക്ക് എത്തുന്നത്.
കോട്ടയം മുത്തോലി സെന്റ് ആന്റണീസ് സ്‌കൂളിലെത്തുമ്പോള്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായിരുന്ന സിജോ അക്കാഡമിയില്‍ വെച്ചാണ് സ്പിന്നിലേക്ക് തിരിയുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരള അണ്ടര്‍-14 ടീമില്‍ അംഗമായ സിജോ മൂന്ന് വര്‍ഷം അണ്ടര്‍-16 സംസ്ഥാന ടീമിലും കളിച്ചു. കേരള അണ്ടര്‍-19 ടീം ക്യാപ്റ്റനായ സിജോ ഇപ്പോള്‍ തേവര എസ്.എച്ച്. കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്.
നിരാശയുടെ കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നാണ് പൊടുന്നനെ പ്രതീക്ഷയുടെ വിജയസൂര്യനെ കണ്ടതെന്നാണ് സിജോ പറയുന്നത്. 'കുച്ച് ബിഹാര്‍ ട്രോഫിയില്‍ ആറ് കളികളില്‍ നിന്ന് 41 വിക്കറ്റുകളെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലെത്തുമെന്നായിരുന്നു ഞാന്‍ കരുതിയത്.
എന്നാല്‍, ടീം പ്രഖ്യാപനം വന്നപ്പോള്‍ ചെറിയ നിരാശ തോന്നി. പക്ഷേ, അധ്വാനത്തിനുള്ള ഫലം കിട്ടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇപ്പോഴിതാ ആ സ്വപ്നം സഫലമായിരിക്കുന്നു. ഇന്ത്യന്‍ ടീമിലെത്താന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്...' - ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിജോ പറഞ്ഞു.
ഒന്നര വയസ്സുള്ളപ്പോള്‍ അച്ഛനെ നഷ്ടമായ സിജോ അന്നുമുതല്‍ അമ്മ ലിസിയുടെയും ചേട്ടന്‍മാരായ ലിജോയുടെയും ലിജുവിന്റെയും സ്നേഹത്തണലിലാണ് വളര്‍ന്നത്. ചേട്ടന്‍മാര്‍ക്കൊപ്പം പറമ്പുകളില്‍ തുടങ്ങിയ കളിയാണ് തന്നെ ഇന്ത്യന്‍ ടീമിലെത്തിച്ചതെന്നാണ് സിജോ പറയുന്നത്. ഒരു ദിവസംപോലും ബൈബിള്‍ വായിക്കാന്‍ മറക്കാതിരിക്കുന്ന സിജോ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ബംഗളൂരുവിലേക്കുള്ള യാത്രയിലും ബൈബിള്‍ കൂടെ കൂട്ടാന്‍ മറന്നില്ല.
അപ്പോഴും സിജോ ഒരു കാര്യം കൂടി പറയുന്നുണ്ട്. 'ടീമിലെത്തിയതുകൊണ്ട് മാത്രം കാര്യമില്ല. കളിക്കാന്‍ അവസരം കിട്ടണം. മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ ടീം സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടണം. ഒടുവില്‍ രാജ്യത്തിനു വേണ്ടി സീനിയര്‍ ടീമില്‍ കളിക്കണം...'-സിജോ പറയുമ്പോള്‍ വിശ്വാസത്തോടെ കേരളത്തിനും കാത്തിരിക്കാം.