ശ്വേത സെഹ്‌രാവത് | Photo: twitter.com
ഐ.സി.സിയുടെ പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്റി20 ലോകകപ്പ് കിരീടം നേടി ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യയുടെ യുവനിര. ഞായറാഴ്ച നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടനേട്ടം. സീനിയര്‍ ടീം അംഗങ്ങളായ ഷെഫാലി വര്‍മയും റിച്ച ഘോഷും അണിനിരന്ന ഇന്ത്യന്‍ സംഘത്തില്‍ പക്ഷേ, ഇരുവരെയും കവച്ചുവെയ്ക്കുന്ന പ്രകടനവുമായി ഒരു പതിനെട്ടുകാരി ആരാധക മനസിലേക്ക് ഇടിച്ചുകയറിയിരുന്നു. ശ്വേത സെഹ്‌രാവത്. 74 രാജ്യാന്തര മത്സരങ്ങളുടെ പരിചയമുള്ള ഷെഫാലിയേയും 47 മത്സരങ്ങള്‍ കളിച്ച റിച്ചയേയും തന്റെ നിഴലിലാക്കുന്ന പ്രകടനവുമായി ഈ യുവതാരം കളംനിറഞ്ഞപ്പോള്‍ രാജ്യത്തിന് സ്വന്തമായത് എക്കാലത്തും ഓര്‍ത്തിരിക്കാവുന്ന ചരിത്രവിജയവും.

സൗത്ത് ഡല്‍ഹിയില്‍ താമസിക്കുന്ന സഞ്ജയ് സെഹ്‌രാവത്- സീമ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. പെണ്‍കുട്ടികള്‍ രണ്ടും നന്നേ ചെറുപ്പത്തില്‍ തന്നെ ക്രിക്കറ്റ് തിരഞ്ഞെടുത്തു. ആണ്‍കുട്ടിക്ക് ആ മേഖലയില്‍ വലിയ താല്‍പ്പര്യമില്ലായിരുന്നു. മൂത്തമകള്‍ സ്വാതി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയ്ക്ക് ക്രിക്കറ്റ് വിട്ടു. ഇളയവളായ ശ്വേത കളിതുടര്‍ന്നു. മകള്‍ നന്നായി ക്രിക്കറ്റ് കളിക്കുമെന്ന് സഞ്ജയ് തന്റെ സുഹൃത്തുക്കളോട് നിരന്തരം പറയാറുണ്ടായിരുന്നു. അന്നൊന്നും അത് കാര്യമായെടുക്കാതിരുന്ന അവര്‍ ആ പെണ്‍കുട്ടി രാജ്യത്തിന്റെ അഭിമാനമുയര്‍ത്താന്‍ പോന്ന താരമാണെന്ന് ചിന്തിച്ചിട്ടുപോലും ഉണ്ടായിരിക്കില്ല. കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലായിരുന്നു ശ്വേത. മകളുടെ കിരീടനേട്ടം അച്ഛന്‍ സഞ്ജയിന്റെ ഉറക്കം കെടുത്തുകയും ചെയ്തു. മുന്‍പ് താന്‍ മകളെ കുറിച്ച് പറയുമ്പോള്‍ അത് കാര്യമാക്കാതിരുന്ന പലരും ഇപ്പോള്‍ ഫോണ്‍വിളിച്ച് അഭിനന്ദനം അറിയിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തെ.
ഏഴ് മത്സരങ്ങളില്‍നിന്ന് 99.00 ശരാശരിയില്‍ 297 റണ്‍സടിച്ചുകൂട്ടിയ ശ്വേതയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. സീനിയര്‍ ടീമില്‍ കളിച്ച ഷഫാലി വര്‍മയെന്ന വെടിക്കെട്ട് ബാറ്റര്‍ ടീമിലുള്ളപ്പോഴാണ് ശ്വേത, ഷഫാലിയേയും മറികടന്ന പ്രകടനം പുറത്തെടുത്തിരിക്കുന്നത്. 172 റണ്‍സാണ് ഫെഫാലിക്ക് ആകെ നേടാനായതെന്നറിയുമ്പോഴാണ് ശ്വേതയുടെ പ്രകടനത്തിന്റെ മൂല്യം മനസിലാകുന്നത്. ഓരോ വിജയങ്ങളിലും ടീമിന്റെ നിര്‍ണായക സാന്നിധ്യമാകാന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്വേതയ്ക്കായി.

ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത് ശ്വേത ശ്രദ്ധ നേടി. 57 പന്തില്‍ 20 ബൗണ്ടറികളടക്കം 92 റണ്‍സോടെ പുറത്താകാതെ നിന്ന ശ്വേതയുടെ മികവില്‍ ഇന്ത്യ അനായാസം ജയിച്ചുകയറി. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ശ്വേത തന്നെ. രണ്ടാം മത്സരത്തില്‍ യു.എ.ഇക്കെതിരേ റെക്കോഡ് റണ്‍സടിച്ച ഇന്ത്യന്‍ ടീമിനായി 49 പന്തില്‍നിന്ന് നേടിയത് 74 റണ്‍സ്. അന്ന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ നേടിയത് 219 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. അടുത്ത മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി 10 പന്തില്‍ അടിച്ചെടുത്തത് 31 റണ്‍സ്. നാലാം മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ വെറും 87 റണ്‍സിന് ഓള്‍ഔട്ടായ ടീമില്‍ 21 രണ്‍സുമായി ടോപ് സ്‌കോററായതും ശ്വേത തന്നെ. ഇന്ത്യ ടൂര്‍ണമെന്റില്‍ പരാജയപ്പെട്ട ഏക മത്സരവും അതായിരുന്നു. ശ്രീലങ്കയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ തിളങ്ങാനായില്ലെങ്കിലും സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ 45 പന്തില്‍നിന്ന് 61 റണ്‍സ് നേടി ടീമിനെ ഫൈനലിലെത്തിച്ചു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ നിര്‍ഭാഗ്യകരമായി പുറത്തായെങ്കിലും വിജയവഴിയില്‍ ടീമിന് കാലിടറിയില്ല.
എട്ട് വയസുള്ളപ്പോഴാണ് ശ്വേതയ്ക്ക് ക്രിക്കറ്റിനോടുള്ള ഇഷ്ടം സഞ്ജയ് തിരിച്ചറിയുന്നത്. വീട്ടില്‍ സമയം പോകാന്‍ വസ്തുക്കള്‍ പലതും ഉണ്ടെങ്കിലും ശ്വേതയ്ക്ക് ഇഷ്ടം ക്രിക്കറ്റ് കളിക്കാനായിരുന്നു. ഒരിക്കല്‍ ടെന്നീസ് ബോള്‍ അടിച്ചുപറത്തുന്ന മകളെ കണ്ട സഞ്ജയ് അവളെ അടുത്തുള്ള ക്രിക്കറ്റ് അക്കാദമിയില്‍ എത്തിക്കുകയായിരുന്നു. ശ്വേതയുടെ ബാറ്റിങ് കണ്ട അവിടത്തെ പരിശീലകന്‍ അവളെ തീര്‍ച്ചയായും ലെതര്‍ ബോളില്‍ പരിശീലിപ്പിക്കണമെന്ന് അറിയിച്ചു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റില്‍ മാത്രമല്ല വോളിബോളിലും ബാഡ്മിന്റണിലും എന്തിന് സ്‌കേറ്റിങ്ങില്‍ വരെ ശ്വേത ഒരു കൈ നോക്കിയിട്ടുണ്ട്. ശ്വേതയുടെ പ്രകടനത്തിന്റെ ബലത്തില്‍ അവളുടെ സ്‌കൂള്‍ ഇന്റര്‍ സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് വിജയിച്ചിട്ടുണ്ട്.

ഫിറോസ്ഷാ കോട്ട്‌ലയില്‍ 2016-ല്‍ വനിതാ ട്വന്റി20 ലോകകപ്പില്‍ നടന്ന ഇന്ത്യ - പാകിസ്താന്‍ മത്സരം കാണാന്‍ പോയതോടെയാണ് ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററാകണമെന്ന ആഗ്രഹം ശ്വേതയ്ക്ക് വന്നതെന്ന് അവളുടെ അച്ഛന്‍ പറയുന്നു. തൊട്ടടുത്ത വര്‍ഷം ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയക്കെതിരേ 171 റണ്‍സടിച്ച ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗറിന്റെ ബാറ്റിങ് കണ്ടതോടെ ശ്വേത അവരുടെ കടുത്ത ആരാധികയായി മാറി. പിന്നീട് ഇന്ത്യയുടെ കളികള്‍ കാണുന്നത് പതിവാക്കി.
ഒരു അണ്ടര്‍ 16 ടൂര്‍ണമെന്റില്‍ നിലവിലെ ഇന്ത്യന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ ഷഫാലി വര്‍മ അണിനിരന്ന ഹരിയാന ടീമിനെതിരേ ഏഴാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി അര്‍ധ സെഞ്ചുറി നേടി ഡല്‍ഹിയെ വിജയത്തിലെത്തിച്ച പ്രകടനമാണ് ശ്വേതയുടെ കരിയറിലെ ബ്രേക്ക്. അതിനു ശേഷം ബാറ്റിങ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടിയ ഈ ബാറ്റിങ് ഓള്‍റൗണ്ടര്‍ തന്റെ കഴിവ് എന്തെന്ന് സെലക്ടര്‍മാര്‍ക്ക് കാണിച്ചുകൊടുക്കുകയായിരുന്നു.
ശ്വേത ഹയര്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന നിര്‍ബന്ധം മാത്രമേ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നുളളൂ. അതിനാല്‍ തന്നെ 10-ാം ക്ലാസ് കഴിഞ്ഞ ശേഷം ഹ്യുമാനിറ്റീസാണ് അവള്‍ തിരഞ്ഞെടുത്തത്. ഒരിക്കല്‍ കരിയറിലെ തന്നെ നിര്‍ണായകമായ ഒരു സന്ദര്‍ഭത്തില്‍ പഠനത്തിന് പ്രാധാന്യം നല്‍കി ശ്വേത മാതാപിതാക്കളെ ഞെട്ടിക്കുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍ മേധാവിയായ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി (എന്‍.സി.എ.) കഴിഞ്ഞ മേയ് - ജൂണ്‍ സമയത്ത് ലോകകപ്പ് ടീമിന്റെ തിരഞ്ഞെടുപ്പിനായി ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. അതേസമയത്തായിരുന്നു ശ്വേതയുടെ ബോര്‍ഡ് പരീക്ഷ. ഇക്കാര്യം ചൂണ്ടിക്കാട്ടി ശ്വേത എന്‍.സി.എയ്ക്ക് കത്തെഴുതുകയും ചെയ്തു. അങ്ങനെ ലക്ഷ്മണ്‍ ഇടപെട്ട് ശ്വേതയ്ക്ക് ഇളവ് അനുവദിക്കുകയും പരീക്ഷയ്ക്ക് ശേഷം ക്യാമ്പില്‍ പ്രവേശിച്ച താരം അതിന്റെ ഭാഗമായി നടന്ന ടൂര്‍ണമെന്റില്‍ സെഞ്ചുറിയും നേടി ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തു. മിതാലിയും ഹര്‍മന്‍പ്രീതും സ്മൃതിയും ജെമീമയുമെല്ലാം അണിനിരന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഭാവി തന്നില്‍ ഭദ്രമാണെന്ന് പറഞ്ഞുവെയ്ക്കുക കൂടിയാണ് ശ്വേത.
Content Highlights: Shweta Sehrawat the indian U19 Womens t20 World Cup star
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..